Monday, November 14, 2011

ഹൈക്കോടതി പരിസരത്തെ ജനകീയ കൂട്ടായ്മ

തീര്‍ത്തും അസാധാരണമായ ഒരു ജനകീയ കൂട്ടായ്മയ്ക്കാണ് തിങ്കളാഴ്ച സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. നാട്ടില്‍ നീതിയും നിയമവും പുലര്‍ന്നുകാണണമെന്ന് ആഗ്രഹിക്കുന്നവരാണ് ഹൈക്കോടതി പരിസരത്തും പാതയോരത്തും സമാധാനപരമായി, മുദ്രാവാക്യങ്ങളും പ്രഭാഷണങ്ങളുമില്ലാതെ കൂടിച്ചേരുക. കേരള ഹൈക്കോടതിയില്‍നിന്നുണ്ടായ അന്യായമായ സമീപനത്തെ രാജ്യത്തിന്റെ ഭരണഘടനയും ഉല്‍കൃഷ്ടമായ ദേശീയ പ്രസ്ഥാന പാരമ്പര്യവും ജനാധിപത്യതത്വങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ജനശ്രദ്ധയിലേക്ക് കൊണ്ടുവരിക എന്ന മഹത്തായ ദൗത്യമാണ് ഈ കൂടിച്ചേരലിലൂടെ നിര്‍വഹിക്കപ്പെടുന്നത്. സിപിഐ എം നേതാവ് എം വി ജയരാജന് കോടതിയലക്ഷ്യക്കേസില്‍ പരമാവധി ശിക്ഷ നല്‍കിയ ഹൈക്കോടതി വിധി നിയമവൃത്തങ്ങളില്‍ പരക്കെ ഭിന്നാഭിപ്രായവും പ്രതിഷേധവും ഉയര്‍ത്തിയ സാഹചര്യത്തിലാണ്, ആ വിധിയിലേക്ക് നയിച്ച മൂര്‍ത്തമായ പ്രശ്നങ്ങള്‍ ജനങ്ങളുടെ സജീവപരിഗണനയിലേക്ക് വരുന്നത്.

കഴിഞ്ഞവര്‍ഷം ജൂണ്‍ 26ന് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നടത്തിയ പൊതുയോഗത്തില്‍ പ്രസംഗിക്കവെ, പാതയോരത്ത് ജനങ്ങളുടെ കൂടിച്ചേരലുകള്‍ നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ ആനുഷംഗികമായി നടത്തിയ പദപ്രയോഗങ്ങളാണ് ആറുമാസം തടവും 2000 രൂപ പിഴയും എന്ന ഏറ്റവുംവലിയ ശിക്ഷവിധിച്ച് ജയരാജനെ ജയിലിലടയ്ക്കാന്‍ കോടതി കാരണമാക്കിയത്. ജുഡീഷ്യറിയെ ഗ്രസിച്ച അഴിമതിക്കും ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതിലെ അസാംഗത്യങ്ങള്‍ക്കുമെല്ലാമെതിരെ പ്രമുഖ നിയമജ്ഞര്‍തന്നെ ശബ്ദമുയര്‍ത്തുന്ന ഘട്ടമാണിത്. ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണമെന്ന ആവശ്യം അതിശക്തമായി രാജ്യത്തുയര്‍ന്നിട്ടുണ്ട്. ജനാധിപത്യത്തിന്റെ സാക്ഷാല്‍ക്കാരം നിലകൊള്ളുന്നത് ഇത്തരം വിഷയങ്ങളില്‍ തുറന്ന ചര്‍ച്ച നടക്കുന്നതിലൂടെയാണ്. ജനാധിപത്യാവകാശങ്ങളുടെ നിഷേധമുണ്ടായാല്‍ പ്രതിഷേധസ്വരം ഉയരുന്നത് സ്വാഭാവികമാണ്. ഇവിടെ ഹൈക്കോടതിയുടെ ഡിവിഷന്‍ബെഞ്ച് കോടതിയലക്ഷ്യനിയമം എന്ന ഖഡ്ഗം ഉപയോഗിച്ച് ജയരാജനെ ജയിലിലടച്ചത് അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്; അത് ഭരണഘടനയുടെതന്നെ അന്തഃസത്തയെ ഹനിക്കലാണ് എന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. അത്തരമൊരു പ്രശ്നം ജനങ്ങള്‍ക്കുമുമ്പാകെ വിശദീകരിക്കാനും അഭിപ്രായം രൂപീകരിക്കാനുമുള്ള കടമ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ട്. ആ ദൗത്യമാണ് ഹൈക്കോടതിക്ക് മുന്നില്‍ നടത്തുന്ന കൂട്ടായ്മയിലൂടെ സിപിഐ എം നിര്‍വഹിക്കുന്നത്. ജയരാജന്‍കേസില്‍ സമ്പൂര്‍ണനീതിനിഷേധമാണ് ഹൈക്കോടതിയില്‍നിന്നുണ്ടായത്. വിചാരണവേളയില്‍ സാക്ഷിയോട് "നിങ്ങള്‍ സിപിഐ എമ്മിനെ ഭയപ്പെടുന്നുണ്ടോ" എന്ന ചോദ്യമുയര്‍ത്തി വരാനിരിക്കുന്ന വിധിയുടെ സൂചന കോടതിതന്നെ നല്‍കി. നിയമം അനുശാസിക്കാത്ത വിധത്തില്‍ "കഠിനതടവാ"ണ് ആദ്യം വിധിച്ചത്. അത് പിന്നീട് തിരുത്തേണ്ടിവന്നു. ദീര്‍ഘകാലം നിയമനിര്‍മാണ സഭയില്‍ ജനപ്രതിനിധിയായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചയാളും നിയമബിരുദധാരിയും സംസ്ഥാനത്തെ ശ്രദ്ധേയ പൊതുപ്രവര്‍ത്തകനുമായ ജയരാജനെ പുഴു എന്നും മറ്റും വിശേഷിപ്പിച്ച് അധിക്ഷേപിച്ചു.

രാഷ്ട്രീയ പാര്‍ടികളെ അസത്ത് എന്നര്‍ഥം വരുന്ന പദപ്രയോഗത്താല്‍ വിശേഷിപ്പിച്ചു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ബോധിപ്പിച്ചിട്ടും ജയരാജന് ജാമ്യം നല്‍കാന്‍ വിസമ്മതിച്ചു. അപ്പോള്‍തന്നെ ജയിലിലേക്ക് കൊണ്ടുപോകാന്‍ ഉത്തരവിട്ടു. ഇങ്ങനെ തീര്‍ത്തും അസാധാരണമായ രീതിയിലുണ്ടായ കോടതി ഇടപെടല്‍ ഭരണഘടനയുടെ അടിസ്ഥാന നിലപാടുകളില്‍നിന്നുള്ള വ്യതിചലനമാണെന്ന് നിയമവൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സിപിഐ എമ്മിനെ നിതാന്തം വിമര്‍ശിക്കുന്ന നിയമജ്ഞര്‍പോലും ഇക്കാര്യത്തില്‍ കോടതിക്ക് തെറ്റുപറ്റിയെന്നും ജയരാജനോട് ചെയ്തത് അന്യായമാണെന്നും തുറന്നുപറയുന്ന നിലയുണ്ടായി. ഹൈക്കോടതി വിധിക്കെതിരെ പരമോന്നത കോടതിയില്‍ ജയരാജന്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. നിയമപരമായ പോരാട്ടം അതിലൂടെ നടക്കുന്നതിനൊപ്പം പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ ജനങ്ങളില്‍ ഈ പ്രശ്നത്തില്‍ വ്യക്തമായ അഭിപ്രായ രൂപീകരണം നടക്കേണ്ടതുമുണ്ട്. പ്രതിഷേധസമരം പ്രഖ്യാപിച്ച് സിപിഐ എം ചൂണ്ടിക്കാട്ടിയതുപോലെ, കോടതികള്‍ ഭരണഘടനയുടെ സൃഷ്ടിയാണ്; ഭരണഘടന ജനങ്ങളുടെ സൃഷ്ടിയാണ്. പരമാധികാരികളായ ജനങ്ങളാണ് ഭരണഘടനാഭ്രംശത്തെക്കുറിച്ച് അനിവാര്യമായും ചര്‍ച്ചചെയ്യേണ്ടത്. ജയരാജന്റെ ശിക്ഷ എന്ന ഒറ്റപ്രശ്നത്തിലൊതുങ്ങുന്നതല്ല ജനകീയക്കൂട്ടായ്മയുടെ ഹേതു. അത് ജനങ്ങളുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ളതാണ്. പാതയോരത്ത് പൊതുയോഗങ്ങളും ജാഥകളും മതപരവും ഇതര സാമൂഹ്യാവശ്യങ്ങളിലധിഷ്ഠിതവുമായ കൂടിച്ചേരലുകളും നടക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നാടിന് സ്വാതന്ത്ര്യം ലഭിക്കാന്‍ നടന്ന സമരങ്ങളുടെ പ്രധാനമുഖം ഇത്തരം കൂടിച്ചേരലുകളുടേതാണ്. ജനങ്ങള്‍ക്ക് സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ചറിയാനും രാഷ്ട്രീയപാര്‍ടികള്‍ക്ക് ജനങ്ങളെ അറിയിക്കാനുള്ളതുമായ സുപ്രധാനവേദിയാണ് പൊതുയോഗങ്ങള്‍ . അതൊന്നും പാടില്ല, നിരത്തുകള്‍ വാഹനഗതാഗതത്തിനുമാത്രമുള്ളതാണെന്ന് കല്‍പ്പിക്കുന്നത് ഇന്നാട്ടില്‍ ജനാധിപത്യസമ്പ്രദായം നിരോധിച്ചിരിക്കുന്നു എന്ന് വിധിക്കുന്നതിന് തുല്യമാണ്. കേരള ഹൈക്കോടതിയുടെ പാതയോരയോഗനിരോധനം അത്തരമൊരു കൈകടത്തലാണെന്ന വികാരത്തില്‍നിന്നാണ് ജയരാജന്റേതടക്കമുള്ള പ്രതികരണങ്ങളുണ്ടായത്. മൗലികാവകാശ നിഷേധത്തിനെതിരായ പ്രതികരണങ്ങളെ നിയമത്തിന്റെ കടുത്ത പ്രയോഗംകൊണ്ട് നേരിടാനുള്ള നീക്കമായി ജയരാജനെ കോടതിയലക്ഷ്യക്കേസില്‍പ്പെടുത്തി ജയിലിലടച്ചതിനെ വിശേഷിപ്പിച്ചാല്‍ തെറ്റില്ല.

നാട്ടില്‍ അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്നതും എക്സിക്യുട്ടീവിന്റെ കടന്നുകയറ്റം ചെറുത്ത് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതും ജുഡീഷ്യറിയാണ് എന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. മാതൃകാപരമായ സമീപനങ്ങളിലൂടെയും ഇടപെടലുകളിലൂടെയും അഭിമാനാര്‍ഹമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച അനുഭവസമ്പത്ത് ഇന്ത്യന്‍ ജുഡീഷ്യറിക്കുണ്ട്. അതിന്റെയെല്ലാം പശ്ചാത്തലത്തില്‍ , ജുഡീഷ്യറിയില്‍നിന്ന് നിയമനിഷേധത്തിന്റെ പ്രവണതകളുണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് വിമര്‍ശിക്കാതിരിക്കാനാവില്ല. ആ വിമര്‍ശം ജനാധിപത്യത്തിന്റെ ഉല്‍കൃഷ്ടമായ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ളതാണ്. അതുകൊണ്ടുതന്നെ തിങ്കളാഴ്ച ഹൈക്കോടതി പരിസരത്ത് രൂപപ്പെടുന്ന കൂട്ടായ്മയില്‍ ജനാധിപത്യത്തെ സ്നേഹിക്കുന്ന എല്ലാവരും അണിചേരേണ്ടതുണ്ട്.

deshabhimani editorial 141111

1 comment:

  1. തീര്‍ത്തും അസാധാരണമായ ഒരു ജനകീയ കൂട്ടായ്മയ്ക്കാണ് തിങ്കളാഴ്ച സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. നാട്ടില്‍ നീതിയും നിയമവും പുലര്‍ന്നുകാണണമെന്ന് ആഗ്രഹിക്കുന്നവരാണ് ഹൈക്കോടതി പരിസരത്തും പാതയോരത്തും സമാധാനപരമായി, മുദ്രാവാക്യങ്ങളും പ്രഭാഷണങ്ങളുമില്ലാതെ കൂടിച്ചേരുക. കേരള ഹൈക്കോടതിയില്‍നിന്നുണ്ടായ അന്യായമായ സമീപനത്തെ രാജ്യത്തിന്റെ ഭരണഘടനയും ഉല്‍കൃഷ്ടമായ ദേശീയ പ്രസ്ഥാന പാരമ്പര്യവും ജനാധിപത്യതത്വങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ജനശ്രദ്ധയിലേക്ക് കൊണ്ടുവരിക എന്ന മഹത്തായ ദൗത്യമാണ് ഈ കൂടിച്ചേരലിലൂടെ നിര്‍വഹിക്കപ്പെടുന്നത്. സിപിഐ എം നേതാവ് എം വി ജയരാജന് കോടതിയലക്ഷ്യക്കേസില്‍ പരമാവധി ശിക്ഷ നല്‍കിയ ഹൈക്കോടതി വിധി നിയമവൃത്തങ്ങളില്‍ പരക്കെ ഭിന്നാഭിപ്രായവും പ്രതിഷേധവും ഉയര്‍ത്തിയ സാഹചര്യത്തിലാണ്, ആ വിധിയിലേക്ക് നയിച്ച മൂര്‍ത്തമായ പ്രശ്നങ്ങള്‍ ജനങ്ങളുടെ സജീവപരിഗണനയിലേക്ക് വരുന്നത്.

    ReplyDelete