റിക്രൂട്ടിങ് ഏജന്‍സികളുടെ തട്ടിപ്പ് ഈ രംഗത്ത് വ്യാപകമായി നടക്കുന്നു. മുപ്പതിനായിരവും അതിനുമേലെയുമൊക്കെ ശമ്പളം വാഗ്ദാനംചെയ്ത് കുട്ടികളെ റിക്രൂട്ട് ചെയ്യുക, ജോലിക്കു ചെല്ലുന്ന വേളയില്‍ അവരുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങിവച്ച് ബോണ്ട് ഒപ്പിടുവിക്കുക, മൂവായിരം രൂപയോ മറ്റോ ശമ്പളമായി കൊടുക്കുക, കൂടുതല്‍ ശമ്പളം ആവശ്യപ്പെട്ടാല്‍ വിഷമിപ്പിക്കുക തുടങ്ങിയ രീതിയിലായിരിക്കുന്നു റിക്രൂട്ടിങ് ഏജന്‍സികളും സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളും ചേര്‍ന്നുകൊണ്ടുള്ള ഈ തട്ടിപ്പ്. ജോലി വിട്ടുപോകാന്‍പോലും സ്വാതന്ത്ര്യമില്ല. വന്‍ തുകയുടെ ബോണ്ട് കാണിച്ച് ഭയപ്പെടുത്തും. സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുകൊടുക്കാതെ വിഷമിപ്പിക്കും. അടിമകളെപ്പോലെ ജോലിചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ് പല സ്വകാര്യ - പഞ്ചനക്ഷത്ര ആശുപത്രികളിലും നമ്മുടെ കുട്ടികള്‍ . ഡല്‍ഹിയിലെ മഹാരാജാ അഗ്രസണ്‍ ആശുപത്രിയില്‍ 2010 ജനുവരിയില്‍ ശമ്പളം കുറച്ചപ്പോള്‍ സമരംചെയ്ത കുട്ടികളെ ഹോസ്റ്റലില്‍ പൂട്ടിയിട്ടു. അവര്‍ക്ക് വെള്ളവും വെളിച്ചവും നിഷേധിച്ചു. അന്ന് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഇടപെട്ടാണ് ആ കുട്ടികളെ രക്ഷിച്ചത്. 2009 ഡിസംബറില്‍ ഡല്‍ഹി ബാദ്രാ ആശുപത്രിയില്‍ ബോണ്ട് ഒപ്പിടുവിച്ചു ഭീഷണിപ്പെടുത്തിയതിനെതിരെ ശബ്ദിച്ച കുട്ടിയെ പൊലീസിനെക്കൊണ്ടു പിടിപ്പിക്കാനാണ് മാനേജ്മെന്റ് നോക്കിയത്. ഡല്‍ഹി മേത്താ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയില്‍ നിവൃത്തിയില്ലാതെ നേഴ്സുമാര്‍ സമരരംഗത്തിറങ്ങിയപ്പോള്‍ അവശ്യസര്‍വീസ് സംരക്ഷണത്തിന്റെ പേരിലുള്ള കരിനിയമമാണ് മാനേജ്മെന്റിനുവേണ്ടി സര്‍ക്കാര്‍ അവിടെ പ്രയോഗിച്ചത്.
മുംബൈ ഏഷ്യന്‍ഹാര്‍ട്ട് ആശുപത്രിയില്‍ കഴിഞ്ഞ ഒക്ടോബര്‍ 19ന് ഒരു മലയാളി നേഴ്സ് ആത്മഹത്യചെയ്യുന്നതിന് നിര്‍ബന്ധിതയായി. സര്‍ട്ടിഫിക്കറ്റ് തിരിച്ചുകൊടുക്കാതെയും ബോണ്ടുരേഖ ഉയര്‍ത്തിക്കാട്ടിയും ശമ്പളം കുറച്ചും വിഷമിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ. സര്‍ക്കാരാകട്ടെ, മാനേജ്മെന്റിനെതിരെ ഒരു നടപടിയും എടുത്തില്ല. കൊല്‍ക്കത്ത രവീന്ദ്രനാഥ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയില്‍ പന്ത്രണ്ടും പതിനാലും മണിക്കൂര്‍ തുടര്‍ച്ചയായി ജോലിചെയ്യണം. പ്രതിഷേധിച്ചാല്‍ ഭീഷണി. ചെയ്ത ജോലി മുന്‍നിര്‍ത്തിയുള്ള പരിചയ സര്‍ട്ടിഫിക്കറ്റുപോലും നിഷേധിക്കുകയാണവിടെ. കേരളത്തിലും പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രികള്‍ 3000- 3500 രൂപയ്ക്ക് നേഴ്സുമാരെക്കൊണ്ട് പണിയെടുപ്പിക്കുന്നുണ്ട്; ബിഎസ്സി നേഴ്സിങ് പാസായവരെക്കൊണ്ട്. അഞ്ചുലക്ഷവും ആറുലക്ഷവുമൊക്കെ വായ്പയെടുത്താണ് രക്ഷാകര്‍ത്താക്കള്‍ കുട്ടികളെ ബിഎസ്സി നേഴ്സിങ്ങിന് പഠിപ്പിച്ചത്. ജോലികിട്ടി ആറുമാസമാകുമ്പോള്‍ പതിനായിരം രൂപ മാസംതോറും തിരിച്ചടയ്ക്കണം. 3000 രൂപ ശമ്പളം കിട്ടിയാല്‍ എങ്ങനെ പണം തിരിച്ചടയ്ക്കും? ഇത് വ്യാപകമായ പ്രശ്നമായി വളരുകയാണ്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കാര്‍ഷികരംഗത്തെ ആത്മഹത്യ നേഴ്സിങ് രംഗത്തുകൂടി പടരും എന്നതാണ് സ്ഥിതി. അത് ഒഴിവാക്കിയേ പറ്റൂ. 2009ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് മിനിമം വേതനം ഉറപ്പുനല്‍കുന്ന ഒരു ഉത്തരവ് ഇറക്കിയിരുന്നു. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ ഹൈക്കോടതിയില്‍ പോയി. കോടതി അത് സ്റ്റേചെയ്തു. പിന്നീട് സ്റ്റേ ഒഴിവാക്കപ്പെട്ടുവെങ്കിലും മിനിമം വേതനം ഉറപ്പാക്കാനുള്ള ഒരു സംവിധാനവും മാറിവന്ന സര്‍ക്കാര്‍ ഉണ്ടാക്കിയില്ല. സ്വകാര്യ ആശുപത്രികളിലെ വേതനഘടന, യോഗ്യത, സര്‍ക്കാരിന്റെ പരിശോധനാധികാരം എന്നിവ നിര്‍ണയിക്കുന്ന ഒരു നിയമത്തിന്റെ കരടിന് 1960ല്‍ കേന്ദ്ര ആരോഗ്യ കൗണ്‍സില്‍ രൂപംകൊടുത്തിരുന്നു. "പ്രൈവറ്റ് ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്‍!" കേന്ദ്രവും എല്ലാ സംസ്ഥാനങ്ങളും ഈ മാതൃകയിലുള്ള നിയമനിര്‍മാണങ്ങള്‍ നടത്തിയാല്‍ ബ്ലേഡ് കമ്പനിയെപ്പോലെ ആര്‍ക്കും ആശുപത്രി തുടങ്ങാമെന്നും അത് എങ്ങനെയും നടത്താമെന്നുമുള്ള സ്ഥിതി അവസാനിക്കുമായിരുന്നു. സ്വകാര്യ ആശുപത്രികള്‍ക്കുമേല്‍ സര്‍ക്കാരിന് പരിശോധനാധികാരം ഉണ്ടാകുമായിരുന്നു. എന്നാല്‍ , ആ നിയമനിര്‍മാണം നടക്കുന്നില്ല. ഇക്കാര്യം അടിയന്തരമായി ശ്രദ്ധിക്കണം.
1990ല്‍ കേന്ദ്രസര്‍ക്കാര്‍ "പ്രൈവറ്റ് ഹോസ്പിറ്റല്‍ : റിഡ്രസല്‍ ഓഫ് ഗ്രീവന്‍സ് ഓഫ് എംപ്ലോയീസ്" എന്ന പേരില്‍ ഒരു ബില്‍ കൊണ്ടുവന്നു. പേര് ജീവനക്കാരുടെ പരാതി പരിഹാര ബില്‍ എന്നാണെങ്കിലും ബില്ലിന്റെ ഉള്ളടക്കം ജീവനക്കാരെ പിരിച്ചുവിടാനും അവരുടെ സമരങ്ങള്‍ ഒതുക്കാനും അവരെ ജയിലിലടയ്ക്കുന്നതിന് സഹായമൊരുക്കുന്നതിനുമൊക്കെ മാനേജ്മെന്റുകള്‍ക്ക് അധികാരം നല്‍കുന്നതായിരുന്നു. ആ ബില്ലിലുണ്ട് കേന്ദ്രസര്‍ക്കാരിന്റെ നേഴ്സുമാരോടുള്ള സമീപനത്തിന്റെ പ്രതിഫലനം. പ്രക്ഷോഭത്തെതുടര്‍ന്ന് ആ ബില്‍ പിന്‍വലിച്ചു. നേഴ്സുമാര്‍ക്ക് ജോലി സുരക്ഷിതത്വമില്ലാത്ത, അടിമകളെപ്പോലെ പണിചെയ്യിക്കുന്ന ഇന്നത്തെ സ്ഥിതി മാറണം. അതിനുതക്ക വിധത്തിലുള്ള നിയമനിര്‍മാണം ഉണ്ടായേ തീരൂ. ഇന്ത്യയില്‍ ഒരുവര്‍ഷം 1,41,000 പേര്‍ നേഴ്സിങ് രംഗത്ത് വരുന്നുണ്ടെന്നാണ് കണക്ക്. കേരളത്തിലെ സ്ഥാപനങ്ങളില്‍ നിന്നുതന്നെ 13,500 പേര്‍ . കര്‍ണാടകം, ആന്ധ്ര, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങുന്നതിലും നല്ലൊരുഭാഗം മലയാളികളുണ്ട്. ഇവരെ കമ്പോളത്തിന്റെ ചൂഷണത്തിനു വിട്ടുകൂടാ. അതിന് ഉത്തരവാദിത്തബോധത്തോടെ ഇവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ സമൂഹത്തിന് കഴിയണം; സര്‍ക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം.
deshabhimani editorial 151111
സ്വന്തം ജീവിതവേദനകള്‍ മറന്ന് അപരന്റെ വേദനയ്ക്ക് സാന്ത്വനം പകരുന്ന അത്യുദാത്തമായ സേവനമാണ് നേഴ്സിങ് രംഗത്തുള്ളവരുടേത്. ആ നിലയ്ക്ക് അവര്‍ സമൂഹത്തിന്റെയാകെ സ്നേഹവും ആദരവും അര്‍ഹിക്കുന്നു. എന്നാല്‍ , ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം വേദനിപ്പിക്കപ്പെടുന്ന വിഭാഗമായി നേഴ്സുമാരും നേഴ്സിങ് വിദ്യാര്‍ഥിനികളും അതിവേഗം മാറുകയാണ്. ഒരു പരിഷ്കൃത സമൂഹത്തിന് നിരക്കുന്നതല്ല ഇത്. നേഴ്സിങ് വിദ്യാര്‍ഥിനികള്‍ നേരിടുന്ന ക്രൂരതകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ഡല്‍ഹി റാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍നിന്ന് വന്നിട്ടുള്ളത്. അസുഖബാധിതയായ വിദ്യാര്‍ഥിനിയെ ആശുപത്രി നടത്തിപ്പ് ചുമതലയുള്ള അധികാരികള്‍തന്നെ ഭീഷണിപ്പെടുത്തുന്നു; അപമാനിക്കുന്നു; നഗ്നയാക്കി നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു. രാജ്യത്തിന്റെ തലസ്ഥാനത്ത് ഇതാണവസ്ഥയെങ്കില്‍ മറ്റിടങ്ങളിലെ കാര്യങ്ങള്‍ പറയാനില്ല.
ReplyDelete