Wednesday, July 3, 2013

ശിങ്കിടി മാധ്യമങ്ങളുമായി തിരുവഞ്ചൂരിന്റെ രഹസ്യചര്‍ച്ച

ശാലുമേനോനു പുറമെ ടീം സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ സരിതയുമായും ബന്ധമുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെ പരിഭ്രാന്തിയിലായ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഭരണാനുകൂല പത്രങ്ങളുടെ ബ്യൂറോ ചീഫുമാരുമായി രഹസ്യകൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച വൈകിട്ട് മന്ത്രിയുടെ ചേംബറിലായിരുന്നു ചര്‍ച്ച. സോളാര്‍ തട്ടിപ്പ് വിവാദത്തില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. വാര്‍ത്താ സമ്മേളനങ്ങളില്‍ തന്നെ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങള്‍ വരുന്നത് തടയാന്‍ ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

തിങ്കളാഴ്ച വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാനാകാതെ മന്ത്രി കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ചോദ്യങ്ങള്‍ ചോദിച്ചവരോട് കയര്‍ക്കുകയും നീരസം പ്രകടിപ്പിക്കുകയും ചെയ്തു. ശാലുമേനോനുമായി ബന്ധമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തനിക്ക് ശാലുവുമായി രക്തബന്ധമുണ്ടെന്ന് ഏതായാലും അച്ഛനും അമ്മയും സമ്മതിക്കില്ല എന്ന നിലവാരം കുറഞ്ഞ പ്രതികരണംവരെ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി. വാര്‍ത്താ സമ്മേളനത്തിനുശേഷം ചാനല്‍ ലേഖിക സംസാരിക്കുമ്പോള്‍ അതും ലൈവാണെന്ന് ആരോ ചൂണ്ടിക്കാട്ടിയപ്പോള്‍ "ചെറിയ കൊച്ചല്ലേ" എന്നു പറഞ്ഞ് അപമാനിച്ചതും വിവാദമായിരുന്നു. ചില പത്ര-ദൃശ്യമാധ്യമങ്ങള്‍ സോളാര്‍തട്ടിപ്പില്‍നിന്ന് ശ്രദ്ധ തിരിച്ച് യുഡിഎഫിനെ രക്ഷിക്കാന്‍ പാടുപെടുന്നതിനിടെയാണ് ആഭ്യന്തരമന്ത്രി വേണ്ടപ്പെട്ടവരെമാത്രം ചേംബറിലേക്ക് ക്ഷണിച്ചുവരുത്തി കൂടിയാലോചന നടത്തിയത്.

deshabhimani

No comments:

Post a Comment