Tuesday, November 15, 2011

മെഡിക്കല്‍ കോളജിലെ കാന്‍സര്‍രോഗ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാന്‍സര്‍ രോഗ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ ജില്ലകളില്‍ നിന്നായി ദിനംപ്രതി നൂറുകണക്കിന് നിര്‍ദ്ധനരായ കാന്‍സര്‍ രോഗികളാണ് ഇവിടെ ചികിത്സക്കെത്തുന്നത്. രോഗികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകുന്നില്ലെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.

നിര്‍ധനരായ രോഗികള്‍ക്ക് റേഡിയോ തെറാപ്പി നല്‍കുന്നതിനായി സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങളാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്. ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ചികിത്സാ ഉപകരണങ്ങളാണ് ഇവിടെ ഇതിനായി സ്ഥാപിച്ചത്.  ഇതിന്റെ പ്രയോജനം രോഗികള്‍ക്ക് ലഭിക്കാറില്ല.

റേഡിയോളജി വിഭാഗത്തില്‍ റേഡിയേഷന്‍ ചികിത്സക്കായി 79 ലക്ഷം രൂപ ചെലവില്‍ പുതിയ മെഷീന്‍ സ്ഥാപിച്ചിട്ട് രണ്ട് വര്‍ഷം പോലും ആയിട്ടില്ല. ഇതില്‍ ഒരെണ്ണത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിട്ട് രണ്ട് മാസമായി. ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും നാളിതുവരെ പരിഹാരമായിട്ടില്ല. മെഷീനൂകളുടെ വാര്‍ഷിക മെയിന്റനന്‍സ് കരാര്‍ കൃത്യസമയത്ത് പുതുക്കാത്തതാണ് യന്ത്രത്തിന്റെ തകരാര്‍ തീര്‍ക്കാന്‍ കഴിയാത്തതെന്ന് കമ്പനി അധികൃതര്‍ പറയന്നു. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മെഷീനും പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിക്കുന്നില്ല. ഒരു മെഷീന്‍ പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിച്ചാല്‍ ഒരു ദിവസം 28 രോഗികള്‍ക്കുവരെ റേഡിയേഷന്‍  ചികിത്സ നല്‍കാന്‍ കഴിയും. എന്നാല്‍ ഇപ്പോള്‍ പരമാവധി 12 രോഗികള്‍ക്ക് മാത്രമാണ് ചികിത്സ ലഭിക്കുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് ചികിത്സാ തിയതി നിശ്ചയിച്ച രോഗികളാണ് റേഡിയോ തെറാപ്പിക്കായിഇവിടെ എത്തുന്നത്. ഇവരില്‍ അന്യ ജില്ലകളില്‍ നിന്നും രോഗികള്‍ ഉള്‍പ്പടെ പലര്‍ക്കും ചികിത്സാ കിട്ടാതെ മടങ്ങുന്നത് പതിവാണ്. ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള ചികിത്സാ ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കാണ്. യന്ത്രങ്ങളുടെ വാര്‍ഷിക മെയിന്റനന്‍സ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ആശുപത്രി സൂപ്രണ്ടിന് വിവരം നല്‍കേണ്ട ചുമതലയും ഇവര്‍ക്കാണ് .

ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന കാന്‍സര്‍ രോഗികള്‍ക്ക് ആവശ്യമായ മരുന്നുകളും ലഭിക്കുന്നില്ല. കാന്‍സര്‍ ചികിത്സക്കായി ഉപയോഗിക്കുന്ന അത്യാവശ്യ മരുന്നുകള്‍ വാങ്ങുന്നതിന് ആവശ്യത്തിലധികം ഫണ്ടുകള്‍ ലഭ്യമാണ്. ഇത് കൂടാതെ വിവിധ കമ്പനികള്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സി—ബിലിറ്റിയുടെ ഭാഗമായും വന്‍തുക സംഭാവനകള്‍ നല്‍കാറുണ്ട്. ഇതൊന്നും വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.

ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ന്യായവില മെഡിക്കല്‍ സ്റ്റോറുകളില്‍ കാന്‍സര്‍ ചികിത്സക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമല്ലാത്തതും രോഗികളെ ഏറെ വലയ്ക്കുന്നു. ആശുപത്രിയില്‍ രോഗികള്‍ക്ക് കുറിച്ച് നല്‍കുന്ന മരുന്നുകള്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ ന്യായവില മെഡിക്കല്‍ സ്റ്റോര്‍ അധികൃതരെ അറിയിക്കണമെന്നാണ് ആശുപത്രി വികസന സമിതിയിലെ ധാരണ. ഇതും നടപ്പാക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറല്ല.

റേഡിയോളജി വിഭാഗത്തിലെ ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചതും രോഗികളെ ഏറെ വലയ്ക്കുന്നു. കീമോതെറാപ്പിക്കായി എത്തുന്ന രോഗികള്‍ കാല്‍നടയായി അത്യാഹിത വിഭാഗത്തില്‍ എത്തിയാല്‍ മാത്രമേ പരിശോധനാ മുറിയില്‍ എത്താന്‍ കഴിയു. അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ എല്ലായ്‌പ്പോഴും തിരക്ക് കൂടുതലാണ്. ഇത് കാരണം അത്യാസന്ന നിലയിലെത്തുന്ന രോഗികള്‍ പരിശോധനാ മുറിയിലെത്താന്‍  മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്. വാര്‍ഡുകളിലെ ജീവനക്കാരുടെ കുറവും രോഗികളെ വലയ്ക്കുന്നു. ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവനക്കാരെ നിയമിക്കാന്‍ ആരോഗ്യ കേരളം പദ്ധതിയില്‍ വേണ്ടുവോളം ഫണ്ട് ലഭ്യമാണ്. എന്നാല്‍ ഇതൊന്നും ഉപയോഗിക്കപ്പെടുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

janayugom 141111

1 comment:

  1. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാന്‍സര്‍ രോഗ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ ജില്ലകളില്‍ നിന്നായി ദിനംപ്രതി നൂറുകണക്കിന് നിര്‍ദ്ധനരായ കാന്‍സര്‍ രോഗികളാണ് ഇവിടെ ചികിത്സക്കെത്തുന്നത്. രോഗികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകുന്നില്ലെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.

    ReplyDelete