Tuesday, March 15, 2011

വോട്ടിന് അപേക്ഷിച്ചത് 677 പ്രവാസികള്‍ മാത്രം

മലപ്പുറം: പ്രവാസംമൂലം വോട്ടര്‍പട്ടികയില്‍നിന്ന് നീക്കംചെയ്ത പേര് പുനഃസ്ഥാപിക്കാന്‍ ജില്ലയില്‍ മെനക്കെട്ടത് 677 പേര്‍ മാത്രം. വൈകിയെത്തിയ പ്രവാസി വോട്ടവകാശ നിയമം ജനത്തിന് കാര്യമായ പ്രയോജനം ഉണ്ടാക്കിയില്ലെന്ന് നാലുലക്ഷം പ്രവാസികളുള്ള ജില്ലയിലെ കണക്ക് വ്യക്തമാക്കുന്നു. ആറ് താലൂക്കുകളിലെയും ഞായറാഴ്ചവരെയുള്ള കണക്കുപ്രകാരം തപാല്‍ വഴി അപേക്ഷ നല്‍കിയത് വെറും ഏഴ് പേര്‍. അവസാന ദിനങ്ങളില്‍ വോട്ട് ചേര്‍ക്കാന്‍ താലൂക്ക് കേന്ദ്രങ്ങളില്‍ തിരക്കനുഭവപ്പെടുന്നുണ്ട്. ചൊവ്വാഴ്ച രജിസ്ട്രേഷന്‍ അവസാനിക്കുമ്പോള്‍ എണ്ണം കുറേക്കൂടി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

ഏറ്റവുമധികം പ്രവാസികള്‍ അപേക്ഷിച്ചത് മൂന്ന് നിയമസഭാ മണ്ഡലങ്ങളുള്ള തിരൂര്‍ താലൂക്കിലാണ്- 370 പേര്‍. താലൂക്കിലെ തിരൂര്‍ മണ്ഡലമാണ് ഏറ്റവുമധികം പ്രവാസികള്‍ അപേക്ഷിച്ച മണ്ഡലം- 192. രണ്ടാമതുള്ള താനൂരില്‍ 134 പേരും കോട്ടക്കലില്‍ 44 പേരും ചേര്‍ന്നു. നിലമ്പൂര്‍ താലൂക്കാണ് ഏറ്റവും പിന്നില്‍- ഏഴ് പേര്‍. താലൂക്കില്‍പെടുന്നതും സംസ്ഥാനത്തെ തന്നെ ഏറ്റവും വോട്ടര്‍മാര്‍ ഉള്ളതുമായ വണ്ടൂരാണ് ജില്ലയില്‍ ഏറ്റവും കുറവ് പ്രവാസികള്‍ അപേക്ഷ നല്‍കിയ മണ്ഡലം- രണ്ട് പേര്‍. ബാക്കി അഞ്ചുപേര്‍ നിലമ്പൂരില്‍. നിലമ്പൂര്‍, തിരൂര്‍ എന്നിവയാണ് ഒറ്റ പോസ്റ്റല്‍ അപേക്ഷയും ലഭിക്കാത്ത താലൂക്കുകള്‍. നാല് മണ്ഡലങ്ങളുള്ള ഏറനാട് താലൂക്കില്‍ ലഭിച്ചത് 83 അപേക്ഷകള്‍. ഏറനാട് മണ്ഡലം 17, കൊണ്ടോട്ടി 25, മഞ്ചേരി 22, മലപ്പുറം 19 എന്നിങ്ങനെയാണ് അപേക്ഷകളുടെ കണക്ക്. ഒരെണ്ണം തപാലിലെത്തി. പൊന്നാനി താലൂക്കിലെ തവനൂര്‍ മണ്ഡലത്തില്‍ മൂന്നും പൊന്നാനിയില്‍ പതിനൊന്നും അപേക്ഷ ലഭിച്ചു. ഇതിലൊരെണ്ണം തപാലിലാണ്. പ്രവാസി അപേക്ഷകളുടെ എണ്ണത്തില്‍ തിരൂരിനൊപ്പം മൂന്നക്കം കണ്ട ഏക താലൂക്കാണ് പെരിന്തല്‍മണ്ണ. 105 പേര്‍ ഇവിടെ അപേക്ഷിച്ചു. മങ്കട മണ്ഡലത്തില്‍നിന്ന് 38, പെരിന്തല്‍മണ്ണയില്‍ നിന്ന് 67 എന്നിങ്ങനെ അപേക്ഷ ലഭിച്ചു. മൂന്നെണ്ണം തപാല്‍ വഴിയും. 98 പേരാണ് തിരൂരങ്ങാടി താലൂക്കില്‍ അപേക്ഷിച്ചത്. വേങ്ങര മണ്ഡലത്തില്‍നിന്ന് 27, വള്ളിക്കുന്ന് 32, തിരൂരങ്ങാടി 39 എന്നിങ്ങനെയാണ് അപേക്ഷ ലഭിച്ചത്. ഒരെണ്ണം തപാലിലെത്തി.

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്ന നടപടി സംബന്ധിച്ച് ആദ്യം നിലനിന്ന ആശങ്ക അപേക്ഷയുടെ എണ്ണം കുറയ്ക്കാന്‍ കാരണമായി. അന്യരാജ്യത്തുനിന്ന് തപാലില്‍ അയക്കുന്ന അപേക്ഷക്ക് എംബസിയുടെ സാക്ഷ്യപ്പെടുത്തല്‍ വേണമെന്ന വ്യവസ്ഥയും ഏറെ ബുദ്ധിമുട്ടുണ്ടാക്കി. എംബസിയില്‍നിന്ന് കാര്യം നടത്തിയെടുക്കാന്‍ പലയിടത്തും താമസിച്ചു. ഒരു എംബസി മാത്രമുള്ള രാജ്യങ്ങളില്‍ എംബസിയിലേക്കുള്ള ദൂരക്കൂടുതലും പ്രവാസികളെ വോട്ടര്‍പട്ടികയില്‍നിന്ന് അകറ്റി. പോസ്റ്റല്‍ അപേക്ഷയുടെ എണ്ണം കുറയാനും ഇത് കാരണമായി. എംബസിയുടെ സാക്ഷ്യപ്പെടുത്തലിന് പകരം സ്വയം സാക്ഷ്യപ്പെടുത്തല്‍ മതിയെന്ന ഉത്തരവിറങ്ങിയത് ശനിയാഴ്ചയാണ്. തുടര്‍ന്ന് അപേക്ഷകളുടെ എണ്ണം വര്‍ധിച്ചെങ്കിലും ചൊവ്വാഴ്ച രജിസ്ട്രേഷന്‍ അവസാനിപ്പിക്കുന്നതിനാല്‍ നിരവധി പേര്‍ക്ക് അവസരം നഷ്ടമാകും. സ്ഥാനാര്‍ഥി പട്ടിക സമര്‍പ്പിക്കുന്ന 26ന് അന്തിമ വോട്ടര്‍പട്ടിക തയ്യാറാകേണ്ടതുണ്ട്. 27നാണ് സൂക്ഷ്മ പരിശോധന. നിലവിലുള്ള അപേക്ഷകള്‍ വിശകലനംചെയ്ത് പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതിനാലാണ് രജിസ്ട്രേഷന്‍ ചൊവ്വാഴ്ച അവസാനിപ്പിക്കുന്നത്.

ദേശാഭിമാനി 150311 മലപ്പുറം ജില്ലാ വാര്‍ത്ത

അപ്ഡേറ്റ് 170311


1668 പ്രവാസികള്‍ വോട്ടര്‍ പട്ടികയിലേക്ക്
മലപ്പുറം: പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള സമയം ചൊവ്വാഴ്ച അവസാനിച്ചപ്പോള്‍ ജില്ലയിലെ നാലുലക്ഷം പ്രവാസികളില്‍ 1668 പേര്‍ പേരുചേര്‍ക്കാന്‍ അപേക്ഷനല്‍കി. ഇതില്‍ ആയിരത്തിലേറെ പേര്‍ അപേക്ഷിച്ചത് തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ്. ആറ് താലൂക്കുകളിലായി 15 അപേക്ഷ മാത്രമേ തപാല്‍ വഴി ലഭിച്ചുള്ളൂ. ബുധനാഴ്ചയും തപാല്‍ ഉള്‍പ്പെടെയുള്ള അപേക്ഷ താലൂക്ക് കേന്ദ്രങ്ങളില്‍ ലഭിച്ചു. ഇവ പരിഗണിക്കുമെങ്കിലും വരുംദിവസങ്ങളില്‍ ലഭിക്കുന്ന അപേക്ഷ ഇത്തവണത്തെ വോട്ടര്‍ പട്ടികയിലേക്ക് പരിഗണിക്കില്ല.

തിരൂരാണ് അപേക്ഷകരുടെ എണ്ണത്തില്‍ മുന്നില്‍. താലൂക്കില്‍ 897 പേര്‍ അപേക്ഷിച്ചു. താലൂക്കിലെ തിരൂര്‍ നിയോജ മണ്ഡലമാണ് ഏറ്റവും പ്രവാസി അപേക്ഷകരുള്ള മണ്ഡലം - 494. കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്ന് 104ഉം താനൂരില്‍ നിന്ന് 299 അപേക്ഷ ലഭിച്ചു. മുപ്പതിലേറെ അപേക്ഷ ബുധനാഴ്ച ലഭിച്ചിട്ടുണ്ട്. പ്രവാസി അപേക്ഷയുടെ കാര്യത്തില്‍ തുടക്കത്തില്‍ പിന്നിലായിരുന്ന നിലമ്പൂര്‍ താലൂക്ക് അപേക്ഷ നല്‍കല്‍ പൂര്‍ത്തിയായപ്പോഴും അവസാന സ്ഥാനത്തുതന്നെ. ഒമ്പത് അപേക്ഷ മാത്രമാണ് ഇവിടെ ലഭിച്ചത്. വണ്ടൂരില്‍ നിന്ന് രണ്ടും നിലമ്പൂരില്‍ നിന്ന് ഏഴും അപേക്ഷ. ഏറ്റവും കുറവ് പ്രവാസികള്‍ അപേക്ഷ നല്‍കിയ നിയോജക മണ്ഡലമായ വണ്ടൂരാണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ ജില്ലയില്‍ ഒന്നാമത്. നാല് മണ്ഡലങ്ങളുണ്ടെങ്കിലും പ്രവാസി അപേക്ഷകളുടെ എണ്ണത്തില്‍ നാലാം സ്ഥാനമേ ഏറനാട് താലൂക്കിനുള്ളൂ. 196 പേര്‍ ഇവിടെ അപേക്ഷിച്ചു. കൊണ്ടോട്ടി 52, ഏറനാട് 44, മഞ്ചേരി 39, മലപ്പുറം 31 എന്നിങ്ങനെയാണ് അപേക്ഷ ലഭിച്ചത്. പോസ്റ്റല്‍ അപേക്ഷ ലഭിച്ചിട്ടില്ല. നിലമ്പൂര്‍ കഴിഞ്ഞാല്‍ കണക്കുകളില്‍ ഏറ്റവും മോശം പൊന്നാനി ആണ്. 30 അപേക്ഷകള്‍ മാത്രം. തവനൂര്‍ - 7, പൊന്നാനി - 23. തിരൂരങ്ങാടി താലൂക്ക് ഭേദപ്പെട്ട പ്രകടനം നടത്തി - 258. വേങ്ങര-85, വള്ളിക്കുന്ന്-75, തിരൂരങ്ങാടി-98. പൊന്നാനി 2, തിരൂര്‍ 4, തിരൂരങ്ങാടി 6, പെരിന്തല്‍മണ്ണ 3 എന്നിങ്ങനെയാണ് തപാല്‍ വഴി അപേക്ഷിച്ച പ്രവാസികളുടെ കണക്ക്. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന 26നു മുമ്പ് എല്ലാ അപേക്ഷകരുടെ പേരുചേര്‍ക്കുക കൂടിയേ ഇനി വേണ്ടൂ. തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാത്തതിനാല്‍ രേഖയായി പ്രവാസികള്‍ പാസ്പോര്‍ട്ടാണ് വോട്ടുചെയ്യാന്‍ ഹാജരാക്കേണ്ടത്.

1 comment:

  1. മലപ്പുറം: പ്രവാസംമൂലം വോട്ടര്‍പട്ടികയില്‍നിന്ന് നീക്കംചെയ്ത പേര് പുനഃസ്ഥാപിക്കാന്‍ ജില്ലയില്‍ മെനക്കെട്ടത് 677 പേര്‍ മാത്രം. വൈകിയെത്തിയ പ്രവാസി വോട്ടവകാശ നിയമം ജനത്തിന് കാര്യമായ പ്രയോജനം ഉണ്ടാക്കിയില്ലെന്ന് നാലുലക്ഷം പ്രവാസികളുള്ള ജില്ലയിലെ കണക്ക് വ്യക്തമാക്കുന്നു. ആറ് താലൂക്കുകളിലെയും ഞായറാഴ്ചവരെയുള്ള കണക്കുപ്രകാരം തപാല്‍ വഴി അപേക്ഷ നല്‍കിയത് വെറും ഏഴ് പേര്‍. അവസാന ദിനങ്ങളില്‍ വോട്ട് ചേര്‍ക്കാന്‍ താലൂക്ക് കേന്ദ്രങ്ങളില്‍ തിരക്കനുഭവപ്പെടുന്നുണ്ട്. ചൊവ്വാഴ്ച രജിസ്ട്രേഷന്‍ അവസാനിക്കുമ്പോള്‍ എണ്ണം കുറേക്കൂടി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

    ReplyDelete