Monday, November 14, 2011

ഹൈക്കോടതിക്കു മുന്നില്‍ പതിനായിരങ്ങള്‍ പ്രതിഷേധിച്ചു


ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനതത്വങ്ങളില്‍ നിന്നു വ്യതിചലിച്ചുകൊണ്ടുള്ള വിധിക്കെതിരെ ഹൈക്കോടതിക്കു മുന്നില്‍ പതിനായിരങ്ങള്‍ പ്രതിഷേധിച്ചു. തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ രണ്ടുവരെയാണ് പ്രതിഷേധം നടത്തിയത്. ഉദ്ഘാടനമോ പ്രസംഗങ്ങളോ അഭിവാദ്യമോ ഗതാഗതതടസമോ ഇല്ലാതെ ഹൈക്കോടതിയുടെ പ്രവര്‍ത്തനം തടസപ്പെടുത്താതെ ജനകീയപ്രതിഷേധം ചരിത്രമായി. മുദ്രാവാക്യം മുഴക്കാതെ തികച്ചും സമാധാനപരമായി സന്ദേശം പ്ലക്കാര്‍ഡുകളില്‍ എഴുതി പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് പരിപാടിയില്‍ ബഹുജനങ്ങള്‍ അണിനിരന്നത്.

സ്ത്രീകളും യുവാക്കളും വിദ്യാര്‍ഥികളുമടങ്ങുന്ന ആയിരങ്ങളാണ് പ്രതിഷേധത്തിന്റെ പുതുമാതൃകയില്‍ അണിചേരാന്‍ എത്തിയത്. ഹൈക്കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടന്നു. വന്‍ പൊലീസ് സന്നാഹം വിന്യസിച്ചിരുന്നു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എം വി ജയരാജനെതിരായ കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെ ഹൈക്കോടതിക്കു മുന്നിലാണ് പ്രതിഷേധം നടക്കുന്നത്. വൈകീട്ട് അഞ്ച് മണിവരെ പ്രതിഷേധം തുടരും. മൗലികാവകാശ സംരക്ഷിക്കണമെന്ന് വ്യക്തമാക്കുന്ന പ്രതിഷേധസന്ദേശങ്ങള്‍ അടങ്ങുന്ന പ്ലക്കാര്‍ഡുകള്‍ പിടിച്ചാണ് പ്രതിഷേധം. ജയരാജനെ കോടതിയലക്ഷ്യക്കേസില്‍പ്പെടുത്തി പരമാവധി ശിക്ഷ നല്‍കിയാണ് ജയിലിലടച്ചത്. അപ്പീല്‍ സമര്‍പ്പിക്കാന്‍ ശിക്ഷ സസ്പെന്‍ഡ്ചെയ്യുന്ന കീഴ്വഴക്കംപോലും കോടതിയില്‍നിന്നുണ്ടായില്ല. ഇതുവഴി ഭരണഘടനയും നിയമവ്യവസ്ഥയും ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍പോലും ജയരാജനു നിഷേധിച്ചു.

ഇന്ദിരാഗാന്ധിക്കെതിരായ അലഹബാദ് കോടതിയുടെ വിധിയെ നേരിടാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോണ്‍ഗ്രസിന് അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ജനങ്ങളുടെ സമരത്തെ എതിര്‍ക്കാന്‍ അവകാശമില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബഹുജന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. പൗരാവകാശങ്ങളുടെ സംരക്ഷകരാകേണ്ട കോടതി അതു നിഷേധിക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രകമ്മിറ്റിയംഗം എം സി ജോസഫൈന്‍ പറഞ്ഞു. ജനാധിപത്യം നിഷേധിക്കുമ്പോള്‍ ജനങ്ങള്‍ക്ക് പ്രതികരിക്കേണ്ടതായി വരും. ജുഡീഷ്യറിയുടെ മേല്‍ കറുത്ത നിഴല്‍ പടരരുത്. പാതയോരയോഗ നിരോധനത്തിനെതിരെ ബഹുജനാവബോധം സൃഷ്ടിക്കാന്‍ സമരം കൊണ്ടു സാധിച്ചുവെന്ന് ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ഈ സമരത്തിന്റെ പ്രത്യേകത അതിന്റെ ബഹുജനപങ്കാളിത്തമാണ്. ഹൈക്കോടതിയില്‍ അപ്പീല്‍ പോകാനും വേണ്ടിവന്നാല്‍ നിയമനിര്‍മാണം നടത്താനും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കാന്‍ പ്രക്ഷോഭം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ സമൂഹം കൂട്ടായി നീങ്ങിയ കാലം മുതലുള്ള അവകാശത്തെയാണ് കോടതി നിഷേധിച്ചിട്ടുള്ളതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. മൗലികാവകാശ സംരക്ഷണത്തിന് വേണ്ടിയുള്ള ജനമനസിന്റെ സമരമാണ് ഹൈക്കോടതിക്കു മുന്നില്‍ പ്രകടമായത്. പി ശ്രീരാമകൃഷണന്‍ എംഎല്‍എ, ടി വി രാജേഷ് എംഎല്‍എ, പി കെ ബിജു എംപി തുടങ്ങിയ ജനപ്രതിനിധികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

deshabhimani news

1 comment:

  1. ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനതത്വങ്ങളില്‍ നിന്നു വ്യതിചലിച്ചുകൊണ്ടുള്ള വിധിക്കെതിരെ ഹൈക്കോടതിക്കു മുന്നില്‍ പതിനായിരങ്ങള്‍ പ്രതിഷേധിച്ചു. തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ രണ്ടുവരെയാണ് പ്രതിഷേധം നടത്തിയത്. ഉദ്ഘാടനമോ പ്രസംഗങ്ങളോ അഭിവാദ്യമോ ഗതാഗതതടസമോ ഇല്ലാതെ ഹൈക്കോടതിയുടെ പ്രവര്‍ത്തനം തടസപ്പെടുത്താതെ ജനകീയപ്രതിഷേധം ചരിത്രമായി. മുദ്രാവാക്യം മുഴക്കാതെ തികച്ചും സമാധാനപരമായി സന്ദേശം പ്ലക്കാര്‍ഡുകളില്‍ എഴുതി പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് പരിപാടിയില്‍ ബഹുജനങ്ങള്‍ അണിനിരന്നത്.

    ReplyDelete