Sunday, November 13, 2011

സ്വര്‍ണം വിളഞ്ഞ മണ്ണില്‍ ദുരിതം പെയ്യുമ്പോള്‍ 1

കോലാര്‍ ഇന്നും നമ്മുടെ പാഠപുസ്തകങ്ങളില്‍ സ്വര്‍ണഖനിയുടെ പര്യായമാണ്. ഒരുകാലത്ത് ഇന്ത്യയുടെ പേരും പെരുമയും വിളിച്ചോതിയ ആ നാട് ഇന്ന് പൊടിയും പുകയും നിറഞ്ഞ് നിറം മഞ്ഞപ്പ് പടര്‍ന്ന ഒരു ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രം. തിളക്കമാര്‍ന്ന ചരിത്രം കൊണ്ടും കുഴിച്ചെടുത്ത സ്വര്‍ണശേഖരം കൊണ്ടും ലോകത്തെയാകെ വിസ്മയിപ്പിച്ച ഈ സുവര്‍ണഭൂമി ഇപ്പോള്‍ പ്രാരബ്ധത്തിന്റെ പടുകുഴിയിലാണ്. സ്വര്‍ണം വിറ്റഴിക്കാന്‍ ബംഗാര്‍പേട്ട് (കന്നഡയില്‍ ബംഗാറെന്നാല്‍ സ്വര്‍ണം) എന്ന പ്രദേശംതന്നെ ഇവിടെയുണ്ടായിരുന്നു. ലോകത്തെ ഏറ്റവും വലിയ സര്‍ണഖനിയായ കോലാറിലെ തിരക്കേറിയ തൊഴിലാളിയായിരുന്ന ആനന്ദ്രാജ് പറയുന്നതിങ്ങനെ:

"ജീവന്‍ പണയംവച്ച് 20 വര്‍ഷം ജോലി ചെയ്തതിന് ആകെ കിട്ടിയത് 43,000 രൂപ. ഇതാകട്ടെ പൂര്‍ണമായും കിട്ടിയിട്ടുമില്ല. അഞ്ചു മക്കളില്‍ രണ്ടുപേര്‍ കല്യാണപ്രായമെത്തി. മൂത്തവളുടെ കല്യാണത്തിന് ഒരു തരി പൊന്നുപോലും കൈയിലില്ല. മക്കള്‍ തയ്യല്‍ജോലിയിലൂടെ സമ്പാദിക്കുന്ന തുക കൊണ്ടുവേണം കുടുംബം കഴിയാന്‍ . ഏഴുപേര്‍ക്ക് കഴിയാന്‍ ആകെയുള്ളത് ഈ ഷെഡ്. കക്കൂസ് പോലുമില്ല."

ധാതുനിക്ഷേപത്തിന്റെ കുറവാണെന്ന കാരണം പറഞ്ഞ് സ്വര്‍ണഖനിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിര്‍ത്തിയപ്പോള്‍ വഴിയാധാരമായത് ആനന്ദ്രാജിനെപ്പോലെ പതിനായിരങ്ങള്‍ . ശ്രീനിവാസ്പുര, ചിഗുര്‍ഗുന്‍ടെ, കുപ്പം, ബിസാനത്തം, ഊരഗം, ചാമ്പ്യന്‍ , മാരിക്കുപ്പം തുടങ്ങിയ പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കോലാറിന്റെ തിളക്കം കെടുത്തിയത് സര്‍ക്കാരിന്റെയും അധികാരികളുടെയും തലതിരിഞ്ഞ നയങ്ങളാണ്. സ്വര്‍ണപ്രഭയാര്‍ന്ന ജീവിതം സ്വപ്നംകണ്ട തൊഴിലാളികള്‍ക്കുമേല്‍ കരിനിഴല്‍ പരത്തി 2000ത്തിലാണ് കോലാര്‍ സ്വര്‍ണഖനി നിലച്ചത്.

ഈ ഖനിയുടെ വളര്‍ച്ച കര്‍ണാടകത്തിലെ തൊഴിലാളി സംഘടനകളുടെ മുന്നേറ്റത്തിന്റെയും തമിഴ് കുടിയേറ്റത്തിന്റെയുംകൂടി ചരിത്രമാണ്. 1890കളില്‍ തന്നെ ഇവിടെ തൊഴിലാളി സംഘടനാപ്രവര്‍ത്തനം സജീവമായിരുന്നു. സ്വാതന്ത്ര്യ സമരപോരാട്ടത്തിലും സ്വാതന്ത്ര്യാനന്തരം ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കും നിലമൊരുക്കിയത് കോലാറിലെ തൊഴിലാളി സംഘടനകളായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പിന്നീട് സിഐടിയു കര്‍ണാടകത്തിലെ പ്രമുഖ തൊഴിലാളി സംഘടനയായി വളര്‍ന്നത്. തമിഴ് കുടിയേറ്റം ഏറെ സജീവമായത് കോലാര്‍ സ്വര്‍ണഖനിസജീവമായ സമയത്തായിരുന്നു. അപകടം ഒളിച്ചിരിക്കുന്ന ഖനികളിലിറങ്ങാന്‍ തമിഴ്നാട്ടുകാര്‍ക്ക് ഭയമില്ലായിരുന്നു. 1940-52 കാലഘട്ടത്തിലാണ് കോലാറിലേക്ക് തമിഴ്നാട്ടുകാര്‍ പ്രവഹിച്ചത്. അവരില്‍ 80 ശതമാനവും പട്ടികജാതിയില്‍പ്പെട്ടവര്‍ . ഇന്നും കോലാര്‍ ടൗണ്‍ഷിപ്പിലെ 55 ശതമാനം പേരും തമിഴര്‍ . ബ്രിട്ടീഷ് കാലത്താണ് കോലാറില്‍ ഖനനം സജീവമാകുന്നത്. 1880ല്‍ ഖനികളുടെ പ്രവര്‍ത്തനത്തിനായി ആദ്യമായി ജല വൈദ്യുതപദ്ധതി ആരംഭിച്ചതും റെയില്‍പ്പാതയും റോഡ് സൗകര്യങ്ങളും തുടങ്ങിയതും സില്‍ക്ക്, പച്ചക്കറി, പാല്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ചതും കോലാറില്‍ . ശിവാനി സമുദ്രത്തില്‍നിന്ന് ജലപദ്ധതിയിലൂടെ വൈദ്യുതി എത്തിയ ആദ്യത്തെ കര്‍ണാടക ഗ്രാമവും ഇതുതന്നെ.

40,000 പേര്‍ക്ക് പ്രത്യക്ഷമായും ഒരുലക്ഷത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിച്ചിരുന്ന ഈ ഗ്രാമത്തില്‍നിന്ന് പുതിയ തലമുറ ഇന്ന് തൊഴില്‍ തേടി അന്യനാടുകളില്‍ ചേക്കേറുകയാണ്. അഞ്ചുവര്‍ഷത്തിനിടെ രണ്ടു ലക്ഷത്തോളം പേര്‍ പലായനംചെയ്തു കഴിഞ്ഞു. ഫീസ് നല്‍കാനാകാതെ പഠനം ഉപേക്ഷിച്ച് ആറായിരത്തോളം കുട്ടികള്‍ . ഇവരെല്ലാം ഇന്ന് കല്ലും മണ്ണും ചുമക്കുന്നു. യുവാക്കളാകട്ടെ കൂലിവേല തേടി ബംഗളൂരു അടക്കമുള്ള നഗരങ്ങളിലേക്ക് പോകുന്നു. എല്ലാ ദിവസവും രാവിലെ അഞ്ചരയ്ക്ക് ബംഗളൂരുവിലേക്കും തിരിച്ച് രാത്രി ഒമ്പതരയ്ക്കുമുള്ള സുവര്‍ണ എക്സ്പ്രസിലെ യുവാക്കളുടെ തിരക്ക് ഇതിന്റെ സാക്ഷ്യപത്രമാണ്. വിദ്യാഭ്യാസം അന്യമാവുകയാണ് കോലാറിലെ പുതുതലമുറയ്ക്ക്- അതേക്കുറിച്ച് നാളെ
(വി മനോജ്കുമാര്‍)

deshabhimani 131111

2 comments:

  1. കോലാര്‍ ഇന്നും നമ്മുടെ പാഠപുസ്തകങ്ങളില്‍ സ്വര്‍ണഖനിയുടെ പര്യായമാണ്. ഒരുകാലത്ത് ഇന്ത്യയുടെ പേരും പെരുമയും വിളിച്ചോതിയ ആ നാട് ഇന്ന് പൊടിയും പുകയും നിറഞ്ഞ് നിറം മഞ്ഞപ്പ് പടര്‍ന്ന ഒരു ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രം. തിളക്കമാര്‍ന്ന ചരിത്രം കൊണ്ടും കുഴിച്ചെടുത്ത സ്വര്‍ണശേഖരം കൊണ്ടും ലോകത്തെയാകെ വിസ്മയിപ്പിച്ച ഈ സുവര്‍ണഭൂമി ഇപ്പോള്‍ പ്രാരബ്ധത്തിന്റെ പടുകുഴിയിലാണ്.

    ReplyDelete
  2. ഖനനത്തെ തുടർന്ന് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ കോലാറിനും ചുറ്റ് പ്രദേശങ്ങളിലും ഉണ്ട്, കൂടാതെ പഴയ ഖനി തൊഴിലാളികളെ വളരെ രൂക്ഷമായി ബാധിച്ചിരിക്കുന്ന ശ്വാസകോശ കാൻസർ പോലെയുള്ള നിരവധി പ്രശ്നങ്ങളുണ്ട് കോലാറിൽ...

    ReplyDelete