Saturday, November 5, 2011

ഗ്രീസില്‍ ഹിതപരിശോധന ഉപേക്ഷിച്ചു; അനിശ്ചിതത്വം തുടരുന്നു

നിലനില്‍പിന് ഭീഷണി നേരിടുന്ന ഗ്രീക്ക് മന്ത്രിസഭ യൂറോ പദ്ധതിയിന്മേലുള്ള ഹിതപരിശോധന ഉപേക്ഷിച്ചു. മന്ത്രിസഭാംഗങ്ങളില്‍ നിന്നുതന്നെ ഉയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി പപന്‍ഡ്രുവിന്റെ നടപടി. അതേസമയം, പാര്‍ലമെന്റില്‍ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുവാന്‍ ഗവണ്‍മെന്റിനു കഴിയുമോയെന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. രണ്ടംഗങ്ങളുടെ ഭൂരിപക്ഷം മാത്രമേ ഗവണ്‍മെന്റിനുള്ളൂ. ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടി (പസോക്)യിലെ ഏതാനും അംഗങ്ങള്‍ ഗവണ്‍മെന്റിനെതിരെ തിരിഞ്ഞിട്ടുണ്ട്.

ഒരു കൂട്ടുകക്ഷി ഗവണ്‍മെന്റ് രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ പ്രധാനമന്ത്രി പാപന്‍ഡ്രു ആരംഭിച്ചിട്ടുണ്ട്. പ്രധാന പ്രതിപക്ഷമായ ന്യൂ ഡെമോക്രസി പാര്‍ട്ടിയുമായി ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ പ്രധാനമന്ത്രി പപന്‍ഡ്രു നടത്തി. ന്യൂ ഡെമോക്രസി പാര്‍ട്ടിയുമായുണ്ടാക്കിയ ധാരണയെ തുടര്‍ന്നാണ് ഹിതപരിശോധന സര്‍ക്കാര്‍ ഉപേക്ഷിച്ചത്.

ഹിതപരിശോധന ആത്യന്തികമായ ലക്ഷ്യമായിരുന്നില്ലെന്ന് പ്രധാനമന്ത്രി പപന്‍ഡ്രു പറഞ്ഞു. ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പിലേക്ക് പോകുന്നത് രാജ്യത്തെ കൂടുതല്‍ പാപ്പരാക്കുമെന്നും പാര്‍ലമെന്റില്‍ സമന്വയമാണ് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കടത്തിന്റെ പ്രതിസന്ധിയെ നേരിടുന്ന ഗ്രീസിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി യൂറോപ്യന്‍ യൂണിയന്‍ ആവിഷ്‌ക്കരിച്ച പദ്ധതിയോട് രൂക്ഷമായ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഹിതപരിശോധനയ്ക്ക് ഗവണ്‍മെന്റ് മുതിര്‍ന്നത്. ഗ്രീസിന്റെ കടത്തിന്റെ പകുതി എഴുതിതള്ളുന്നതും 17,800 കോടി ഡോളറിന്റെ ധനസഹായം നല്‍കുന്നതുമായിരുന്നു പദ്ധതി. എന്നാല്‍ ചെലവുകള്‍ വെട്ടിച്ചുരുക്കുന്നതുള്‍പ്പടെയുള്ള കടുത്ത നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് ഇത് പ്രഖ്യാപിച്ചിരുന്നത്. ഗ്രീസിന്റെ പരമാധികാരത്തെ ഹനിക്കുന്നതാണ് യൂറോ പദ്ധതിയെന്ന വിമര്‍ശനമുയര്‍ന്നു.

ഹിതപരിശോധനയ്ക്ക് മുതിര്‍ന്ന പ്രധാനമന്ത്രി പപന്‍ഡ്രുവിന്റെ നടപടി യൂറോപ്യന്‍ യൂണിയന്റെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. ഹിതപരിശോധന പിന്‍വലിക്കാന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചലാമെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് നിക്കലൊക്‌സാര്‍കോസിയും പപന്‍ഡ്രുവിന്റെമേല്‍ സമ്മര്‍ദം ചെലുത്തി. ഹിതപരിശോധന കഴിയുംവരെ ആദ്യഗഡു സഹായമായി നല്‍കാമെന്നേറ്റിരുന്ന 1100 കോടി ഡോളര്‍ നല്‍കില്ലെന്നും അവര്‍ വ്യക്തമാക്കി. ഡിസംബര്‍ ആദ്യവാരത്തോടെ ഖജനാവ് കാലിയാകുന്ന ഗ്രീക്ക് ഗവണ്‍മെന്റിന് മറ്റ് മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാതെയായി.

നിലവിലുള്ള വ്യവസ്ഥിതിയെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ബൂര്‍ഷ്വാ രാഷ്ട്രീയ നേതാക്കള്‍ ദേശീയ പുനരനുരഞ്ജനത്തെക്കുറിച്ച് പറയുന്നതെന്ന് ഗ്രീക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കുറ്റപ്പെടുത്തി. ജനരോഷത്തെ ശമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഗവണ്‍മെന്റ് ഹിതപരിശോധനയ്ക്ക് മുതിര്‍ന്നത്. നിലവിലുള്ള വ്യവസ്ഥിതി തകര്‍ത്തെറിഞ്ഞുകൊണ്ട് രാജ്യത്തിന്റെ സമ്പത്തിന്റെ നിയന്ത്രണം പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരുകയെന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്. ഈ ആവശ്യമുന്നയിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ജനകീയ പ്രക്ഷോഭത്തില്‍ ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേയും മുഖ്യപ്രതിപക്ഷ ന്യൂഡെമോക്രസി പാര്‍ട്ടിയിലേയും അണികള്‍ പങ്കുചേരുന്നുണ്ടെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ഗ്രീക്ക് പാര്‍ലമെന്റിലെ മൂന്നാമത്തെ വലിയ കക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 21 അംഗങ്ങളുണ്ട്.

janayugom 051111

1 comment:

  1. നിലനില്‍പിന് ഭീഷണി നേരിടുന്ന ഗ്രീക്ക് മന്ത്രിസഭ യൂറോ പദ്ധതിയിന്മേലുള്ള ഹിതപരിശോധന ഉപേക്ഷിച്ചു. മന്ത്രിസഭാംഗങ്ങളില്‍ നിന്നുതന്നെ ഉയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി പപന്‍ഡ്രുവിന്റെ നടപടി. അതേസമയം, പാര്‍ലമെന്റില്‍ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുവാന്‍ ഗവണ്‍മെന്റിനു കഴിയുമോയെന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. രണ്ടംഗങ്ങളുടെ ഭൂരിപക്ഷം മാത്രമേ ഗവണ്‍മെന്റിനുള്ളൂ. ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടി (പസോക്)യിലെ ഏതാനും അംഗങ്ങള്‍ ഗവണ്‍മെന്റിനെതിരെ തിരിഞ്ഞിട്ടുണ്ട്.

    ReplyDelete