Thursday, March 17, 2011
പതിനായിരങ്ങള്‍ക്ക് ജീവന്‍ തിരിച്ചുനല്‍കിയ '108'
എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് തലസ്ഥാന ജില്ലയില്‍ ആരംഭിച്ച '108' ജീവന്‍രക്ഷാ ആംബുലന്‍സുകള്‍ പതിനായിരങ്ങള്‍ക്ക് ജീവന്‍ തിരിച്ചുനല്‍കി.
വാഹനാപകടത്തില്‍പ്പെടുന്ന നിരവധിപേര്‍ യഥാസമായം ചികിത്സ കിട്ടാതെയും രക്തം വാര്‍ന്നും മരണമടയുന്ന സ്ഥിതി വര്‍ധിച്ച സാഹചര്യത്തിലാണ് കേരള എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് പദ്ധതി(കെംപ്)പ്രകാരം 25 ആംബുലന്‍സ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ അനുവദിച്ചത്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ആംബുലന്‍സുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇതുവരെ 15,500 ഓളം പേര്‍ക്ക് ആപകടഘട്ടങ്ങളില്‍ ആംബുലന്‍സുകള്‍ തുണയായി. റോഡപകടങ്ങളില്‍പ്പെട്ട 5566 പേര്‍ക്കും ഹൃദയസ്തംഭനം ഉണ്ടായ 2247 പേര്‍ക്കും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളില്‍പ്പെട്ട 1223 പേര്‍ക്കും ആംബുലന്‍സിന്റെ സേവനം ലഭിച്ചു.അബോധാവസ്ഥയിലായ 1605 പേര്‍ക്കും രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് അവശനിലയിലായ 366പേര്‍ക്കും പ്രമേഹത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ 244 പേര്‍ക്കും ഗര്‍ഭസംബന്ധമായി അടിയന്തിര സേവനം ആവശ്യമായ 486 പേര്‍ക്കും ക്യാന്‍സര്‍ ബാധിച്ച 136 പേര്‍ക്കും വിഷബാധയേറ്റ 431 പേര്‍ക്കും മസ്തിഷ്‌ക്കാഘാതമേറ്റ 224 പേര്‍ക്കും തീപ്പൊള്ളലേറ്റ 95 പേര്‍ക്കും ആംബുലന്‍സിന്റെ സേവനം പ്രയോജനപ്പെട്ടു.
കെംപ് പദ്ധതി പ്രകാരം ജില്ലയുടെ വിവിധ ഭാഗങ്ങളായി നഗര-ഗ്രാമ വ്യത്യാസമില്ലാതെ 24 മണിക്കൂറും ആംബുലന്‍സുകളുടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നു. 108 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് ഏതൊരാള്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം. ആംബുലന്‍സുകളുടെ സേവനം തികച്ചും സൗജന്യമായതും ഏറെപേര്‍ക്ക് സഹായകമായി.
ആംബുലന്‍സുകളെ കമ്പ്യൂട്ടര്‍വല്‍കൃതമായ എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഏകീകൃത കമ്പൂട്ടര്‍ സംവിധാനം, വോയിസ് ലോഗര്‍ സംവിധാനം, സ്ഥലസംബന്ധമായ വിവരങ്ങള്‍ രേഖപ്പെടുത്തിയ മാപ്പുകള്‍, ജ്യോഗ്രഫിക് പൊസിഷനിംഗ് സംവിധാനം, ഓട്ടോമെറ്റിക് വെഹിക്കിള്‍ ട്രാക്കിങ്, മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനം എന്നിവ ഉള്‍ച്ചേര്‍ന്നതാണ് എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്റര്‍. ആംബുലന്‍സ് ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോണ്‍കോള്‍ ലഭിക്കുമ്പോള്‍, വിളിക്കുന്ന ആള്‍ നല്‍കുന്ന വിവരങ്ങളുടെയും ഭൂമിശാസ്ത്ര വിവരസാങ്കേതിക സംവിധാനത്തിന്റെയും അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂമിന്റെ നിര്‍ദേശത്താല്‍ ആംബുലന്‍സ് ഉടനടി സംഭവസ്ഥലത്തെത്തും.
റോഡപകടങ്ങളില്‍പെട്ടവരെ ഈ ആംബുലന്‍സില്‍ ഉടനടി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും. മറ്റ് അത്യാഹിത ഘട്ടങ്ങളില്‍ രോഗിയുടെ ആഗ്രഹമനുസരിച്ചുള്ള ഏത് ആശുപത്രിയിലേക്കും രോഗിയെ എത്തിക്കും. എന്നാല്‍ ഒരാശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനോ മൃതദേഹം കൊണ്ടുപോകുന്നതിനോ ഈ ആംബുലന്‍സുകളുടെ സേവനം ലഭിക്കില്ല.
റോഡപകടങ്ങള്‍, ഹൃദയ, പ്രസവ സംബന്ധമായ അടിയന്തിര പ്രശ്‌നങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാനുതകുന്ന തരത്തിലാണ് ജീവന്‍രക്ഷാ ആംബുലന്‍സ് രൂപകല്പന ചെയ്തിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് ആവശ്യമായ ഉപകരണങ്ങളെല്ലാം തന്നെ മെഡിക്കല്‍ ഗതാഗത വാഹനങ്ങള്‍ക്കായുള്ള യൂറോപ്യന്‍ സുരക്ഷാ മാനദണ്ഡം പാലിക്കുന്നവയാണ്.
ആംബുലന്‍സിന്റെ ഉള്‍ഭാഗം രോഗാണുവിമുക്തമായും അഗ്നിബാധ ഏല്‍ക്കാതെയും സൂക്ഷിക്കുന്നതിനുള്ള സംവിധാനമുണ്ട്. ഡീഫ്രൂബിലേറ്റര്‍, ഫീറ്റെല്‍ മോണിറ്റര്‍, പള്‍സ് ഓക്‌സിമീറ്റര്‍, സക്ഷന്‍ അപ്പാരറ്റസ്, നെബുലൈസര്‍ തുടങ്ങിയ അടിയന്തിര ചികിത്സാ ഉപകരണങ്ങള്‍ ആംബുലന്‍സില്‍ ഉണ്ട്.
രോഗിയെ ആംബുലന്‍സിലേക്ക് അനായാസം കയറ്റുന്നതിന് സഹായിക്കുന്ന ഓട്ടോലോഡിങ് ട്രോളി, ഗുരുതരമായി മുറിവേറ്റവരെയും നട്ടെല്ലിന് ക്ഷതമേറ്റവരെയും ഉലച്ചിലില്ലാതെ കൊണ്ടുപോകുന്നതിനുള്ള സ്‌കൂപ്പ് സ്‌ട്രെക്ചര്‍, മുറിവേറ്റ രോഗിയെ കൊണ്ടുപോകുമ്പോള്‍ അത്യാവശ്യം വേണ്ട താങ്ങ് നല്‍കുന്നതിനുള്ള സ്‌പൈന്‍ബോഡ്, ട്രോളി ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ രോഗിയെ എടുത്തുയര്‍ത്തുന്നതിനുള്ള വീല്‍ചെയര്‍, അസ്ഥിക്ക് ഒടിവ് സംഭവിച്ച രോഗികളുടെ ശരീരഭാഗങ്ങളില്‍ വച്ചുകെട്ടുന്നതിനുള്ള സ്പ്ലിന്ററുകള്‍, കഴുത്തിന് ഒടിവേറ്റ രോഗികള്‍ക്ക് ക്ഷതം ഗുരുതരമാകാതിരിക്കാനുള്ള സര്‍വിക്കല്‍ കോളര്‍, നട്ടെല്ലിനേറ്റ ക്ഷതങ്ങളും ഒടിവുകളും നേരെയാക്കി ഉറപ്പിക്കുന്നതിനുള്ള സ്‌പൈനല്‍ ബ്രേയ്‌സ് തുടങ്ങിയ ഉപകരണങ്ങളും ആംബുലന്‍സുകളില്‍ ലഭ്യമാണ്. 12,000 ലിറ്റര്‍ ഓക്‌സിജന്‍ വഹിക്കാന്‍ കഴിയുന്ന സിലിണ്ടറുകളും മരുന്നുകള്‍ കേടാകാതെ സൂക്ഷിക്കുന്നതിനുള്ള ശീതികരണ സംവിധാനങ്ങളും ആംബുലന്‍സിലുണ്ട്.
പൊതുസ്ഥലങ്ങളില്‍ നിന്ന് വളരെ വേഗം രോഗികള ആംബുലന്‍സിലേക്ക് കയറ്റുന്നതിനായി വാതിലുകള്‍ 270 ഡിഗ്രിയില്‍ തുറക്കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.
തീപിടുത്തം, പൊട്ടിത്തെറി എന്നീ ഘട്ടങ്ങളില്‍ അപകടത്തില്‍പ്പെട്ടവരെ അപകടസ്ഥലത്തുനിന്നും മാറ്റുന്നതിനുള്ള സംവിധാനങ്ങളും ആംബുലന്‍സില്‍ ഉണ്ട്.
ആംബുലന്‍സ് ജീവനക്കാര്‍ക്ക് അടിയന്തിര സാഹചര്യത്തില്‍ രോഗികള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കുന്നതിനുള്ള പരിശീലനവും നല്‍കിയിട്ടുണ്ട്. ആംബുലന്‍സ് എന്നതിലുപരിയായി സഞ്ചരിക്കുന്ന ചികിതിസാ കേന്ദ്രമെന്ന നിലയിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
(രാജേഷ് വെമ്പായം)
ജനയുഗം 160311
Subscribe to:
Post Comments (Atom)
എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് തലസ്ഥാന ജില്ലയില്‍ ആരംഭിച്ച '108' ജീവന്‍രക്ഷാ ആംബുലന്‍സുകള്‍ പതിനായിരങ്ങള്‍ക്ക് ജീവന്‍ തിരിച്ചുനല്‍കി.
ReplyDeleteവാഹനാപകടത്തില്‍പ്പെടുന്ന നിരവധിപേര്‍ യഥാസമായം ചികിത്സ കിട്ടാതെയും രക്തം വാര്‍ന്നും മരണമടയുന്ന സ്ഥിതി വര്‍ധിച്ച സാഹചര്യത്തിലാണ് കേരള എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് പദ്ധതി(കെംപ്)പ്രകാരം 25 ആംബുലന്‍സ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ അനുവദിച്ചത്.
എമര്‍ജന്‍സി ആംബുലന്‍സ് സേവനം മാനന്തവാടിയിലും
ReplyDeleteമാനന്തവാടി: സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന കേരള എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് പദ്ധതിയുടെ ഭാഗമായുള്ള 'കെംബ്' എമര്‍ജന്‍സി ആംബുലന്‍സിന്റെ സേവനം ഇനി മുതല്‍ മാനന്തവാടിയിലും. അപകടങ്ങളും ഹൃദയാഘാതം പോലുള്ള രോഗങ്ങളും സംഭവിക്കുന്ന സമയത്ത് സൌജന്യ സേവനം ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. രണ്ട് ആംബുലന്‍സുകളാണ് ഇവിടെ ലഭിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിലും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലുമാണ് ഇവയുടെ സേവനം ലഭിക്കുക. ഹൃദയാഘാതമുണ്ടായാല്‍ അടിയന്തിര ചികിത്സ നല്‍കുന്നതിനുള്ള ഇസിജി മോണിറ്റര്‍, വെന്റിലേറ്റര്‍, വീല്‍ചെയര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ആംബുലന്‍സിലുണ്ട്. നാല് മെയില്‍ നഴ്സുമാരും എമര്‍ജന്‍സി ട്രെയിനിങ് ലഭിച്ച ഒരു ജീവനക്കാരനും വാഹനത്തിലുണ്ടാവും. അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തേണ്ട ഈ സേവനം ദുരുപയോഗം ചെയ്യാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ജില്ലാ ആശുപത്രിയില്‍ ഏര്‍പ്പെടുത്തും.