Thursday, March 17, 2011

പണാധിപത്യം തടയണം

പാര്‍ലമെന്റ്, നിയമസഭ, തദ്ദേശഭരണസ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പണാധിപത്യം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവരുന്നതായിട്ടാണ് കാണുന്നത്. സമ്മതിദായകരെ സ്വാധീനിക്കാന്‍ പണം വാരിക്കോരി ചെലവഴിക്കുന്നത് പതിവായി മാറുകയാണ്. സ്ഥാനാര്‍ഥികള്‍ക്കനുകൂലമായ വാര്‍ത്ത സൃഷ്ടിച്ച് വ്യാപകമായ പ്രചാരം നല്‍കാന്‍ മാധ്യമങ്ങള്‍ക്ക് പണം നല്‍കുന്ന സമ്പ്രദായവും പ്രയോഗത്തില്‍ വന്നുകഴിഞ്ഞു. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ അശോക് ചവാന്‍ പണം നല്‍കി വാര്‍ത്ത സംഘടിപ്പിച്ചതായി തെരഞ്ഞെടുപ്പ് കമീഷന് പരാതി ലഭിക്കുകയുണ്ടായി. ആന്ധ്രയിലും 'പെയ്ഡ് ന്യൂസ്' കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രയോഗിച്ചതായി തെളിഞ്ഞിരുന്നു. കേരളത്തില്‍ 2009ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുല്ലപ്പള്ളി രാമചന്ദ്രന് എഐസിസി ആസ്ഥാനത്തുനിന്ന് യൂത്ത് കോണ്‍ഗ്രസുകാരനായ ഒരു ദൂതന്‍വഴി 50 ലക്ഷം രൂപ കൊടുത്തയച്ചതായും യാത്രയ്ക്കിടയില്‍ 25 ലക്ഷം രൂപ നിറച്ച ഒരു പെട്ടി മോഷണം പോയതായും വാര്‍ത്തയുണ്ടായിരുന്നു. ഈ വാര്‍ത്ത ഇതേവരെ ആരും നിഷേധിച്ചിട്ടില്ല. എന്നാല്‍, ഇത്രയും പണം മോഷണംപോയിട്ടും റെയില്‍വേ പൊലീസില്‍ പരാതി നല്‍കുകയോ കേസ് ചാര്‍ജ് ചെയ്യുകയോ ഉണ്ടായില്ലെന്നത് വിചിത്രമായി തോന്നുന്നു. കൊടുത്തയച്ച തുക കണക്കില്‍പ്പെടാത്ത പണമായിരുന്നുവെന്ന നിഗമനത്തിലേ ഒരാള്‍ക്കെത്താന്‍ കഴിയൂ. 50 ലക്ഷം ഒന്നാംഗഡു മാത്രമാണെന്നും ഒരുകോടി രൂപവരെ ഒരു സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാന്‍ എഐസിസി നല്‍കിയതായും ഉത്തരവാദപ്പെട്ടവര്‍ക്കൊക്കെ അറിവുണ്ടായിരുന്നു.

നാല് സംസ്ഥാന നിയമസഭകളിലേക്കും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കോണ്‍ഗ്രസ് നേതൃത്വം വന്‍തോതില്‍ പണം നല്‍കി സമ്മതിദായകരെ സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നുവെന്ന വിവരവും രഹസ്യമല്ല. ഇത് നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തിന് മുഖ്യഭീഷണിയായി വളര്‍ന്നുവന്നിരിക്കുന്നു. ജനാധിപത്യവ്യവസ്ഥയെ കാര്‍ന്നുതിന്നുന്ന ഇത്തിക്കണ്ണിയായി പണാധിപത്യം മാറുകയാണ്. തമിഴ്നാട്ടില്‍ ഏതാനും നാളുകള്‍ക്കകം വാഹനപരിശോധനയ്ക്കിടയില്‍ 15 കോടി രൂപ അധികൃതര്‍ പിടിച്ചെടുക്കുകയുണ്ടായി. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ ജയിപ്പിക്കാന്‍ ഗ്രാമീണര്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ കണക്കില്‍പ്പെടാതെ അനധികൃതമായി കടത്തിക്കൊണ്ടുപോയ പണമായിരുന്നു ഇതെന്നാണ് പുറത്തുവന്ന വിവരം. 2009ലെ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ മധുര പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ ഭരണകക്ഷിയുടെ പ്രമുഖനായ സ്ഥാനാര്‍ഥി 200 കോടി രൂപ ചെലവഴിച്ചെന്നാണ് പറയുന്നത്. ഒരു സമ്മതിദായകന് 5000 രൂപവരെ നല്‍കിയതായി അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതാണ്. രാഷ്ട്രീയ പാര്‍ടി പ്രവര്‍ത്തകരെ വിലയ്ക്കുവാങ്ങാനും വന്‍തുക നല്‍കിയതായി പറയുന്നുണ്ട്.

ഇത് നമ്മുടെ ജനാധിപത്യവ്യവസ്ഥയ്ക്ക് വന്‍ഭീഷണിയായി ഉയര്‍ന്നുനില്‍ക്കുകയാണ്. അടുത്തകാലത്ത് യുപിഎ സര്‍ക്കാരിനെതിരെ തുടരെത്തുടരെ പുറത്തുവന്ന അഴിമതികളുടെ നാറുന്ന കഥകള്‍ ആത്മാര്‍ഥതയും സത്യസന്ധതയും ധാര്‍മികബോധവും അവശേഷിക്കുന്ന ഏതൊരു കോണ്‍ഗ്രസുകാരനെയും വേദനിപ്പിക്കേണ്ടതാണ്. ദൌര്‍ഭാഗ്യമെന്നുപറയട്ടെ അത്തരം ഒരു വികാരം അവരെ അലട്ടുന്നതായി തോന്നുന്നില്ല. കോമണ്‍വെല്‍ത്ത് അഴിമതി, 2ജി സ്പെക്ട്രം അഴിമതി, മഹാരാഷ്ട്രയിലെ ആദര്‍ശ് ഫ്ളാറ്റ് അഴിമതി, ഐപിഎല്‍ അഴിമതി, ദേവാസ് മള്‍ട്ടിമീഡിയാ ആന്‍ഡ്രിക്സ് കരാര്‍, പുണെയിലെ ഹസ്സന്‍ അലിഖാന്‍ എന്ന രാജ്യദ്രോഹിയുടെ വിദേശനിക്ഷേപം, അന്തര്‍ദേശീയ ആയുധ ഇടപാട്, ഇന്ത്യയെ കൊള്ളയടിച്ച് വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചത് തുടങ്ങി എത്രയെത്ര അഴിമതിക്കേസുകളാണ് അടുത്തകാലത്ത് മറനീക്കി പുറത്തുവന്നത്.

മുഖ്യപ്രതിപക്ഷകക്ഷിയായ ബിജെപിയും കോണ്‍ഗ്രസിനോടൊപ്പം അഴിമതിക്കാരുടെ പട്ടികയില്‍തന്നെ സ്ഥാനംപിടിച്ചിരിക്കുകയാണ്. കേന്ദ്ര ഭരണകക്ഷി നേതാക്കളും കോര്‍പറേറ്റുടമകളും ക്രിമിനലുകളും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും ചേര്‍ന്നുള്ള അവിശുദ്ധമായ ഈ കൂട്ടുകെട്ട് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മുടെ നാടിന്റെ ഭാവി അപകടത്തിലാണെന്ന് ചൂണ്ടിക്കാണിക്കാതിരിക്കാനാകില്ല.

ഏറ്റവുമൊടുവില്‍ മറ്റൊരു വിവരംകൂടി പുറത്തുവന്നിരിക്കുന്നു. കോണ്‍ഗ്രസ് പ്രസിഡന്റും യുപിഎ അധ്യക്ഷയുമായ സോണിയഗാന്ധിയുടെ മകളുടെ ഭര്‍ത്താവായ റോബര്‍ട്ട് വദേര വടക്കേ ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നതാണത്. ഉത്തരേന്ത്യയില്‍ 200 കോടി രൂപയുടെ സ്വത്ത് വാങ്ങിക്കൂട്ടിയിരിക്കുന്നുവെന്നാണ് ഒരു പ്രമുഖപത്രം റിപ്പോര്‍ട്ടുചെയ്തത്. റോബര്‍ട്ട് വദേരയ്ക്ക് ഇത്രയധികം പണം എവിടെനിന്നുകിട്ടി എന്നത് അജ്ഞാതമാണ്. പണത്തിന്റെ ഉറവിടം ആര്‍ക്കും അറിയില്ലെന്നാണ് പറയുന്നത്. അറിയപ്പെടുന്ന വന്‍തോതിലുള്ള വരുമാനമൊന്നും വദേരയ്ക്കില്ല. കടം കിട്ടാനുള്ള ന്യായമായ മാര്‍ഗവും കാണാനില്ല. കോണ്‍ഗ്രസിന്റെ കുഴലൂത്തുകാരായ ചിലര്‍ ഇത് റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധിക്കേണ്ടതാണ്. റോബര്‍ട്ട് വദേര റിയല്‍എസ്റ്റേറ്റ് ബിസിനസില്‍ പ്രവേശിച്ചുവെന്നാണ് അവരുടെ വാര്‍ത്ത. ഇതില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ ചില മലയാളപത്രങ്ങള്‍ക്ക് കഴിയുന്നില്ല.

അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ ഒരു നിയമസഭാ സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 16 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, ചില സ്ഥാനാര്‍ഥികള്‍ ഈ തുകയുടെ എത്രയോ മടങ്ങില്‍ അധികം തുക ചെലവഴിക്കും. അതിനുള്ള മാര്‍ഗവും അവര്‍ക്കറിയാം. ചില സാമൂഹ്യ സംഘടനകളുടെ പേരില്‍ വസ്ത്രവിതരണം, ടിവി വിതരണം, പോത്തിന്‍കുട്ടികളെ വിതരണം ചെയ്യല്‍, നേരിട്ട് പണംതന്നെ നല്‍കല്‍ എന്നിവയൊക്കെ പതിവുരീതിയായി മാറിയിരിക്കുന്നു. ഇത് കണ്ടെത്താന്‍ എളുപ്പമല്ല. തെരഞ്ഞെടുപ്പില്‍ സമ്മതിദായകരെ സ്വാധീനിക്കാന്‍ പണം നല്‍കുന്ന രീതി നമ്മുടെ വ്യവസ്ഥയെത്തന്നെ വല്ലാതെ ദുഷിപ്പിക്കുമെന്നതില്‍ സംശയം വേണ്ട. ചെലവഴിച്ച പണമത്രയും പലിശസഹിതം പതിന്മടങ്ങായി വീണ്ടെടുക്കാന്‍ അങ്ങനെ വിജയിക്കുന്ന 'ജനപ്രതിനിധികള്‍' അഴിമതി നടത്തുമെന്നതില്‍ സംശയം വേണ്ട. അവര്‍ ജനങ്ങളെയല്ല നോട്ടുചാക്കുകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ജനാധിപത്യം പണാധിപത്യമായി മാറുന്നത് അങ്ങനെയാണ്. അതുകൊണ്ടുതന്നെ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്ന അത്യന്തം ജീര്‍ണിച്ച സമ്പ്രദായം അവസാനിപ്പിക്കാന്‍ ജനാധിപത്യബോധമുള്ള സകലരും ഒറ്റക്കെട്ടായി തയ്യാറാകണം. അതിനുള്ള ദൃഢനിശ്ചയമാണ് നമുക്കിന്ന് ആവശ്യമുള്ളത്.

ദേശാഭിമാനി മുഖപ്രസംഗം 170311

1 comment:

  1. പാര്‍ലമെന്റ്, നിയമസഭ, തദ്ദേശഭരണസ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പണാധിപത്യം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവരുന്നതായിട്ടാണ് കാണുന്നത്. സമ്മതിദായകരെ സ്വാധീനിക്കാന്‍ പണം വാരിക്കോരി ചെലവഴിക്കുന്നത് പതിവായി മാറുകയാണ്. സ്ഥാനാര്‍ഥികള്‍ക്കനുകൂലമായ വാര്‍ത്ത സൃഷ്ടിച്ച് വ്യാപകമായ പ്രചാരം നല്‍കാന്‍ മാധ്യമങ്ങള്‍ക്ക് പണം നല്‍കുന്ന സമ്പ്രദായവും പ്രയോഗത്തില്‍ വന്നുകഴിഞ്ഞു. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ അശോക് ചവാന്‍ പണം നല്‍കി വാര്‍ത്ത സംഘടിപ്പിച്ചതായി തെരഞ്ഞെടുപ്പ് കമീഷന് പരാതി ലഭിക്കുകയുണ്ടായി. ആന്ധ്രയിലും 'പെയ്ഡ് ന്യൂസ്' കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രയോഗിച്ചതായി തെളിഞ്ഞിരുന്നു. കേരളത്തില്‍ 2009ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുല്ലപ്പള്ളി രാമചന്ദ്രന് എഐസിസി ആസ്ഥാനത്തുനിന്ന് യൂത്ത് കോണ്‍ഗ്രസുകാരനായ ഒരു ദൂതന്‍വഴി 50 ലക്ഷം രൂപ കൊടുത്തയച്ചതായും യാത്രയ്ക്കിടയില്‍ 25 ലക്ഷം രൂപ നിറച്ച ഒരു പെട്ടി മോഷണം പോയതായും വാര്‍ത്തയുണ്ടായിരുന്നു. ഈ വാര്‍ത്ത ഇതേവരെ ആരും നിഷേധിച്ചിട്ടില്ല. എന്നാല്‍, ഇത്രയും പണം മോഷണംപോയിട്ടും റെയില്‍വേ പൊലീസില്‍ പരാതി നല്‍കുകയോ കേസ് ചാര്‍ജ് ചെയ്യുകയോ ഉണ്ടായില്ലെന്നത് വിചിത്രമായി തോന്നുന്നു. കൊടുത്തയച്ച തുക കണക്കില്‍പ്പെടാത്ത പണമായിരുന്നുവെന്ന നിഗമനത്തിലേ ഒരാള്‍ക്കെത്താന്‍ കഴിയൂ. 50 ലക്ഷം ഒന്നാംഗഡു മാത്രമാണെന്നും ഒരുകോടി രൂപവരെ ഒരു സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാന്‍ എഐസിസി നല്‍കിയതായും ഉത്തരവാദപ്പെട്ടവര്‍ക്കൊക്കെ അറിവുണ്ടായിരുന്നു.

    ReplyDelete