Tuesday, March 15, 2011

കൂട്ടായ്മയില്‍ വിരിഞ്ഞ പുണ്യം

സ്വകാര്യ മേഖലയിലെ കഴുത്തറുപ്പന്‍ നിരക്കില്‍നിന്നും സര്‍ക്കാര്‍ മേഖലയിലെ ചട്ടപ്പടി പ്രവര്‍ത്തനമെന്ന വിശേഷണത്തില്‍നിന്നും വിമുക്തമാണ് കൊച്ചി റീജിണല്‍ ഡയാലിസിസ് സെന്റര്‍. രാജ്യത്ത് മറ്റൊരു സര്‍ക്കാര്‍ സ്ഥാപനത്തിനും നല്‍കാന്‍ ആകാത്ത കുറഞ്ഞ നിരക്കില്‍ ഏറ്റവും അത്യന്താധുനിക സൌകര്യങ്ങളുമായി ഡയാലിസിസ് യൂണിറ്റ് മുന്നേറുമ്പോള്‍ അത് രാജ്യത്താദ്യമായി വിവിധ സ്ഥാപനങ്ങളുടെ സന്നദ്ധ കൂട്ടായ്മയുടെ വിജയം കൂടിയാണ് രചിക്കുന്നത്.

പി രാജീവ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നുള്ള 25 ലക്ഷം രൂപകൊണ്ട് തുടക്കമിട്ട ബൃഹത് പദ്ധതിക്ക് ദീര്‍ഘവീക്ഷണവും ഇതര സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണവും സന്നദ്ധതയുമാണ് സഹായകമായത്. ഇപ്പോഴുള്ള ഏഴ് ഡയാലിസിസ് യൂണിറ്റുകള്‍ 31നകം 11 ആയി വര്‍ധിക്കും. ഒട്ടാകെ ഒന്നരക്കോടി രൂപയാണ് പദ്ധതി ചെലവ്. മധ്യമേഖലാ ഐഎംഎയുടെയും മറ്റ് പത്തോളം സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയാണ് നിര്‍ധന വൃക്കരോഗികള്‍ക്ക് തുണയായത്. സംരംഭത്തിലെ പ്രധാന പങ്കാളി കൊച്ചി കപ്പല്‍ശാലയാണ്. മൂന്ന് ഡയാലിസിസ് യൂണിറ്റാണ് കപ്പല്‍ശാല സംഭാവന ചെയ്തത്. ഇതിനുപുറമെ ഓരോ രോഗികള്‍ക്കും ഡയാലിസിസിനുവേണ്ട 500 രൂപയുടെ കണ്‍സ്യൂമബിള്‍സും കപ്പല്‍ശാലയുടെ വകയാണ്. ഇതുകൊണ്ടുകൂടിയാണ് 200 രൂപ നിരക്കില്‍ ഇവിടെ ഡയാലിസിസ് ചെയ്യാനാകുന്നത്. ആലുവ റീജിണല്‍ ബ്ളഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്ററും ആലുവ റസിഡന്‍സ് ഓവര്‍സീസ് മലയാളി അസോസിയേഷനും (ആരോമ) രണ്ട് വീതം യൂണിറ്റുകള്‍ നല്‍കി.

സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിസിനാവശ്യമായ രക്തപരിശോധനയ്ക്കും മറ്റും 450 മുതല്‍ 500 രൂപവരെ ഈടാക്കുമ്പോള്‍ ഇവിടെ ബ്ളഡ് സെന്റര്‍ ഇത് കേവലം 125 രൂപയ്ക്ക് നിര്‍വഹിക്കുന്നതും 125 രൂപയ്ക്ക് രക്തം ലഭ്യമാക്കുന്നതും രോഗികള്‍ക്ക് അനുഗ്രഹമാകുന്നു. രക്തം നല്‍കാന്‍ സന്നദ്ധതയുള്ളവര്‍ ഉണ്ടെങ്കില്‍ രോഗിക്ക് സൌജന്യമായും രക്തം നല്‍കും. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്ക് ഒരു ഡയാലിസിസ് യൂണിറ്റും അത്യാധുനിക സൌകര്യങ്ങളുള്ള ആമ്പുലന്‍സും സെന്ററിന് സംഭാവന നല്‍കി. ആലുവ അല്‍-ഹസ്സന്‍ ട്രസ്റ്റ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സ് (സിഎംആര്‍എല്‍) എന്നിവയും ഓരോ യൂണിറ്റും നല്‍കി. ആലുവ റോട്ടറി ക്ളബ് മറാൈരു യൂണിറ്റ് നല്‍കി. കേന്ദ്രത്തിനുവേണ്ട റിവേഴ്സ് ഓസ്മോസിസ് പ്ളാന്റും ആലുവ ബ്ളഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്റര്‍ സംഭാവന ചെയ്തു. 82.5 കിലോവാട്ട് ശേഷിയുള്ള ജനറേറ്റര്‍ ഫാല്‍ക്ക ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും സ്പോണ്‍സര്‍ ചെയ്തു. കേന്ദ്രത്തിലേക്കുള്ള ശീതീകരണിയും ടെലിവിഷനുകളും ലാ ഫോര്‍ച്യൂണ ഫൌണ്ടേഷന്‍ ഒരുക്കിയപ്പോള്‍ റോട്ടറി ക്ളബ് ആശുപത്രി റോഡിന്റെ ടാറിങ്ങിനുള്ള തുക വഹിച്ചു.

ഡയാലിസിസ് നിരക്കിനുപുറമെ രോഗികള്‍ക്കാവശ്യമായ വിവിധ കുത്തിവയ്പ് മരുന്നുകള്‍ക്കും പകുതിയില്‍ താഴെ നിരക്കാണ് ഈടാക്കുന്നത്. ഇതും സൌജന്യമായി നല്‍കുന്നതിന് സ്പോണ്‍സര്‍മാരെ തേടുകയാണെന്ന് സെന്റര്‍ ഇന്‍ചാര്‍ജ് ഡോ. എന്‍ വിജയകുമാര്‍ പറഞ്ഞു. ഇദ്ദേഹത്തിനുപുറമെ പ്രത്യേക പരിശീലനം നേടിയ ഡോ. സി രാജലക്ഷ്മിയും ഇവിടെ മെഡിക്കല്‍ ഓഫീസറാണ്. മറ്റൊരു മെഡിക്കല്‍ ഓഫീസറായി ഡോ. ശാന്തകുമാരി 15നകം ചുമതലയേല്‍ക്കും. നിലവില്‍ രാവിലത്തെ ഒരു ഷിഫ്റ്റ് മാത്രമാണ് സെന്ററിന്റെ പ്രവര്‍ത്തനം. ഉടന്‍ രണ്ട് ഷിഫ്റ്റായി വര്‍ധിപ്പിക്കും. അഞ്ച് ടെക്നീഷ്യന്മാര്‍, ഒരു സ്റ്റാഫ് നേഴസ്, അറ്റന്‍ഡര്‍, നേഴ്സിങ് അസിസ്റ്റന്റ് എന്നിവരുടെ സേവനവും ഇവിടെയുണ്ട്.

കരുണാമൃതം ഈ ആതുരാലയം

'എന്നെപ്പോലുള്ള നിര്‍ധനരായ വൃക്കരോഗികള്‍ക്ക് മഹാനുഗ്രഹമാണ് ആലുവയിലെ ഈ റീജണല്‍ ഡയാലിസിസ് സെന്റര്‍. ആഴ്ചയില്‍ രണ്ടുവീതമുള്ള ഡയാലിസിസിനും കണ്‍സ്യൂമബിള്‍സിനുമൊക്കെയായി നേരത്തെ മാസം പതിനായിരത്തിലേറെ രൂപ ചെലവായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരു ഡയാലിസിസിന് കേവലം 200 രൂപ മാത്രമാണ് ചെലവാകുന്നത്. എല്ലാ ചെലവുകള്‍ക്കുംകൂടി മാസം ഏറിയാല്‍ 2000 രൂപ മതിയാകും'. തൊടുപുഴ ഈസ്റ്റ് കലൂര്‍ നടുപ്പറമ്പില്‍ വീട്ടില്‍ എന്‍ പി സജി(32)യുടേതാണ് ഈ വാക്കുകള്‍. ഇത്തരമൊരു പദ്ധതിക്ക് മുന്‍കൈ എടുത്തവര്‍ക്ക് പുണ്യം ലഭിക്കുമെന്നും സജി പറയുന്നു.

കലാഭവന്‍, ഹരിശ്രീ കലാസംഘത്തിലെ മുന്‍കാല ഗായകനായ ആലുവ ഈസ്റ്റ് കടുങ്ങല്ലൂര്‍ പ്രിയതാ നിവാസില്‍ സി വേണുഗോപാല്‍(56) എറണാകുളം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡയാലിസിസിന് ഓരോ തവണയും 1750 രൂപയാണ് മുടക്കിയിരുന്നത്. കണ്‍സ്യൂമബിള്‍സിന്റെയും രക്തപരിശോധനയുടെയും മറ്റും ചെലവുകള്‍ ഇതിനു പുറമെയും. എന്നാല്‍ ഇപ്പോള്‍ കേവലം 200 രൂപയ്ക്ക് ഓരോ തവണയും ഡയാലിസിസ് ചെയ്യാനാകും. സ്വകാര്യ ആശുപത്രിയില്‍ 500 രൂപമുതല്‍ 850 രൂപവരെ രക്തപരിശോധനയ്ക്കും മറ്റുമായി വേണ്ടിയിരുന്നുവെങ്കില്‍ ആലുവയില്‍ കേവലം 125 രൂപയ്ക്ക് പരിശോധന പൂര്‍ത്തിയാകും. രക്തം ആവശ്യമെങ്കില്‍ അതും 125 രൂപയ്ക്ക് ലഭിക്കും. സെന്റര്‍ തുടങ്ങാന്‍ നേതൃത്വം നല്‍കിയ പി രാജീവ് എംപിയോട് അങ്ങേയറ്റം നന്ദിയാണുള്ളത്- വേണുഗോപാല്‍ പറയുന്നു.

കോതമംഗലം പിണ്ടിമന തണ്ടിയില്‍ പുത്തന്‍പുരയില്‍ ടി ആര്‍ സുമേഷി(26)നും പറയാനുള്ളത് മറ്റൊന്നുമല്ല, മൂന്നുവര്‍ഷമായി വൃക്കരോഗബാധിതനായ സുമേഷ് നേരത്തെ കോലഞ്ചേരി എംഒഎസ്സി മെഡിക്കല്‍ കോളേജില്‍ ഓരോ ഡയാലിസിസിനും 750 രൂപ വീതമാണ് ചെലവാക്കിയിരുന്നത്. മറ്റ് പരിശോധയ്ക്കുള്‍പ്പെടെ ആഴ്ചയില്‍ 2000 രൂപ വീതമാണ് വേണ്ടിവന്നിരുന്നത്. എന്നാല്‍ മറ്റുള്ളവരുടെ കാരുണ്യത്തില്‍ ചികിത്സ മുന്നോട്ടു കൊണ്ടുപോകുന്ന തന്നെപ്പോലുള്ളവര്‍ക്ക് ആലുവ ഡയാലിസിസ് സെന്റര്‍ അങ്ങേയറ്റം തുണയാകുന്നതായി സുമേഷ് പറയുന്നു.

അതെ, സംസ്ഥാനത്തിനു മാത്രമല്ല, രാജ്യത്തിനാകെ മാതൃകയാകുന്നതാണ് ആലുവ താലൂക്ക് ആശുപത്രി അങ്കണത്തില്‍ പി രാജീവ് എംപിയുടെ മുന്‍കൈയില്‍ വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെ തുടക്കംകുറിച്ച ഡയാലിസിസ് സെന്റര്‍. ഇന്ത്യയില്‍ത്തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇവിടെ ഈടാക്കുന്നത്. സര്‍ക്കാര്‍മേഖലയില്‍ മെഡിക്കല്‍ കോളേജിനു പുറത്ത് ആരംഭിച്ച ആദ്യ ഡയാലിസിസ് സെന്ററില്‍ മെഡിക്കല്‍ കോളേജുകളിലുള്ളതിനേക്കാള്‍ ഡയാലിസിസ് യൂണിറ്റും കൂടുതലുണ്ട്. നിലവില്‍ വിവിധ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ആറുവീതം ഡയാലിസിസ് യൂണിറ്റാണുള്ളതെങ്കില്‍ നിലവില്‍ ഇവിടെ ഏഴു യൂണിറ്റാണുള്ളത്. ഈ മാസം 31നകം നാലു യൂണിറ്റുകൂടി സജ്ജമാകും. മെഡിക്കല്‍ കോളേജുകളില്‍പ്പോലും ഒരു ഡയാലിസിസിന് 750 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ ഇവിടെ കേവലം 200 രൂപ മാത്രമാണ് ഫീസ്. ആര്‍എസ്ബിവൈ കാര്‍ഡുടമകള്‍ക്ക് തികച്ചും സൌജന്യവും.

ജനുവരി 29ന് ഉദ്ഘാടനംചെയ്ത് ഫെബ്രുവരി ഏഴിന് പ്രവര്‍ത്തനം ആരംഭിച്ച സെന്ററില്‍ ഇതിനകം 30 രോഗികള്‍ക്കായി 160 ലേറെ ഡയാലിസിസുകള്‍ പൂര്‍ത്തിയാക്കിയതായി സെന്റര്‍ ഇന്‍ ചാര്‍ജ് ഡോ. എന്‍ വിജയകുമാര്‍ പറഞ്ഞു. ഇന്ത്യയില്‍ മറ്റെങ്ങും ലഭ്യമല്ലാത്ത സൌജന്യനിരക്കാണ് ഇവിടെയുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡയാലിസിസിനു പുറമെ മൂക്കന്നൂര്‍ എംഎജിജെ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റായ ഡോ. ജയ്ദീപ് മേനോന്റെ നേതൃത്വത്തില്‍ ആഴ്ചയില്‍ രണ്ടു ദിവസവും അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡോ. ജോസഫ് കെ ജോസഫ് എല്ലാ ശനിയാഴ്ചയും ഇവിടെ രോഗികളെ പരിശോധിക്കും. ഇതും തികച്ചും സൌജന്യമാണ്. നിലവില്‍ എറണാകുളം ജില്ലയിലെയും സമീപജില്ലയിലെയും മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള രോഗികള്‍പോലും ഇവിടെ എത്തുന്നു. ഡയാലിസിസിനായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിനെ ആശ്രയിച്ചിരുന്ന മറയൂര്‍ സ്വദേശി പീറ്റര്‍ ജോണ്‍(34) ഇവരില്‍ ഒരാള്‍ മാത്രം.
(ഷഫീഖ് അമരാവതി)

ദേശാഭിമാനി 150311

1 comment:

  1. അതെ, സംസ്ഥാനത്തിനു മാത്രമല്ല, രാജ്യത്തിനാകെ മാതൃകയാകുന്നതാണ് ആലുവ താലൂക്ക് ആശുപത്രി അങ്കണത്തില്‍ പി രാജീവ് എംപിയുടെ മുന്‍കൈയില്‍ വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെ തുടക്കംകുറിച്ച ഡയാലിസിസ് സെന്റര്‍. ഇന്ത്യയില്‍ത്തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇവിടെ ഈടാക്കുന്നത്.

    ReplyDelete