Monday, November 14, 2011

സദാചാരപൊലീസ് ചമഞ്ഞ് ക്രൂരമര്‍ദനം; യുവാവ് മരിച്ചു

മുക്കം (കോഴിക്കോട്): സദാചാര പൊലീസ് ചമഞ്ഞ് ഒരു സംഘമാളുകള്‍ ക്രൂരമായി മര്‍ദിച്ച് അവശനാക്കിയ യുവാവ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി കൊട്ടപ്പുറത്ത് തേലേരി കത്താലിയുടെ മകന്‍ ഷഹീദ്ബാവ(26)യാണ് തലക്കേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് മരിച്ചത്.

രാത്രിയില്‍ സംശയ സാഹചര്യത്തില്‍ കണ്ടു എന്നാരോപിച്ച് കൊടിയത്തൂര്‍ കോട്ടമ്മല്‍ താഴെമുറിയില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഒരു സംഘമാളുകള്‍ ഷഹീദിനെ താലിബാന്‍ മോഡലില്‍ ക്രൂരമായി മര്‍ദിച്ചത്. അവശനായ യുവാവിനെ കൈകള്‍ കെട്ടിയിട്ട് തലക്ക് മാരകമായി അടിച്ചു പരിക്കേല്‍പ്പിച്ചുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അബോധാവസ്ഥയില്‍ മൃതപ്രായനായ യുവാവിനെ ആശുപത്രിയിലെത്തിക്കാനുള്ള നാട്ടുകാരുടെയും ബന്ധുക്കളുടെയും ശ്രമംപോലും അക്രമിസംഘം തടഞ്ഞു. പരിക്കേറ്റ് കിടന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. രാത്രി പതിനൊന്നരയോടെ നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് ഷഹീദിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഞായറാഴ്ച പകല്‍ ഒരു മണിയോടെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേര്‍ക്കെതിരെ മുക്കം പൊലീസ് കേസെടുത്തു. മൂന്നു മാസം മുമ്പാണ് ഷഹീദ് ഗള്‍ഫില്‍നിന്നും നാട്ടിലെത്തിയത്. മൃതദേഹം തിങ്കളാഴ്ച പകല്‍ ഒന്നിന് ചുള്ളിക്കാപ്പറമ്പ് പള്ളിയില്‍ ഖബറടക്കും. ആയിഷബീവിയാണ് ഷഹീദിന്റെ ഉമ്മ. സഹോദരങ്ങള്‍ : ഷക്കീല്‍ബാബു, ഷബനാസ്.

deshabhimani 141111

No comments:

Post a Comment