Wednesday, March 16, 2011

തന്ത്രപ്രധാന മേഖലകളില്‍ കഴുകന്‍ കണ്ണുമായി

ഇന്ത്യയുടെ തന്ത്രപ്രധാനമേഖലകളില്‍ അമേരിക്ക നുഴഞ്ഞു കയറുകയും സര്‍ക്കാര്‍ തീരുമാനങ്ങളില്‍ ഇടപെട്ടതിലൂടെയും മറനീക്കിയത് വന്‍ ഗൂഢാലോചന. ഇന്ത്യയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സ്ഥാനപതികള്‍ അമേരിക്കന്‍ ഭരണസിരാകേന്ദ്രമായ വാഷിങ്ടണ്‍ ഡിസിയിലേക്കയച്ച സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇന്ത്യയെ സംബന്ധിച്ച 60 ലക്ഷം വാക്കടങ്ങിയ 5100 സന്ദേശമാണ് വിക്കിലീക്സ് 'ദി ഹിന്ദു' പത്രത്തിന് കൈമാറിയത്. ചൊവാഴ്ചമുതല്‍ ഇവ പ്രസിദ്ധീകരിച്ചുതുടങ്ങി. ലോകത്തുതന്നെ അഞ്ച് ദിനപത്രവുമായാണ് വിക്കിലീക്സ് വിവരങ്ങള്‍ പങ്കുവച്ചിട്ടുള്ളത്.

വിദേശനയം രൂപീകരിക്കുന്നതുള്‍പ്പെടെയുള്ള ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിലാണ് അമേരിക്ക കടന്നുകയറിയത്. നയതന്ത്ര-രാഷ്ട്രീയ-സാമ്പത്തിക കാര്യങ്ങള്‍ നിരന്തരം നിരീക്ഷിക്കുകയും ഇടപെടുകയുമാണ് അമേരിക്കന്‍ സ്ഥാനപതികള്‍ ചെയ്യുന്നത്. ഇന്ത്യയെ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയാക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയായിരുന്നു ഇത്. റഷ്യ, യൂറോപ്യന്‍ യൂണിയന്‍, കിഴക്കന്‍ ഏഷ്യ, ഇസ്രയേല്‍, പലസ്തീന്‍, ഇറാന്‍, ക്യൂബ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സഹകരണത്തില്‍ അമേരിക്കയ്ക്ക് ഉല്‍ക്കണ്ഠ ഉള്ളതായും സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. ആണവനയം, പ്രതിരോധ സഹകരണം, രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവയ്ക്കല്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ അമേരിക്ക ഇടപെട്ടിരുന്നു. കശ്മീര്‍പ്രശ്നം, മുംബൈ ഭീകരാക്രമണം എന്നിവയിലും പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു.

ഇന്ത്യയിലെ സ്ഥിതികള്‍ സസൂക്ഷ്മം നിരീക്ഷിക്കാന്‍ അമേരിക്കന്‍ സ്ഥാനപതികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഒരു പത്രപ്രവര്‍ത്തകനെപ്പോലെ വിശദമായ റിപ്പോര്‍ട്ടുകളാണ് ഇവര്‍ അമേരിക്കയ്ക്ക് കൈമാറിയിരുന്നത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായരുമായി ചേര്‍ന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ 'കേരള മാഫിയ'ക്ക് രൂപം നല്‍കുകയാണെന്ന് അമേരിക്കന്‍ സ്ഥാനപതി ആക്ഷേപിക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി 2005ല്‍ എം കെ നാരായണനെ നിയമിച്ചപ്പോഴാണ് അമേരിക്കന്‍ സ്ഥാനപതിയുടെ കളിയാക്കിയുള്ള വിലയിരുത്തല്‍. ഹിന്ദി സംസാരിക്കുന്ന വടക്കന്‍ ഇന്ത്യയിലെ ബ്യൂറോക്രാറ്റുകള്‍ക്കു പകരം കേരളീയര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ ഭരിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും അമേരിക്കന്‍ സ്ഥാനപതി സന്ദേശത്തില്‍ പറയുന്നതായി വിക്കിലീക്സ് വെളിപ്പെടുത്തുന്നു.

മന്ത്രിസഭാ പുനഃസംഘടനയില്‍ അമേരിക്ക ഇടപെട്ടു

കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ നിര്‍ണായക ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക നേരിട്ട് ഇടപെടുന്നതിന്റെ തെളിവുകള്‍ പുറത്തായി. വിക്കിലീക്സ് ചോര്‍ത്തിയ അമേരിക്കന്‍ നയതന്ത്രരഹസ്യങ്ങള്‍ 'ദി ഹിന്ദു' ദിനപത്രമാണ് പുറത്തുവിട്ടത്. ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയായിരുന്ന ഡേവിഡ് സി മുള്‍ഫോഡ് 2006 ജനുവരി 30ന് 'അതീവരഹസ്യം: 51088' എന്ന കോഡില്‍ വാഷിങ്ടണുമായി നടത്തിയ ആശയവിനിമയമാണ് പുറത്തുവന്നത്.

2006 ജനുവരിയില്‍ യുപിഎ സര്‍ക്കാര്‍ മണിശങ്കര്‍ അയ്യരെ മാറ്റി മുരളി ദേവ്റയെ പെട്രോളിയം മന്ത്രിയാക്കിയത് അമേരിക്കയുടെ നിര്‍ദേശപ്രകാരമാണെന്നാണ് രേഖകള്‍ വെളിപ്പെടുത്തുന്നു. അമേരിക്ക ശക്തമായി എതിര്‍ത്ത ഇന്ത്യ- ഇറാന്‍ വാതക പൈപ്പ്ലൈന്‍ പദ്ധതിയെ അനുകൂലിച്ചതിനാണ് മണിശങ്കര്‍ അയ്യരെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയത്. പകരം മുരളി ദേവ്റ വന്നു.കടുത്ത അമേരിക്കന്‍ പക്ഷക്കാരനാണ് ദേവ്റ. ഇന്ത്യ- അമേരിക്ക തന്ത്രപ്രധാനബന്ധം അതിവേഗം മുന്നോട്ടുകൊണ്ടു പോകുന്നതിനുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായാണ് ഈ മാറ്റത്തെ യുഎസ് നയതന്ത്രകാര്യാലയം വിലയിരുത്തിയത്. ഇത് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ പരിഷ്കാരങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് ശക്തിപകരും. ഇന്ത്യയില്‍ അമേരിക്കന്‍ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിന് മന്ത്രിസഭാ പുനഃസംഘടന സഹായകമാകുമെന്നും മുള്‍ഫോഡ് റിപ്പോര്‍ട്ടു ചെയ്തു. ആണവകരാര്‍ നടപ്പാക്കുന്നതിനു രണ്ടുവര്‍ഷം മുമ്പേ യുപിഎ സര്‍ക്കാര്‍ വലതുപക്ഷത്തേക്കും അമേരിക്കന്‍പക്ഷത്തേക്കും പടിപടിയായി നീങ്ങിയെന്ന് ഇതു വ്യക്തമാക്കുന്നു. ആണവകരാറിന്റെ പേരിലാണ് ഇടതുപക്ഷം സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതെങ്കിലും അതിനും എത്രയോ മുമ്പേ വിദേശനയത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷം അകന്നിരുന്നതായി മുള്‍ഫോഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തെ എത്ര സൂക്ഷ്മമായാണ് അമേരിക്ക നിരീക്ഷിക്കുന്നതെന്നതിന് തെളിവുകൂടിയാണ് ഈ സംഭവം.

ഇന്ത്യ-അമേരിക്ക പാര്‍ലമെന്ററി ഫോറവുമായും അമേരിക്കന്‍ നയതന്ത്രകാര്യാലവുമായും ദീര്‍ഘകാലത്തെ ബന്ധമുള്ളയാളാണ് ദേവ്റയെന്നും മുള്‍ഫോഡ് സൂചിപ്പിക്കുന്നു. അമേരിക്കയുടെ തന്ത്രപരമായ കൂട്ടുകെട്ടിനൊപ്പം നില്‍ക്കുന്നതും ഇന്ത്യ- അമേരിക്ക പാര്‍ലമെന്ററി ഫോറത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ ഏഴു എംപിമാരെ യുപിഎ സര്‍ക്കാര്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെന്നും സന്ദേശത്തില്‍ പറയുന്നു. ദേവ്റയ്ക്ക് പുറമെ പുതിയതായി മന്ത്രിസഭയിലേക്ക് കടന്നുവന്ന സെയ്ഫുദീന്‍ സോസ്, ആനന്ദ് ശര്‍മ, അശ്വനികുമാര്‍, കപില്‍ സിബല്‍ എന്നിവരും കടുത്ത അമേരിക്കന്‍ പക്ഷപാതകളാണെന്ന് മുള്‍ഫോഡ് വ്യക്തമാക്കുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ മുന്നോടിയായി വിദേശനയത്തില്‍ മാറ്റം ഉണ്ടാകാതിരിക്കുന്നതിനുള്ള മുന്‍കരുതലായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിദേശ വകുപ്പിന്റെ ചുമതല കുറച്ചുകാലം ഏറ്റെടുത്തിരുന്നു. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം അവസാനിക്കുന്നതുവരെയും കേരളത്തിലും ബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെയും ഇതു തുടര്‍ന്നു. വിദേശമന്ത്രാലയവുമായി ബന്ധപ്പെട്ടിരുന്ന അമേരിക്കന്‍ നയതന്ത്രമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ മണിശങ്കര്‍ അയ്യരെ പുറത്താക്കിയതിനെ സ്വാഗതംചെയ്തു. പെട്രോളിയംമന്ത്രാലയം വിദേശമന്ത്രാലയത്തില്‍ 'കടന്നുകയറുന്ന' സാഹചര്യം ഉണ്ടായതായി അമേരിക്ക വിലയിരുത്തുന്നു. തുടര്‍ന്ന് വിദേശമന്ത്രാലയം പ്രശ്നത്തില്‍ ഇടപെടാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോടു ആവശ്യപ്പെട്ടു. പിന്നീട് പ്രധാനമന്ത്രി ഇടപെട്ട് അയ്യരുടെ മന്ത്രാലയത്തോട് പിന്തിരിയാന്‍ ആവശ്യപ്പെട്ടു. ഇതിനു തയ്യാറാകാത്ത സാഹചര്യത്തിലാണ് അയ്യരെ പുറത്താക്കിയത്. പാകിസ്ഥാന്‍, ചൈന, ബര്‍മ, ബംഗ്ളാദേശ്, ഇറാന്‍, സുഡാന്‍ എന്നീ രാജ്യങ്ങളുമായുള്ള നയരൂപീകരണത്തിലാണ് വിദേശമന്ത്രാലയവും പെട്രോളിയംമന്ത്രാലയവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നത്.

പാര്‍ലമെന്റില്‍ മറുപടിയില്ലാതെ സര്‍ക്കാര്‍

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിലെ മന്ത്രിമാരെ നിശ്ചയിക്കുന്നത് അമേരിക്കയാണെന്ന വിക്കിലീക്സ് വെളിപ്പെടുത്തല്‍ പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. വിക്കിലീക്സ് വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് രാജ്യസഭയുടെ ശൂന്യവേളയില്‍ പി രാജീവ് ആവശ്യപ്പെട്ടു. എന്നാല്‍, പ്രതികരണത്തിന് കേന്ദ്രം തയ്യാറായില്ല. ഇടതുപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെതുടര്‍ന്ന് പത്തുമിനിറ്റോളം സഭാനടപടി തടസ്സപ്പെട്ടു. വിക്കിലീക്സ് വെളിപ്പെടുത്തലില്‍ അമേരിക്കന്‍ റിക്രൂട്ട്മെന്റുകളായി വിശേഷിപ്പിക്കുന്ന വാണിജ്യമന്ത്രി ആനന്ദ്ശര്‍മ, പാര്‍ലമെന്ററി സഹമന്ത്രി അശ്വനികുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് രാജീവ് വിഷയം ഉന്നയിച്ചത്. ആരോപണങ്ങളെ എതിര്‍ക്കാതെ ഇരുവരും മൌനംപാലിച്ചു. വിഷയത്തില്‍ ബിജെപിയുടെ മൌനവും ശ്രദ്ധേയമായി. അമേരിക്കന്‍ ഇടപെടല്‍ കാരണം മന്ത്രിസ്ഥാനം നഷ്ടമായ മണിശങ്കര്‍ അയ്യരും സഭയിലുണ്ടായിരുന്നു. വിഷയം സഭയില്‍ ഉയര്‍ന്നത് അയ്യരെ ആഹ്ളാദിപ്പിച്ചു.

അമേരിക്കന്‍ താളത്തിനൊത്ത് ഇന്ത്യ തുള്ളുന്നത് ലജ്ജാകരമായ സ്ഥിതിവിശേഷമാണെന്ന് രാജീവ് കുറ്റപ്പെടുത്തി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വിക്കിലീക്സ് ചോര്‍ത്തിയ രേഖകളിലൂടെ ഹിന്ദു ദിനപത്രം പുറത്തുവിട്ടത്. 2006ലെ മന്ത്രിസഭാ അഴിച്ചുപണിയിലൂടെ അമേരിക്കയ്ക്ക് അനുകൂലമായ ചായ്വ് വന്നതായി അന്നത്തെ യുഎസ് അംബാസഡര്‍ ഡേവിഡ് മള്‍ഫോര്‍ഡ് വിശേഷിപ്പിക്കുന്നു. ഇന്തോ- യുഎസ് ബന്ധം തടസ്സങ്ങളൊന്നുമില്ലാതെ മുന്നോട്ടുനീക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന നിശ്ചയദാര്‍ഢ്യത്തിന് തെളിവായും പുനഃസംഘടനയെ യുഎസ് അംബാസഡര്‍ വിശേഷിപ്പിക്കുന്നു. പല വിഷയത്തിലും അമേരിക്ക പറയുന്നതനുസരിച്ചാണ് ഇന്ത്യ നീങ്ങിയതെന്ന് വ്യക്തമാവുകയാണ്. മുംബൈ ആക്രമണത്തിന്റെ വിശദാംശം പാകിസ്ഥാനുമായി പങ്കുവയ്ക്കാന്‍ ഇന്ത്യ ഒരുക്കമല്ലായിരുന്നു. എന്നാല്‍, അമേരിക്കന്‍ ഇടപെടലിനെതുടര്‍ന്ന് ഇന്ത്യ ഇതിന് തയ്യാറായി. പ്രധാനമന്ത്രി കാര്യാലയത്തിലെ മലയാളി ഉദ്യോഗസ്ഥരെ 'കേരളമാഫിയ' എന്നാണ് അമേരിക്ക വിശേഷിപ്പിക്കുന്നത്. സര്‍ക്കാരിന്റെ അടുത്ത തന്ത്രപരപങ്കാളികളുടെ സമീപനം വ്യക്തമാക്കുന്നതാണ് ഈ വിശേഷണം- രാജീവ് പറഞ്ഞു.

വെളിപ്പെടുത്തലുകളോട് സര്‍ക്കാര്‍ പ്രതികരിക്കണമെന്ന് വൃന്ദ കാരാട്ടും മറ്റ് ഇടതുപക്ഷ അംഗങ്ങളും ആവശ്യപ്പെട്ടു. എന്നാല്‍, സര്‍ക്കാര്‍ വഴങ്ങിയില്ല. നടപടികള്‍ തടസ്സപ്പെട്ടതോടെ സര്‍ക്കാരിന്റെ സഹായത്തിന് സഭാധ്യക്ഷന്‍ റഹ്മാന്‍ഖാന്‍തന്നെ രംഗത്തെത്തി. നോട്ടീസില്‍ പറയാത്ത കാര്യങ്ങളാണ് രാജീവ് ഉന്നയിച്ചതെന്ന് റഹ്മാന്‍ഖാന്‍ പറഞ്ഞു. ശൂന്യവേളയില്‍ ഉന്നയിക്കുന്ന വിഷയങ്ങളോട് പ്രതികരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനാകില്ല. എല്ലാവരും ചട്ടങ്ങള്‍ ലംഘിക്കുകയാണ്. ഇത് അനുവദിക്കാനാകില്ല- റഹ്മാന്‍ഖാന്‍ പറഞ്ഞു.

പ്രധാനമന്ത്രി പ്രസ്താവന നടത്തണം: യെച്ചൂരി

കേന്ദ്രമന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ അമേരിക്ക ഇടപെട്ടുവെന്ന വിക്കിലീക്സിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. നീര റാഡിയ ടേപ്പിലൂടെ കോര്‍പറേറ്റുകള്‍ മന്ത്രിസഭാരൂപീകരണത്തെ സ്വാധീനിച്ചെന്ന് നേരത്തെ വ്യക്തമായിരുന്നു. പുതിയ വിക്കിലീക്സ് വെളിപ്പെടുത്തലിലൂടെ അമേരിക്കയും മന്ത്രിസഭാരൂപീകരണത്തില്‍ ഇടപെട്ടുവെന്ന് വ്യക്തമായി. ഇടതുപക്ഷം നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നാണ് വിക്കിലീക്സിന്റെ പുതിയ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. അമേരിക്കയ്ക്ക് താല്‍പ്പര്യമുള്ളവരെയാണ് മന്ത്രിമാരാക്കിയതെന്ന് അമേരിക്കന്‍ അംബാസഡര്‍ വാഷിങ്ടണിലേക്ക് അയച്ച കേബിളില്‍ പറയുന്നുണ്ട്. 2006ലെ മന്ത്രിസഭാ പുനഃസംഘടനയില്‍ പെട്രോളിയം മന്ത്രിയായ മണിശങ്കര്‍ അയ്യരെ മാറ്റി അമേരിക്കയ്ക്ക് താല്‍പ്പര്യമുള്ള മുരളി ദേവ്റയെ നിയമിച്ചെന്ന അംബാസഡറുടെ വെളിപ്പെടുത്തല്‍ അതീവ ഗൌരവമുള്ളതാണ്. ഇന്ത്യയുടെ പരമാധികാരമാണ് അടിയറവച്ചത്. ഇതിന്റെ വസ്തുത എന്തെന്ന് തുറന്നുപറയാന്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണം. ഇക്കാര്യത്തില്‍ എന്തു നടപടിയാണ് സ്വീകരിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കണം- യെച്ചൂരി പറഞ്ഞു.

ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കില്ല: കോണ്‍ഗ്രസ്

ഹിന്ദു ദിനപത്രം പുറത്തുവിട്ട വിക്കിലീക്സ് വെളിപ്പെടുത്തലുകള്‍ കൊണ്ടൊന്നും ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനാകില്ലെന്ന് കോണ്‍ഗ്രസ്. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക്സിങ്വി അറിയിച്ചു. വിക്കിലീക്സിനെ ആധികാരികരേഖയായി കോണ്‍ഗ്രസ് കാണുന്നില്ലെന്ന് സിങ്വി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാത്രമല്ല ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടത് തങ്ങളല്ല. 2006ല്‍ പെട്രോളിയം വകുപ്പില്‍നിന്ന് തന്നെ നീക്കംചെയ്തതില്‍ അത്ഭുതമൊന്നും തോന്നിയിരുന്നില്ലെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. ചുമതലയേല്‍ക്കുമ്പോള്‍ തന്നെ ഇത് താല്‍ക്കാലികമാണെന്ന് തന്നോട് പറഞ്ഞിരുന്നു.

ബിജെപിക്ക് മൌനം

യുപിഎ സര്‍ക്കാരിന്റെ മന്ത്രിമാരെ നിശ്ചയിക്കുന്നത് അമേരിക്കയാണെന്ന വിക്കിലീക്സ് വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ ബിജെപിക്ക് മടി. അഴിമതി ആരോപണങ്ങളില്‍ ഉലയുന്ന കേന്ദ്രസര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിട്ടും ബിജെപി നേതാക്കള്‍ക്ക് മിണ്ടാട്ടമില്ല. പതിവ് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍ പ്രതികരിക്കാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു ബിജെപി വക്താവും രാജ്യസഭയിലെ ഉപനേതാവുമായ എസ് എസ് അലുവാലിയയുടെ മറുപടി.

അമേരിക്കന്‍ ഇടപെടല്‍ വിഷയം ചൊവ്വാഴ്ച ലോക്സഭയിലോ രാജ്യസഭയിലോ ഉന്നയിക്കാന്‍ ബിജെപി തയ്യാറായില്ല. കേന്ദ്രമന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ കോര്‍പറേറ്റ് ഇടനിലക്കാരി നിരാ റാഡിയ്ക്കുള്ള പങ്ക് പുറത്തുവന്നപ്പോള്‍ ദിവസങ്ങളോളം പാര്‍ലമെന്റ് സ്തംഭിപ്പിച്ച ബിജെപി വിക്കിലീക്സ് വെളിപ്പെടുത്തല്‍ കണ്ടിട്ടേയില്ലെന്ന നാട്യത്തിലാണ്. ബിജെപിയുടെ രാജ്യസഭാംഗം തരുവിജയ് വിക്കിലീക്സ് വെളിപ്പെടുത്തല്‍ ഉന്നയിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും മുതിര്‍ന്ന നേതാക്കള്‍ വിലക്കി. പിന്നീട് ബഹളത്തിനിടെ തരു സംസാരിക്കാന്‍ എണീറ്റപ്പോള്‍ അലുവാലിയ പിടിച്ചിരുത്തി.

ദേശാഭിമാനി 160311

1 comment:

  1. വിദേശനയം രൂപീകരിക്കുന്നതുള്‍പ്പെടെയുള്ള ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിലാണ് അമേരിക്ക കടന്നുകയറിയത്. നയതന്ത്ര-രാഷ്ട്രീയ-സാമ്പത്തിക കാര്യങ്ങള്‍ നിരന്തരം നിരീക്ഷിക്കുകയും ഇടപെടുകയുമാണ് അമേരിക്കന്‍ സ്ഥാനപതികള്‍ ചെയ്യുന്നത്. ഇന്ത്യയെ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയാക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയായിരുന്നു ഇത്. റഷ്യ, യൂറോപ്യന്‍ യൂണിയന്‍, കിഴക്കന്‍ ഏഷ്യ, ഇസ്രയേല്‍, പലസ്തീന്‍, ഇറാന്‍, ക്യൂബ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സഹകരണത്തില്‍ അമേരിക്കയ്ക്ക് ഉല്‍ക്കണ്ഠ ഉള്ളതായും സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. ആണവനയം, പ്രതിരോധ സഹകരണം, രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവയ്ക്കല്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ അമേരിക്ക ഇടപെട്ടിരുന്നു. കശ്മീര്‍പ്രശ്നം, മുംബൈ ഭീകരാക്രമണം എന്നിവയിലും പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു.

    ReplyDelete