സോളാര്‍ തട്ടിപ്പുകസിലെ പ്രതി പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ ഫിറോസ് മുങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഫിറോസ് മുങ്ങിയത്. 2009ല്‍ നടന്ന സാമ്പത്തിക തട്ടിപ്പില്‍ സരിതാനായര്‍ക്കും ബിജു രാധാകൃഷ്ണനും ഒപ്പം ഫിറോസിനും പങ്കുള്ളതായാണ് കേസ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഫിറോസിനെ അറസ്റ്റ് ചെയ്യാന്‍ തുടക്കംമുതലേ പൊലീസ് ശ്രമിച്ചില്ല. ഫിറോസ് ഒളിവില്‍ പോകുന്നത് തടയാനും പൊലീസ് നടപടിയെടുത്തില്ല. എന്നാല്‍, അന്വേഷണത്തിനും തെളിവെടുപ്പിനും ഫിറോസിന്റെ അറസ്റ്റ് അനിവാര്യമാണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. ഇതേത്തുടര്‍ന്നാണ് ഫിറോസിന്റെ ജാമ്യാപേക്ഷ ജഡ്ജി ബി സുധീന്ദ്രകുമാര്‍ തള്ളിയത്.
കെട്ടിടനിര്‍മാതാവും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ സലീം കബീറില്‍നിന്ന് 40.2 ലക്ഷം രൂപ തട്ടിയ കേസിലാണ് ബിജു രാധാകൃഷ്ണനും സരിതയ്ക്കും ഒപ്പം ഫിറോസും പ്രതിയായത്. തട്ടിപ്പു വിഹിതമായി അഞ്ചു ലക്ഷം രൂപയും രണ്ടു മോതിരവും ഒരു കാറും ഫിറോസിന് കിട്ടി. ഇക്കാര്യം കഴിഞ്ഞ ദിവസം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് കെ അശോക്കുമാര്‍ കോടതിയെ അറിയിച്ചു. എഡിബി വായ്പ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ബിജു എഡിബി ഉദ്യോഗസ്ഥനായും സരിത ചാര്‍ട്ടേഡ് അക്കൗണ്ടന്റായുമാണ് സലീമിനെ സമീപിച്ചത്. ഇവര്‍ക്ക് സലീമിനെ ഫിറോസ് പരിചയപ്പെടുത്തി. കൂടാതെ പിആര്‍ഡി വാഹനങ്ങളും ഇവര്‍ക്ക് സഞ്ചരിക്കാന്‍ നല്‍കി. ഫിറോസ് തട്ടിപ്പുകേസില്‍ പ്രതിയാണെന്ന വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് പിആര്‍ഡി ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. സസ്പെന്‍ഷനില്‍ കഴിയുന്ന ഇയാള്‍ ജൂണ്‍ 20 മുതല്‍ 27 വരെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞതായാണ് വിവരം. പ്രത്യേകിച്ച് അസുഖമൊന്നും ഇല്ലാതിരിക്കെയാണ് ഇയാളെ ആശുപത്രിയില്‍ ഒളിവില്‍ പാര്‍പ്പിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്ന് ഉറപ്പായതോടെ ഫിറോസ് മുങ്ങുകയുംചെയ്തു.
deshabhimani
No comments:
Post a Comment