Tuesday, March 15, 2011

വൈദ്യുതി ഉല്‍പാദനം: കോഴിക്കോട് രണ്ടാംസ്ഥാനത്ത്

ഇടുക്കി കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ലയേത്? പിഎസ്സി ഗൈഡ് നോക്കി പത്തനംതിട്ട എന്നെഴുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചാമത്തെ വര്‍ഷത്തില്‍ രണ്ടാംസ്ഥാനത്തേക്ക് കോഴിക്കോട് കുതിച്ചുയര്‍ന്നു. വോള്‍ട്ടേജ് ക്ഷാമമെന്ന മലബാറിന്റെ എക്കാലത്തേയും പരാതിക്ക് ഇതോടെ ശാശ്വത പരിഹാരം. വീടുകളിലും ഇടവഴികളിലും മുനിഞ്ഞ് കത്തുന്ന ബള്‍ബുകള്‍ ഇപ്പോള്‍ പ്രകാശപൂരിതം.

ജില്ലയിലെ വൈദ്യുതി ഉല്‍പാദനം, പ്രസരണം, വിതരണം എന്നീ മൂന്ന് രംഗത്തും കഴിഞ്ഞ അഞ്ചു വര്‍ഷവും ഉജ്വല മുന്നേറ്റമാണുണ്ടായത്. കേരളം രൂപംകൊണ്ടത് മുതല്‍ 2006 വരെയുള്ള 50 കൊല്ലംകൊണ്ട് കോഴിക്കോട് നേടിയ വൈദ്യുതി ഉല്‍പാദനശേഷി 269.35 മെഗാവാട്ടാണ്. ഏഴ് ജലവൈദ്യുത പദ്ധതിയിലൂടെയും ഒരു താപനിലയത്തിലൂടെയുമുള്ള സംഭാവന. എന്നാല്‍, അഞ്ചുകൊല്ലംകൊണ്ട് ജില്ലയില്‍ പണിതീര്‍ത്തത് രണ്ട് ജലവൈദ്യുത പദ്ധതികള്‍. അതിലൊന്ന് മലബാറിലെ ഏറ്റവും വലുതും കേരളത്തിലെ നാലാമത്തേതുമായ പദ്ധതി; 100 മെഗാവാട്ടിന്റെ കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍. രണ്ടാമത്തേത് 4.8 മെഗാവാട്ടിന്റെ പൂഴിത്തോട് ചെറുകിട പദ്ധതി. കുറ്റ്യാടി പദ്ധതി 2010 ജൂണ്‍ 19ന് മുഖ്യമന്ത്രിയും പൂഴിത്തോട് 2011 ഫെബ്രുവരി 19ന് വൈദ്യുതി മന്ത്രി എ കെ ബാലനുമാണ് നാടിന് സമര്‍പ്പിച്ചത്.

കുറ്റ്യാടിയില്‍ നിന്ന് പ്രതിവര്‍ഷം മാത്രം 240.50 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ. ഇതിന് പുറമെ ആറ് മെഗാവാട്ട് സ്ഥാപിതശേഷിയുള്ള ചാത്തന്‍കോട്ട് നട- സ്റ്റേജ് 2, 7.5 മെഗാവാട്ട് ശേഷിയുള്ള വിലങ്ങാട് പദ്ധതി എന്നിവയുടെ നിര്‍മാണവും ആരംഭിച്ചു. മൂന്ന് മെഗാവാട്ടിന്റെ കക്കയം ചെറുകിട പദ്ധതി, ഒലിക്കല്‍ (4.5 മെ. വാ), പൂവരംതോട് (2.7 മെ.വാ), ചെമ്പൂക്കടവ് III (6 മെഗാവാട്ട്) എന്നിവയുടെ പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്യാനും നടപടികളായി. പത്ത് മെഗാവാട്ടില്‍ താഴെയുള്ള പശുക്കടവ്, ആനക്കാംപൊയില്‍, കണ്ണപ്പന്‍ചാല്‍, പതങ്കയം, പെരുവണ്ണാമൂഴി ഡാം ടോപ്പ്, കക്കാടംപൊയില്‍, ചാത്തന്‍കോട്ട്നട എന്നീ ഏഴ് പദ്ധതികള്‍ നടപ്പാക്കാനും ശ്രമം തുടരുകയാണ്. സ്വകാര്യമേഖലയിലും വൈദ്യുതി ഉല്‍പാദനത്തിന് സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ആലംപാറതോട് (മൂന്ന് മെഗാവാട്ട്), മുത്തപ്പന്‍പുഴ (1.5 മെഗാവാട്ട്) ഒനിപ്പുഴ (1.25 മെഗാവാട്ട്) കുളിരാമുട്ടി (മൂന്ന് മെഗാവാട്ട്) എന്നിവയാണിത്.

വോള്‍ട്ടേജ് കൂടിയ വൈദ്യുതി കഴിയുന്നത്ര വിലകുറച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ആദ്യപടി വൈദ്യുതോല്‍പാദനം പരമാവധി കൂട്ടുകയാണ്. ഇതോടൊപ്പം പ്രസരണമേഖലയില്‍ നല്ല സംവിധാനമൊരുക്കി വൈദ്യുതിയുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനും നടപടികളെടുത്തു.

50 കൊല്ലത്തിനിടയില്‍ ജില്ലയിലുണ്ടായത് ഒരു 220 കെവി സബ്സ്റേറഷനാണ്; നല്ലളത്ത്. എന്നാല്‍, അഞ്ചുവര്‍ഷത്തിനിടയില്‍ ജില്ലക്ക് മറ്റൊരു 220 കെ വി സബ്സ്റ്റേഷന്‍കൂടി ലഭിച്ചു; വടകരയില്‍. ഇതിനുപുറമെ ഒരു 110 കെ വി സബ്സ്റ്റേഷന്‍ (കൊടുവള്ളി), അഞ്ച് 33 കെവി സബ്സ്റ്റേഷന്‍ (മേലടി, തിരുവള്ളൂര്‍, ഉറുമി, രാമനാട്ടുകര, തമ്പലമണ്ണ) എന്നിവയും എല്‍ഡിഎഫ് ഭരണകാലത്ത് കമീഷന്‍ ചെയ്തു. ഇതിനുപുറമെ രണ്ട് 110 കെ വി സബ്സ്റ്റേഷന്‍ (ഗാന്ധിറോഡ്, ഫറോക്ക്), രണ്ട് 33 കെവി സബ്സ്റ്റേഷന്‍ (വെള്ളനൂര്‍, പേരാമ്പ്ര) എന്നിവയുടെ നിര്‍മാണവും തുടങ്ങി. കോഴിക്കോട്ട് ആരംഭിക്കുന്ന സൈബര്‍പാര്‍ക്കിനുവേണ്ടി മറ്റൊരു സബ്സ്റ്റേഷന്‍ നിര്‍മിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

(കെ പ്രേമനാഥ്)

കുറ്റ്യാടി വൈദ്യുതി നിലയം: ബഹുമതി എല്‍ഡിഎഫിന്

കോഴിക്കോട്: ജില്ലയിലെ ഏറ്റവും വലിയ ജലവൈദ്യുതി ഉല്‍പാദനനിലയം രാജ്യത്തിന് സമര്‍പ്പിച്ചുവെന്ന അപൂര്‍വ ബഹുമതി എല്‍ഡിഎഫ് സര്‍ക്കാരിന്. 100 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയാണ് 2010ല്‍ ഉദ്ഘാടനം ചെയ്തത്. ഇതിനുപുറമെ 4.8 മെഗാവാട്ടിന്റെ പൂഴിത്തോട് ജലവൈദ്യുതി നിലയവും ഈ സര്‍ക്കാരിന്റെ കാലത്ത് കമീഷന്‍ ചെയ്തു. ഇതോടെ ജില്ലയിലെ വൈദ്യുത നിലയങ്ങളുടെ എണ്ണം പത്തായി. ഇതില്‍ ഒരു താപനിലയവും ഉള്‍പ്പെടും. നിലവിലുണ്ടായിരുന്ന വൈദ്യുതി നിലയങ്ങള്‍. കുറ്റ്യാടി (75 മെഗാവാട്ട്), കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ (50 മെ.വാ), കുറ്റ്യാടി ടെയില്‍റേസ് (3.75 മെ.വാ), ചെമ്പൂക്കടവ് 1 (2.70 മെ.വാ), ചെമ്പൂക്കടവ് II (3.75 മെ.വാ), ഉറുമി I(3.75 മെ.വാ), ഉറുമി II (2.40 മെ.വാ) കോഴിക്കോട് താപനിലയം (128 മെ.വാ).

ദേശാഭിമാനി 150311

1 comment:

  1. ഇടുക്കി കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ലയേത്? പിഎസ്സി ഗൈഡ് നോക്കി പത്തനംതിട്ട എന്നെഴുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചാമത്തെ വര്‍ഷത്തില്‍ രണ്ടാംസ്ഥാനത്തേക്ക് കോഴിക്കോട് കുതിച്ചുയര്‍ന്നു. വോള്‍ട്ടേജ് ക്ഷാമമെന്ന മലബാറിന്റെ എക്കാലത്തേയും പരാതിക്ക് ഇതോടെ ശാശ്വത പരിഹാരം. വീടുകളിലും ഇടവഴികളിലും മുനിഞ്ഞ് കത്തുന്ന ബള്‍ബുകള്‍ ഇപ്പോള്‍ പ്രകാശപൂരിതം.

    ReplyDelete