കോണ്‍ഗ്രസ്സിന്റെ ബ്ളാക്ക്മെയില്‍ സംസ്കാരവും മാഫിയാവല്‍ക്കരിക്കപ്പെടുന്ന ഭരണവര്‍ഗ്ഗ രാഷ്ട്രീയവും 1
ഇന്ത്യയെ അഴിമതിയുടെയും മാഫിയാ പ്രവര്‍ത്തനങ്ങളുടെയും മഹാസാമ്രാജ്യമാക്കി മാറ്റുകയാണ് യുപിഎ സര്‍ക്കാര്‍. മറ്റെല്ലാ മൂന്നാംലോകരാജ്യങ്ങളിലുമെന്നപോലെ തൊണ്ണൂറുകളോടെയാണ് ഭീതിദമായ അഴിമതിയും ക്രിമിനല്‍വല്‍ക്കരണവും ഇന്ത്യയിലും തീവ്രഗതിയാര്‍ജ്ജിച്ചത്. ഭരണസംവിധാനം സ്വകാര്യനേട്ടത്തിനായി ഉപയോഗിക്കുന്ന ലളിതമായൊരു വിഷയമല്ല ഇന്ന് അഴിമതി. ദേശീയ സമ്പദ്ഘടനകളെ തന്നെ അസ്ഥിരീകരിക്കുന്ന അഴിമതിയെ പല നവലിബറല്‍ പണ്ഡിതന്മാരും ചില ഭരണാധികാരികളുടെ വ്യക്തിഗതമായ അപചയവും മൂല്യത്തകര്‍ച്ചയുമായി ലളിതവല്‍ക്കരിച്ച് വിശകലനം ചെയ്യുന്നുണ്ട്. ചില പണ്ഡിതന്മാര്‍ മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന ദുര്‍ഗുണങ്ങളാണ് അഴിമതിയുടെ പ്രാഥമികഹേതുവെന്നത് പോലുള്ള സാമാന്യവല്‍ക്കരണങ്ങള്‍ നടത്തി അഴിമതിയുടെയും രാഷ്ട്രീയരംഗത്തെ മാഫിയാവല്‍ക്കരണത്തിന്റെയും യഥാര്‍ത്ഥ കാരണങ്ങളെ മറച്ചുപിടിക്കുവാനുള്ള സൈദ്ധാന്തിക കസര്‍ത്തുകള്‍ നടത്തുന്നുണ്ട്.
കേന്ദ്രത്തിലും മിക്ക സംസ്ഥാനങ്ങളിലും അഴിമതിയുടെ ഞെട്ടിപ്പിക്കുന്ന കഥകളാണ് ഒന്നിന് പിറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ക്രിമിനല്‍ പ്രവൃത്തികളും പെണ്‍വാണിഭവുമെല്ലാം കോണ്‍ഗ്രസ് - യുഡിഎഫ് നേതാക്കളുടെ പതിവ് പരിപാടികളാണെന്നാണ് ഇപ്പോള്‍ വ്യക്തമായിക്കഴിഞ്ഞിരിക്കുന്നത്. കേരളത്തിലെ പ്രമുഖ യുഡിഎഫ് സാരഥികളെല്ലാം തടവറയിലേക്കുള്ള വഴിയിലാണെന്ന യാഥാര്‍ത്ഥ്യം ഭരണവര്‍ഗ്ഗ രാഷ്ട്രീയക്കാരുടെ ദിനരാത്രങ്ങളെ ഭീതിദവും നിദ്രാവിഹീനങ്ങളുമാക്കിയിരിക്കുന്നു. പരിഭ്രാന്തരായ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമെല്ലാം മുഖ്യമന്ത്രിക്കും പുത്രനുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു ജനശ്രദ്ധ തിരിച്ചുവിടാനുള്ള വൃഥാ ശ്രമത്തിലാണ്. മുഖ്യമന്ത്രി പറഞ്ഞത് ഇത്തരം ഓലപ്പാമ്പുകളെ കാട്ടിയൊന്നും പേടിപ്പിക്കാന്‍ നോക്കേണ്ടയെന്നാണ്. അഴിമതിക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കുമെതിരെ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളില്‍നിന്ന് പിന്തിരിപ്പിക്കാമെന്നും യുഡിഎഫ് നേതാക്കള്‍ കരുതേണ്ട. യുഡിഎഫിന്റെ ജീര്‍ണ്ണതകളെ മറച്ചുപിടിക്കാനും അതിനെതിരായ ശബ്ദമുയര്‍ത്തുന്നവരെ ബ്ളാക്ക്മെയില്‍ ചെയ്യാനുമുള്ള തന്ത്രങ്ങളൊന്നും വിലപ്പോവില്ലെന്ന കാര്യം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്.
മാഫിയാ മൂലധന പ്രവര്‍ത്തനങ്ങളുടെയും ക്രിമിനല്‍ രാഷ്ട്രീയത്തിന്റെയും സഹജസ്വഭാവമാണ് എതിരാളികളെ ബ്ളാക്ക്മെയില്‍ ചെയ്യുക എന്നത്. തങ്ങള്‍ക്കെതിരായി ആരോപണങ്ങളുയര്‍ത്തുന്നവരെ ഉപജാപങ്ങളിലൂടെയും പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചും നാവടക്കിപ്പിക്കുക എന്നത് നവലിബറല്‍ നയങ്ങളുടെ നടത്തിപ്പുകാരായ കോണ്‍ഗ്രസ് നേതാക്കളുടെ സ്ഥിരം പരിപാടിയാണ്. സ്വന്തം മുന്നണിക്കകത്തും കക്ഷിക്കകത്തും പ്രതിപക്ഷത്തുമുള്ളവരെയും പ്രത്യാരോപണങ്ങളിലൂടെയും കേസുകള്‍ കെട്ടിച്ചമച്ചും നേരിടുന്ന കുതന്ത്രങ്ങള്‍ നരസിംഹറാവു മുതല്‍ കരുണാകരന്‍ വരെയുള്ളവര്‍ ഹീനമായി പരീക്ഷിച്ചതാണ്. റാവുവിന്റെയും കരുണാകരന്റെയും വൃത്തികെട്ടതും കുപ്രസിദ്ധവുമായ തന്ത്രങ്ങളാണിപ്പോള്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമെല്ലാം പയറ്റിനോക്കുന്നത്.
വി പി സിങ്ങ് കോണ്‍ഗ്രസ്സിനും രാജീവ്ഗാന്ധിക്കും വലിയ ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തിലാണല്ലോ ബോഫേഴ്സിന് ബദലായി സെന്റ് കീറ്റ്സ് കേസ് കുത്തിപ്പൊക്കിയത്. ചന്ദ്രസ്വാമിയും കുപ്രസിദ്ധ ആയുധക്കള്ളക്കടത്തുകാരന്‍ അഡ്നന്‍ ഖഷോഗിയും പമീലാ ബോസ്ഡെപോലുള്ള ചാരസുന്ദരികളുമായിരുന്നു കോണ്‍ഗ്രസ്സിനുവേണ്ടി ഇത്തരമൊരു കേസ് കെട്ടിച്ചമച്ചതിന് പിന്നില്‍. വി പി സിങ്ങിന്റെ മകന്‍ അജയ്സിംഗിന് സെന്റ് കീറ്റ്സ് ദ്വീപില്‍ രഹസ്യ നിക്ഷേപമുണ്ടെന്ന് വരുത്തുന്ന ഒട്ടേറെ രേഖകള്‍ ഒരു ദുബായ് പത്രത്തില്‍ പ്രസിദ്ധീകരിപ്പിച്ചു. തുടര്‍ന്ന് ദുബായ് പത്രത്തിന്റെ വാര്‍ത്ത ഉദ്ധരിച്ചുകൊണ്ട് എല്ലാ ഇന്ത്യന്‍ പത്രങ്ങളിലും വാര്‍ത്തകള്‍ വരുത്തി. എന്നാല്‍ ചില പത്രങ്ങള്‍ ഇത്തരമൊരു വാര്‍ത്ത ആസൂത്രിതമായി ചന്ദ്രസ്വാമിയെപോലുള്ളവരുടെ മുന്‍കൈയില്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന് വാദിച്ചു. അതിന് പിറകില്‍ നടന്നിട്ടുള്ള ക്രിമിനല്‍ ഗൂഢാലോചനയുടെ വിശദാംശങ്ങളും പുറത്തുകൊണ്ടുവന്നു. ഇത്തരമൊരു നീക്കം രാജീവ്ഗാന്ധിയുടെ കിച്ചന്‍ കാബിനറ്റ് പ്ളാന്‍ ചെയ്യുന്നുവെന്ന മുന്നറിയിപ്പുകളും ചില പത്രങ്ങള്‍ നല്‍കിയിരുന്നു. അതോടെ സെന്റ് കീറ്റ്സ് ആരോപണം നനഞ്ഞ പടക്കംപോലെ ചീറ്റിപ്പോയി. ഇതേ തുടര്‍ന്ന് നരസിംഹറാവുവും ചന്ദ്രസ്വാമിയും ചേര്‍ന്ന് കള്ളരേഖകളും കള്ള ആരോപണവും ചമച്ചതിന് സിബിഐക്ക് കേസെടുക്കേണ്ടിവന്നു.
നരസിംഹറാവുവിനും ചന്ദ്രസ്വാമിക്കും സില്‍ബന്ധികള്‍ക്കുമാണീ കേസില്‍ മുഖ്യ ഉത്തരവാദിത്വമെന്ന് സിബിഐ കണ്ടെത്തുകയും, വി പി സിങ്ങിന്റെ പുത്രന്‍ അജയ്സിങ്ങിന്റെ വ്യാജ ഒപ്പിട്ട് ഉണ്ടാക്കിയ രേഖ ചമക്കലില്‍ റാവുവിന്റെ പങ്ക് സിബിഐ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്നതാണ്. വിശ്വാസവഞ്ചനയ്ക്കും ഗൂഢാലോചനയ്ക്കും വ്യാജരേഖ ചമയ്ക്കലിനും റാവുവിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിക്കേണ്ട സമയമായപ്പോഴേക്കും തെരഞ്ഞെടുപ്പ് നടന്നു ഭരണമാറ്റമുണ്ടായി. കോണ്‍ഗ്രസ്സിന്റെ അധോലോക ബന്ധങ്ങളുടെയും ബ്ളാക്ക്മെയില്‍ സംസ്കാരത്തിന്റെയും വൃത്തികെട്ട കഥകളാണ് സെന്റ് കീറ്റ്സ് അപവാദക്കേസ് അനാവരണം ചെയ്തത്. റാവു പ്രധാനമന്ത്രിയായതോടെ തെളിവില്ലെന്ന് പറഞ്ഞ് സെന്റ് കീറ്റ്സ് കേസ് സിബിഐയെക്കൊണ്ട് അവസാനിപ്പിക്കുകയായിരുന്നല്ലോ. ഇതിനെ തുടര്‍ന്നാണല്ലോ ചന്ദ്രസ്വാമി ഉള്‍പ്പെട്ട നിരവധി ക്രിമിനല്‍ ഗൂഢാലോചനകേസുകള്‍ സിബിഐ അവസാനിപ്പിക്കുന്നതിനെതിരായ പെറ്റീഷന്‍ പരിഗണിച്ചുകൊണ്ട് സുപ്രീംകോടതി റാവു സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചത്. ഇങ്ങിനെയുള്ള നടപടികള്‍ തുടര്‍ന്നാല്‍ ഈ രാജ്യം നിയമവാഴ്ചയില്ലാത്ത രാജ്യമാണെന്ന് കോടതിക്ക് പ്രഖ്യാപിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി അന്ത്യശാസനം നല്‍കുകയുണ്ടായി. സിബിഐയുടെ അന്വേഷണ ഉദ്യോഗസ്ഥന്‍ സെന്റ് കീറ്റ്സ് ദ്വീപില്‍നിന്നും ആവശ്യമായ തെളിവുകള്‍ ലഭിക്കാനിടയില്ലാത്തതുകൊണ്ട് കേസ് അവസാനിപ്പിക്കുവാന്‍ അനുവദിക്കണമെന്ന് അഭിഭാഷകന്‍ വഴി കോടതിയോട് അപേക്ഷിച്ചു രക്ഷപ്പെടുകയാണുണ്ടായത്. ഇപ്പോള്‍ ബൊഫേഴ്സ് കേസില്‍ ക്വത്റോച്ചിയെ ഇന്ത്യക്ക് വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ വിജയിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണല്ലോ സിബിഐ കേസ് അവസാനിപ്പിച്ചിരിക്കുന്നത്.
സിബിഐ ചാര്‍ജ് ചെയ്തിരിക്കുന്ന ആയിരക്കണക്കിന് കേസുകള്‍ അഴിമതിക്കാരെയും ക്രിമിനലുകളെയും നിയമാനുസൃതമായി ശിക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതല്ല. മറിച്ച് എതിരാളികളെയും പ്രതിപക്ഷങ്ങളെയും ബ്ളാക്ക്മെയില്‍ ചെയ്യുവാനുള്ള ഉപാധിയാക്കുകയാണ് യുപിഎ സര്‍ക്കാര്‍. ലാലുപ്രസാദ് യാദവിനെയും മുലായത്തിനെയുമെല്ലാം യുപിഎയുടെ ഭാഗമാക്കി നിര്‍ത്തിയിരിക്കുന്നത് ഈയൊരു ബ്ളാക്ക്മെയിലിംഗ് രാഷ്ട്രീയമാണ്. അഴിമതിക്കാരെ നിയമാനുസൃതമായി ശിക്ഷിക്കുന്നതിനു വേണ്ടിയല്ല അഴിമതിക്കെതിരായ ജനങ്ങളുടെ ശ്രദ്ധ വഴിതിരിച്ചുവിടാനുമാണ് യുപിഎയെപ്പോലെ എന്‍ഡിഎ സര്‍ക്കാരും സിബിഐയെ ഉപയോഗിച്ചത്. 2007ല്‍ 688 കേസുകള്‍ സിബിഐ രജിസ്റ്റര്‍ ചെയ്തു. 2008ല്‍ 744ഉം 2009ല്‍ 795ഉം കേസുകള്‍. ഇത് രാജ്യത്ത് വര്‍ദ്ധിതമായിക്കൊണ്ടിരിക്കുന്ന അഴിമതിയുടെയും ക്രിമിനല്‍ മൂലധന പ്രവര്‍ത്തനത്തിന്റെയും ബീഭത്സതയാണ് പ്രകടിപ്പിക്കുന്നത്.
അഴിമതിയിലുടെയും മഹാകുംഭകോണങ്ങളിലൂടെയും പണം തട്ടുന്ന കോര്‍പ്പറേറ്റുകളും ഉന്നത രാഷ്ട്രീയ നേതൃത്വങ്ങളും ക്രിമിനല്‍ ഗാങ്ങുകളും സ്വകാര്യ സായുധ സൈന്യങ്ങളും വരെ രൂപപ്പെടുത്തുന്നു. മയക്കുമരുന്നു കച്ചവടവും ആയുധക്കള്ളക്കടത്തും നടത്തുന്ന വിപുലമായൊരു ശൃംഖല ഉന്നത രാഷ്ട്രീയ നേതാക്കളുടെ പരിരക്ഷയില്‍ രാജ്യത്ത് രൂപപ്പെട്ടിട്ടുണ്ട്.
1995 ഡിസംബര്‍ മാസത്തില്‍ പശ്ചിമബംഗാളിലെ പുരുളിയയില്‍ വര്‍ഷിക്കപ്പെട്ട ആയുധങ്ങളെക്കുറിച്ചുള്ള കേസ് റാവു സര്‍ക്കാര്‍ കുഴിച്ചുമൂടുകയാണുണ്ടായത്. ഒരു ചെറിയ സൈന്യത്തിനാവശ്യമായ ആധുനിക ആയുധങ്ങളാണ് പുരുളിയയില്‍ ഇറക്കുമതി ചെയ്തത്. "പുരുളിയ ആംസ് ഡ്രോപ്പ് കേസി''ല്‍ ഉള്‍പ്പെട്ട 5 റഷ്യന്‍ പൈലറ്റുമാരെ ഇന്ത്യ മാപ്പു നല്‍കി പറഞ്ഞയച്ചത് ആരുടെ സമ്മര്‍ദ്ദം മൂലമായിരുന്നു. ബോംബെയില്‍വെച്ച് കസ്റ്റഡിയിലെടുത്ത ആയുധവര്‍ഷം നടത്തിയ വിമാനത്തിലുണ്ടായിരുന്ന കിംസോനി എന്ന പേരിലറിയപ്പെടുന്ന സൂപ്പര്‍ ക്രിമിനല്‍ വിമാനത്താവളത്തില്‍വെച്ച് തന്നെ നാടകീയമായി രക്ഷപ്പെടുകയാണുണ്ടായത്. ഈ വിമാനം ഇന്ത്യയില്‍ വരാനുള്ള സാധ്യതയെക്കുറിച്ച് പല രാജ്യങ്ങളിലെയും ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ് ഇന്ത്യ അവഗണിച്ചത് ബോധപൂര്‍വ്വമായിരുന്നുവെന്നു വേണം കരുതുവാന്‍. ഇന്ത്യന്‍ ഭരണകൂടത്തിലെ ചില അത്യുന്നതര്‍പോലും ഉള്‍പ്പെട്ട ആയുധക്കള്ളക്കടത്തിന്റെ ഭാഗമായിരുന്നു പുരുളിയ ആയുധവര്‍ഷം. ഇടതുപക്ഷ സ്വാധീനമുള്ളതും അതിര്‍ത്തി സംസ്ഥാനവുമായ പശ്ചിമ ബംഗാളിനെ താവളമാക്കി സിഐഎയും ഐഎസ്ഐയും വിധ്വംസക - മതതീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് ആയുധമെത്തിച്ചു കൊടുക്കുന്നതിന്റെ ഭാഗമായിരുന്നു പുരുളിയ സംഭവം. അത്യന്തം ഉല്‍ക്കണ്ഠാകുലമായ ഈയൊരു രാജ്യദ്രോഹ പ്രവൃത്തിയെ കോടികള്‍ വാരിയെറിഞ്ഞ് പത്രങ്ങളെവരെ വിലയ്ക്കെടുത്ത് കൌണ്ടര്‍ പ്രൊപ്പഗണ്ടാ വഴി തേച്ച്മായ്ച്ചുകളയുകയാണ് അന്താരാഷ്ട്ര ബന്ധമുള്ള ആയുധ മാഫിയാ സംഘം ചെയ്തത്.
60കളിലും 70കളിലും പല ലാറ്റിനാഫ്രിക്കന്‍ രാജ്യത്തില്‍നിന്നും കേട്ടിരുന്നതും ഇന്ത്യപോലൊരു ജനാധിപത്യരാജ്യത്ത് ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയതുമായ അട്ടിമറികളുടെയും കൊലപാതകങ്ങളുടെയും സ്വഭാവഹത്യകളുടെയും ബ്ളാക്ക് മെയിലിംഗിന്റെയും കഥകളാണ് ഉദാരവല്‍ക്കരണ നയങ്ങളുടെ ചുവട് പിടിച്ച് ഇവിടെയും സംഭവിച്ചത്. 1984ലാണല്ലോ ഇന്ദിരാഗാന്ധിയുടെ ദാരുണമായ വധത്തെത്തുടര്‍ന്നു 3000ത്തോളം സിക്കുകാര്‍ ഡല്‍ഹിയില്‍ കൊലചെയ്യപ്പെട്ടത്. ഹിന്ദു - സിക്കു വൈരം ആളിക്കത്തിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് നേതൃത്വം ഇന്ത്യയിലുടനീളം ഇന്ദിരാഗാന്ധിയുടെ ചിതാഭസ്മം എഴുന്നെള്ളിച്ചത്. ഇന്ദിരാവധത്തിന് പിറകിലെ ഗൂഢാലോചനയില്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്കും ചന്ദ്രസ്വാമിക്കുമുള്ള പങ്കിനെക്കുറിച്ച് യാതൊരുവിധ അന്വേഷണവും നടപടിയുമുണ്ടായില്ല. കൊല ചെയ്ത സത്വന്ത് സിംഗിനെയും ഗൂഢാലോചനക്കാരനെന്ന് പറഞ്ഞ് ഒരു കോഹാര്‍സിങ്ങിനെയും തൂക്കിലേറ്റി. ഇന്ദിരാവധത്തെക്കുറിച്ചന്വേഷിച്ച ജസ്റ്റീസ് താക്കര്‍ കമ്മീഷന്‍ കുറ്റവാളിയായി ചൂണ്ടിക്കാണിച്ച ആര്‍ കെ ധവാന്‍ ഉള്‍പ്പെടെയുള്ളവര്‍ രാജീവ് മന്ത്രിസഭയില്‍ ഉന്നത സ്ഥാനങ്ങള്‍ കയ്യാളി വിലസി. ഇന്ദിരാഗാന്ധിയുടെ വധത്തിനുപിന്നില്‍ സംശയരഹിതമായും പ്രവര്‍ത്തിച്ചിട്ടുണ്ടാകാവുന്ന ഉന്നതന്മാരെയും അത് പ്ളാന്‍ ചെയ്തിരിക്കാവുന്ന അന്താരാഷ്ട്ര ചാരസംഘടനകളെയുംകുറിച്ചൊരു അന്വേഷണത്തിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ മുതിര്‍ന്നില്ല.
രാജീവ് വധത്തിനുപിറകില്‍ നടന്ന ഗൂഢാലോചനകളെയും ജെയിന്‍ കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടിയ ഉന്നത വ്യക്തികളെക്കുറിച്ച് ഒരന്വേഷണവും നടപടിയും സ്വീകരിക്കുവാന്‍ റാവു സര്‍ക്കാര്‍ തയ്യാറായില്ല. അതിലേറ്റവും പ്രധാനം ചന്ദ്രസ്വാമി, അഡ്നന്‍ ഖഷോഗി തുടങ്ങിയ അന്താരാഷ്ട്ര മാഫിയാ സംഘങ്ങളെയും അവയുടെ ബന്ധങ്ങളെയും കുറിച്ചുള്ളതാണ്. ജെയിന്‍ കമ്മീഷന്റെ 2000 പേജ് വരുന്ന റിപ്പോര്‍ട്ട് നിരവധി സാക്ഷിമൊഴികളും (ഐബി, റോ തുടങ്ങിയ അന്വേഷണ വിഭാഗം മേധാവികള്‍ ഉള്‍പ്പെടെ) ഇന്റലിജന്‍സ്, ആഭ്യന്തര സംവിധാനങ്ങളുടെ ഫയലുകളിലെ വിവരങ്ങള്‍ എല്ലാം രേഖപ്പെടുത്തിയതാണ്. ഇത്തരം രേഖകളും വസ്തുതകളും വെച്ചുകൊണ്ടാണ് ചന്ദ്രസ്വാമിക്ക് രാജീവ് വധത്തിലെ പങ്ക് സംശയിക്കുന്ന സാഹചര്യമുണ്ടായത്. സിഐഎയുടെയും എല്‍ടിടിഇയുടെയും ചന്ദ്രസ്വാമിയുടെയും പലവിധ ഗൂഢ സാമ്പത്തിക ഇടപാടുകളും നടന്നത് കുപ്രസിദ്ധമായ ബിസിസിഐ എന്ന ബാങ്ക് വഴിയാണ്. യുഎസ് സെനറ്റ് രേഖകളില്‍ വരെ ഇത്തരം ധനകാര്യ സ്ഥാപനങ്ങള്‍ വഴി സിഐഎ വലതുപക്ഷ തീവ്രവാദികളെയും മാഫിയാ ഗാങ്ങുകളെയും പണം നല്‍കി നിലനിര്‍ത്തുന്നതായി സൂചനകളുണ്ട് - ഇതെല്ലാം ജെയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നുമുണ്ട്.
ആഗോള ചാര സംഘടനകളും മാഫിയാകളും ചേര്‍ന്ന് ഉന്നത രാഷ്ട്രീയ നേതൃത്വങ്ങളെ ഉപയോഗിച്ച് നടത്തുന്ന രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. ഇന്ത്യന്‍ ഭരണാധികാരികളും ഉന്നത രാഷ്ട്രീയ നേതാക്കളും ബഹുരാഷ്ട്ര കുത്തകകളുടെ പേറോളില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് വ്യക്തമാക്കിത്തന്ന സംഭവമായിരുന്നു ഹവാല കേസ്.
കുഴല്‍പണ ഇടപാടുകാരും വ്യവസായികളുമായ ജെയിന്‍ സഹോദരന്മാരില്‍നിന്നും കോണ്‍ഗ്രസ് - ബിജെപി തുടങ്ങിയ ഭരണവര്‍ഗ്ഗ പാര്‍ടി നേതാക്കള്‍ വന്‍ തുക സംഭാവന കൈപ്പറ്റിയതാണ് ഹവാലക്കേസ്. ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന ജെയിന്‍ സഹോദരന്മാര്‍ വിവിധ കരാറുകളും ഇടപാടുകളും ശരിയാക്കി കൊടുത്തതിന് ഇന്ത്യന്‍ നേതാക്കള്‍ക്ക് കൃത്യമായി കമ്മീഷന്‍ കൊടുത്തിരുന്നുവെന്നാണ് ഹവാലക്കേസ് പുറത്തുകൊണ്ടുവന്നത്. കാശ്മീര്‍ തീവ്രവാദികള്‍ക്ക് മുതല്‍ ഹിന്ദുത്വ രാഷ്ട്രവാദി അദ്വാനിക്ക് വരെ അവര്‍ പണം നല്‍കിയിരുന്നു. ഫ്രഞ്ച് കുത്തകയായ ആംസ്തോങ്ങ് എക്സ്പോര്‍ട്ടേഴ്സിന് കാവാസ് താപനിലയത്തിന്റെ നിര്‍മ്മാണ കരാര്‍ നേടികൊടുത്തതടക്കമുള്ള നിരവധി നിര്‍മ്മാണ - സപ്ളൈക്കരാറുകളുടെ കമ്മീഷനും കോഴയും എന്ന നിലയിലാണ് ഇന്ത്യന്‍ പാര്‍ടി നേതാക്കള്‍ക്ക് സംഭാവന കൊടുത്തുപോന്നതെന്നാണ് ജെയിന്‍ ഹവാല കേസ് പുറത്തുകൊണ്ടുവന്നത്.
കെ ടി കുഞ്ഞിക്കണ്ണന്‍ ചിന്ത വാരിക 180311
ഇന്ത്യയെ അഴിമതിയുടെയും മാഫിയാ പ്രവര്‍ത്തനങ്ങളുടെയും മഹാസാമ്രാജ്യമാക്കി മാറ്റുകയാണ് യുപിഎ സര്‍ക്കാര്‍. മറ്റെല്ലാ മൂന്നാംലോകരാജ്യങ്ങളിലുമെന്നപോലെ തൊണ്ണൂറുകളോടെയാണ് ഭീതിദമായ അഴിമതിയും ക്രിമിനല്‍വല്‍ക്കരണവും ഇന്ത്യയിലും തീവ്രഗതിയാര്‍ജ്ജിച്ചത്. ഭരണസംവിധാനം സ്വകാര്യനേട്ടത്തിനായി ഉപയോഗിക്കുന്ന ലളിതമായൊരു വിഷയമല്ല ഇന്ന് അഴിമതി. ദേശീയ സമ്പദ്ഘടനകളെ തന്നെ അസ്ഥിരീകരിക്കുന്ന അഴിമതിയെ പല നവലിബറല്‍ പണ്ഡിതന്മാരും ചില ഭരണാധികാരികളുടെ വ്യക്തിഗതമായ അപചയവും മൂല്യത്തകര്‍ച്ചയുമായി ലളിതവല്‍ക്കരിച്ച് വിശകലനം ചെയ്യുന്നുണ്ട്. ചില പണ്ഡിതന്മാര്‍ മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന ദുര്‍ഗുണങ്ങളാണ് അഴിമതിയുടെ പ്രാഥമികഹേതുവെന്നത് പോലുള്ള സാമാന്യവല്‍ക്കരണങ്ങള്‍ നടത്തി അഴിമതിയുടെയും രാഷ്ട്രീയരംഗത്തെ മാഫിയാവല്‍ക്കരണത്തിന്റെയും യഥാര്‍ത്ഥ കാരണങ്ങളെ മറച്ചുപിടിക്കുവാനുള്ള സൈദ്ധാന്തിക കസര്‍ത്തുകള്‍ നടത്തുന്നുണ്ട്.
ReplyDelete