പാമൊലിന്‍ അഴിമതിക്കേസ് തുടരന്വേഷണത്തിന് കോടതി ഉത്തരവ്
പാമൊലിന്‍ അഴിമതി കേസില്‍ തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവ്. മുന്‍ധനമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ പങ്കിനെ കുറിച്ചുള്ള പുതിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ തുടരന്വേഷണത്തിന് അനുമതി തേടി ക്രിമിനല്‍ നടപടി ചട്ടം 173(8) അനുസരിച്ച് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി എ അഹമ്മദും തുടര്‍ന്ന് വിജിലന്‍സ് എസ്പി വി എന്‍ ശശിധരനും നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും സ്പെഷ്യല്‍ ജഡ്ജി എസ് ജഗദീശ് നിര്‍ദേശിച്ചു. കേസുകളില്‍ വിചാരണയുടെ ഏത് ഘട്ടത്തിലും പുതിയ തെളിവുകളെക്കുറിച്ച് അന്വേഷിക്കാമെന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി പ്രോസിക്യൂഷന്റെ അപേക്ഷ അംഗീകരിച്ചത്. പാമൊലിന്‍ കേസില്‍ രണ്ടാം പ്രതിയും മുന്‍ ഭക്ഷ്യമന്ത്രിയുമായ ടി എച്ച് മുസ്തഫ, നാലാം പ്രതിയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ സഖറിയാ മാത്യു എന്നിവര്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ മുന്‍ ധനമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഇടപാടില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ പേര്‍ പ്രതിസ്ഥാനത്ത് വരാനിടയുണ്ടെന്ന് കാണിച്ച് പ്രോസിക്യൂഷന്‍ തുടരന്വേഷണത്തിന് അനുമതി തേടിയത്. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി വി എന്‍ ശശിധരന്‍ നല്‍കിയ റിപ്പോര്‍ട്ടിലും ഇടപാടില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
2001ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിവിധ കോടതികളില്‍ സ്റ്റേ ഉത്തരവ് നിലനിന്നതിനാല്‍ അതിന് ശേഷം കിട്ടിയ തെളിവുകളിന്മേല്‍ അന്വേഷണം സാധ്യമായില്ലെന്ന വാദം കോടതി അംഗീകരിച്ചു. കൂടുതല്‍ പേര്‍ പ്രതിസ്ഥാനത്ത് വരാന്‍ സാധ്യതയുള്ളതിനാല്‍ തുടരന്വേഷണം വേണമെന്നാണ് വിജിലന്‍സ് അപേക്ഷ നല്‍കിയത്. കൂടുതല്‍ പ്രതികള്‍ വരുമെന്നല്ലാതെ ഏതെങ്കിലും പ്രത്യേക വ്യക്തിക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടായിരുന്നില്ല. വിജിലന്‍സ് റിപ്പോര്‍ട്ട് അംഗീകരിച്ച കോടതിയുടെ ഉത്തരവിലും ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ല. മലേഷ്യയില്‍നിന്ന് കൂടിയ വിലയ്ക്ക് പാമൊലിന്‍ ഇറക്കുമതി ചെയ്തത് വഴി സംസ്ഥാന ഖജനാവിന് 2.32 കോടി നഷ്ടം വരുത്തിയെന്നാണ് കേസ്. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ ഒന്നാം പ്രതിയായ കേസില്‍ മൊത്തം എട്ട് പേരെയാണ് പ്രതികളാക്കിയിരുന്നത്. 2001 മാര്‍ച്ച് 23നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഹൈക്കോടതിയും സുപ്രീംകോടതിയും സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചതിനാല്‍ വിചാരണ നീണ്ടു. 2011 ജനുവരി 11ന് സ്റ്റേ നീക്കിയതിനെത്തുടര്‍ന്നാണ് കേസ് വീണ്ടും പരിഗണനയ്ക്ക് വന്നത്. കെ കരുണാകരന്‍ അന്തരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. തുടര്‍ന്ന്, പാമൊലിന്‍ ഇടപാട് നടന്ന സമയത്ത് ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫയും ചീഫ് സെക്രട്ടറിയായിരുന്ന സഖറിയാ മാത്യുവും വിടുതല്‍ ഹര്‍ജി നല്‍കിയതോടെയാണ് പാമൊലിന്‍ കേസ് വീണ്ടും സജീവമായത്. അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി തന്നെ പ്രതിയാക്കിയത് അനീതിയാണെന്നായിരുന്നു മുസ്തഫയുടെ വാദം. ഈ സാഹചര്യത്തിലാണ് തുടരന്വേഷണത്തിന് അനുമതി തേടി പ്രത്യേക പ്രോസിക്യൂഷന്‍ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
ഉമ്മന്‍ചാണ്ടിയുടെ പങ്ക് തുറന്നുകാണിച്ചത് കോണ്‍ഗ്രസ് നേതാക്കള്‍: ഐസക്
പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ സംശയത്തിന്റെ നിഴലില്‍ കൊണ്ടുവന്നത് എം എം ഹസ്സന്‍, ടി എച്ച് മുസ്തഫ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളാണെന്ന കാര്യം മറച്ചുവച്ച് കേസിനെ ധാര്‍മികമായി നേരിടുമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം ജനങ്ങളെ കബളിപ്പിക്കലാണെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹസ്സന്‍ അധ്യക്ഷനായ നിയമസഭയുടെ പബ്ളിക് അണ്ടര്‍ടേക്കിങ്സ്് കമ്മിറ്റിയാണ് പാമൊലിന്‍ ഇറക്കുമതിയിലെ ക്രമക്കേട് ആദ്യം കണ്ടെത്തിയത്. അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി തന്നെ പ്രതിയാക്കിയ നടപടി അനീതിയാണെന്നുകാണിച്ച് അന്ന്് ഭക്ഷ്യ-സിവില്‍ സപ്ളൈസ് മന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ വിജിലന്‍സ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
ആരോപണം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഉമ്മന്‍ചാണ്ടിയെ ചോദ്യം ചെയ്തു. ഇടപാടു സംബന്ധിച്ച ഫയല്‍ താന്‍ കണ്ടിരുന്നില്ല എന്നാണ് വിജിലന്‍സിനോട് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഫയല്‍ കണ്ടിരുന്നുവെന്ന് നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുന്നതിനുമുമ്പ് ഫയലിന്റെ ഒരു പേപ്പറില്‍ ഉമ്മന്‍ചാണ്ടി ഒപ്പിട്ടത് എന്തിനാണ്. പവര്‍ ആന്‍ഡ് എനര്‍ജി കോര്‍പ്പറേഷനേക്കാള്‍ കുറഞ്ഞ നിരക്കില്‍ പാമൊലിന്‍ നല്‍കാന്‍ സമ്മതമാണെന്ന് അറിയിച്ച കമ്പനികളെ എന്തിനാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ഒഴിവാക്കിയത്. ഇടപാടില്‍ ആഗോള ടെന്‍ഡര്‍ വിളിക്കാതിരുന്നത് എന്തുകൊണ്ടാണ്. ഇറക്കുമതിക്ക് കേന്ദ്രം അനുമതി നല്‍കിയതിന് തൊട്ടടുത്തദിവസം തിടുക്കത്തില്‍ കടലാസുപണി പൂര്‍ത്തിയാക്കിയത് ആരുടെ താല്‍പ്പര്യപ്രകാരമായിരുന്നു. ഇതെല്ലാം മറച്ചുവച്ച് താന്‍ ഫയല്‍ കണ്ടിട്ടില്ലെന്ന് വിജിലന്‍സിനോട് വെളിപ്പെടുത്തിയത് എന്തിന്. ഈ ഇടപാടില്‍ പുതിയ ആരോപണം ഉയര്‍ന്നപ്പോള്‍ രാഷ്ട്രീയമായല്ല ധാര്‍മികമായും നിയമപരമായും നേരിടുമെന്ന് പറയുന്നതെന്തിന്- ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഉമ്മന്‍ചാണ്ടി ബാധ്യസ്ഥനാണ്.
ധനവകുപ്പ് കൈകാര്യം ചെയ്യേണ്ട ഫയലിലെ പണി പൂര്‍ത്തിയാകുന്നമുറയ്ക്ക് ധനമന്ത്രിയുടെ മുമ്പിലെത്തുകയാണ് പതിവ്. ഉമ്മന്‍ചാണ്ടി ധനമന്ത്രിയായിരിക്കെ നടന്ന പാമൊലിന്‍ ഇടപാടില്‍ ക്രമക്കേടുണ്ടെന്ന് അന്നത്തെ ധനവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പ്രതിപക്ഷ നേതാവായ ഉമ്മന്‍ചാണ്ടി പാമൊലിന്‍ ഇടപാടില്‍ അഴിമതി കാട്ടിയെന്നോ കൈക്കൂലി വാങ്ങിയെന്നോ പറയുന്നില്ല. എന്നാല്‍ അദ്ദേഹം അഴിമതിക്കും ക്രമക്കേടിനും കൂട്ടുനിന്നുവെന്ന് ഉറപ്പാണ്-ഐസക് പറഞ്ഞു.
15 വര്‍ഷമായി അന്വേഷിച്ചിട്ടും അന്നൊന്നും ഉയരാതിരുന്ന ചോദ്യമാണ് തന്നോട് ഇപ്പോള്‍ ചോദിക്കുന്നതെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായവും ശരിയല്ല. ടി എച്ച് മുസ്തഫയുടെ പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിലാണ് പുതിയ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നത്. അതിനാണ് ഉമ്മന്‍ചാണ്ടി രാഷ്ട്രീയമായി മറുപടി പറയേണ്ടത്.
ക്രമക്കേട് ശരിവച്ചത് എം എം ഹസ്സന്‍
പാമൊലിന്‍ ഇടപാടിലെ ക്രമക്കേട് ആദ്യം ശരിവച്ചത് കോണ്‍ഗ്രസ് വക്താവ് എം എം ഹസ്സന്‍. ഇപ്പോള്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയെ ന്യായീകരിക്കാന്‍ പെടാപ്പാട് പെടുന്ന ഹസ്സന്‍ ചെയര്‍മാനായ നിയമസഭയുടെ പബ്ളിക് അണ്ടര്‍ടേക്കിങ്സ് കമ്മിറ്റി അതിനിശിതമായ ഭാഷയിലാണ് പാമൊലിന്‍ കരാറിലെ ക്രമക്കേടുകളെ കുറ്റപ്പെടുത്തിയത്. ഇപ്പോള്‍ ഹസ്സന്‍ പറയുന്നു അന്ന് ഇടപാടിലെ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന കുറ്റമേ ചെയ്തുള്ളൂ എന്ന്. എന്നാല്‍, ഹസ്സന്റെ വാദങ്ങളുടെ മുനയൊടിച്ച് ആ റിപ്പോര്‍ട്ട് ചരിത്രരേഖയായി നിലനില്‍ക്കുന്നു.
പാമോലിന്‍ ഇടപാടില്‍ സര്‍ക്കാരിനുണ്ടായ ഭീമമായ നഷ്ടം ചൂണ്ടിക്കാട്ടി 1994 ഫെബ്രുവരി 21നാണ് കംപ്ട്രോളര്‍ ഏന്റ് ഓഡിറ്റ് ജനറലിന്റെ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വച്ചത്. തുടര്‍ന്നാണ് എം എം ഹസ്സന്‍ ചെയര്‍മാനായ പബ്ളിക് അണ്ടര്‍ടേക്കിങ്സ്കമ്മിറ്റി ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ കമ്മിറ്റി ഏകകണ്ഠമായി റിപ്പോര്‍ട്ട് അംഗീകരിച്ചെങ്കിലും കാലാവധി പൂര്‍ത്തിയായതിനാല്‍ സഭയുടെ മേശപ്പുറത്ത് വച്ചില്ല.
തുടര്‍ന്ന് രൂപീകൃതമായ നിയമസഭയുടെ പബ്ളിക് അണ്ടര്‍ടേക്കിങ്സ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെ മേഴ്സിക്കുട്ടിയമ്മയായിരുന്നു. പകുതി അംഗങ്ങളും യുഡിഎഫുകാര്‍. ഹസ്സന്‍ ചെയര്‍മാനായ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഒരു മാറ്റവും വരുത്താതെ പുതിയ കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി മേശപ്പുറത്തുവച്ചു. ഈ റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് അന്വേഷണം വിജിലന്‍സിന് വിട്ടത്.
കമ്പനിക്ക് ക്രമവിരുദ്ധമായി എട്ട് കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ കരാര്‍ സഹായകരമായി എന്നാണ് ഹസ്സന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോണ്‍ഗ്രസ് മന്ത്രിമാരായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ പി വിശ്വനാഥന്‍ എന്നിവരും ഇതേ കമ്മിറ്റിയിലുണ്ടായിരുന്നു. ഉന്നതരുടെ സഹായമില്ലാതെ ഇത്രയും വലിയ കരാര്‍ നടക്കില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഈ ഇടപെടല്‍ കണ്ടെത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
(എം രഘുനാഥ്)
ചോര്‍ന്നത് 4 കോടി
ഇരുപതുവര്‍ഷം മുമ്പത്തെ പാമൊലിന്‍ ഇറക്കുമതി ഇടപാടില്‍ സംസ്ഥാന ഖജനാവിന് നഷ്ടമായത് നാലുകോടിയിലേറെ രൂപ. ഇതില്‍ 1.62 കോടി രൂപ പവര്‍ ആന്‍ഡ് എനര്‍ജി കോര്‍പറേഷന് ഒരു കാരണവുമില്ലാതെ സര്‍ക്കാര്‍ വലിച്ചെറിഞ്ഞുകൊടുക്കുകയായിരുന്നുവെന്നാണ് 1993 ജൂണില്‍ അക്കൌണ്ടന്റ് ജനറലിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്. 1991 നവംബര്‍ 29നാണ് സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ സിംഗപ്പുരിലെ പവര്‍ ആന്‍ഡ് എനര്‍ജി കമ്പനിയുമായി കരാറുണ്ടാക്കിയത്.
1991 ഒക്ടോബര്‍ അഞ്ചിന് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന് അയച്ച കത്തില്‍നിന്നാണ് പാമൊലിന്‍ ഇറക്കുമതി ഇടപാടിന്റെ തുടക്കം. കമീഷന്‍ നല്‍കി പാമൊലിന്‍ ഇറക്കുമതിചെയ്യാന്‍ തമിഴ്നാടും കര്‍ണാടകവും അനുമതി നേടിയതിന്റെ ചുവടുപിടിച്ച് കേരളത്തിനും ഇറക്കുമതി ചെയ്യേണ്ടതുണ്ടെന്നായിരുന്നു കത്തിലെ ആവശ്യം. അന്ന് ഉമ്മന്‍ചാണ്ടി ധനമന്ത്രി. ഭക്ഷ്യ സിവില്‍സപ്ളൈസ് മന്ത്രിപദത്തില്‍ ടി എച്ച് മുസ്തഫ. സെന്‍ട്രല്‍ വിജിലന്‍സ് കമീഷണര്‍ നിയമനവിവാദത്തെ തുടര്‍ന്ന് സിവിസി പദമൊഴിഞ്ഞ പി ജെ തോമസ് വകുപ്പ് സെക്രട്ടറി. ഇതില്‍ കരുണാകരന്‍ ഒന്നാംപ്രതിയും ടി എച്ച് മുസ്തഫ രണ്ടാംപ്രതിയും പി ജെ തോമസ് എട്ടാംപ്രതിയുമായി. മുന്‍ ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയ മാത്യു, മുന്‍ സിവില്‍ സപ്ളൈസ് എംഡി ജിജി തോംസണ്‍, പി ആന്‍ഡ് ഇ ഡയറക്ടര്‍മാരായ വി സദാശിവന്‍, ശിവരാമകൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രതികള്‍.
പി ആന്‍ഡ് ഇ കമ്പനിക്ക് പരമാവധി ലാഭമുണ്ടാക്കുന്ന തരത്തിലാണ് അന്നത്തെ കരാറെന്ന് എജിയുടെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പതിനയ്യായിരം ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്തപ്പോള്‍ ഒരു അടിസ്ഥാനവുമില്ലാതെയാണ് ഇറക്കുമതി ഏജന്‍സിക്ക് 15 ശതമാനം കമീഷന് വ്യവസ്ഥവച്ചത്. ഇതുമൂലം രണ്ടരക്കോടിയോളം ഖജനാവില്‍നിന്ന് നല്‍കേണ്ടിവന്നു.
കരാര്‍പ്രകാരം 1992 ഫെബ്രുവരി 19നാണ് പാമൊലിന്‍ ആദ്യം ഇറക്കുമതിചെയ്തത്. പിന്നീട് രണ്ട് ഘട്ടമായി ഇറക്കുമതി ചെയ്തപ്പോഴാണ് ഖജനാവ് ചോര്‍ത്തുന്ന തിരിമറി കണ്ടെത്തിയത്. വിദേശനാണയ വിനിമയത്തിലെ നഷ്ടം നികത്താനാണ് 1.62 രൂപ സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ പി ആന്‍ഡ് ഇ കമ്പനിക്ക് അധികമായി നല്‍കിയത്. കുറഞ്ഞ വിലയ്ക്ക് പാമൊലിന്‍ നല്‍കാന്‍ മറ്റു കമ്പനികള്‍ തയ്യാറായിട്ടും കൂടിയ വിലയ്ക്കാണ് പി ആന്‍ഡ് ഇയുമായി കരാറൊപ്പിട്ടതെന്നും അക്കൌണ്ടന്റ് ജനറല്‍ കണ്ടെത്തിയിരുന്നു. എജിയുടെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്ന തരത്തിലായിരുന്നു കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ പിന്നീട് കേന്ദ്രസര്‍ക്കാരിനു കീഴിലെ ഇന്റലിജന്‍സ് ബ്യൂറോയും ശരിവച്ചു.
ഈ വിഷയം പിന്നീട് നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ വെട്ടിപ്പ് കണ്ടെത്തിയ അക്കൌണ്ടന്റ് ജനറല്‍ ജെയിംസ് ജോസഫിനെ ആക്ഷേപിക്കാനാണ് ഭരണപക്ഷം തയ്യാറായത്. 2ജി സ്പെക്ട്രം അഴിമതിയില്‍ 1.76 കോടിയുടെ വെട്ടിപ്പ് കണ്ടെത്തിയ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ കപില്‍ സിബലിനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആക്ഷേപിച്ചതുപോലെ. ഭരണഘടനാദത്തമായ അധികാരമുള്ള സ്ഥാപനങ്ങളെ നിയമനിര്‍മാണസഭയില്‍ പരസ്യമായി അധിക്ഷേപിക്കാന്‍ സിബല്‍ പഠിച്ചത് കെ കരുണാകരനില്‍നിന്നും ഉമ്മന്‍ചാണ്ടിയില്‍നിന്നുമാണെന്ന് വ്യക്തം.
എല്‍ഡിഎഫിനെ പഴിക്കുന്നത് കണ്ണില്‍ പൊടിയിടാന്‍
പാമൊലിന്‍ കേസിലെ പുതിയ സംഭവവികാസങ്ങള്‍ക്ക് നിമിത്തമായത് കൂട്ടുപ്രതിയായ സ്വന്തം പാര്‍ടിക്കാരന്റെ ഹര്‍ജിയാണെന്നിരിക്കെ എല്‍ഡിഎഫിനെയും സിപിഐ എമ്മിനെയും പഴിക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കാളിത്തം വെളിച്ചത്തു കൊണ്ടുവന്നത് അന്നത്തെ ധനമന്ത്രി ടി എച്ച് മുസ്തഫയും ഉമ്മന്‍ചാണ്ടിയുടെ ധനപരമായ ഉത്തരവാദിത്തം ചൂണ്ടിക്കാണിച്ചത് കേസിലെ പ്രതിയും അന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായിരുന്ന സഖറിയാ മാത്യുവുമാണ്. എന്നിട്ടും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എല്‍ഡിഎഫിനെ കുറ്റപ്പെടുത്തുകയാണ്.
പാമൊലിന്‍ കേസ് ദുരുദ്ദേശ്യപരമാണെന്ന വാദം സുപ്രീംകോടതി നിരാകരിച്ചത് അറിയാത്ത ഭാവത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കേന്ദ്ര മുഖ്യ വിജിലന്‍സ് കമീഷണര്‍ നിയമനം അസാധുവാക്കി സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പാമൊലിന്‍ ഇടപാടിലെ ഗുരുതരമായ ക്രമക്കേടുകള്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. കേസ് ദുരുദ്ദേശ്യപരമാണെന്ന വാദം നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാക്കിയത് ചീഫ് ജസ്റിസ് എസ് എച്ച് കപാഡിയ, ജസ്റിസ് കെ എസ് രാധാകൃഷ്ണന്‍, സ്വതന്ത്രകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ്. രാജ്യമാകെ ചര്‍ച്ചയായ ഈ ഉത്തരവ് പാമൊലിന്‍ ക്രമക്കേടിന്റെ അടിസ്ഥാനത്തില്‍ മാത്രമുണ്ടായതാണ്. എന്നിട്ടും പാമൊലിന്‍ ഇടപാടിനെ ന്യായീകരിക്കാനും സ്വന്തം പങ്കാളിത്തം മറച്ചുവയ്ക്കാനുമാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. പാമൊലിന്‍ ഇടപാടില്‍ തനിക്ക് ഒന്നുമറിയില്ല എന്നാണ് ഉമ്മന്‍ചാണ്ടി അന്വേഷണഘട്ടത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍, എല്ലാം അറിയാമായിരുന്നുവെന്ന് മുഖ്യമന്ത്രിയായിരിക്കെ പറഞ്ഞു. കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദത്തിലിരിക്കെയാണ്. മനഃസാക്ഷി പറഞ്ഞപ്രകാരം കേസ് പിന്‍വലിക്കുന്നു എന്ന ന്യായമാണ് അദ്ദേഹം ഉയര്‍ത്തിയത്. കാര്യങ്ങള്‍ ക്രമപ്രകാരമാണ് നടന്നതെന്ന് ഉത്തമബോധ്യമുള്ളതുകൊണ്ടാണ് കേസ് പിന്‍വലിച്ചതെന്ന് അടുത്ത ദിവസവും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു.
2005 നവംബര്‍ നാലിനാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കേസ് വേണ്ടെന്നുവയ്ക്കാനുള്ള ബദ്ധപ്പാട് വെറുതെയായിരുന്നില്ല എന്ന് മുസ്തഫയുടെ ഹര്‍ജിയോടെ തെളിഞ്ഞു. മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും മുമ്പുതന്നെ ഉമ്മന്‍ചാണ്ടി പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച ഫയല്‍ കാണുകയും ഒപ്പിടുകയും ചെയ്തിരുന്നു എന്നാണ് മുസ്തഫയും സഖറിയാ മാത്യുവും ചുണ്ടിക്കാട്ടിയത്. ഭക്ഷ്യ-സിവില്‍ സപ്ളൈസ് വകുപ്പിന്റെ അഡീഷണല്‍ ചുമതലയുണ്ടായിരുന്ന മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും സപ്ളൈകോ എക്സ് ഒഫീഷ്യോ ചെയര്‍മാനുമായിരുന്ന സഖറിയ മാത്യു ഇത്തരം കാര്യങ്ങളില്‍ ധനപരമായ തീരുമാനമെടുക്കാനുള്ള അധികാരം ധനമന്ത്രിയില്‍ നിക്ഷിപ്തമാണെന്നും വ്യക്തമാക്കി. സിവിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയില്‍ പാമൊലിന്‍ ഇടപാടിനെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ഏറെ ഗൌരവമുള്ളതാണ്. നിബന്ധനകള്‍ പാലിച്ചില്ല, തിടുക്കം കാണിച്ചു, ആഗോള ടെന്‍ഡര്‍ ക്ഷണിച്ചില്ല തുടങ്ങിയ അപാകതകള്‍ ചൂണ്ടിക്കാട്ടിയ കോടതി കരാര്‍ ഒപ്പിട്ട് 56 ദിവസം കഴിഞ്ഞാണ് ഇറക്കുമതിചെയ്യുന്ന പാമൊലിന്റെ വില നിശ്ചയിച്ചതെന്നും നിരീക്ഷിച്ചിരുന്നു. കോണ്‍ഗ്രസ് വക്താവ് എം എം ഹസ്സന്റെ അധ്യക്ഷതയിലുള്ള നിയമസഭാ സമിതിയും ക്രമക്കേടുകള്‍ അക്കമിട്ടു നിരത്തി. ഇപ്പോള്‍ എല്‍ഡിഎഫ് ഗൂഢാലോചനയെന്നു പറഞ്ഞ് മുഖം രക്ഷിക്കാന്‍ പരക്കം പായുന്നവരുടെ കൂട്ടത്തില്‍ ഹസ്സനുമുണ്ട്. തുടരന്വേഷണ നീക്കത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച ചെന്നിത്തല അന്വേഷണം സ്വാഗതംചെയ്തു എന്നതാണ് രസകരം. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ചെന്നിത്തല പറഞ്ഞത്. ഗൂഢാലോചനയുടെ വേര് കോണ്‍ഗ്രസില്‍ത്തന്നെയാണെന്ന് ഉമ്മന്‍ചാണ്ടി മനസിലാക്കിയിട്ടുണ്ട്.
(കെ എം മോഹന്‍ദാസ്0
ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ത്താല്‍ കുറ്റപത്രം മാറും
പാമൊലിന്‍ കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് പ്രത്യേക കോടതി പച്ചക്കൊടി കാണിച്ചതോടെ പുതിയ നിയമയുദ്ധത്തിന് വഴിതുറന്നു. പ്രതിപ്പട്ടികയിലേക്ക് പുതുതായി ആരെങ്കിലും കടന്നുവരുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്ന ചോദ്യം. നിലവിലുള്ളവരെ കൂടാതെ ആരെങ്കിലും പ്രതിസ്ഥാനത്ത് വന്നാല്‍ കുറ്റപത്രവും മാറും. ആ വഴിക്ക് കാര്യങ്ങള്‍ നീങ്ങാനാണ് സാധ്യത. കോടതിയുടെ പരിഗണനയിലുള്ള ഇപ്പോഴത്തെ കുറ്റപത്രത്തിന്മേലുള്ള തുടര്‍നടപടി സ്റ്റേ ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. തുടരന്വേഷണ അനുമതിയില്‍ പ്രത്യേക കോടതി ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നത് തികച്ചും സാങ്കേതികം മാത്രമാണ്. പക്ഷേ ഉമ്മന്‍ചാണ്ടിയുടെ പങ്കിലേക്കാണ് വിരല്‍ചൂണ്ടിയിരിക്കുന്നതെന്ന് വ്യക്തം. എല്ലാം അറിയാമെന്ന ഉമ്മന്‍ചാണ്ടിയുടെ 2005ലെ വെളിപ്പെടുത്തല്‍തന്നെ അദ്ദേഹത്തെ പ്രതിചേര്‍ക്കാന്‍ മതിയാകുമെന്നാണ് നിയമവൃത്തങ്ങളുടെ നിലപാട്. ടി എച്ച് മുസ്തഫ, സഖറിയാ മാത്യു എന്നിവര്‍ കോടതിയില്‍ നടത്തിയ വെളിപ്പെടുത്തലും കൂട്ടിവായിച്ചാല്‍ വിചാരണ നേരിടുകയല്ലാതെ ഉമ്മന്‍ചാണ്ടിക്ക് മുമ്പില്‍ മറ്റു വഴിയില്ല. വിചാരണയുടെ അന്തിമഘട്ടത്തിലാണെങ്കില്‍ പോലും പുനരന്വേഷണം ആവശ്യപ്പെട്ടാല്‍ കോടതിക്ക് അംഗീകരിക്കേണ്ടിവരും. അക്കാര്യം വിജിലന്‍സ് പ്രത്യേക കോടതി എടുത്തുപറഞ്ഞിട്ടുമുണ്ട്. പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചെന്ന് മാത്രമല്ല അതിന് ഉപോല്‍ബലകമായി വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടും കോടതി കണക്കിലെടുത്തിരിക്കയാണ്.
പുനരന്വേഷണത്തില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ത്താല്‍ പുതിയ കുറ്റപത്രം നല്‍കണം. അതോടെ നിയമയുദ്ധത്തിന്റെ പുതിയ വഴിത്താരയിലേക്ക് പാമൊലിന്‍ കേസ് പ്രവേശിക്കും. പാമൊലിന്‍ ഇറക്കുമതിക്കായി സ്വീകരിച്ച നടപടി നിയമവിരുദ്ധമാണെന്ന് രേഖപ്പെടുത്തിയുള്ള ഒരു സുപ്രധാന ഫയല്‍ കൂടി കേസില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇടപാട് നടന്ന സമയത്ത് ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫയുടെ വിടുതല്‍ ഹര്‍ജിയെ തുടര്‍ന്നാണ് പൊടിമൂടിക്കിടന്ന ഈ ഫയല്‍ വെളിച്ചത്ത് വന്നത്. ഈ ഫയല്‍ തുടരന്വേഷണത്തില്‍ നിര്‍ണായകമാകും. ഉമ്മന്‍ചാണ്ടിയെ കേസില്‍നിന്ന് ഒഴിവാക്കിയ സ്ഥിതിക്ക് തനിക്കും അതിന് അര്‍ഹതയുണ്ടെന്നായിരുന്നു മുസ്തഫയുടെ ഹര്‍ജിയിലെ വാദം. നാലാംപ്രതിയായ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയാ മാത്യു നല്‍കിയ ഹര്‍ജിയില്‍ ഇറക്കുമതിയുടെ ധനപരമായ ഉത്തരവാദിത്തത്തില്‍നിന്ന് ഉമ്മന്‍ചാണ്ടിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ആരോപിക്കുന്നു.
(കെ ശ്രീകണ്ഠന്‍)
പാമൊലിന്‍ സ്വന്തം പരാമര്‍ശം ഉമ്മന്‍ചാണ്ടിക്ക് വിനയാകും
പാമോലിന്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി നിയമ സഭയില്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന് വിനയാകുമെന്ന് നിയമവിദഗ്ധര്‍. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തനിക്കറിയാമായിരുന്നുവെന്ന് നിയമസഭയില്‍ പറഞ്ഞത് ജുഡീഷ്യറിക്കു മുന്നില്‍ ഉമ്മന്‍ചാണ്ടിക്ക് നിഷേധിക്കാന്‍ കഴിയില്ല. ലെജിസ്ളേറ്റീവ് അതോറിറ്റിക്കുള്ള അധികാരമനുസരിച്ച് നിയമസഭാംഗത്തിന് സഭയില്‍ എന്തും പറയാം. ബ്രിട്ടീഷ് ഹൌസ് ഓഫ് ലോഡിനുള്ള സംരക്ഷണം ഇവിടെയും അനുവദനീയമാണ്. പക്ഷേ എക്സിക്യൂട്ടീവിന്റെ ഭാഗമായ അന്വേഷണ ഏജന്‍സിക്ക് അന്വേഷണ റിപ്പോര്‍ട്ട് ജുഡീഷ്യറിക്ക് സമര്‍പ്പിച്ചേ പറ്റൂ. അപ്പോള്‍ നിയമസഭയില്‍ പറഞ്ഞ കാര്യങ്ങള്‍ അംഗത്തിന് നിഷേധിക്കാന്‍ കഴിയില്ലെന്ന് 10 വര്‍ഷം വിജിലന്‍സ് പ്രോസിക്യൂട്ടറും അതിനുശേഷം വിജിലന്‍സ് ട്രിബ്യൂണലുമായ അഡ്വ. കെ ഡി ബാബു ചൂണ്ടിക്കാട്ടുന്നു. മന്ത്രിയെന്ന നിലയില്‍ ഈ കേസില്‍ ഉമ്മന്‍ചാണ്ടി എടുത്ത ഓരോ നടപടിയും അതുസംബന്ധിച്ച ഫയലുകള്‍ പരിശോധിച്ചാല്‍ കിട്ടും. എല്ലാം രേഖയാണ്. താഴെയുള്ള ഏതെങ്കിലും നോട്ട് മറികടന്നാണ് മന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി പെരുമാറിയിട്ടുള്ളതെങ്കില്‍ അത് വ്യക്തമായ തെളിവാണ്. മാത്രമല്ല, പാമോലിന്‍ കേസില്‍ പ്രതിയായ ടി എച്ച് മുസ്തഫയുടെ വെളിപ്പെടുത്തലുകളും പ്രധാനമാണ്. അദ്ദേഹത്തിന് മൊഴി മാറ്റാനും കഴിയില്ല- അഡ്വ. കെ ഡി ബാബു പറഞ്ഞു.
ദേശാഭിമാനി 150311
പാമൊലിന്‍ ഇടപാടിലെ ക്രമക്കേട് ആദ്യം ശരിവച്ചത് കോണ്‍ഗ്രസ് വക്താവ് എം എം ഹസ്സന്‍. ഇപ്പോള്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയെ ന്യായീകരിക്കാന്‍ പെടാപ്പാട് പെടുന്ന ഹസ്സന്‍ ചെയര്‍മാനായ നിയമസഭയുടെ പബ്ളിക് അണ്ടര്‍ടേക്കിങ്സ് കമ്മിറ്റി അതിനിശിതമായ ഭാഷയിലാണ് പാമൊലിന്‍ കരാറിലെ ക്രമക്കേടുകളെ കുറ്റപ്പെടുത്തിയത്. ഇപ്പോള്‍ ഹസ്സന്‍ പറയുന്നു അന്ന് ഇടപാടിലെ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന കുറ്റമേ ചെയ്തുള്ളൂ എന്ന്. എന്നാല്‍, ഹസ്സന്റെ വാദങ്ങളുടെ മുനയൊടിച്ച് ആ റിപ്പോര്‍ട്ട് ചരിത്രരേഖയായി നിലനില്‍ക്കുന്നു.
ReplyDeleteപാമൊലിന്‍ ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വിശദീകരണം പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. 1992ല്‍ തന്നെ ഉമ്മന്‍ചാണ്ടിക്കെതിരെ താന്‍ ആരോപണം ഉന്നയിച്ചിരുന്നുവെന്നും വി എസ് പറഞ്ഞു. പാമൊലിന്‍ ഇടപാടില്‍ 20 വര്‍ഷമായി ആരോപണം ഉന്നയിച്ചിരുന്നില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ശരിയല്ല. നിയമസഭയില്‍ ചര്‍ച്ച നടക്കുമ്പോള്‍ സര്‍ക്കാരിനെ ഉമ്മന്‍ചാണ്ടി പ്രതിരോധിച്ചിരുന്നില്ല. കോണ്‍ഗ്രസ് A ഗ്രൂപ്പ് MLAമാര്‍ മൌനം പാലിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. (people channel news)
ReplyDeleteപാമൊലിന്‍ അഴിമതി കേസില്‍ തുടരന്വേഷണത്തിന് പ്രാഥമികനടപടി തുടങ്ങി. ഇടപാട് നടന്ന സമയത്ത് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ ചോദ്യംചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചു. നിലവില്‍ 23-ാം സാക്ഷിയായ ഉമ്മന്‍ചാണ്ടിയുടെ മൊഴി നേരത്തേ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴി പുനഃപരിശോധിച്ച ശേഷമായിരിക്കും ചോദ്യംചെയ്യല്‍. കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് പ്രത്യേക കോടതിയിലിരിക്കുന്ന എല്ലാ ഫയലും രേഖകളും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരന്‍ അപേക്ഷ നല്‍കി. തുടരന്വേഷണം മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന പ്രത്യേക കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവരെ എത്രയുംവേഗം ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്. സമയം, സ്ഥലം തുടങ്ങിയവ ഉമ്മന്‍ചാണ്ടിയുടെ സൌകര്യാര്‍ഥം നിശ്ചയിക്കും. പാമൊലിന്‍ ക്രമക്കേട് ആദ്യം ശരിവച്ച നിയമസഭയുടെ പിഎസി കമ്മിറ്റി മുന്‍ ചെയര്‍മാന്‍ എം എം ഹസ്സന്‍, കേസിലെ രണ്ടാം പ്രതിയും മുന്‍ ഭക്ഷ്യമന്ത്രിയുമായ ടി എച്ച് മുസ്തഫ, നാലാം പ്രതിയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ സഖറിയാ മാത്യു, 20-ാം സാക്ഷിയും മുന്‍ സിവില്‍ സപ്ളൈസ് സെക്രട്ടറിയുമായ ജോസ് സിറിയക് തുടങ്ങിയവരെയും ചോദ്യംചെയ്യും. ഇറക്കുമതി സംബന്ധിച്ച് പരസ്പരവിരുദ്ധ മൊഴികളാണ് ഉമ്മന്‍ചാണ്ടി നല്‍കിയതെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇടപാടിനെ കുറിച്ച് ഒന്നും അറിയില്ലെന്നും എല്ലാ ഫയലും നിയമസഭയില്‍ വച്ചെന്നുമാണ് അദ്ദേഹം സാക്ഷിമൊഴി നല്‍കിയത്. എന്നാല്‍, 2005 നവംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാമൊലിന്‍ ഇടപാടിനെ കുറിച്ച് തനിക്ക് എല്ലാം അറിയാമെന്നാണ് വെളിപ്പെടുത്തിയത്. ഇക്കാര്യം സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ പി എ അഹമ്മദ് വിജിലന്‍സ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ക്യാബിനറ്റ് നോട്ട് അല്ലാതെ മറ്റൊന്നും താന്‍ കണ്ടിട്ടില്ലെന്നാണ് ഉമ്മന്‍ചാണ്ടി നേരത്തേ മൊഴി നല്‍കിയത്. ഇത് വിശ്വസനീയമല്ലെന്നും അറിയാമായിരുന്ന കാര്യങ്ങള്‍പോലും വെളിപ്പെടുത്താതെ അദ്ദേഹം ഒഴിഞ്ഞുമാറിയെന്നുമാണ് വിജിലന്‍സ് കണക്കുകൂട്ടുന്നത്. കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത ഫയലും ഇറക്കുമതി നടപടികള്‍ നിയമവിരുദ്ധമാണെന്ന് രേഖപ്പെടുത്തിയ ഫയലും ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി കണ്ടതിന് തെളിവുണ്ട്. കുറഞ്ഞ നിരക്ക് ഓഫര്‍ ചെയ്ത ഫയലില്‍ ധനമന്ത്രിയെന്ന നിലയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ ഒപ്പുമുണ്ട്. ഇതെല്ലാം നിര്‍ണായക തെളിവാണെന്നാണ് വിജിലന്‍സിന്റെ നിഗമനം. കുറഞ്ഞ വിലയ്ക്ക് പാമൊലിന്‍ നല്‍കാമെന്ന ഓഫറിനെ കുറിച്ച് അറിയാമായിരുന്നിട്ടും അക്കാര്യം ബോധപൂര്‍വം മറച്ചുവച്ച് ഉമ്മന്‍ചാണ്ടി ക്രമക്കേടിന് കൂട്ടുനിന്നെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ഇതിന് ആധാരമായ തെളിവ് നേരത്തേതന്നെ ലഭിച്ചെങ്കിലും പലകാരണങ്ങളാല്‍ ആ വഴിക്ക് അന്വേഷണം നീങ്ങിയില്ലെന്നും പ്രോസിക്യൂഷന്‍ പറയുന്നു.
ReplyDelete