Tuesday, November 15, 2011

എക്‌സൈസ് മന്ത്രിയുടെ നിലപാട് വിദേശ മദ്യലോബിയെ സഹായിക്കാന്‍

ബാറുകളുടെ പ്രവര്‍ത്തന കാലാവധി ഒരു വര്‍ഷത്തില്‍ നിന്നു മൂന്നു വര്‍ഷമായി നീട്ടിക്കൊടുക്കുമെന്ന എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ  കോട്ടയം പ്രസ്താവന നഗ്‌നമായ അഴിമതിക്ക് അരങ്ങൊരുക്കലാണെന്ന് ആക്ഷേപമുയര്‍ന്നു.നിലവില്‍ യു ഡി എഫ് സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച് ഭരണകക്ഷിക്കകത്തുതന്നെ മുറുമുറുപ്പും പുറത്ത് പരക്കെ ആക്ഷേപവും നിലനില്‍ക്കുന്നതിനിടെയാണ് എക്‌സൈസ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം.

ബാര്‍ ലൈസന്‍സിന്റെ കാലാവധി നിലവിലുള്ള ഒരു വര്‍ഷം എന്നത് മൂന്നു വര്‍ഷമായി ഉയര്‍ത്തുമെന്നാണ് മന്ത്രി കെ ബാബു, എക്‌സൈസ് കലാ-കായിക മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കവെ കോട്ടയത്ത് പറഞ്ഞത്.യു ഡി എഫ് സര്‍ക്കാരിന്റെ മദ്യനയത്തെ പരസ്യമായി ആക്രമിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്റെ തിരുവനന്തപുരം പ്രസംഗത്തിന്റെ മുഖത്ത് ഒരടികൂടിയായി എക്‌സൈസ് മന്ത്രിയുടെ പ്രഖ്യാപനം.

അബ്കാരി രംഗത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇപ്പോള്‍ തന്നെ ധാരാളം അഭിപ്രായവ്യത്യാസങ്ങളും വിമര്‍ശനങ്ങളും വി എം സുധീരനെപ്പോലെയുള്ള യു ഡി എഫ് നേതാക്കള്‍ക്കുണ്ട്. പുതുതായി അനുവദിച്ച 21 ബാറുകള്‍ക്ക് എങ്ങനെ നക്ഷത്രപദവി ലഭിച്ചു എന്നത്, നിലവില്‍ സി ബി ഐ നടത്തുന്ന അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് സുധീരന്‍ ആവശ്യപ്പെട്ടത്. നിലവിലെ മദ്യനയം യു ഡി എഫിന്റെ പ്രഖ്യാപിത നയത്തിന് അനുകൂലമല്ല എന്ന തന്റെ വിമര്‍ശനം, മന്ത്രിയുടെ കോട്ടയം പ്രസ്താവനയോടുള്ള പ്രതികരണമായി വിഎം സുധീരന്‍ ആവര്‍ത്തിക്കുകയും ചെയ്തു.

മാര്‍ച്ച് 31 നു മുമ്പായി 100 ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കാന്‍ മദ്യലോബി തകൃതിയായി ഉപശാലകളില്‍ തന്ത്രം മെനയുന്നതിനിടയില്‍ മന്ത്രിയുടെ പ്രസ്താവന അവരുടെ നീക്കങ്ങള്‍ക്ക് ചുവപ്പു പരവതാനി വിരിക്കലായി അബ്കാരി മേഖലയില്‍ വിവക്ഷിക്കപ്പെടുന്നു. മാത്രമല്ല, ജൂലൈ 26 ന് എക്‌സൈസ് മന്ത്രി പുറത്തിറക്കിയ മദ്യനയത്തിലെ മദ്യവ്യവസായത്തെ ഒരു വരുമാനസ്രോതസ്സായി കാണാനോ, എക്‌സൈസ് വകുപ്പിനെ വെറുമൊരു റഗുലേറ്റര്‍ സംവിധാനം എന്ന പരമ്പരാഗത ശൈലിയില്‍ മുന്നോട്ടുകൊണ്ടുപോകാനോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്ന വീണ്‍വാക്കിന്റെ മേനിയില്‍ മന്ത്രി തന്നെ ചെളി തെറിപ്പിച്ചതുമായി.

ഇപ്പോള്‍ തന്നെ തകര്‍ച്ചയിലേക്കു നീങ്ങുന്ന കള്ളു വ്യവസായത്തെ പൂര്‍ണ്ണമായി നശിപ്പിക്കാനുള്ള എക്‌സൈസ് മന്ത്രിയുടെ ഗൂഢനീക്കത്തിന്റെ പ്രതിഫലനമാണ് കോട്ടയത്തെ പ്രസംഗത്തിലുള്ളതെന്ന് കേരള മദ്യവ്യവസായ തൊഴിലാളി ഫെഡറേഷന്‍ (എ ഐ ടി യു സി) പ്രസിഡന്റ് പി രാജു പറഞ്ഞു. വിദേശ മദ്യലോബിയോട് അതീവ വിധേയത്വമുള്ള മന്ത്രിക്ക് പരമ്പരാഗത മദ്യ വ്യവസായത്തോട് പുച്ഛമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബേബി ആലുവ ജനയുഗം 141111

1 comment:

  1. ബാറുകളുടെ പ്രവര്‍ത്തന കാലാവധി ഒരു വര്‍ഷത്തില്‍ നിന്നു മൂന്നു വര്‍ഷമായി നീട്ടിക്കൊടുക്കുമെന്ന എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ കോട്ടയം പ്രസ്താവന നഗ്‌നമായ അഴിമതിക്ക് അരങ്ങൊരുക്കലാണെന്ന് ആക്ഷേപമുയര്‍ന്നു.നിലവില്‍ യു ഡി എഫ് സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച് ഭരണകക്ഷിക്കകത്തുതന്നെ മുറുമുറുപ്പും പുറത്ത് പരക്കെ ആക്ഷേപവും നിലനില്‍ക്കുന്നതിനിടെയാണ് എക്‌സൈസ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം

    ReplyDelete