Tuesday, November 15, 2011

ഐആര്‍ഇ പ്രതിസന്ധിക്ക് പിന്നില്‍ ഖനനപാട്ടക്കരാര്‍ മറ്റാര്‍ക്കോ നല്‍കാനുള്ള ഗൂഢലക്ഷ്യം

ഐആര്‍ഇയ്ക്ക് മാത്രം അവകാശപ്പെട്ട ഖനനപാട്ടകരാര്‍ ആര്‍ക്കോ നല്‍കാനുള്ള ഗൂഢലക്ഷ്യമാണ് പൊതുമേഖലാസ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നിലെന്ന് കരിത്തുറ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഭൂഉടമകളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ച് ഭൂമി ഏറ്റെടുക്കാന്‍ തയ്യാറായാല്‍ പ്രതിസന്ധി പരിഹരിക്കാവുന്നതേ ഉള്ളൂ. അതിന് മുതിരാതെ ഏതോ സ്വകാര്യശക്തിക്ക് ഖനനപാട്ടകരാര്‍ കൈമാറി, അവരില്‍ നിന്ന് ധാതുലവണങ്ങള്‍, ഐആര്‍ഇ വിലയ്ക്കുവാങ്ങാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 1998ല്‍ ഐആര്‍ഇ ക്ഷണിച്ച ആഗോള ടെന്‍ഡറിന്റെ വ്യവസ്ഥകളിലും ഈ ലക്ഷ്യം തന്നെയായിരുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

ഒരുസെന്റ് ഭൂമിയില്‍ ഖനനം നടത്തുമ്പോള്‍ ആയിരത്തില്‍പ്പരം ടണ്‍ ധാതുമണല്‍ ലഭിക്കും. ഈ മണ്ണ് വേര്‍തിരിക്കുമ്പോള്‍ കോടിക്കണക്കിന് രൂപയാണ് ഐആര്‍ഇക്ക് ലഭിക്കുന്നത്. ആദ്യകാലത്ത് സെന്റിന് 900 രൂപയ്ക്കാണ് കമ്പനി ഭൂമി ഏറ്റെടുത്തത്. തുടര്‍ന്ന് ഇത് യഥാക്രമം 8000 ഉം 10,000 രൂപയുമായി.

ഇപ്പോള്‍ 17,000 രൂപയാണ് കമ്പനി നല്‍കുന്നത്.  ഇപ്പോള്‍ പ്രദേശത്ത് 1.5 ലക്ഷം മുതല്‍ രണ്ടുലക്ഷം രൂപവരെയാണ് ഭൂമിക്ക് വിലയുള്ളത്. ഭൂഉടമകളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ പ്രതിസന്ധി പരിഹരിച്ച് കമ്പനിക്ക് 100 വര്‍ഷത്തിലധികം പ്രവര്‍ത്തിക്കാവുന്നതേയുള്ളൂവെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
ഐആര്‍ഇയുടെ കരിത്തുറ പാക്കേജ് അനുസരിച്ച് ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് ന്യായവിലയും കുടുംബത്തിലെ ഒരാള്‍ക്ക് സ്ഥിരജോലിയും ഐആര്‍ഇ മാനേജ്‌മെന്റ് ലഭ്യമാക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ടി ജി വര്‍ഗീസ്, കണ്‍വീനര്‍ ഇ യോഹന്നാന്‍, ഭാരവാഹികളായ ബി നെപ്പോളിയന്‍, ബി ടാര്‍ഷ്യസ്, ശോശാ റൈമണ്ട്, ഇ ഡേവിഡ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അതിനിടെ ഐആര്‍ഇയുടെ അടച്ചുപൂട്ടല്‍ ഭീഷണിയെ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കുമെന്ന പ്രചാരണവുമായി സിഐടിയു യൂണിയനുകള്‍ രംഗത്തെത്തി. അടച്ചുപൂട്ടല്‍ ഭീഷണിക്ക് അടിസ്ഥാനമൊന്നുമില്ലെന്നും മാനേജ്‌മെന്റിന്റെ തെറ്റായ ചില നടപടികള്‍ കാരണം മൈനിംഗ് മേഖലയില്‍ തൊഴില്‍ സ്തംഭനമാണ് ഉണ്ടായിരിക്കുന്നതെന്നും യൂണിയന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

janayugom 151111

1 comment:

  1. ഐആര്‍ഇയ്ക്ക് മാത്രം അവകാശപ്പെട്ട ഖനനപാട്ടകരാര്‍ ആര്‍ക്കോ നല്‍കാനുള്ള ഗൂഢലക്ഷ്യമാണ് പൊതുമേഖലാസ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നിലെന്ന് കരിത്തുറ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഭൂഉടമകളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ച് ഭൂമി ഏറ്റെടുക്കാന്‍ തയ്യാറായാല്‍ പ്രതിസന്ധി പരിഹരിക്കാവുന്നതേ ഉള്ളൂ. അതിന് മുതിരാതെ ഏതോ സ്വകാര്യശക്തിക്ക് ഖനനപാട്ടകരാര്‍ കൈമാറി, അവരില്‍ നിന്ന് ധാതുലവണങ്ങള്‍, ഐആര്‍ഇ വിലയ്ക്കുവാങ്ങാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 1998ല്‍ ഐആര്‍ഇ ക്ഷണിച്ച ആഗോള ടെന്‍ഡറിന്റെ വ്യവസ്ഥകളിലും ഈ ലക്ഷ്യം തന്നെയായിരുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

    ReplyDelete