Tuesday, November 15, 2011

കോണ്‍ഗ്രസ് കൈവിട്ടു ജോര്‍ജ് മാപ്പു പറയാന്‍ തയ്യാര്‍

പൊട്ടന്‍ വിളിയുടെ പേരില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ വീട്ടില്‍പോയി കണ്ട് മാപ്പു പറയാന്‍ തയാറാണെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. ഇരട്ട പദവി സംബന്ധിച്ച സെബാസ്റ്റ്യന്‍ പോളിന്റെ പരാതിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വിശദീകരണം നല്‍കാനെത്തിയെ പി സി ജോര്‍ജ്ജ് കേരളാ ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഖേദപ്രകടനം നടത്തിയത്.

താന്‍ വി എസിനെ പൊട്ടനെന്ന് വിളിച്ചിട്ടില്ല. അദ്ദേഹത്തെ പോലൊരാളെ പൊട്ടനെന്നു വിളിക്കാന്‍ മാത്രം വിവരക്കേട് തനിക്കില്ല. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് താന്‍ പ്രതികരിച്ചത് സന്ദര്‍ഭത്തില്‍ നിന്നു മാറ്റി നല്‍കുകയാണുണ്ടായത്. വി എസിനെ വീട്ടില്‍ പോയി കണ്ട് മാപ്പു പറയാന്‍ തയാറാണ്. എം എല്‍ എ മാരായ ടി എന്‍ പ്രതാപനേയും വി ഡി സതീശനേയും നേരില്‍ കണ്ട് മാപ്പു പറയുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കെതിരായ പി സി ജോര്‍ജിന്റെ പ്രസ്താവന അതിരുകടന്നതാണെന്നും ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ പി സി സി അദ്ധ്യക്ഷന്‍ പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയാണ് ജോര്‍ജ്ജിന് തിരിച്ചടിയായത്.

കോണ്‍ഗ്രസ് നേതൃത്വം കൈവിടുന്ന സാഹചര്യം ഉടലെടുത്തതോടെ പരുങ്ങലിലായ ജോര്‍ജ്ജ് മാപ്പെന്ന അടവിലേയ്ക്ക് നീങ്ങുകയാണ്. ജോര്‍ജ്ജിന്റെ  പ്രസ്താവനകള്‍ അതിരുകടന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം താക്കീതുപോലെ നിലപാടെടുത്തത്. ഇതോടെ വി എസിനെ പൊട്ടനെന്ന് പരാമര്‍ശിച്ച ജോര്‍ജ്ജ് ഇത് സംബന്ധിച്ച് ഉണ്ടാകാവുന്ന പ്രതിപക്ഷ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസ് പിന്തുണ ഉണ്ടാകില്ലെന്നും അവ താന്‍ സ്വയം നേരിടേണ്ടിവരുമെന്നും ബോധ്യമായതോടെയാണ് വി എസിനെ വീട്ടില്‍ചെന്നുകണ്ട് മാപ്പു പറയാമെന്ന മുന്‍കൂര്‍ ജാമ്യത്തിലേയ്ക്ക് നീങ്ങിയത്. വി എസ് പൊട്ടനാണെന്നല്ല, പാര്‍ട്ടിയിലെ നേതാക്കള്‍ അദ്ദേഹത്തെ പൊട്ടനാക്കുന്നുവെന്നാണ് താന്‍ പറഞ്ഞത്. ചീഫ് വിപ്പ് പദവി രാജി വയ്ക്കണമെന്നാണെല്ലോ വി എസിന്റെ ആവശ്യം എന്ന ചോദ്യത്തോടാണ് താന്‍ പ്രതികരിച്ചത്. രാജി വയ്ക്കാന്‍ ഞാനെന്താ പൊട്ടനാണോ എന്നായിരുന്നുവെന്ന് തന്റെ പ്രതികരണമെന്ന് ജോര്‍ജ്ജ് വിശദീകരിച്ചു.

വി എസ് പറയുന്നത് കേട്ട് രാജിവയ്ക്കാന്‍ താനില്ല. അതല്ല, ഇനി വി എസ് രാജി വയ്ക്കാന്‍ തയാറെങ്കില്‍ അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ട് താനും അതിന് തയാറാണ്. മലമ്പുഴയില്‍ നിന്ന് മാറി പൂഞ്ഞാറില്‍ വന്നു മത്സരിക്കാന്‍ വി എസിനെ ക്ഷണിക്കുന്നു. ആ തെരഞ്ഞെടുപ്പിന്റെ ഫലം യു ഡി എഫ്-എല്‍ ഡി എഫ് വിധിയായി കണക്കാക്കാം. അതിനു ശേഷവും ഉമ്മന്‍ ചാണ്ടി രാജി വയ്ക്കണം, രാജി വയ്ക്കണം എന്നു പറഞ്ഞു നടക്കരുതെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. എന്നാല്‍ ജോര്‍ജ്ജ് തിരിച്ച് മലമ്പുഴയില്‍ മല്‍സരിക്കുന്നകാര്യം പരാമര്‍ശിച്ചില്ലെന്നത് ശ്രദ്ധേയമാണ്.  

അതേസമയം മുന്‍ മന്ത്രി എ കെ ബാലനെതിരെ നടത്തിയ ജാതീയ ചുവയുള്ള പരാമര്‍ശത്തിന് മാപ്പു പറയില്ലെന്ന് ജോര്‍ജ് വ്യക്തമാക്കി. ബാലന്റെ തനിനിറം പുറത്തു വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം ഇപ്പോള്‍ ദേശീയ പട്ടികജാതി പട്ടിക വര്‍ഗ്ഗ കമ്മീഷന്റെ പരിഗണനയിലാണ്. ജോര്‍ജ്ജിന്റെ പ്രസ്താവനയ്‌ക്കെതിരെ നടപടി സ്വീകരിക്കാതിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ കമ്മീഷന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. കമ്മീഷന്‍ ഇക്കാര്യത്തില്‍ ശക്തമായി നിലപാടെടുത്താല്‍ ജോര്‍ജിന്റെ കാര്യം വീണ്ടും പ്രതിസന്ധിയിലാകും. ഒപ്പം സര്‍ക്കാരിന്റെ നിലനില്‍പ്പും. ഇത് മുന്നില്‍ കണ്ടാണ് ജോര്‍ജ്ജിനെ തളയ്ക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് എത്തിയത്. വില കുറഞ്ഞ പ്രചരണത്തിനുവേണ്ടി ജോര്‍ജ്ജ് ചാനലുകളിലൂടെ നടത്തുന്ന പ്രസ്താവനകളും പ്രതികരണങ്ങളും സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണെന്ന് വിലയിരുത്തപ്പെടുന്നു.

ഇരട്ടപ്പദവി സംബന്ധിച്ച് ജോര്‍ജ് ഇന്നലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ വിശദീകരണം നല്‍കി. കേരളത്തില്‍ ചീഫ് വിപ്പിന്റെ പദവി ഇരട്ടപ്പദവിയല്ലെന്നു തെളിയിക്കുന്ന രേഖകള്‍ അടക്കമുള്ളതായിരുന്നു മറുപടി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന്റെ പകര്‍പ്പും തെളിവായി ഹാജരാക്കി. തന്റെ വിശദീകരണത്തില്‍ തൃപ്തരാണെന്ന് കമ്മീഷന്‍ സെക്രട്ടറി കെ എഫ് വില്‍ഫ്രഡ് പറഞ്ഞതായി ജോര്‍ജ് പിന്നീട് അറിയിച്ചു. വിശദീകരണത്തിന്റെ പകര്‍പ്പ് പരാതിക്കാരനായ സെബാസ്റ്റിയന്‍ പോളിനും നല്‍കിയിട്ടുണ്ട്. അദ്ദേഹം നല്‍കിയ പരാതി ഇനി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് കമ്മീഷന്‍ തന്നെ അറിയിച്ചതെന്നും ജോര്‍ജ് പറഞ്ഞു.

റെജി കുര്യന്‍ janayugom 151111

1 comment:

  1. പൊട്ടന്‍ വിളിയുടെ പേരില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ വീട്ടില്‍പോയി കണ്ട് മാപ്പു പറയാന്‍ തയാറാണെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. ഇരട്ട പദവി സംബന്ധിച്ച സെബാസ്റ്റ്യന്‍ പോളിന്റെ പരാതിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വിശദീകരണം നല്‍കാനെത്തിയെ പി സി ജോര്‍ജ്ജ് കേരളാ ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഖേദപ്രകടനം നടത്തിയത്.

    ReplyDelete