Tuesday, March 15, 2011

എന്‍സിപി, കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി

എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായ ഉടന്‍ എന്‍സിപിയും കേരള കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. നാല് സീറ്റ് ലഭിച്ച എന്‍സിപിക്കായി ഏലത്തൂരില്‍ എ കെ ശശീന്ദ്രനും കുട്ടനാട്ടില്‍ തോമസ് ചാണ്ടിയും പാലായില്‍ മാണി സി കാപ്പനും കോട്ടക്കലില്‍ ഡോ. സിപികെ ഗുരുക്കളും മത്സരിക്കും. പാര്‍ട്ടിക്കു ലഭിച്ച മൂന്ന് സീറ്റുകളില്‍ തിരുവനന്തപുരത്ത് വി സുരേന്ദ്രന്‍പിള്ളയെയും കോതമംഗലത്ത് സ്കറിയാ തോമസിനെയും മത്സരിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. കടുത്തുരുത്തിയിലെ സ്ഥാനാര്‍ഥിയെ പിന്നീടു നിശ്ചയിക്കുമെന്ന് ചെയര്‍മാന്‍ പി സി തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തിരുവനന്തപുരത്ത് തിങ്കളാഴ്ച ചേര്‍ന്ന എന്‍സിപി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിറ്റിയോഗമാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. ദേശീയ ജനറല്‍സെക്രട്ടറി ടി പി പീതാംബരന്‍, സംസ്ഥാന പ്രസഡന്റ് എ സി ഷണ്‍മുഖദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

എ കെ ശശീന്ദ്രന്‍ ഏലത്തൂരുള്‍പ്പെടുന്ന പഴയ ബാലുശേരി മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയും പാര്‍ട്ടി പാലമെന്ററി പാര്‍ട്ടി ലീഡറുമാണ്. എന്‍സിപി ദേശീയ സമിതി അംഗമായും പ്രവര്‍ത്തിക്കുന്നു. ഓര്‍ക്കാട്ടുശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ എന്‍ ടി അനിതയാണ് ഭാര്യ. മകന്‍: വരുണ്‍(കെല്‍ട്രോണ്‍, മുംബൈ) നിലവില്‍ കുട്ടനാട്ടിലെ സിറ്റിങ് എംഎല്‍എ ആയ തോമസ് ചാണ്ടി പാര്‍ട്ടി ദേശീയ സമിതി അംഗമാണ്. ഭാര്യ: മേഴ്സി ചാണ്ടി. മക്കള്‍: ബെറ്റി(ഫിലാഡല്‍ഫിയ), ഡോ. ടോബി(ബല്‍ഗാം), ടെസി(എല്‍എല്‍ബി വിദ്യാര്‍ഥിനി, ഡല്‍ഹി).

സംസ്ഥാന ട്രഷറും ദേശീയ സമിതിയംഗവുമായ മാണി സി കാപ്പന്‍ കോട്ടയം പാലാ സ്വദേശിയും സിനിമാ നിര്‍മാതാവും സംവിധായകനുമാണ്. ഓവര്‍സീസ് സെല്‍ ദേശീയ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. പാലാ മുനിസിപ്പാലിറ്റിയില്‍ കൌണ്‍സിലറായിരുന്നു. ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: ആലീസ്. മക്കള്‍: ചെറിയാന്‍( എംബിഎ വിദ്യാര്‍ഥി,യുകെ), ടീന, ദീപ.

ഡോ. സിപികെ ഗുരുക്കള്‍ എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. എല്‍ഡിഎഫ് മലപ്പുറം ജില്ലാ കണ്‍വീനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സുബൈദ, മക്കള്‍: യാസിര്‍ അരാഫത്ത്(ദുബായ്), ഫെബിന്‍, ഹാരിസ് ഗുരുക്കള്‍.

കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനായ വി സുരേന്ദ്രന്‍പിള്ള യുവജനകാര്യ-തുറമുഖ മന്ത്രിയാണ്. തിരുവനന്തപുരം വെസ്റ് മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. 1984ല്‍ പുനലൂര്‍ ഉപതെരഞ്ഞെടുപ്പിലും വിജയിച്ചു. കൊല്ലം അഞ്ചല്‍ കുട്ടിനാട് പുത്തന്‍വീട്ടില്‍ കെ വേലുപ്പിള്ളയുടെയും കെ കല്യാണിയമ്മയുടെയും മകനായ സുരേന്ദ്രന്‍പിള്ള (55) വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. അഞ്ചല്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഗിരിജ. മക്കള്‍: അമൃത, ആനന്ദ്.

രണ്ടു തവണ ലോക്സഭയില്‍ കോട്ടയത്തെ പ്രതിനിധീകരിച്ച സ്കറിയ തോമസ്(64) ആദ്യമായാണ് നിയമസഭയിലേക്ക് ജനവിധി തേടുന്നത്. അവിഭക്ത കേരള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍ പദവികളും വഹിച്ചു. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനാണ്. കോട്ടയത്ത് കളത്തില്‍ കെ പി സ്കറിയയുടെ മകനായി ജനിച്ച സ്കറിയ തോമസിന് പാത്രിയര്‍ക്കീസ് ബാവയില്‍ നിന്ന് കമാണ്ടര്‍ പദവി ലഭിച്ചിട്ടുണ്ട്. ഭാര്യ: ലളിത. മക്കള്‍: നിര്‍മല, അനിത, കെ ടി സ്കറിയ, ലത.

ദേശാഭിമാനി 150311

4 comments:

  1. എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായ ഉടന്‍ എന്‍സിപിയും കേരള കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. നാല് സീറ്റ് ലഭിച്ച എന്‍സിപിക്കായി ഏലത്തൂരില്‍ എ കെ ശശീന്ദ്രനും കുട്ടനാട്ടില്‍ തോമസ് ചാണ്ടിയും പാലായില്‍ മാണി സി കാപ്പനും കോട്ടക്കലില്‍ ഡോ. സിപികെ ഗുരുക്കളും മത്സരിക്കും. പാര്‍ട്ടിക്കു ലഭിച്ച മൂന്ന് സീറ്റുകളില്‍ തിരുവനന്തപുരത്ത് വി സുരേന്ദ്രന്‍പിള്ളയെയും കോതമംഗലത്ത് സ്കറിയാ തോമസിനെയും മത്സരിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. കടുത്തുരുത്തിയിലെ സ്ഥാനാര്‍ഥിയെ പിന്നീടു നിശ്ചയിക്കുമെന്ന് ചെയര്‍മാന്‍ പി സി തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

    ReplyDelete
  2. നിയമസഭാതെരഞ്ഞെടുപ്പിലെ ആര്‍എസ്പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചവറയില്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രനും ഇരവിപുരത്ത് എ എ അസീസും കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോനും വീണ്ടും സ്ഥാനാര്‍ഥികളാകും. അരുവിക്കരയില്‍ അമ്പലത്തറ ശ്രീധരന്‍നായരാണ് മത്സരിക്കുക. പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് യോഗമാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ചവറയില്‍നിന്നാണ് കഴിഞ്ഞ തവണയും നിയമസഭയിലെത്തിയത്. ആര്‍എസ്പി കേന്ദ്ര സെക്രട്ടറിയറ്റ് അംഗമാണ്. ചങ്ങനാശേരി എന്‍എസ്എസ് ഹോമിയോ മെഡിക്കല്‍ കോളേജിലെ ട്യൂട്ടര്‍ ഡോ. എസ് ഗീതയാണ് ഭാര്യ. മകന്‍: കാര്‍ത്തിക്. ഇരവിപുരത്തെ സിറ്റിങ് എംഎല്‍എയായ എ എ അസീസ് ആര്‍എസ്പി കേന്ദ്ര സെക്രട്ടറിയറ്റ് അംഗവും യുടിയുസി അഖിലേന്ത്യാ പ്രസിഡന്റുമാണ്. ഭാര്യ: ഉസൈബ. മക്കള്‍: ബിന്ദു, വിശ്രു, വിനു, വിജു. ആര്‍എസ്പി സംസ്ഥാനകമ്മിറ്റി അംഗവും ആര്‍വൈഎഫ് ദേശീയ ജോയിന്റ് സെക്രട്ടറിയുമാണ് കോവൂര്‍ കുഞ്ഞുമോന്‍. അവിവാഹിതനാണ്. ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും തിരുവനന്തപുരം ജില്ലാസെക്രട്ടറിയുമായ അമ്പലത്തറ ശ്രീധരന്‍നായര്‍ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ: രമാദേവി. മക്കള്‍: ജതിന്‍, ജഗദീഷ്.

    ReplyDelete
  3. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 23 സിപിഐ സ്ഥാനാര്‍ഥികളുടെ പട്ടിക പാര്‍ടി സംസ്ഥാന കൌസില്‍ അംഗീകരിച്ചു. മന്ത്രി സി ദിവാകരന്‍ കരുനാഗപ്പള്ളിയിലും പന്ന്യന്‍ രവീന്ദ്രന്‍ പറവൂരും മുല്ലക്കര രത്നാകരന്‍ ചടയമംഗലത്തും വീണ്ടും ജനവിധി തേടും. നെടുമങ്ങാട്- അഡ്വ. പി രാമചന്ദ്രന്‍നായര്‍, ചിറയിന്‍കീഴ്- വി ശശി, പുനലൂര്‍- അഡ്വ. കെ രാജു, ചാത്തന്നൂര്‍- ജി എസ് ജയലാല്‍, ഹരിപ്പാട്- ജി കൃഷ്ണപ്രസാദ്, ചേര്‍ത്തല- പി തിലോത്തമന്‍, കാഞ്ഞിരപ്പള്ളി- അഡ്വ. സുരേഷ് ടി നായര്‍, വൈക്കം- കെ അജിത്, പീരുമേട്- ഇ എസ് ബിജിമോള്‍, മൂവാറ്റുപുഴ- ബാബുപോള്‍, കൊടുങ്ങല്ലൂര്‍- കെ ജി ശിവാനന്ദന്‍, കയ്പമംഗലം- വി എസ് സുനില്‍കുമാര്‍, ഒല്ലൂര്‍- രാജാജി മാത്യു തോമസ്, നാട്ടിക- ഗീത ഗോപി, തൃശൂര്‍- പി ബാലചന്ദ്രന്‍, പട്ടാമ്പി- കെ പി സുരേഷ്രാജ്, മണ്ണാര്‍ക്കാട്- വി ചാമുണ്ണി, മഞ്ചേരി- പ്രൊഫ. പി ഗൌരി, നാദാപുരം- ഇ കെ വിജയന്‍, കാഞ്ഞങ്ങാട്- ഇ ചന്ദ്രശേഖരന്‍ എന്നിവരാണ് മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍. അടൂര്‍, ഏറനാട്, തിരൂരങ്ങാടി, ഇരിക്കൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ 18ന് പ്രഖ്യാപിക്കുമെന്നും സംസ്ഥാന കൌണ്‍സില്‍ അറിയിച്ചു.

    ReplyDelete
  4. സിപിഐ നാലു സീറ്റിലെ സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിച്ചു. ഇരിക്കൂരില്‍ അഡ്വ. പി സന്തോഷ്കുമാര്‍, തിരൂരങ്ങാടിയില്‍ അഡ്വ. കെ കെ സമദ്, ഏറനാട് അഷറഫ് അലി കാളിയത്ത്, അടൂരില്‍ ചിറ്റയം ഗോപകുമാര്‍ എന്നിവരാണ് മത്സരിക്കുക. എഐവൈഎഫ് അഖിലേന്ത്യാ പ്രസിഡന്റാണ് അഡ്വ. പി സന്തോഷ്കുമാര്‍. നേരത്തെ ഇതോടെ സിപിഐ മത്സരിക്കുന്ന 27 മണ്ഡലത്തിലും സ്ഥാനാര്‍ഥികളായി. കാവുമ്പായി സമരസേനാനിയും സേലം രക്തസാക്ഷിയുമായ ഒ പി അനന്തന്‍ മാഷിന്റെ ചെറുമകനായ സന്തോഷ്കുമാര്‍(38) സിപിഐ ദേശീയ കൌസില്‍ അംഗവും എഐവൈഎഫ് ദേശീയ ജനറല്‍ സെക്രട്ടറിയുമാണ്. പടിയൂരാണ് സ്വദേശം. സിപിഐ മലപ്പുറം ജില്ലാകൌസില്‍ അംഗമാണ് അഡ്വ. കെ കെ സമദ്. എഐവൈഎഫ് ജില്ല പ്രസിഡന്റും സംസ്ഥാനകമ്മിറ്റി അംഗവുമാണ് ഈ മുപ്പതുകാരന്‍. കൊണ്ടോട്ടി നെടിയിരിപ് സ്വദേശി. അഷറഫ് അലി കാളിയത്ത് ഇരിമ്പിളിയം എംഇഎസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രധാനാധ്യാപകനും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനുമാണ്. 36 വയസ്. വളാഞ്ചേരി വെണ്ടലൂര്‍ സ്വദേശി. എഐവൈഎഫ് ജില്ല ജോയിന്റ് സെക്രട്ടറിയാണ്.

    ReplyDelete