Tuesday, November 15, 2011

"തലസ്ഥാനത്തിരുന്ന് നോക്കുന്നതു പോലെയല്ല വയനാട്ടിലെ സ്ഥിതി"

വയനാട് കടുത്ത കാര്‍ഷിക പ്രതിസന്ധി അനുഭവിക്കുകയാണെന്ന് ബോധ്യമായതായി അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ പറഞ്ഞു. കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്തിരുന്ന് വയനാട്ടിലേക്ക് നോക്കുന്നതുപോലെയല്ല കാര്യങ്ങള്‍ എന്ന് ബോധ്യമായി. വയനാട്ടിലേത് കര്‍ഷക ആത്മഹത്യയാണ് എന്ന് ബോധ്യമായോ എന്ന ചോദ്യത്തിന് അത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതല്ല എന്നായിരുന്നു പ്രതികരണം. കാര്‍ഷികകടം മാത്രമല്ല വിദ്യാഭ്യാസ- ഭവന നിര്‍മാണ വായ്പയെടുത്തവരും പ്രതിസന്ധിയിലാണ്. കേവലം കാര്‍ഷിക വായ്പ മാത്രമായി പ്രശ്നത്തെ ചുരുക്കിക്കാണാന്‍ കഴിയില്ല. അത്തരം പരാതികളാണ് യോഗത്തില്‍ ഉണ്ടായത്. ഉല്‍പ്പന്നങ്ങളുടെ വിലയിടിവും വിളനഷ്ടവും കര്‍ഷകരെ ബാധിക്കുന്നുണ്ട്. സര്‍ക്കാരിന്റെ പദ്ധതികള്‍ പലതും താഴെത്തട്ടിലേക്ക് എത്തുന്നില്ല എന്ന ആക്ഷേപം ശക്തമായുണ്ട്. സംഭരണം ഏര്‍പ്പെടുത്തുകയും ന്യായമായ വില ലഭിക്കുകയുംചെയ്താല്‍ മതിയെന്നാണ് കര്‍ഷകര്‍ അഭിപ്രായപ്പെട്ടത്. തൊഴിലുറപ്പു പദ്ധതിയില്‍ കാര്‍ഷിക മേഖലയെക്കൂടി ഉള്‍ശപ്പടുത്തണമെന്ന നിര്‍ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്. മൈക്രോഫിനാന്‍സ് സംഘങ്ങള്‍ 24 മുതല്‍ 60 ശതമാനം വരെ പലിശ ഈടാക്കുന്നുവെന്ന ആരോപണം പരിശോധിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

കാര്‍ഷിക കടാശ്വാസ കമീഷന്റെ നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യവും ഉണ്ടായി. സഹകരണ മേഖലയില്‍ മാന്ദ്യമുണ്ട്. വന്യമൃഗശല്യം, കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നതിലെ വീഴ്ചകള്‍ തുടങ്ങിയ പ്രശ്നങ്ങളും പരാതികളായി വന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ചൊവ്വാഴ്ചതന്നെ സര്‍ക്കാരിന് സമര്‍പ്പിക്കും. കാര്‍ഷിക സര്‍വകശാലയിലെ പ്രൊഫ. പി ഇന്ദിരാദേവി, വെറ്ററിനറി സര്‍വകലാശാലയിലെ പ്രൊഫ. പി സി അലക്സ് എന്നിവരും ഉള്‍പ്പെട്ട സംഘം തിങ്കളാഴ്ച രാവിലെ മുതല്‍ കലക്ടറേറ്റില്‍ വിവിധ സംഘടനാപ്രതിനിധികളില്‍നിന്നും കര്‍ഷകരില്‍നിന്നും ഉദ്യോഗസ്ഥരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. വയനാട്ടിലേത് കര്‍ഷക ആത്മഹത്യയല്ലെന്ന് ഡിസിസി പ്രസിഡന്റ് പി വി ബാലചന്ദ്രന്‍ പറഞ്ഞത് യോഗത്തില്‍ കടുത്ത എതിര്‍പ്പുളവാക്കി. സദസ്സാകെ ഇതിനെ ഒറ്റക്കെട്ടായി എതിര്‍ത്തു. യോഗത്തില്‍ മന്ത്രി പി കെ ജയലക്ഷ്മി, എംഎല്‍എമാരായ എം വി ശ്രേയാംസ്കുമാര്‍ , ഐ സി ബാലകൃഷ്ണന്‍ , ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പൗലോസ്, കലക്ടര്‍ കെ ഗോപാലകൃഷ്ണഭട്ട് തുടങ്ങിയവരും പങ്കെടുത്തു.

ആത്മഹത്യചെയ്ത കര്‍ഷകന് ജപ്തി നോട്ടീസ്

കല്‍പ്പറ്റ: വയനാട്ടില്‍ ആത്മഹത്യചെയ്ത കര്‍ഷകന് ബാങ്ക് ജപ്തി നോട്ടീസ്. മേപ്പാടി തൃക്കൈപ്പറ്റ നെടുമ്പാല പള്ളിക്കവല വര്‍ഗീസി (രാജു-48)നാണ് മേപ്പാടി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ജപ്തി നോട്ടീസ് അയച്ചത്. ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുമെന്ന് കഴിഞ്ഞദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എട്ടിനാണ് വര്‍ഗീസ് കടബാധ്യതയെത്തുടര്‍ന്ന് വിഷം കഴിച്ച് മരിച്ചത്. 12നാണ് നോട്ടീസ് ലഭിച്ചത്. പശുവിനെ വാങ്ങുന്നതിന് വര്‍ഗീസ് ബാങ്കില്‍നിന്ന് 2007 മെയ് 24ന് 20,000 രൂപ വായ്പയെടുത്തിരുന്നു. ആദ്യം ഗഡുക്കളായി തുക തിരിച്ചടച്ചിരുന്നതായി വര്‍ഗീസിന്റെ ഭാര്യ ജെസി പറഞ്ഞു. പിന്നീട് സാമ്പത്തിക പ്രതിസന്ധിയായപ്പോള്‍ അടവ് നിലച്ചു. ഇപ്പോള്‍ 27,000 രൂപയായി. "മുതലും പലിശയും അടച്ച് രശീതി വാങ്ങിയില്ലെങ്കില്‍ താങ്കളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ജപ്തിചെയ്യും" എന്നാണ് ബാങ്ക് അയച്ച നോട്ടീസില്‍ പറയുന്നത്. ജപ്തി നടപടി ഡിസംബര്‍ 31 വരെ നിര്‍ത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കഴിഞ്ഞ ഒമ്പതിനാണ് അറിയിച്ചത്.എന്നാല്‍ ഇതുസംബന്ധിച്ച നിര്‍ദേശം ബാങ്കുകള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ജപ്തി നോട്ടീസ് വ്യക്തമാക്കുന്നത്.

കര്‍ഷകനായ വര്‍ഗീസിന് സ്വന്തമായി 1.25 ഏക്കര്‍ ഭൂമിയാണുള്ളത്. കര്‍ണാടകയിലെ കുടകില്‍ സംഘം ചേര്‍ന്ന് ഇഞ്ചികൃഷി നടത്തിയിരുന്നു. വിലയിടിവിനെ തുടര്‍ന്ന് കൃഷി ബാധ്യതയായി. ആറ് ലക്ഷത്തോളം രൂപ ഈ ഇനത്തില്‍ നഷ്ടമായി. വീടിനടുത്ത് അഞ്ഞൂറോളം നേന്ത്രവാഴ കൃഷിചെയ്തിരുന്നതും നശിച്ചു. ഇതില്‍ നിരാശനായാണ് വര്‍ഗീസ് ആത്മഹത്യചെയ്തത്. കല്‍പ്പറ്റ എസ്ബിടിയിലുംമൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയുണ്ട്. ഇതിനു പുറമെ വിവിധ ബാങ്കുകളില്‍ ഒരു ലക്ഷം രൂപയുടെ സ്വര്‍ണവായ്പയും എടുത്തിട്ടുണ്ട്. ഇതെല്ലാം നിലനില്‍ക്കെ, വര്‍ഗീസ് ഉള്‍പ്പെടെയുള്ളവരുടെ മരണം കര്‍ഷകആത്മഹത്യയല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുമ്പോഴാണ് ഇടിത്തീപോലെ ജപ്തി നോട്ടീസ് ലഭിച്ചത്.

deshabhimani 151111

1 comment:

  1. വയനാട് കടുത്ത കാര്‍ഷിക പ്രതിസന്ധി അനുഭവിക്കുകയാണെന്ന് ബോധ്യമായതായി അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ പറഞ്ഞു. കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete