Saturday, November 5, 2011
കയ്യിലിരിപ്പിന്റെ ഫലം
റാഞ്ചി: ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം നഷ്ടമായത് കയ്യിലിരിപ്പുകൊണ്ട്. ഹരിയാനയുടെ നേട്ടത്തിനു പിന്നില്‍ മരുന്നടിയും പ്രായപരിധി ലംഘനവുമൊക്കെ ഉന്നയിക്കുമ്പോഴും കേരളം സ്വന്തം ഉത്തരവാദിതം നിര്‍വഹിച്ചോ എന്ന ആത്മവിമര്‍ശനത്തിനുള്ള സമയമാണിനി. ട്രാക്കില്‍ കേരളത്തിന്റെ പരമ്പരാഗത ഇനങ്ങളില്‍ തിരിച്ചടിയുണ്ടായി. ടീം തെരഞ്ഞെടുപ്പിലെ അപാകത മുതല്‍ പരിശീലനത്തിലെ പാളിച്ച വരെ തിരിച്ചടിക്ക് കാരണമാണ്. സ്കൂള്‍ മീറ്റ് മാത്രം മുന്നില്‍കണ്ട് അത്ലീറ്റുകളെ പരിശീലിപ്പിക്കുന്ന കോതമംഗലത്തെ സ്കൂളുകളുടെ സമീപനം കേരളത്തിനേറ്റ തിരച്ചടിയില്‍ ഒരു കാരണമാണ്. സര്‍ക്കാരിന്റെ സഹായം പറ്റുന്ന ഈ സ്കൂളുകള്‍ക്ക് കേരളത്തിന്റെ കൊടിക്കീഴില്‍ മത്സരിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. മെഡല്‍ ഉറപ്പായിരുന്ന അഞ്ച് അത്ലീറ്റുകളെയെങ്കിലും സ്കൂള്‍ മീറ്റിന്റെ വരവ് പ്രമാണിച്ച് സെന്റ്ജോര്‍ജ് സ്കൂള്‍ സംസ്ഥാന ടീമിലേക്ക് വിട്ടില്ല. മാര്‍ ബേസിലിലേയും എം എ കോളേജിലേയും മുഴുവന്‍ അത്ലീറ്റുകളും റാഞ്ചിയിലെത്തിയതുമില്ല. നാലു സ്വര്‍ണം വ്യത്യാസത്തിനാണ് കേരളത്തിന് ഓവറോള്‍ കിരീടം നഷ്ടപ്പെട്ടതെന്നറിയുമ്പോഴേ കോതമംഗലം ടീമുകളുടെ സ്വാര്‍ഥത മൂലം സംസ്ഥാനത്തിനുണ്ടായ നഷ്ടവും നാണക്കേടും എത്ര വലുതാണെന്ന് വ്യക്തമാവൂ.
പരിശീലന ക്യാമ്പ് നടത്താതെ കുട്ടികളെ ട്രെയിനില്‍ കുത്തിനിറച്ച് ദേശീയ മീറ്റിനയച്ച അത്ലറ്റിക് അസോസിയേഷനും കുറ്റക്കാരാണ്. റിലേയില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രം പേരിന് രണ്ടു ദിവസത്തെ ക്യാമ്പ് നടത്തി. പരിശീലനക്കുറവ് റിലേയില്‍ മെഡല്‍ നഷ്ടപ്പെടാന്‍ കാരണമായി. അത്ലീറ്റുകള്‍ ഉറങ്ങാതെ ട്രെയിനില്‍ യാത്ര ചെയ്തതിന്റെ ഉത്തരവാദിത്തം സ്പോര്‍ട്സ് കൗണ്‍സിലിനും അത്ലറ്റിക് അസോസിയേഷനുമുണ്ട്. യാത്രാചെലവിന് പണം നല്‍കാന്‍ തുടക്കത്തില്‍ കൗണ്‍സില്‍ തയ്യാറായില്ല. കുട്ടികളുടെ യാത്രാ ദുരിതം മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോഴാണ് പണം നല്‍കിയത്. ടിക്കറ്റ് ശരിയാക്കാനുള്ള ജാഗ്രത അസോസിഷേന്റെ ഭാഗത്തുനിന്ന് ഉണ്ടായതുമില്ല. സ്പ്രിന്റിലും 400 മീറ്ററിലും ഹര്‍ഡില്‍സിലുമൊക്കെ കേരളം പിന്തള്ളപ്പെട്ടു. ഈ ഇനങ്ങളിലെല്ലാം മറ്റ് സംസ്ഥാനങ്ങള്‍ കയറിവരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിലും പരിശീലന മികവിലും മറ്റ് സംസ്ഥാനങ്ങള്‍ മുന്നേറുന്നത് ഇനിയും കാണാതിരുന്നാല്‍ കേരളം അത്ലറ്റിക്സില്‍ പൂര്‍ണമായും പിന്തള്ളപ്പെടുകയാവും ഫലം.
വിജയത്തിലും ഹരിയാന വിവാദത്തില്‍
കിരീടം നേടിയെങ്കിലും വിവാദങ്ങളുടെ നാണക്കേടുമായാണ് ഹരിയാന മടങ്ങുന്നത്. വരാനിരിക്കുന്ന അച്ചടക്കനടപടി വേറെയും. പ്രായപരിധി ലംഘിച്ച് മത്സരങ്ങളില്‍ പങ്കെടുത്തെന്നു മാത്രമല്ല, ഉത്തേജകമരുന്ന് ഉപയോഗിച്ചതായും പരാതിയുണ്ട്. 84 ആണ്‍കുട്ടികളടക്കം 127 അത്ലീറ്റുകളെയാണ് ഹരിയാന ട്രാക്കിലിറക്കിയത്. ബിര്‍സ മുണ്ട സ്റ്റേഡിയത്തിലെ താമസസ്ഥലത്ത് വ്യാപക നാശമാണ് ഹരിയാന ടീം അംഗങ്ങളുണ്ടാക്കിയത്. മുറിയിലെ ഫാനും കട്ടിലും കണ്ണാടികളും അടിച്ചുതകര്‍ത്തു. കുളിമുറിയിലെ ക്ലോസറ്റും പൈപ്പുകളും നശിപ്പിച്ചു. ആന കരിമ്പിന്‍തോട്ടത്തില്‍ കയറിയപോലെയാണ് പല മുറികളുടെയും അവസ്ഥ. ഏകദേശം 2.63 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇവരുടെ മുറിയില്‍നിന്ന് കെട്ടുകണക്കിന് സിറിഞ്ചുകള്‍ കണ്ടെത്തി. അത്ലീറ്റുകളുടെ ബാഗില്‍നിന്ന് മരുന്നടിയുടെ വിശദാംശങ്ങളും സംഘാടകര്‍ക്കു കിട്ടി. എന്നാല്‍ , ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ സാന്നിധ്യമോ പരിശോധനയോ ഇല്ലാത്തത് മരുന്നടിക്കാര്‍ക്ക് അനുഗ്രഹമായി. വനിതാ അത്ലീറ്റുകളോടും വനിതാ പൊലീസിനോടും മോശമായി പെരുമാറിയെന്നും പരാതിയുണ്ട്.
കാര്യങ്ങള്‍ കൈവിട്ടുതുടങ്ങിയതോടെ വെള്ളിയാഴ്ച രാവിലെ മാനേജര്‍മാരുടെ അടിയന്തര യോഗം ചേര്‍ന്നു. യോഗത്തില്‍ മറ്റു സംസ്ഥാനങ്ങളിലെ മാനേജര്‍മാരും സംഘാടകരും രൂക്ഷമായാണ് പ്രതികരിച്ചത്. ഹരിയാനക്കെതിരെ നടപടിയെടുക്കണമെന്ന് അവര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ഹരിയാന ടീം അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടെന്നു തീരുമാനിച്ചത്. തല്‍ക്കാലം ഓവറോള്‍ കിരീടം നല്‍കാനും ടീമിനെ വിലക്കാന്‍ ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് റിപ്പോര്‍ട്ട് നല്‍കാനും തീരുമാനിച്ചു. ഈ പെരുമാറ്റരീതിയും അച്ചടക്കലംഘനവും അംഗീകരിക്കാനാവില്ലെന്ന് അത്ലറ്റിക് ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറിയും ജാര്‍ഖണ്ഡ് അത്ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റുമായ എം കെ പഥക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിരവധി തവണ താക്കീത് നല്‍കിയതാണ.് അത്ലീറ്റുകള്‍ അതിക്രമം കാണിക്കുമ്പോള്‍ ടീം മാനേജര്‍ ഹോട്ടല്‍ മുറിയിലായിരുന്നു. ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് അത്ലറ്റിക് ഫെഡറേഷന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
deshabhimani 051111
Subscribe to:
Post Comments (Atom)
ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം നഷ്ടമായത് കയ്യിലിരിപ്പുകൊണ്ട്. ഹരിയാനയുടെ നേട്ടത്തിനു പിന്നില്‍ മരുന്നടിയും പ്രായപരിധി ലംഘനവുമൊക്കെ ഉന്നയിക്കുമ്പോഴും കേരളം സ്വന്തം ഉത്തരവാദിതം നിര്‍വഹിച്ചോ എന്ന ആത്മവിമര്‍ശനത്തിനുള്ള സമയമാണിനി.
ReplyDelete