Tuesday, November 15, 2011

ചില്ലറവില്‍പ്പന: കുത്തകകള്‍ക്ക് പ്രവേശനം ഈ മാസം

ചില്ലറവില്‍പ്പന വിപണിയില്‍ ബഹുരാഷ്ട്രകുത്തകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനുള്ള മന്ത്രിസഭാ കുറിപ്പിന് കേന്ദ്ര വ്യവസായ മന്ത്രാലയം രൂപംനല്‍കി. പ്രധാനമന്ത്രി കാര്യാലയത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും പരിഗണനയ്ക്കായി മന്ത്രിസഭാകുറിപ്പ് അയച്ചുകൊടുത്തു. ഈ മാസം തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുമ്പ് തീരുമാനമുണ്ടായേക്കും. ചില്ലറവില്‍പ്പന മേഖലയില്‍ തുടക്കത്തില്‍ 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം(എഫ്ഡിഐ) അനുവദിക്കാനാണ് നീക്കം. മന്ത്രിസഭ അംഗീകാരിക്കുന്നതോടെ വാള്‍മാര്‍ട്ട്, ടെസ്കോ, ക്യാരിഫോര്‍ തുടങ്ങിയ കുത്തകള്‍ക്ക് ഇന്ത്യയിലെ ചില്ലറവില്‍പ്പന വിപണിയിലേക്ക് പ്രവേശനമാകും. പത്തുലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലാകും വിദേശ ചില്ലറവില്‍പ്പന ശാലകള്‍ അനുവദിക്കുക. നഗരങ്ങളുടെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ എവിടെയും കടകള്‍ തുടങ്ങാന്‍ അനുമതിയുണ്ടാകും. രാജ്യത്ത് പത്തുലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള 51 നഗരങ്ങളുണ്ട്. സിംഗിള്‍ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ ചില്ലറവില്‍പ്പന രംഗത്ത് 51 ശതമാനം എഫ്ഡിഐ നൂറ് ശതമാനമാക്കാനും മന്ത്രിസഭകുറിപ്പ് നിര്‍ദേശിക്കുന്നു. ക്യാബിനറ്റ് സെക്രട്ടറി അജിത്കുമാര്‍ സേഠ് അധ്യക്ഷനായ സമിതി മുന്നോട്ടുവെച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വ്യവസായ മന്ത്രാലയം കുറിപ്പ് തയ്യാറാക്കിയത്. വ്യവസായ വകുപ്പിന് കീഴിലുള്ള വ്യവസായ നയപ്രോത്സാഹന വകുപ്പാണ് കുറിപ്പിന് അന്തിമരൂപം നല്‍കിയത്. ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കുമെന്ന് വ്യവസായ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

വിദേശനിക്ഷേപം അനുവദിക്കുന്നതോടെ രാജ്യത്ത് കാര്‍ഷികോല്‍പ്പനങ്ങളുടെ സ്വതന്ത്ര നീക്കത്തിന് അനുമതി നല്‍കേണ്ടി വരും. ഇതിനായി കാര്‍ഷികോല്‍പ്പന്ന വിപണന നിയമത്തില്‍ കാര്യമായ പരിഷ്ക്കാരങ്ങള്‍ക്ക് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇടതുപക്ഷ പാര്‍ടികളടക്കം വിവിധ രാഷ്ട്രീയപാര്‍ടികളുടെയും വ്യാപാരി സംഘടനകളുടെയും എതിര്‍പ്പുകള്‍ അവഗണിച്ചാണ് ചില്ലറവില്‍പ്പന രംഗത്തേക്ക് വിദേശകുത്തകകളെ സര്‍ക്കാര്‍ ക്ഷണിച്ചു കൊണ്ടുവരുന്നത്. അമേരിക്കയിലും യൂറോപ്പിലും അനുഭവപ്പെടുന്ന സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ്റ ഇന്ത്യയിലേക്ക് വ്യാപാരം വ്യാപിപ്പിക്കുന്നതിന് വാള്‍മാര്‍ട്ട് അടക്കമുള്ള കുത്തകകള്‍ ശ്രമം സജീവമാക്കിയത്. കോണ്‍ഗ്രസ് നേതൃത്വവുമായി കുത്തകകമ്പനി മേധാവികള്‍ പലവട്ടം നേരിട്ട് ചര്‍ച്ച നടത്തി. അമേരിക്കയും ഇന്ത്യന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. നിലവില്‍ രാജ്യത്തെ ചില്ലറവില്‍പ്പനയുടെ 90 ശതമാനവും ചെറുകിട വ്യാപാരികളാണ് നിയന്ത്രിക്കുന്നത്. കുത്തകകളുടെ വരവോടെ വ്യാപാരികളുടെ സ്ഥിതി പരുങ്ങലിലാകും.
(എം പ്രശാന്ത്)

deshabhimani 151111

1 comment:

  1. ചില്ലറവില്‍പ്പന വിപണിയില്‍ ബഹുരാഷ്ട്രകുത്തകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനുള്ള മന്ത്രിസഭാ കുറിപ്പിന് കേന്ദ്ര വ്യവസായ മന്ത്രാലയം രൂപംനല്‍കി. പ്രധാനമന്ത്രി കാര്യാലയത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും പരിഗണനയ്ക്കായി മന്ത്രിസഭാകുറിപ്പ് അയച്ചുകൊടുത്തു. ഈ മാസം തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുമ്പ് തീരുമാനമുണ്ടായേക്കും. ചില്ലറവില്‍പ്പന മേഖലയില്‍ തുടക്കത്തില്‍ 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം(എഫ്ഡിഐ) അനുവദിക്കാനാണ് നീക്കം.

    ReplyDelete