Thursday, November 10, 2011

വയനാട്ടിലെ ഉന്നതതല യോഗം പ്രഹസനമായി

ഒരാഴ്ചയ്ക്കിടെ മൂന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്ത വയനാട്ടില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കൃഷിമന്ത്രിയുടെ നിര്‍ദേശപ്രകാരം ചേര്‍ന്ന ഉന്നതതല യോഗം പ്രഹസനമായി. ആത്മഹത്യചെയ്ത കര്‍ഷകരുടെ കടം എഴുതിത്തള്ളണമെന്ന പ്രാഥമിക ആവശ്യം പോലും ബുധനാഴ്ച കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം പരിഗണിച്ചില്ല. യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന മന്ത്രിയും ജില്ലയിലെ മറ്റുഎംഎല്‍എമാരും എത്തിയില്ല. കലക്ടര്‍ കെ ഗോപാലകൃഷ്ണഭട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ എംഎല്‍എമാര്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മന്ത്രി പി കെ ജയലക്ഷ്മി തിരുവനന്തപുരത്തായിരുന്നു. മറ്റ് രണ്ട് എംഎല്‍എമാരായ എം വി ശ്രേയാംസ്കുമാറും ഐ സി ബാലകൃഷ്ണനും യോഗത്തില്‍ നിന്നും വിട്ടുനിന്നു. ഭൂരിപക്ഷം പഞ്ചായത്ത് പ്രസിഡന്റുമാരും യോഗത്തിനെത്തിയില്ല. ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സമാശ്വാസം ലഭിക്കുന്ന നടപടികളൊന്നും യോഗത്തില്‍ ഉണ്ടായതുമില്ല.

സ്വന്തമായി ഭൂമിയില്ലാത്തവരും വളരെ കുറഞ്ഞ ഭൂമിയുള്ളവരുമായവര്‍ക്ക് ബാങ്കുകള്‍ കാര്‍ഷിക വായ്പ നല്‍കുന്നില്ല. ഈ സാഹചര്യത്തിലാണ് മരിച്ച അശോകനും ശശിധരനും സ്വാശ്രയസംഘത്തിലും കുടുംബശ്രീയെയും ബ്ലേഡുകാരെയും ആശ്രയിച്ചത്. ഇത്തരം വായ്പകള്‍ തിരിച്ചടക്കാന്‍ പാടുപെടുന്നതാണ് വയനാട്ടിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നം. ആത്മഹത്യചെയ്ത മൂന്നുപേര്‍ക്കും ലക്ഷങ്ങളാണ് കടമുള്ളത്. ഇത് എഴുതിത്തള്ളാതെ ഈ കുടുംബങ്ങള്‍ക്ക് ആശ്വാസം ലഭിക്കില്ല. എന്നാല്‍ ഇതുസംബന്ധിച്ച് ഉയര്‍ന്ന നിര്‍ദേശങ്ങളെല്ലാം സര്‍ക്കാര്‍ അവഗണിച്ചു. കലക്ടറേറ്റില്‍ നടന്ന യോഗത്തിലും ഇതുസംബന്ധിച്ച് ഉയര്‍ന്ന നിര്‍ദേശങ്ങളോട് അനുകൂലമായ നിലപാടുണ്ടയില്ല. ജില്ലയിലെ കാര്‍ഷിക വായ്പകളിന്മേലും അനുബന്ധ വായ്പകളിന്മേലുമുള്ള ജപ്തി നടപടികള്‍ ഒരുവര്‍ഷത്തേക്ക് നിര്‍ത്തിവെക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന പ്രധാന നിര്‍ദേശം. കര്‍ഷകര്‍ക്ക് കൗണ്‍സലിങ് നല്‍കാന്‍ പഞ്ചായത്തുകളില്‍ സംവിധാനമൊരുക്കും. കാര്‍ഷിക കടാശ്വാസ കമീഷന് പരാതി നല്‍കാനുള്ള സമയപരിധി അടുത്ത ജനുവരി 31 വരെ നീട്ടും. ജില്ലയിലെ കാര്‍ഷിക അനുബന്ധ വായ്പകള്‍ക്ക് പലിശ ഈടാക്കുന്നത് ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കാനും ശുപാര്‍ശചെയ്തു.

deshabhimani 101111

1 comment:

  1. ഒരാഴ്ചയ്ക്കിടെ മൂന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്ത വയനാട്ടില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കൃഷിമന്ത്രിയുടെ നിര്‍ദേശപ്രകാരം ചേര്‍ന്ന ഉന്നതതല യോഗം പ്രഹസനമായി. ആത്മഹത്യചെയ്ത കര്‍ഷകരുടെ കടം എഴുതിത്തള്ളണമെന്ന പ്രാഥമിക ആവശ്യം പോലും ബുധനാഴ്ച കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം പരിഗണിച്ചില്ല. യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന മന്ത്രിയും ജില്ലയിലെ മറ്റുഎംഎല്‍എമാരും എത്തിയില്ല.

    ReplyDelete