Tuesday, July 2, 2013

പരാതി തിരുത്തിയത് ശ്രീധരന്‍നായരുടെ നിര്‍ദേശപ്രകാരം

സോളാര്‍ തട്ടിപ്പ്  കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ  മുന്‍ പി എ ജോപ്പനെതിരെ ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് കൂട്ടിചേര്‍ത്തത് അദ്ദേഹത്തിന്റെ തന്നെ നിര്‍ദേശപ്രകാരമെന്ന് വ്യക്തമായി. ശ്രീധരന്‍ നായരുടെ അഭിഭാഷകന്‍ സോണി പി ഭാസ്ക്കറിന്റെ ഗുമസ്തനാണ് ശ്രീധരന്‍ നായര്‍ പറഞ്ഞതനുസരിച്ച് മുഖ്യമന്ത്രിയുടെ പേര്‍ ചേര്‍ത്തത്. ഇത് ഗുമസ്തനും അഭിഭാഷകന്റെ ഓഫീസും സ്ഥിരീകരിച്ചു. പൊലീസ് സ്റ്റേഷനിലാണ് പരാതി തിരുത്തിയതെന്ന വാദം ഇതോടെ പൊളിഞ്ഞു. ശ്രീധരന്‍ നായര്‍ നേരിട്ട് കോടതിക്ക് നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് അദ്ദേഹത്തിന്റെ അറിവോടെ എഴുതിചേര്‍ക്കുകയായിരുന്നുവെന്നുമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

ശ്രീധരന്‍നായര്‍ പറഞ്ഞ പരാതിയനുസരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അഭിഭാഷകന്‍ സോണി അറിയിച്ചു. മുഖ്യമന്ത്രിയോട് ശ്രീധരന്‍ നായര്‍ സംസാരിച്ചതായി ഹര്‍ജിയിലുണ്ട്. എന്നാല്‍ ശ്രീധരന്‍ നായര്‍ നല്‍കിയ വിശദീകരണ കുറിപ്പിനെ കുറിച്ച് അറിയില്ല. താന്‍ പറഞ്ഞതനുസരിച്ചാണ് ഗുമസ്തന്‍ ഹര്‍ജി തയ്യാറാക്കിയത്. ഇതേകുറിച്ച് ഗുമസ്തന്‍ പൊലീസിന് കത്ത് നല്‍കിയിട്ടില്ലെന്നും സോണി അറിയിച്ചു. സരിതയേയും ബിജുരാധാകൃഷ്ണനേയും ജോപ്പനേയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് കണ്ട ശ്രീധരന്‍ നായര്‍ അന്ന് തന്നെ മുഖ്യമന്ത്രിയേയും കണ്ടിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.

കൂടികാഴ്ച നടന്ന 2012 മെയ് ഒമ്പതിലാണ് ഇടപാടിനെ കുറിച്ച് ശ്രീധരന്‍ നായര്‍ കുടുതല്‍ ഉറപ്പുവരുത്തുന്നത്. അത് മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയിലൂടെ ആണെന്ന് വ്യക്തമാക്കാനാണ് പരാതിയില്‍ ഇത്കൂടി എഴുതിചേര്‍പ്പിച്ചത്. ഇത് തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്ള നേരിട്ടുള്ള പങ്കാണ് വെളിവാക്കുന്നത്. എന്നാല്‍ പരാതി കോളിളക്കമായതോടെ തിരുത്തിയത് തന്റെ നിര്‍ദേശപ്രകാരമല്ലെന്ന് ശ്രീധരന്‍നായരുടേതായി ഒരു പത്രക്കുറിപ്പിറങ്ങിയിരുന്നു. ആ വാദമാണ് ഗുമസ്തന്റെ വെളിപ്പെടുത്തലിലൂടെ പൊളിഞ്ഞത്. എന്നാല്‍ ഗുമസ്തന്റെ പേരില്‍ കുറ്റംചാരി രക്ഷപെടാനുള്ള ശ്രമമുണ്ട് . ഗുമസ്തനെ കാണാനില്ലന്നും പറയുന്നു.

deshabhimani

No comments:

Post a Comment