Monday, November 14, 2011

ഹൈക്കോടതിക്കുമുന്നില്‍ ഇന്ന് ആയിരങ്ങള്‍ ഒത്തുചേരും

ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനതത്വങ്ങളില്‍ നിന്നു വ്യതിചലിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ കോടതിയലക്ഷ്യക്കേസ് വിധിക്കെതിരെ തിങ്കളാഴ്ച നടക്കുന്ന ബഹുജനപ്രതിഷേധം പുതുചരിത്രമാകും. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എം വി ജയരാജനെതിരായ കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെ ഹൈക്കോടതിക്കു മുന്നിലാണ് പ്രതിഷേധം അരങ്ങേറുക. മൗലികാവകാശ സംരക്ഷണത്തിനായുള്ള കേരളത്തിന്റെ തുടിപ്പ് ഈ ബഹുജനമുന്നേറ്റത്തില്‍ പ്രതിഫലിക്കും. രാവിലെമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സമാധാനപരമായ കൂട്ടായ്മ. ഹൈക്കോടതിപരിസരത്തും പാതയോരത്തും ആയിരങ്ങള്‍ ഒത്തുചേരും. പ്രസംഗങ്ങളോ, മുദ്രാവാക്യംവിളികളോ ഉണ്ടാവില്ല. എന്നാല്‍ , മൗലികാവകാശ സംരക്ഷണത്തിനായി എന്നും മുന്നില്‍നിന്ന് പൊരുതുന്ന ഒരു നാടിന്റെ വികാരം വ്യക്തമാക്കുന്ന പ്രതിഷേധസന്ദേശങ്ങള്‍ പ്ലക്കാഡുകളായി ഉയരും.

പാതയോരത്തെ പൊതുയോഗങ്ങളും കൂട്ടായ്മകളും മതപരമായ ഘോഷയാത്രകള്‍ അടക്കമുള്ള ചടങ്ങുകളും നിരോധിച്ച ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച ജയരാജനെ കോടതിയലക്ഷ്യക്കേസില്‍പ്പെടുത്തി പരമാവധി ശിക്ഷ നല്‍കിയാണ് ജയിലിലടച്ചത്. അപ്പീല്‍ സമര്‍പ്പിക്കാന്‍ ശിക്ഷ സസ്പെന്‍ഡ്ചെയ്യുന്ന കീഴ്വഴക്കംപോലും കോടതിയില്‍നിന്നുണ്ടായില്ല. ഇതുവഴി ഭരണഘടനയും നിയമവ്യവസ്ഥയും ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍പോലും ജയരാജനു നിഷേധിച്ചു. കേസില്‍ ആറുമാസം വെറുംതടവാണ് ഏറ്റവും ഉയര്‍ന്ന ശിക്ഷയായി വ്യവസ്ഥ ചെയ്യുന്നതെങ്കിലും കഠിനതടവിന് ശിക്ഷിക്കുന്നതായാണ് കോടതി പ്രഖ്യാപിച്ചത്. ഇത് പിന്നീട് കോടതി തിരുത്തിയെങ്കിലും ജയില്‍രേഖയില്‍ കഠിനതടവാണ് രേഖപ്പെടുത്തിയത്. ജനനേതാവായ ജയരാജനെ പുഴുവെന്ന് കോടതിവിധിയില്‍ ആക്ഷേപിക്കുകയും ചെയ്തു. ജുഡീഷ്യറിയുടെ അസഹിഷ്ണുതയുടെ തെളിവായാണ് നിയമവിദഗ്ധര്‍ ഈ വിധിയെ വിശേഷിപ്പിച്ചത്.

deshabhimani 141111

1 comment:

  1. ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനതത്വങ്ങളില്‍ നിന്നു വ്യതിചലിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ കോടതിയലക്ഷ്യക്കേസ് വിധിക്കെതിരെ തിങ്കളാഴ്ച നടക്കുന്ന ബഹുജനപ്രതിഷേധം പുതുചരിത്രമാകും. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എം വി ജയരാജനെതിരായ കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെ ഹൈക്കോടതിക്കു മുന്നിലാണ് പ്രതിഷേധം അരങ്ങേറുക.

    ReplyDelete