Monday, November 14, 2011

പുതിയ നിര്‍മാണനയം ഉപേക്ഷിക്കണം: കാരാട്ട്


കോര്‍പറേറ്റുകള്‍ക്ക് നീതികരിക്കാനാകാത്ത സൗജന്യം നല്‍കുന്ന പുതിയ നിര്‍മാണനയം ഉപേക്ഷിക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. കോര്‍പറേറ്റുകള്‍ക്ക് ഭൂമി തട്ടിപ്പറിക്കാനും രാജ്യത്തിലെ നിയമങ്ങള്‍ ബാധകമല്ലാത്ത വന്‍ ചൂഷണമേഖല സൃഷ്ടിക്കാനും മാത്രമേ പുതിയ നയം സഹായിക്കൂ എന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

വ്യവസായവല്‍ക്കരണത്തിന്റെ നവഉദാരവല്‍ക്കരണ മാതൃകയാണ് യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച നയം. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തും. അയ്യായിരം ഹെക്ടറില്‍ പ്രത്യേക സാമ്പത്തികമേഖലയ്ക്ക് സമാനമായി ദേശീയ നിക്ഷേപ നിര്‍മാണമേഖല സൃഷ്ടിക്കാനാണ് പുതിയ നയം നിര്‍ദേശിക്കുന്നത്. പ്രത്യേക സാമ്പത്തികമേഖലയ്ക്കെതിരെ ഉയരുന്ന പ്രക്ഷോഭത്തില്‍നിന്ന് പാഠം പഠിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നാണ് പുതിയ നയം വ്യക്തമാക്കുന്നത്. നിക്ഷേപ നിര്‍മാണമേഖലയില്‍ കോര്‍പറേറ്റുകള്‍ക്ക് നികുതി ഇളവ് ലഭിക്കുന്നതോടൊപ്പം തൊഴില്‍ , പരിസ്ഥിതിനിയമങ്ങളിലും ഇളവ് അനുവദിക്കും. തൊഴിലാളികളെ ഇഷ്ടംപോലെ പിരിച്ചുവിടാന്‍ സ്വാതന്ത്യമുണ്ടാകുമെന്നും കാരാട്ട് ചൂണ്ടിക്കാട്ടി. സിപിഐ എം ആദ്യമായാണ് പുതിയ നിര്‍മാണനയത്തോട് പ്രതികരിക്കുന്നത്. കിങ്ഫിഷര്‍ വിമാനക്കമ്പനിയെ രക്ഷിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അനുവദിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. പൊതുപണം ഉപയോഗിച്ച് സ്വകാര്യ വിമാനക്കമ്പനിയെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകരുത്. പൊതുജനങ്ങളുടെ സബ്സിഡി വെട്ടിക്കുറയ്ക്കുകയും സ്വകാര്യമേഖലയ്ക്ക് വന്‍ തുക സബ്സിഡി നല്‍കുകയും ചെയ്യുന്നതാണ് സര്‍ക്കാരിന്റെ നയം. ഇത് അംഗീകരിക്കാനാകില്ല. വ്യോമയാന രംഗത്ത് വിദേശനിക്ഷേപം അനുവദിക്കരുതെന്നും കാരാട്ട് പറഞ്ഞു.

വിലക്കയറ്റം സൃഷ്ടിക്കുന്ന യുപിഎ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തികൊണ്ടുവരാന്‍ കാരാട്ട് പാര്‍ടിഘടകങ്ങളോട് അഭ്യര്‍ഥിച്ചു. പെട്രോള്‍ വില നിയന്ത്രണം എടുത്തുകളഞ്ഞ നടപടി പിന്‍വലിക്കണം. ഡീസലിന്റെയും മറ്റും വില നിയന്ത്രണം എടുത്ത് കളയാനുള്ള നീക്കത്തില്‍നിന്ന് പ്രധാനമന്ത്രി പിന്മാറണം. ഭക്ഷ്യസുരക്ഷാബില്ലിന്റെ പേരില്‍ പാവങ്ങളെ എപിഎല്‍ , ബിപിഎല്‍ എന്നിങ്ങനെ രണ്ട് തട്ടിലാക്കി വിഭജിക്കുന്നതിനുപകരം റേഷന്‍ സമ്പ്രദായം സാര്‍വത്രികമാക്കുകയാണ് വേണ്ടത്. ശക്തവും ഫലപ്രദവുമായ ലോക്പാല്‍ ഉടന്‍ പാസ്സാക്കണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. സമഗ്രമായ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളുടെ ഭാഗമായി മാത്രമേ ജനപ്രതിനിധികളെ തിരിച്ചുവിളിക്കുക തുടങ്ങിയ ശുപാര്‍ശകളെ കാണാനാകൂവെന്ന് കാരാട്ട് ചോദ്യത്തോട് പ്രതികരിച്ചു. സായുധസേനാ പ്രത്യേകാധികാര നിയമം പൗരന്മാരുടെ മൗലിക അവകാശങ്ങളെ ലംഘിക്കുന്ന നിയമനിര്‍മാണമാണെന്നും അത് പിന്‍വലിക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു. മണിപ്പുരിലെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കാന്‍ കേന്ദ്രം അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

deshabhimani 141111

1 comment:

  1. കോര്‍പറേറ്റുകള്‍ക്ക് നീതികരിക്കാനാകാത്ത സൗജന്യം നല്‍കുന്ന പുതിയ നിര്‍മാണനയം ഉപേക്ഷിക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. കോര്‍പറേറ്റുകള്‍ക്ക് ഭൂമി തട്ടിപ്പറിക്കാനും രാജ്യത്തിലെ നിയമങ്ങള്‍ ബാധകമല്ലാത്ത വന്‍ ചൂഷണമേഖല സൃഷ്ടിക്കാനും മാത്രമേ പുതിയ നയം സഹായിക്കൂ എന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

    ReplyDelete