Monday, November 14, 2011

വാഴ കര്‍ഷകര്‍ പെരുവഴിയില്‍ കേന്ദ്രനയങ്ങള്‍ വിനയായി

പ്രതീക്ഷയോടെ വാഴക്കൃഷി തുടങ്ങിയവരെ പെരുവഴിയിലാക്കിയത് കേന്ദ്രനയം. ജില്ലയില്‍ ആകെ 8,975 ഹെക്ടറില്‍ വാഴക്കൃഷി വ്യാപിച്ചതായി 2009-2010 വര്‍ഷത്തില്‍ കൃഷിവകുപ്പ് തയ്യാറാക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,58,631 ടണ്‍ വാഴയ്ക്ക ഈ കാലയളവില്‍ ഉല്‍പ്പാദിപ്പിച്ചു. 1988-89ല്‍ ആകെ 1054 ഹെക്ടറില്‍ മാത്രമുണ്ടായിരുന്ന കൃഷിയാണ് ഒമ്പതിനായിരത്തോളം ഹെക്ടറിലേക്ക് വ്യാപിച്ചത്. അതേസമയം 1988-89 കാലത്ത് 17223 ഹെക്ടര്‍ ഉണ്ടായിരുന്ന നെല്‍വയല്‍ 2009-10 ല്‍ 11556 ഹെക്ടറായി. കേന്ദ്രസര്‍ക്കാര്‍ ഉദാരവത്കരണ നയങ്ങള്‍ ആരംഭിച്ച 1990 കളില്‍ മുഖ്യവിളകളായ കുരുമുളകിനും കാപ്പിക്കും വില ഇടിഞ്ഞു. നെല്‍കൃഷിയും നഷ്ടത്തിലായതോടെയാണ് വയല്‍നാടെന്ന് ഖ്യാതികേട്ട വയനാടന്‍ പാടങ്ങള്‍ വാഴയ്ക്ക് വഴിമാറിയത്. 1991-92 കാലത്ത് 1274 ഹെക്ടറിലാണ് വാഴക്കൃഷി ഉണ്ടായിരുന്നത്.

വായ്പയെടുത്ത് കൃഷിചെയ്തവര്‍ ഉത്പന്നങ്ങളുടെ വിലയിടിവ്മൂലം ജപ്തി ഭീഷണിയിലായി. പിടിച്ചുനില്‍ക്കാന്‍ ഗതിയില്ലാത്ത അവര്‍ വാഴ നട്ടു. വന്‍തോതില്‍ രാസവള പ്രയോഗം നടത്തിയും കീടനാശിനികള്‍ തളിച്ചും മണ്ണ് വിഷലിപ്തമായി. ലാഭവും നഷ്ടവും മാറി മാറി പരീക്ഷണം നടത്തിയ കര്‍ഷകര്‍ ഏറ്റവും ഒടുവില്‍ എത്തിനില്‍ക്കുന്നത് കൊടിയ നഷ്ടത്തില്‍ . എന്നാല്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ എളുപ്പത്തില്‍ കരകയറാവുന്ന നഷ്ടമല്ല ഇതെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ഏറ്റവും അടിസ്ഥാനമേഖലയായ കൃഷിയെ അവഗണിക്കുകയും കൃഷിക്കാരനെ ദുരിതത്തിലാക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് കര്‍ഷകന്റെ കൊലയാളിയായി മാറുന്നത്. വോട്ടുചെയ്തു എന്ന കുറ്റത്തിന് മരണശിക്ഷ വിധിക്കുകയാണ് സര്‍ക്കാരുകള്‍ . മറ്റുകൃഷികളെല്ലാം നഷ്ടത്തിലായപ്പോള്‍ ഒരുപോംവഴിയുമില്ലാതെയാണ് കര്‍ഷകര്‍ കൂട്ടത്തോടെ വാഴനട്ടത്. എന്നാല്‍ ഉത്പാദനചെലവില്‍ ഉണ്ടായ ഭീമമായ വര്‍ധനവും രാസവളവില വര്‍ധനവും വിപണിയിലെ പരാജയവും കര്‍ഷകരെ കടക്കെണിയിലാക്കി.

പത്ത് വര്‍ഷം മുമ്പ് ഒരുവാഴ നടാന്‍ 30 രൂപ ചെലവുണ്ടായിരുന്നത് 80 രൂപയിലെത്തി. കര്‍ഷകന് ലഭിക്കുന്നതാകട്ടെ ഒരു കിലോവിന് എട്ട് രൂപ മാത്രം. ഒരേക്കറില്‍ കൃഷിചെയ്യാന്‍ ഏകദേശം 60,000 രൂപ ചെലവ് വരും. രാസവളവില അടിക്കടി വര്‍ധിപ്പിക്കുന്നതും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി. 2010 ഏപ്രില്‍ മുതല്‍ വില വര്‍ധിപ്പിക്കാനുള്ള അവകാശം കമ്പനികള്‍ക്ക് നല്‍കിയ കേന്ദ്രനടപടിയാണ് വിനയായത്. ഒരുചാക്ക് പൊട്ടാഷിന് കഴിഞ്ഞവര്‍ഷം 313 രൂപയുണ്ടായിരുന്നത് 588 ആയി. ഫാക്ടംപോസിനാകട്ടെ 360ല്‍ നിന്ന് ഒറ്റയടിക്ക് 768 രൂപയായി. ഒരു ഏക്കറില്‍ ചുരുങ്ങിയത് 15,360 രൂപയുടെ വളപ്രയോഗമെങ്കിലും വേണം. ഒരേമണ്ണില്‍തന്നെ അമിതമായി രാസവളം പ്രയോഗിച്ച് ഒരേകൃഷി തുടര്‍ച്ചയായി ചെയ്യുന്നതും ഉത്പാദനക്ഷമതയെയും ഗുണനിലവാരത്തേയും ബാധിച്ചിട്ടുമുണ്ട്. പത്ത് വര്‍ഷം മുമ്പ് പത്ത് കിലോ തൂക്കം വരെയുള്ള വാഴക്കുലകള്‍ ഉത്പാദിപ്പിച്ചിരുന്നത് ശരാശരി മൂന്ന് കിലോയായി കുറഞ്ഞു. രോഗബാധയും വയനാടന്‍ വാഴയുടെ ഡിമാന്‍ഡ് കുറക്കുന്നു.

ഒരുഏക്കറില്‍ 3630 കിലോ വാഴക്കുലയാണ് ഇപ്പോഴത്തെ ശരാശരി ഉത്പാദനം. മഴയെമാത്രം ആശ്രയിച്ചാണ് കൃഷി നടത്തുന്നത്. പ്രകൃതിക്ഷോഭത്തില്‍ കൃഷി നശിച്ചും ഭീമമായ നഷ്ടം ഉണ്ടാകുന്നു. അതേസമയം കൂടുതല്‍ ജലസേചന സൗകര്യമുള്ള തമിഴ്നാട്ടില്‍ ഏതുകാലത്തും വാഴക്കൃഷി യുണ്ട്. അത്യുത്പാദനശേഷിയുള്ള ഈ വാഴക്കുലകള്‍ക്ക് മാര്‍ക്കറ്റില്‍ നല്ല ഡിമാന്‍ഡുണ്ട്. വയനാടന്‍ കാലാവസ്ഥക്കുമാത്രം അനുയോജ്യമായ കുലകള്‍ ചുരമിറങ്ങുന്നതോടെ ഗുണനിലവാരത്തില്‍ മാറ്റം വരുന്നതായി വ്യാപാരികള്‍ പറയുന്നു. പകരം തമിഴ്നാട്ടിലെ ഇറക്കുമതി വാഴക്കുലകള്‍ കമ്പോളം കീഴടക്കും.
(പി ഒ ഷീജ)

deshabhimani 141111

1 comment:

  1. പ്രതീക്ഷയോടെ വാഴക്കൃഷി തുടങ്ങിയവരെ പെരുവഴിയിലാക്കിയത് കേന്ദ്രനയം. ജില്ലയില്‍ ആകെ 8,975 ഹെക്ടറില്‍ വാഴക്കൃഷി വ്യാപിച്ചതായി 2009-2010 വര്‍ഷത്തില്‍ കൃഷിവകുപ്പ് തയ്യാറാക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,58,631 ടണ്‍ വാഴയ്ക്ക ഈ കാലയളവില്‍ ഉല്‍പ്പാദിപ്പിച്ചു. 1988-89ല്‍ ആകെ 1054 ഹെക്ടറില്‍ മാത്രമുണ്ടായിരുന്ന കൃഷിയാണ് ഒമ്പതിനായിരത്തോളം ഹെക്ടറിലേക്ക് വ്യാപിച്ചത്. അതേസമയം 1988-89 കാലത്ത് 17223 ഹെക്ടര്‍ ഉണ്ടായിരുന്ന നെല്‍വയല്‍ 2009-10 ല്‍ 11556 ഹെക്ടറായി. കേന്ദ്രസര്‍ക്കാര്‍ ഉദാരവത്കരണ നയങ്ങള്‍ ആരംഭിച്ച 1990 കളില്‍ മുഖ്യവിളകളായ കുരുമുളകിനും കാപ്പിക്കും വില ഇടിഞ്ഞു. നെല്‍കൃഷിയും നഷ്ടത്തിലായതോടെയാണ് വയല്‍നാടെന്ന് ഖ്യാതികേട്ട വയനാടന്‍ പാടങ്ങള്‍ വാഴയ്ക്ക് വഴിമാറിയത്. 1991-92 കാലത്ത് 1274 ഹെക്ടറിലാണ് വാഴക്കൃഷി ഉണ്ടായിരുന്നത്.

    ReplyDelete