Tuesday, November 15, 2011

കണ്ണൂരിലും കര്‍ഷക ആത്മഹത്യ

വയനാട്ടില്‍ നാലുകര്‍ഷകര്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെ കണ്ണൂരിലും കര്‍ഷക ആത്മഹത്യ. കൊട്ടിയൂര്‍ പാല്‍ച്ചുരത്തെ ജോസഫ് പൊട്ടയില്‍(54) ആണ് ചൊവ്വാഴ്ച ആത്മഹത്യ ചെയ്തത്. പുലര്‍ച്ചെ വീട്ടുവളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജില്ലാ ബാങ്കില്‍ നിന്ന് 80,000 രൂപ കാര്‍ഷിക വായ്പയെടുത്തിരുന്നു. ഇതുകൂടാതെ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി നാല്ലക്ഷം രൂപയോളം ഇദ്ദേഹത്തിന് കടമുണ്ടായിരുന്നു. ജോസഫിന്റെ ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങള്‍ പണയത്തിലാണ്. രണ്ട് ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് വാഴ കൃഷി ചെയ്തെങ്കിലും വിളവെടുപ്പ് സമയമായപ്പോഴേക്കും വാഴയുടെ വിലയിടിഞ്ഞതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. വാഴയ്ക്ക് പുറമെ റബ്ബര്‍ , കശുമാവ് എന്നിവയും ജോസഫ് കൃഷി ചെയ്തിരുന്നു. ഭാര്യ: അന്നമ്മ. മക്കള്‍ : ജെയ്സന്‍ , ജാന്‍സി, ജിന്‍സി.

കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് രൂക്ഷമായിരുന്ന കര്‍ഷക ആത്മഹത്യകള്‍ എല്‍ഡിഎഫിന്റെ കാലത്ത് പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ടിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തില്‍ തിരിച്ചെത്തിയതോടെയാണ് സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ വീണ്ടും ആരംഭിച്ചത്.

കര്‍ഷക ആത്മഹത്യ: കലക്ടറുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പൂഴ്ത്തിവെച്ചു- വി എസ്

കോട്ടയം: വയനാട് ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് സ്വന്തം ഓഫീസില്‍ പൂഴ്ത്തിവെച്ചിട്ടാണ് അവിടെ കര്‍ഷക ആത്മഹത്യ ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. വയനാട്ടിലെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് വയനാട് സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസിലാക്കിയ കാര്‍ഷികോല്‍പാദന കമ്മീഷണര്‍ പറഞ്ഞിട്ടുള്ളത്. ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടെങ്കിലും മുഖ്യമന്ത്രിയുടെ കണ്ണു തുറപ്പിക്കുമോയെന്നാണ് ഇനി അറിയാനുള്ളതെന്നും വി എസ് പറഞ്ഞു. കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്‍ അഞ്ചാം സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്തും കര്‍ഷക ആത്മഹത്യ ഇല്ലെന്ന വായ്ത്താരിയാണ് അവര്‍ പറഞ്ഞു കൊണ്ടിരുന്നത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സമഗ്രമായ നടപടികളിലൂടെ കാര്‍ഷികപ്രതിസന്ധി പരിഹരിച്ചിരുന്നു. ഇതിന്റെ ഫലമായി കടക്കെണി മൂലമുള്ള കര്‍ഷക ആത്മഹത്യ സംസ്ഥാനത്ത് ഇല്ലാതായി. ആയിരത്തഞ്ഞൂറോളം കര്‍ഷകരുടെ ആത്മഹത്യക്ക് മുന്‍പ് കാരണക്കാരായവര്‍ അധികാരത്തിലെത്തിയതോടെ വീണ്ടും ആത്മഹത്യ ആരംഭിച്ചു.

deshabhimani news

1 comment:

  1. വയനാട്ടില്‍ നാലുകര്‍ഷകര്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെ കണ്ണൂരിലും കര്‍ഷക ആത്മഹത്യ.

    ReplyDelete