വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ട്രഷറികൾക്കായി ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയറിന്റെ പ്രവർത്തനം കർശനമായി പരിശോധിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. പഴുതുകൾ ഒഴിവാക്കാൻ സമഗ്ര നടപടികളുണ്ടാകും.
കേന്ദ്രസർക്കാരിന്റെ അംഗീകൃത സ്റ്റാൻഡഡൈസേഷൻ ടെസ്റ്റിങ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ (എസ്‌ടിക്യുസി) സ്ഥാപനമാണ് ട്രഷറി സോഫ്‌റ്റ്‌വെയറിന്റെ സെക്യൂരിറ്റി ഓഡിറ്റ് നടത്തിയത്. പ്രവർത്തനരീതി ഓഡിറ്റ് എൻഐസിയും ട്രഷറി ഐടി വിഭാഗവും സംയുക്തമായും നടത്തുന്നു. ഇരുവരോടും സമഗ്ര പരിശോധന ആവശ്യപ്പെടും.
തട്ടിപ്പ് നടത്തിയ ബിജുലാൽ മുമ്പ് ജോലിചെയ്‌ത ട്രഷറികളിലെ അക്കൗണ്ടുകളും പരിശോധിക്കും. സംസ്ഥാനത്ത് റദ്ദാക്കിയ ട്രഷറി ചെക്കുകളുടെ എല്ലാ കേസും പരിശോധിക്കും. ശമ്പളം, പെൻഷൻ ഒഴികെയുള്ള ബില്ലുകൾ മാറുംമുമ്പ് ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് ആലോചിക്കും. സംഭവം അതീവഗൗരവത്തിൽത്തന്നെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്. ട്രഷറിയുടെ വിശ്വാസ്യതയ്ക്കുമേൽ കരിനിഴൽ വീഴ്ത്താൻ ആരെയും അനുവദിക്കില്ല. ഭാവിയിൽ തിരിമറികൾ ഒഴിവാക്കാൻ ആവശ്യമായ പരിഷ്കാരങ്ങൾ കൊണ്ടുവരും. അന്വേഷണങ്ങൾ അടിയന്തര സ്വഭാവത്തിൽ പൂർത്തിയാക്കി, കുറ്റക്കാർക്കെതിരെ വകുപ്പുതല നടപടിയും ക്രിമിനൽ നടപടിയും സ്വീകരിക്കും. സർക്കാരിനുണ്ടായ നഷ്ടം ഇവരിൽനിന്ന് ഈടാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
സമാന സംഭവമുണ്ടോ എന്നും നോക്കും
വിരമിച്ചവരുടെ യൂസർ നെയിമും പാസ് വേഡും യഥാസമയം ഡീ ആക്ടിവേറ്റ് ചെയ്യാത്ത സമാന സംഭവങ്ങൾ വേറെയുണ്ടോയെന് പരിശോധിക്കാൻ ട്രഷറി വകുപ്പിന് നിർദേശം നൽകി. ട്രഷറിയിൽനിന്നും ഓൺലൈനായി പണം പിൻവലിക്കുന്ന നടപടി അക്കൗണ്ടന്റ്മാത്രം കണ്ടാൽ പോരാ. മുകളിലുള്ള ഓഫീസറും കാണണം.
മെയ് 31 നു റിട്ടയർ ചെയ്ത ട്രഷറി ഓഫീസറുടെ പാസ്‌വേർഡ് ഉപയോഗിച്ചാണ് അക്കൗണ്ടിലെ പണം മാറ്റത്തിന് അനുമതി നൽകിയത്. ട്രഷറി ജീവനക്കാർ റിട്ടയർ ചെയ്യുമ്പോൾ അവരുടെ യൂസർ ഐഡിയും പാസ് വേഡും ഡീആക്ടിവേറ്റ് ചെയ്യണമെന്നാണ് ചട്ടം. ഇതു പാലിക്കാത്തതിനും നടപടിയുണ്ടാകും.
No comments:
Post a Comment