Thursday, March 17, 2011

പുറത്തുവന്നത് വഞ്ചനയുടെ സാക്ഷ്യപത്രം

യു പി എ സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ അമേരിക്ക നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നുണ്ടെന്ന വസ്തുത ചൂണ്ടിക്കാണിക്കുമ്പോള്‍ അതിനെ ഇടതുപക്ഷത്തിന്റെ കെട്ടുകഥയായി ചിത്രീകരിച്ചു തള്ളുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. ചേരിചേരാ നയം ഉപേക്ഷിച്ച് ഇന്ത്യ അമേരിക്കന്‍ ചേരിയിലേയ്ക്ക് മാറിയത് അമേരിക്കയുടെ ആസൂത്രിതമായ നീക്കത്തിന്റെ ഫലമാണ്. വിദേശനയ രൂപീകരണത്തില്‍ മാത്രമല്ല, കേന്ദ്രമന്ത്രിമാരെ തീരുമാനിക്കുന്നതിലും അമേരിക്കയുടെ സ്വാധീനത്തിന് കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയതിന്റെ തെളിവുകള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. അമേരിക്കയുടെ രഹസ്യ നീക്കങ്ങളുടെ ചുരുളുകളഴിക്കുന്ന വിക്കിലീക്‌സാണ് യു പി എ സര്‍ക്കാരിന്റെ തീരുമാനങ്ങളിലെ അമേരിക്കന്‍ സ്വാധീനത്തിന്റെ തെളിവുകള്‍ പുറത്തുവിട്ടത്. വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ അയച്ച രഹസ്യ റിപ്പോര്‍ട്ടുകളാണ് വിക്കിലിക്‌സ് വെളിച്ചത്തുകൊണ്ടുവന്നത്. ഇറാഖില്‍ സൈനികാക്രമണം നടത്തുന്നതിനു കളമൊരുക്കാന്‍ അമേരിക്ക കെട്ടിച്ചമച്ച കഥകളുടെ ശരിയായ ചിത്രം  വിക്കിലീക്‌സ് വെളിപ്പെടുത്തലുകളിലൂടെ ലോകം അറിഞ്ഞു. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളെ കുറിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളും നയതന്ത്രകാര്യാലയങ്ങളും തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. അമേരിക്കയുടെ കുടില തന്ത്രങ്ങളുടെ ശരിയായ ചിത്രമാണ് വിക്കിലീക്‌സ് വെളിപ്പെടുത്തലുകളിലൂടെ ലോകത്തിനു ലഭിച്ചത്. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ ഇന്ത്യയെകുറിച്ചുള്ള വിവരങ്ങള്‍ അധികമൊന്നുമില്ലായിരുന്നു. ദ ഹിന്ദു പത്രം ഇന്നലെ മുതല്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ വിക്കിലീക്‌സ് വെളിപ്പെടുത്തല്‍ ഇന്ത്യയുടെ നയരൂപീകരണത്തില്‍ അമേരിക്ക ഏതെല്ലാം തരത്തില്‍ ഇടപെട്ടുവെന്നതിന്റെ വിശദാംശങ്ങളാണ് പുറത്തുകൊണ്ടുവന്നത്. ഇന്ത്യയിലെ അമേരിക്കന്‍ എംബസിയില്‍ നിന്ന് അയച്ച രഹസ്യ റിപ്പോര്‍ട്ടുകളാണ് ദ ഹിന്ദു റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിരിക്കുന്നത്.

ഒന്നാം യു പി എ മന്ത്രിസഭ 2006 ജനുവരിയില്‍ പുനസ്സംഘടിപ്പിച്ചപ്പോള്‍ വരുത്തിയ ഏറ്റവും പ്രധാന മാറ്റം പെട്രോളിയം വകുപ്പുമന്ത്രി സ്ഥാനത്തുനിന്നും മണി ശങ്കര്‍ അയ്യരുടെ മാറ്റമായിരുന്നു. അതിനു പിന്നില്‍ ചരടു വലിച്ചത് അമേരിക്കയും റിലയന്‍സ് കമ്പനിയുമായിരുന്നുവെന്ന് അന്നുതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതു സ്ഥിരീകരിക്കുന്നതാണ് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി അയച്ച രഹസ്യ റിപ്പോര്‍ട്ട്. എണ്ണ പര്യവേഷണത്തില്‍ പൊതുമേഖലയുടെ പങ്ക് ഉയര്‍ത്തുകയും ഊര്‍ജ പ്രതിസന്ധി തരണം ചെയ്യാന്‍ ഇറാനില്‍ നിന്നു പ്രകൃതി വാതകം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാക്കുകയും ചെയ്യണമെന്ന നിലപാടില്‍ ഉറച്ചുനിന്ന മന്ത്രിയായിരുന്നു മണിശങ്കര്‍ അയ്യര്‍. റഷ്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും മറ്റും എണ്ണ പര്യവേഷണത്തില്‍ നമ്മുടെ പൊതുമേഖലാ എണ്ണ കമ്പനികള്‍ പങ്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിനുവേണ്ടി നിരവധി കരാറുകളുണ്ടാക്കുകയും ചെയ്തു. ഇറാന്‍ പൈപ്പ് ലൈന്‍ പദ്ധതിക്കുവേണ്ടിയുള്ള ചര്‍ച്ചകള്‍ മണിശങ്കര്‍ അയ്യരുടെ നേതൃത്വത്തില്‍ ശരിയായ ദിശയില്‍ മുന്നോട്ടുപോവുകയായിരുന്നു. ഊര്‍ജരംഗത്ത് ഇന്ത്യ സ്വയം പര്യാപ്തത നേടണമെന്ന ലക്ഷ്യത്തോടെയുള്ള പരിപാടികളോട് ഏറ്റവും ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചത് അമേരിക്കയായിരുന്നു. ഇറാന്‍ പൈപ്പ് ലൈന്‍ പദ്ധതിയില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങണമെന്ന് അന്നത്തെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് പരസ്യമായി ആവശ്യപ്പെടുകപോലും ചെയ്തു. അമേരിക്കയും ഇന്ത്യയും തമ്മില്‍ ആണവ കരാറുണ്ടാക്കുന്നതിനെക്കുറിച്ചുള്ള കൂടിയാലോചന നടക്കുന്ന ഘട്ടം കൂടിയായിരുന്നു അത്. ഇറാനെതിരായി ഇന്ത്യ നിലപാടെടുക്കണമെന്നത് ആണവ കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ അമേരിക്ക മുന്നോട്ടുവെച്ച മുഖ്യ ഉപാധിയായിരുന്നു. ഇറാന്‍ പൈപ്പ് ലൈന്‍ പദ്ധതിയില്‍ നിന്നും പിന്തിരിയരുതെന്ന് വാദിച്ച മണിശങ്കര്‍ അയ്യരെ പെട്രോളിയം വകുപ്പില്‍ നിന്നും മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചു. പകരം വന്നത് മുരളി ദേവ്‌റയായിരുന്നു. അമേരിക്കയുമായി അടുത്തു ബന്ധമുള്ള കോണ്‍ഗ്രസ് നേതാവാണ് ദേവരയെന്ന് അമേരിക്കന്‍ അംബാസിഡര്‍ അയച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്നത്തെ കേന്ദ്ര മന്ത്രിസഭയില്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരില്‍ ചിലരുടെ പേരുകളും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, അശ്വനികുമാര്‍, സെയ്ഫുദീന്‍ സോസ് എന്നിവരുടെ പേരുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇവരില്‍ സെയിഫുദീന്‍ സോസ് ഒഴിച്ചുള്ളവരെല്ലാം ഇപ്പോള്‍ മന്‍മോഹന്‍സിംഗ് മന്ത്രിസഭയിലുണ്ട്. അശ്വനികുമാറിനെ ഈയിടെ നടന്ന പുനസ്സംഘടനയിലാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.

മണിശങ്കര്‍ അയ്യരെ ഒഴിവാക്കുകയും അമേരിക്കന്‍ അനുകൂലികളെ ഉള്‍പ്പെടുത്തുകയും ചെയ്തുകൊണ്ട് നടത്തിയ മന്ത്രിസഭാ പുനസ്സംഘടനയെ ''ഇന്ത്യയില്‍ അമേരിക്കയുടെ ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഏറ്റവും അനുകൂലം'' എന്നാണ് അമേരിക്കന്‍ സ്ഥാനപതി അയച്ച റിപ്പോര്‍ട്ട് വിശേഷിപ്പിച്ചത്. ഇന്ത്യ-അമേരിക്ക ബന്ധങ്ങള്‍ ത്വരിതഗതിയില്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള ദൃഢനിശ്ചയവും ഇതില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

യു പി എ മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ ടാറ്റ, റിലയന്‍സ് തുടങ്ങിയ വന്‍കിട കോര്‍പറേറ്റുകള്‍ വഹിച്ച പങ്ക് നീരാറാഡിയയുടെ ടെലിഫോണ്‍ സംഭാഷണങ്ങളുടെ ടേപ്പ് പുറത്തുകൊണ്ടുവന്നിരുന്നു. എ രാജയെ ടെലികോം വകുപ്പു മന്ത്രിയായി കൊണ്ടുവരുന്നതിന് കോര്‍പ്പറേറ്റുകള്‍ നടത്തിയ ചരടുവലികളുടെ വിശദാംശങ്ങളാണ് അതിലുണ്ടായിരുന്നത്. ഇന്ത്യയിലെ വ്യവസായികള്‍ മാത്രമല്ല അമേരിക്കന്‍ ഭരണകൂടവും ഇന്ത്യയിലെ മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തി എന്നാണ് വിക്കിലീക്‌സ് വെളിപ്പെടുത്തലുകള്‍ കാണിക്കുന്നത്. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ അമേരിക്കയ്ക്ക് അടിയറവെയ്ക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വഞ്ചനയുടെ സാക്ഷ്യപത്രം കൂടിയാണിത്. ജനാധിപത്യ വിശ്വാസികളുടെ കണ്ണു തുറപ്പിക്കാന്‍ വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകള്‍ സഹായിക്കുമെന്നു പ്രതീക്ഷിക്കാം.

ജനയുഗം മുഖപ്രസംഗം 160311

1 comment:

  1. ജനാധിപത്യ വിശ്വാസികളുടെ കണ്ണു തുറപ്പിക്കാന്‍ വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകള്‍ സഹായിക്കുമെന്നു പ്രതീക്ഷിക്കാം.

    ReplyDelete