Sunday, November 13, 2011

ക്രിസ്ത്യന്‍-മുസ്‌ലീം ദളിതര്‍ കേന്ദ്രത്തിനും കോണ്‍ഗ്രസിനുമെതിരെ

ക്രിസ്ത്യന്‍-മുസ്‌ലീം ദലിത് വിഭാഗങ്ങള്‍ കോണ്‍ഗ്രസിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ ശക്തമായി രംഗത്ത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ സംവരണം സംബന്ധിച്ച 1950ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവില്‍ ഭേതഗതി വരുത്തണമെന്നാണ് ആവശ്യം.

താഴ്ന്ന വിഭാഗത്തിലെ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ബുദ്ധമതക്കാര്‍ക്കും നിലവില്‍ സംവരാണാനുകൂല്യങ്ങളുണ്ട്. എന്നാല്‍ ദളിത് വിഭാഗത്തിലുള്ള മുസ്‌ലീംകള്‍ക്കും ക്രിസ്ത്യന്‍ വിഭാഗത്തിനും ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. 1950ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇതര വിഭാഗത്തിന് സംവരണാനുകൂല്യങ്ങള്‍ ലഭിക്കുന്നത്.
മതത്തിന്റെ പേരില്‍ ദളിതരായ ക്രിസ്ത്യന്‍ മുസ്‌ലീം വിഭാഗത്തെ സംവരണത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി നിര്‍ത്തിയിരിക്കുന്ന നടപടി ശരിയല്ലെന്ന്  സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ പറഞ്ഞു. സി പി ഐ ഈ ആവശ്യത്തെ പിന്തുണച്ചു വരുന്നതാണ്. മതത്തിന്റെ പേരില്‍ സംവരാണുകൂല്യങ്ങള്‍ നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല. ഹിന്ദു, സിഖ്, ബുദ്ധ മതവിഭാഗങ്ങള്‍ക്ക് സംവരാണനുകൂല്യം നല്‍കാമെങ്കില്‍ പിന്നെന്തുകൊണ്ടാണ് ഇതിന്റെ പരിധിയില്‍നിന്ന് ക്രിസ്ത്യന്‍, മുസ്‌ലീം വിഭാഗത്തെ ഒഴിവാക്കി നിര്‍ത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ ചര്‍ച്ചസ്, കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ, നാഷ്ണല്‍ കൗണ്‍സില്‍ ഫോര്‍ ദളിത് ക്രിസ്ത്യന്‍സ് എന്നിവയുടെ പ്രതിനിധികള്‍ ഈ ആവശ്യമുന്നയിച്ച് യു പി എ അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായും ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയുമായും അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ദളിത് ക്രിസ്ത്യാനികള്‍ക്ക് പട്ടിക ജാതി പദവി നല്‍കണമെന്ന ആവശ്യം കൂടിക്കാഴ്ചയില്‍ മതനേതാക്കള്‍ മുന്നോട്ടുവെച്ചു. ക്രിസ്ത്യന്‍ സഭക്കുള്ളില്‍ തന്നെ വിവേചനം നേരിടുന്ന ഈ വിഭാഗത്തെ കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ നിലപാട് കൂടിക്കാഴ്ചയില്‍ ചോദ്യം ചെയ്യപ്പെട്ടു. ദളിത് ക്രിസ്ത്യാനികളോടുള്ള കോണ്‍ഗ്രസിന്റെ അവഗണനയില്‍ നേതാക്കള്‍ കടുത്ത രോഷമാണ് പ്രകടിപ്പിച്ചത്. വാഗ്ദാനങ്ങളില്‍ മാത്രമൊതുങ്ങുന്നതാണ് കോണ്‍ഗ്രസിന്റെ ദളിത് നിലപാടെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ക്രിസ്തു മതത്തിലേയ്ക്ക് മാറിയ ദളിതര്‍ക്ക് അവരുടെ സംവരണ പദവി നിഷേധിക്കുന്ന നിലപാട് സര്‍ക്കാര്‍ തുടര്‍ന്നാല്‍ അതിനെതിരെ സമാധാനപരമായ സമരങ്ങളിലേയ്ക്ക് നീങ്ങുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

സംവരണം ദളിത് ക്രിസ്ത്യാനികള്‍ക്ക് നിഷേധിച്ചത് ചോദ്യം ചെയ്ത് 2004ല്‍ ഫ്രങ്ക്‌ളിന്‍ സീസര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്തതും നേതാക്കള്‍ ചൂണ്ടിക്കാട്ടി. 2008 ജനുവരിയില്‍ കോടതി കേസ് പരിഗണിച്ചപ്പോള്‍ രണ്ടു മാസത്തിനുള്ളില്‍ നിലപാട് അറിയിക്കാമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇനിയും ഇക്കാര്യത്തില്‍ കോടതിയോട് പ്രതികരിച്ചിട്ടില്ല.  ഈ വിഷയത്തില്‍ സര്‍ക്കാര്‍ പഠനങ്ങളും ഗവേഷണങ്ങളും നടത്തി സംവരണം മതത്തിന്റെ അടിസ്ഥാനത്തിലാകരുതെന്ന് കണ്ടെത്തിയിട്ടും അക്കാര്യം കോടതിയെ അറിയിക്കാന്‍ തയ്യാറാകാതെ ഇത് സംബന്ധിച്ച് തീരുമാനം വൈകിപ്പിക്കുന്നതിലെ വിയോജിപ്പ് നേതാക്കള്‍ ശക്തമായി തന്നെ സോണിയക്ക് മുന്നില്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ നിയോഗിച്ച രംഗനാഥ് മിശ്ര കമ്മീഷന്‍ ദളിത് പദവിക്ക് മതം അടിസ്ഥാനമാക്കരുതെന്ന് സര്‍ക്കാരിനോട് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. 1.7 കോടിയാണ് ഇന്ത്യയിലെ ക്രിസ്ത്യന്‍ ദളിത് വിഭാഗം. ഇതിനിടെ ദലിത് മുസ്‌ലീംങ്ങളും ഇതേ ആവശ്യവുമായി ശക്തമായി രംഗത്തെത്തി. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഈ വിഷയത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ ഉത്തര്‍ പ്രദേശില്‍ വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ അണ്ണാ ഹസാരെ മോഡലില്‍ പ്രചരണം നടത്തുമെന്ന് മുസ്‌ലീം റിസര്‍വേഷന്‍ മൂവ്‌മെന്റ് മുന്നറിയിപ്പ് നല്‍കി. മുസ്‌ലീം ദളിതര്‍ക്ക് മറ്റ് വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന സംവരണാനുകൂല്യങ്ങള്‍ ലഭ്യമാകാന്‍ പ്രസിഡന്‍ഷ്യല്‍ ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. നിലവിലെ 27 ശതമാനം പിന്നോക്ക ക്വാട്ടയില്‍ ഒമ്പത് ശതമാനം സംവരണം പിന്നോക്ക മുസ്‌ലീംകള്‍ക്ക് നല്‍കണമെന്നും സംഘടന ആവശ്യപ്പെടുന്നു. മുസ്‌ലീം ഇമാമുമാരും മറ്റും ഉള്‍പ്പെട്ടതാണ് മുസ്‌ലീം റിസര്‍വേഷന്‍ മൂവ്‌മെന്റ്. മുസ്‌ലീം-ക്രിസ്ത്യന്‍ ദളിത് വിഭാഗങ്ങളുടെ ശക്തമായ നിലപാട് യു പി എ സര്‍ക്കാരിനെയും വെട്ടിലാക്കി.

റെജി കുര്യന്‍ janayugom 131111

1 comment:

  1. ക്രിസ്ത്യന്‍-മുസ്‌ലീം ദലിത് വിഭാഗങ്ങള്‍ കോണ്‍ഗ്രസിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ ശക്തമായി രംഗത്ത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ സംവരണം സംബന്ധിച്ച 1950ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവില്‍ ഭേതഗതി വരുത്തണമെന്നാണ് ആവശ്യം.

    ReplyDelete