Thursday, March 17, 2011

യുപിഎ സര്‍ക്കാര്‍ ഭൂരിപക്ഷം നേടിയത് പണം നല്‍കിയെന്ന് യുഎസ് രഹസ്യരേഖ

ന്യൂഡല്‍ഹി: ആണവ കരാറിന്റെ പേരില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ച 2008ല്‍ യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത് വന്‍തോതില്‍ പണം നല്‍കി എംപിമാരെ വിലക്കെടുത്താണെന്ന് വിക്കിലീക്സ് വെളിപ്പെടുത്തല്‍. 2008 ജൂലൈ 17ന് ഇന്ത്യയിലെ യുഎസ് എംബസ്സി യുഎസ് ആഭ്യന്തര വകുപ്പിന് അയച്ച സന്ദേശത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. വിക്കിലീക്സ് ചോര്‍ത്തിയരേഖ ഹിന്ദു പുറതുവിട്ടു. എംബസ്സിയിലെ നയതന്ത്രപ്രതിനിധി സ്റ്റീവന്‍ വൈറ്റ് സോണിയ കുടുംബവുമായി അടുത്തിടപഴകുന്ന കോണ്‍ഗ്രസ്സ് എംപി സതീഷ് ശര്‍മയെ സന്ദര്‍ശിച്ചിരുന്നു. ശര്‍മയുടെ സഹായിയായ നചികേത കപൂറാണ് പണംനല്‍കിയ വിവരം പറഞ്ഞത്. അജിത് സിങ്ങിന്റെ ആര്‍എല്‍ഡിയിലെ നാല് എംപിമാര്‍ക്ക് 10 കോടി രൂപ വീതം നല്‍കി. അന്ന് രണ്ടു പെട്ടിയിലായി സൂക്ഷിച്ച 50-60 കോടി രൂപ നയതന്ത്രപ്രതിനിധിയെ ഇയാള്‍ കാണിക്കുകയും ചെയ്തു. അകാലിദളിന്റെ എട്ട് വോട്ടു നേടാന്‍ പ്രധാനമന്ത്രിയും മറ്റും പണമിടപാടുകാരനായ സന്ത് ചത്വാള്‍ വഴി ശ്രമിച്ചുവെന്നും ഫലിച്ചില്ലെന്നും ശര്‍മ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.

വിശ്വാസവോട്ടു വേളയില്‍ പ്രതിപക്ഷമായ ബിജെപി പാര്‍ലമെന്റില്‍ നോട്ടുകെട്ടുകള്‍ ഹാജരാക്കിയിരുന്നു. വന്‍ തുക നല്‍കിയാണ് വിശ്വാസം നേടിയതെന്ന് പ്രതിപക്ഷം അന്നേ പറഞ്ഞു. എന്നാല്‍ അതേക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല. പണം നല്‍കിയിട്ടുണ്ടെങ്കിലും 273 വോട്ടിനടുത്തേ സര്‍ക്കാരിനു ലഭിക്കൂ എന്നാണ് യുഎസ് എംബസ്സി വാഷിങ്ടണിന് നല്‍കിയ വിലയിരുത്തല്‍. പറഞ്ഞതുപോലെ 275 വോട്ടിനാണ് മന്‍മോഹന്‍ സിങ് വിശ്വാസവോട്ട് നേടിയത്. യുഎസ് പ്രതിനിധി സ്റ്റീവന്‍ വൈറ്റിനെ പണപ്പെട്ടി കാണിച്ച നചികേത കപൂറിനെ 2008ല്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിരീക്ഷകനായി അമേരിക്ക കൊണ്ടുപോയിരുന്നു എന്നതാണ് വിചിത്രം.

അഴഗിരിയും ചിദംബരവും വോട്ടു നേടിയത് പണം നല്‍കിയെന്ന് വിക്കിലീക്സ്

ചെന്നൈ: ഡിഎംകെയുടെ മകന്‍ അഴഗിരിയും കേന്ദ്ര മന്ത്രി പി ചിദംബരവും പണമൊഴുക്കിയാണ് തെരഞ്ഞെടുപ്പ് വിജയം നേടിയതെന്ന് വിക്കിലീക്സ് വെളിപ്പെടുത്തല്‍. ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റിലെ ആക്ടിങ് പ്രിന്‍സിപ്പല്‍ ഓഫീസര്‍ അയച്ച രേഖകളാണ് വിക്കിലീക്സ് ചോര്‍ത്തിയത്. തിരുമംഗലം അസംബ്ളി മണ്ഡലത്തില്‍ ഒരു വോട്ടര്‍ക്ക് 5000 രൂപ വീതം നല്‍കിയതായാണ് പറയുന്നത്. രാവിലത്തെ പത്രത്തിനുള്ളില്‍ കവറില്‍ സ്ളിപ്പിനൊപ്പംവച്ചാണ് പണം നല്‍കിയത്. പി ചിദംബരം മത്സരിച്ച ശിവഗംഗയില്‍ അദ്ദേഹത്തിന്റെ മകന്‍ കാര്‍ത്തിക് പണമൊഴുക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.

കോണ്‍ഗ്രണ്‍സിലെ വരേണ്യ നേതൃതം ജനങ്ങളുമായി ഇടപെടുന്നില്ലെന്ന് അമേരിക്കയുടെ വിലയിരുത്തല്‍


ന്യൂഡല്‍ഹി: സോണിയ ഗാന്ധിയടക്കം കോണ്‍ഗ്രസിലെ വരേണ്യ നേതൃത്വം ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഗ്രാമീണരുമായി ഇടപഴുകാന്‍ മടിക്കുകയാണെന്ന് അമേരിക്കയുടെ വിലയിരുത്തല്‍. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ഗാന്ധി എന്ന പേരിനെ അമിതമായി ആശ്രയിക്കുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നും യുഎസ് എംബസി വാഷിങ്ടണിലേക്ക് അയച്ച റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നതായി വിക്കി ലീക്സ് വെളിപ്പെടുത്തി. വിക്കി ലീക്സ് ചോര്‍ത്തിയ ഈ വിവരങ്ങള്‍ ഹിന്ദു ദിനപത്രം പുറത്തുവിട്ടു. 2004ല്‍ അധികാരം വീണ്ടെടുത്തതിനുശേഷം കോണ്‍ഗ്രസ് പാര്‍ടിയുടെ ദൌര്‍ബല്യം കൂടുതല്‍ വ്യക്തമായെന്ന് 2006 ജനുവരിയില്‍ എംബസി അയച്ച സന്ദേശത്തില്‍ പറയുന്നു. നിര്‍ണായകമായ ഹിന്ദി ബെല്‍റ്റില്‍ ജനങ്ങളുമായി കൂടുതല്‍ ഇടപെട്ട് അവരുടെ വിശ്വാസം നേടിയെടുക്കാന്‍ സോണിയയും മക്കളുമടക്കമുള്ള കോണ്‍ഗ്രസിന്റെ വരേണ്യനേതൃത്വം മടിക്കുന്നു. ഗാന്ധി എന്ന പേരിനോടുള്ള അമിത ആശ്രയംമൂലം യുപി, കര്‍ണാടക തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളില്‍ വ്യാപകമായ പ്രചാരണം നടത്താന്‍തക്ക രണ്ടാംനിര നേതൃത്വം ഉയര്‍ന്നു വരുന്നില്ലെന്ന് അമേരിക്ക വിലയിരുത്തി.

കോണ്‍ഗ്രസ് നേതൃത്വം ജനങ്ങളിലേക്കിറങ്ങുന്നില്ല

ചെന്നൈ: സോണിയ ഗാന്ധിയും മക്കളും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം ജനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിന് വിമുഖത കാണിക്കുകയാണെന്ന് ഇന്ത്യയിലെ അമേരിക്കന്‍ എംബസി 2006ല്‍ വാഷിങ്ടണിനെ അറിയിച്ചതായി വിക്കിലീക്സ് വെളിപ്പെടുത്തല്‍. ഹിന്ദി മേഖലയായ രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്കിറങ്ങി പാര്‍ടിയുടെ പ്രതാപം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. പ്രശ്ന പരിഹാരത്തിനായി ഗാന്ധി കുടുംബത്തെ അമിതമായി ആശ്രയിക്കുകയാണ്. ഭ്രാന്തമായ ആരാധനയായി ഇത് മാറി. എന്തും നടത്താനുള്ള ലൈസന്‍സായി കോണ്‍ഗ്രസ് ഇതിനെ കാണുന്നുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. 2004ല്‍ അധികാരത്തില്‍ വന്നശേഷം കോണ്‍ഗ്രസിന്റെ ദൌര്‍ബല്യം പ്രകടമായി. ഉത്തര്‍പ്രദേശ്, കര്‍ണാടകം ഉള്‍പ്പെടെയുള്ള നിര്‍ണായക സംസ്ഥാനങ്ങളില്‍ കാര്യക്ഷമമായ പ്രചാരണം നടത്തുന്നതിന് രണ്ടാംനിര നേതൃത്വത്തെ വളര്‍ത്തുന്നതില്‍ ഗാന്ധി കുടുംബത്തോടുള്ള വിധേയത്വം തടസ്സമാകുന്നുണ്ടെന്നും അമേരിക്കന്‍ എംബസി വിലയിരുത്തുന്നു. സോണിയയെ ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്ക് പിന്നണിയില്‍ എന്തും ചെയ്യാനുള്ള അനുവാദം ഉള്ളതായാണ് കണക്കാക്കുന്നതെന്നും സന്ദേശത്തില്‍ പറയുന്നു.

ദേശാഭിമാനി 170311

1 comment:

  1. ആണവ കരാറിന്റെ പേരില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ച 2008ല്‍ യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത് വന്‍തോതില്‍ പണം നല്‍കി എംപിമാരെ വിലക്കെടുത്താണെന്ന് വിക്കിലീക്സ് വെളിപ്പെടുത്തല്‍. 2008 ജൂലൈ 17ന് ഇന്ത്യയിലെ യുഎസ് എംബസ്സി യുഎസ് ആഭ്യന്തര വകുപ്പിന് അയച്ച സന്ദേശത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. വിക്കിലീക്സ് ചോര്‍ത്തിയരേഖ ഹിന്ദു പുറതുവിട്ടു. എംബസ്സിയിലെ നയതന്ത്രപ്രതിനിധി സ്റ്റീവന്‍ വൈറ്റ് സോണിയ കുടുംബവുമായി അടുത്തിടപഴകുന്ന കോണ്‍ഗ്രസ്സ് എംപി സതീഷ് ശര്‍മയെ സന്ദര്‍ശിച്ചിരുന്നു. ശര്‍മയുടെ സഹായിയായ നചികേത കപൂറാണ് പണംനല്‍കിയ വിവരം പറഞ്ഞത്. അജിത് സിങ്ങിന്റെ ആര്‍എല്‍ഡിയിലെ നാല് എംപിമാര്‍ക്ക് 10 കോടി രൂപ വീതം നല്‍കി. അന്ന് രണ്ടു പെട്ടിയിലായി സൂക്ഷിച്ച 50-60 കോടി രൂപ നയതന്ത്രപ്രതിനിധിയെ ഇയാള്‍ കാണിക്കുകയും ചെയ്തു. അകാലിദളിന്റെ എട്ട് വോട്ടു നേടാന്‍ പ്രധാനമന്ത്രിയും മറ്റും പണമിടപാടുകാരനായ സന്ത് ചത്വാള്‍ വഴി ശ്രമിച്ചുവെന്നും ഫലിച്ചില്ലെന്നും ശര്‍മ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.

    ReplyDelete