Tuesday, November 15, 2011

ചരിത്രമായി ബഹുജനപ്രതിഷേധം


ജനാധിപത്യഅവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ജനകീയപോരാട്ടചരിത്രത്തില്‍ തിങ്കളാഴ്ച കേരളം പുതിയ അധ്യായം എഴുതിച്ചേര്‍ത്തു. പൊതുഇടങ്ങളില്‍ ഒത്തുകുടാനും അഭിപ്രായംപ്രകടിപ്പിക്കാനുമുള്ള ജനങ്ങളുടെ മൗലികാവകാശം സംരക്ഷിക്കാന്‍ ഹൈക്കോടതിക്കു മുന്നില്‍ തീര്‍ത്ത "പ്രതിഷേധ കൂട്ടായ്മ" അനീതിക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന ഒരു ജനതയുടെ ശക്തമായ പ്രഖ്യാപനമായി. പാതയോരയോഗം നിരോധിച്ചതിനെ വിമര്‍ശിച്ച സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജനെ ജയലിലടച്ച നീതികേടിനെതിരായ പ്രതികരണംകുടിയായി ഈ ജനമുന്നേറ്റം. പ്രതിഷേധം ജ്വലിക്കുമ്പോഴും സംയമനവും അച്ചടക്കവും സമരഭൂമിക്ക് പുതിയ ഭാവം നല്‍കി.

തിങ്കളാഴ്ച അതിരാവിലെ മുതല്‍ ഹൈക്കോടതി പരിസരത്തേക്ക് ജനപ്രവാഹമായിരുന്നു. മുദ്രാവാക്യവും പൊതുയോഗവും പ്രസംഗവും ഉണ്ടായിരുന്നില്ല. അതേസമയം, കോടതിവിധിയോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുകള്‍ നീതികേടിനെതിരായ സമരസന്ദേശം വിളിച്ചോതി. വലിയ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഇല്ലാതിരുന്നിട്ടും ഇത്ര വലിയ ജനസഞ്ചയം ഒഴുകിയെത്തിയത് പുതിയ സമരപാഠം സമ്മാനിച്ചു. നേതാക്കളുടെ നീണ്ടനിര സമരമുന്നേറ്റത്തിന് കൂടുതല്‍ ഉണര്‍വും ഉന്മേഷവും പകര്‍ന്നു. സമരം ഹൈക്കോടതിക്കോ നീതിന്യായവ്യവസ്ഥയ്ക്കോ എതിരല്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. സമരം സമാപിക്കുന്ന സമയത്ത് നേതാക്കളും ജനങ്ങളും ഹൈക്കോടതിക്കു മുന്നില്‍ത്തന്നെ തടിച്ചുകൂടി. കോടിയേരി ബാലകൃഷ്ണന്‍ സമരം അവസാനിച്ചതായി അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ളവര്‍ സമരത്തിനെത്തി.

രാവിലെ എട്ടിനുതന്നെ ഹൈക്കോടതി പരിസരം ജനനിബിഡമായി. നേതാക്കളുടെയും ചുവപ്പുവളന്റിയര്‍മാരുടെയും നിയന്ത്രണത്തില്‍ സമാധാനപൂര്‍ണസമരത്തിന്റെ പുതിയ മാതൃക പിറന്നു. പൊലീസ് യുദ്ധസന്നാഹമാണ് സജ്ജമാക്കിയത്. പ്രതിരോധിക്കാന്‍ വലിയ ബാരിക്കേഡുകളും നിരത്തി. ഹൈക്കോടതി പ്രവര്‍ത്തനവും സഞ്ചാരതടസ്സവും ഉണ്ടായില്ല. രാവിലെ എട്ടോടെതന്നെ കോടിയേരി ബലാകൃഷ്ണന്‍ , വൈക്കം വിശ്വന്‍ , ടി എം തോമസ് ഐസക്, പി കെ ശ്രീമതി, എം സി ജോസഫൈന്‍ , എം വി ഗോവിന്ദന്‍ , കെ എം സുധാകരന്‍ , ഗോപി കോട്ടമുറിക്കല്‍ , കെ ചന്ദ്രന്‍പിള്ള, എസ് ശര്‍മ, സി എം ദിനേശ്മണി, സി എസ് സുജാത, കെ കെ ശൈലജ, പി ശ്രീരാമകൃഷ്ണന്‍ , ടി വി രാജേഷ്, എം സ്വരാജ്, പി കെ ബിജു എംപി, പി ബിജു, കെ വി സുമേഷ് തുടങ്ങിയ നേതാക്കളെത്തി. നേതാക്കള്‍ സമരപ്രദേശമാകെ സഞ്ചരിച്ച് ജനങ്ങളോടു സംസാരിച്ചു. തുടര്‍ന്ന് ഹൈക്കോടതി ജങ്ഷനില്‍ കുത്തിയിരുന്ന് സമരത്തില്‍ പങ്കുചേര്‍ന്നു. പേജ് 13 കാണുക
(പി ജയനാഥ്)

ഹൈക്കോടതിക്കു മുന്നില്‍ അലയടിച്ചത് നിശബ്ദസാഗരം

കൊച്ചി: കത്തിക്കയറുന്ന വാക്കുകളേക്കാളും ദിഗന്തം മുഴങ്ങുന്ന മുദ്രാവാക്യങ്ങളേക്കാളും ശക്തിയോടെ അര്‍ഥഗര്‍ഭമായ പ്രതിഷേധസന്ദേശവുമായി പതിനായിരങ്ങള്‍ അണിനിരന്നപ്പോള്‍ കേരളത്തിന്റെ ഉന്നത കോടതിക്കുമുന്നില്‍ ഉയര്‍ന്നത് ഐതിഹാസിക പോരാട്ടത്തിന്റെ പുത്തന്‍ സമരഗാഥ. നീതിപാതയില്‍നിന്ന് പ്രതികാരപാതയിലേക്ക് വ്യതിചലിച്ച ഹൈക്കോടതിവിധിക്കെതിരായുണര്‍ന്ന ജനതയുടെ മൗനരോഷം രാജ്യത്തെ സമരങ്ങളുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വതയായി. ആവിഷ്കാരസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് പുകള്‍പെറ്റ കേരളത്തില്‍ മൗലികാവകാശത്തിന് നേരെയുയര്‍ന്ന വെല്ലുവിളിക്കുമുന്നിലും മൗനികളായി തുടരുന്ന ഭരണാധികാരികളെയും നാണിപ്പിക്കുന്നതായി ഈ ജനസാഗരം.

യുവതീയുവാക്കള്‍ , വിദ്യാര്‍ഥികള്‍ , മഹിളകള്‍ , വീട്ടമ്മമാര്‍ , കര്‍ഷകര്‍ , കര്‍ഷകതൊഴിലാളികള്‍ , തൊഴിലാളികള്‍ , ഉദ്യോഗസ്ഥര്‍ , ജനപ്രതിനിധികള്‍ , പൊതു-സാംസ്കാരികപ്രവര്‍ത്തകര്‍ തുടങ്ങി കേരളത്തിന്റെ പരിഛേദം തന്നെ സമരത്തിനെത്തി. മൗലികാവകാശത്തെ തകര്‍ക്കുന്ന നീക്കത്തിനെതിരെ നീതിക്കായി പതിനായിരങ്ങള്‍ അണിചേര്‍ന്നു. യുദ്ധസമാനമായ സാഹചര്യത്തെ നേരിടാനെന്നവണ്ണം വന്‍ പൊലീസ് സന്നാഹം പലവഴികളിലും ബാരിക്കേഡുകളുമായി സമരക്കാരെ നേരിടാന്‍ നിലയുറപ്പിച്ചുവെങ്കിലും എവിടെയും അസ്വാരസ്യത്തിന്റെ നേര്‍ത്ത ശബ്ദം പോലുമുണ്ടായില്ല. പൊലീസ്സേനയേക്കാള്‍ മികച്ച ചിട്ടയോടെ ചുവപ്പുവളണ്ടിയര്‍മാര്‍ മറ്റുള്ളവര്‍ക്ക് പാത സജ്ജമാക്കി. പതിവുപോലെ കോടതി പ്രവര്‍ത്തിച്ചു. ജഡ്ജിമാരും അഭിഭാഷകരും കക്ഷികളും എത്തി.

ഹൈക്കോടതിക്കു മുന്നിലെ തെക്കുപടിഞ്ഞാറ് നിരത്തിലും ഹൈക്കോടതി ജങ്ഷനിലെ സമരപ്പന്തലിലുമാണ് നേതാക്കളും സമരസേനാനികളും കുത്തിയിരുന്നത്. കോടതിയുടെ നീതിനിഷേധത്തിനെതിരെ നിലയുറപ്പിച്ച അവരുടെ കൈയിലെ പ്ലക്കാര്‍ഡുകള്‍ എല്ലാം വിളിച്ചുപറയുന്നുണ്ടായിരുന്നു. സാധാരണക്കാരുടെ ഇനിയും അസ്തമിക്കാത്ത പ്രതിരോധത്തിന്റെ ഒത്തുചേരലില്‍ പ്രമുഖ ന്യായാധിപന്മാരുടെ വചനങ്ങളും അവര്‍ സന്ദേശമാക്കി. ആര്‍ക്കും പരാതിക്കിടനല്‍കാതെ, നഗരത്തില്‍ അല്‍പ്പംപോലും ഗതാഗതക്കുരുക്ക് സൃഷ്ടിക്കാതെ, ആരുടെയും മാര്‍ഗം മുടക്കാതെ പതിനായിരങ്ങളാണ് നാടിന്റെ നാനാഭാഗത്തുനിന്നും സമരത്തിനെത്തിയത്്. രാവിലെ മറ്റു തിരക്കുകളും ജോലി പോലും ഉപേക്ഷിച്ചും ഉച്ചയ്ക്ക് കത്തുന്ന ചൂട് അവഗണിച്ചും നീതിക്കായി അവര്‍ പാതയോരത്ത് കുത്തിയിരുന്നു; സമരം അവസാനിച്ച സായാഹ്നംവരെ.

വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും വന്‍ പങ്കാളിത്തം

കൊച്ചി: മൗലികാവകാശ സംരക്ഷണത്തിനായി ഹൈക്കോടതിക്കു മുന്നിലുണ്ടായ ജനമുന്നേറ്റത്തില്‍ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും അപൂര്‍വമായ പങ്കാളിത്തം. സമരത്തിലേക്ക് ഇവര്‍ ഒരേമനസ്സോടെ ഒഴുകിയെത്തി. പ്ലക്കാര്‍ഡുകളും ബാനറുകളും കൊടികളുമായി ചെറുസംഘങ്ങളായി എത്തിയ ഇവര്‍ സമരം കഴിയുന്നതുവരെ കോടതിപരിസരത്തും സമീപ റോഡുകളിലും മൗനത്തിന്റെ പ്രതിഷേധം ഉയര്‍ത്തി.

പാതയോരങ്ങളില്‍ ഒത്തുചേരാന്‍പാടില്ലെന്ന കോടതിവിധി തിളയ്ക്കുന്ന യുവത്വത്തിനുനേരെയുള്ള വെല്ലുവിളിയാണെന്ന് പ്രഖ്യാപിക്കുന്ന പ്ലക്കാര്‍ഡുകളേന്തിയാണ് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ യുവാക്കള്‍ എത്തിയത്. ഒരു സ്ഥലത്തുമാത്രം ഒതുങ്ങുന്നതായിരുന്നില്ല ഇവരുടെ പ്രതിഷേധം. ഒരു വാഹനത്തിനുപോലും തടസ്സമുണ്ടാക്കാതെ ബാനറുകളും കൊടികളുമായി ചെറുസംഘങ്ങളായി ഹൈക്കോടതിപരിസരങ്ങളിലൂടെ ഇവര്‍ നീങ്ങി.

എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ആര്‍എല്‍വി കോളേജ് വിദ്യാര്‍ഥികള്‍ കോടതിവിധിക്കെതിരെ തെരുവോരത്ത് ചിത്രങ്ങള്‍ വരച്ചും മുദ്രാവാക്യങ്ങള്‍ എഴുതിയും പ്രതിഷേധിച്ചു. വിദ്യാര്‍ഥിനികള്‍ ഉപ്പെടെയുള്ളവര്‍ സമരത്തില്‍ അണിനിരന്നു. വര്‍ണക്കുടയും ചിത്രങ്ങളുമായി മൗനത്തിന്റെ ശക്തി ഇവരും വെളിവാക്കി. നേതാക്കളായ പി ശ്രീരാമകൃഷ്ണന്‍ , പി കെ ബിജു എംപി, ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ്, പി ബിജു, കെ വി സുമേഷ് തുടങ്ങിയവര്‍ സമരത്തിന് ആവേശംപകരാനെത്തി.

deshabhimani 151111

1 comment:

  1. ജനാധിപത്യഅവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ജനകീയപോരാട്ടചരിത്രത്തില്‍ തിങ്കളാഴ്ച കേരളം പുതിയ അധ്യായം എഴുതിച്ചേര്‍ത്തു. പൊതുഇടങ്ങളില്‍ ഒത്തുകുടാനും അഭിപ്രായംപ്രകടിപ്പിക്കാനുമുള്ള ജനങ്ങളുടെ മൗലികാവകാശം സംരക്ഷിക്കാന്‍ ഹൈക്കോടതിക്കു മുന്നില്‍ തീര്‍ത്ത "പ്രതിഷേധ കൂട്ടായ്മ" അനീതിക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന ഒരു ജനതയുടെ ശക്തമായ പ്രഖ്യാപനമായി. പാതയോരയോഗം നിരോധിച്ചതിനെ വിമര്‍ശിച്ച സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജനെ ജയലിലടച്ച നീതികേടിനെതിരായ പ്രതികരണംകുടിയായി ഈ ജനമുന്നേറ്റം. പ്രതിഷേധം ജ്വലിക്കുമ്പോഴും സംയമനവും അച്ചടക്കവും സമരഭൂമിക്ക് പുതിയ ഭാവം നല്‍കി.

    ReplyDelete