Saturday, November 5, 2011

ചെറുതോണിയിലെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ അനുവദിക്കില്ല: എല്‍ഡിഎഫ്

ജില്ലാ ആസ്ഥാനവികസനത്തെ തകര്‍ക്കാനും ചെറുതോണിയിലെ കെട്ടിടങ്ങള്‍ പൊളിക്കാനുമുള്ള നീക്കം അനുവദിക്കില്ലെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു. ചെറുതോണിയിലെ കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ മുന്‍നിരയില്‍നിന്ന് പോരാടും. കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുമെന്ന വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോയി വര്‍ഗീസിന്റെ പ്രഖ്യാപനം പാഴ്വാക്കായി മാറ്റും. 40 വര്‍ഷത്തിലധികമായി കൈവശമുള്ള തുണ്ടുഭൂമികള്‍ മാത്രമാണ് ചെറുതോണിയിലെ വ്യാപാരികളുടെ കൈവശമുള്ളത്. തകര്‍ന്നുവീഴാറായ ഭൂരിഭാഗം കെട്ടിടങ്ങളാണ് പുനരുദ്ധരിച്ചുകൊണ്ടിരിക്കുന്നത്. ചെറുതോണി വ്യാപാരമേഖലയില്‍ 95 ശതമാനംപേരും ചെറുകിട വ്യാപാരികളാണ്. ഉപജീവനത്തിനായി തൊഴില്‍ചെയ്യുന്ന ഇവരെ ഇറക്കിവിടാന്‍ അനുവദിക്കില്ല.

1995ലെ ഇ കെ നായനാരുടെ ഗവണ്‍മെന്റാണ് ജില്ലാ ആസ്ഥാന വികസനത്തിനായി 1200 ഏക്കര്‍ വനഭൂമി വിട്ടുകൊടുത്തത്. തുടര്‍ന്ന് ഇടുക്കിയില്‍ ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജ്, ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്നിക്, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ , കേന്ദ്രീയവിദ്യാലയം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്‍ഡിഎഫിന്റെ സംഭാവനയാണ്. ജില്ലാ വ്യവസായകേന്ദ്രം, പിന്നോക്ക വിഭാഗവികസന കോറപറേഷന്‍ ജില്ലാ ഓഫീസ്, ജില്ലാ ഇലക്ട്രിക് സ്റ്റോര്‍ , പട്ടികജാതി പട്ടികവര്‍ഗവകുപ്പ് റീജിയണല്‍ ഓഫീസ്, കെഎസ്എഫ്ഇ ബ്രാഞ്ച്, ജില്ലാ നിര്‍മ്മിതികേന്ദ്രം, കലക്ടറേറ്റിന്റെ രണ്ടും മൂന്നും ബ്ലോക്കുകള്‍ , ജില്ലാ ആശുപത്രി, തയ്യല്‍തൊഴിലാളി-മോട്ടോര്‍തൊഴിലാളി-കര്‍ഷകത്തൊഴിാളി-ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസുകള്‍ ഉള്‍പ്പെടെ ജില്ലാ ആസ്ഥാനത്തെ 30 വര്‍ഷം മുമ്പുള്ള ഒരു ഉത്തരവിന്റെ പേരുപറഞ്ഞ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. നിയമം ലംഘിക്കാന്‍ അനുവദിക്കില്ലെന്നാണ് പഞ്ചായത്ത് പറയുന്നത്. നിയമവും സര്‍ക്കാര്‍ ഉത്തരവും രണ്ടാണ്. ഭരണഘടനയില്‍ ഉള്ളതോ നിയമനിര്‍മാണസഭ പാസാക്കിയ ഒരു നിയമമല്ല ഇത്. 1980ല്‍ പുറത്തിറങ്ങിയ ഒരു സര്‍ക്കാര്‍ ഉത്തരവ് മാത്രമാണിത്. തികച്ചും അപ്രായോഗികവും അശാസ്ത്രീയവുമായ ഈ ഉത്തരവ് പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചു.

ചെറുതോണിയില്‍ ഇപ്പോള്‍ 62 പേര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 300 പേര്‍ക്കുകൂടി വീടുകളും മഠങ്ങളും ഉള്‍പ്പെടെ നോട്ടീസ് നല്‍കാന്‍ തയ്യാറാകുകയാണ്. പട്ടയം ഇല്ലാതെ പഞ്ചായത്തില്‍ പണിതുവരുന്ന വീടുകള്‍ക്കും നോട്ടീസ് നല്‍കിവരുന്നു. പാവപ്പെട്ടവരെ പരമാവധി ബുദ്ധിമുട്ടിക്കുകയാണ്. നിര്‍മാണ നിരോധന മേഖലയില്‍പ്പെടാത്ത പമ്പ് ജങ്ഷനിലുള്ള ഒരു കെട്ടിടനിര്‍മാണം കഴിഞ്ഞദിവസം പ്രസിഡന്റ് നേരിട്ടെത്തി നിര്‍ത്തിവയ്പ്പിച്ചത് ഏത് നിയമത്തിന്റെ പേരിലാണെന്ന് പഞ്ചായത്ത് വ്യക്തമാക്കണം. കഴിഞ്ഞദിവസങ്ങളില്‍ മൂന്നാറില്‍നിന്നും തേക്കടിയില്‍നിന്നുമുള്ള ടൂറിസം ബിസിനസ് ഉടമകള്‍ വാഴത്തോപ്പ് പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ജില്ലാ ആസ്ഥാനത്ത് സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കപ്പെടുന്നതിനും വ്യാപാരികളുടെയും ജനങ്ങളുടെയും ഭീതി അകറ്റുന്നതിനും ജില്ലാ ഭരണകൂടം ഇടപെടണമെന്നും എല്‍ഡിഎഫ് നേതാക്കളായ സി വി വര്‍ഗീസ്, സി ജി ചാക്കോ, റോമിയോ സെബാസ്റ്റ്യന്‍ , അനില്‍ കൂവപ്ലാക്കല്‍ , കെ ജി സത്യന്‍ , സിനോജ് വള്ളാടി, സി എം അസീസ്, ജോയി കുരുവന്‍പ്ലാക്കല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

deshabhimani 051111

1 comment:

  1. ജില്ലാ ആസ്ഥാനവികസനത്തെ തകര്‍ക്കാനും ചെറുതോണിയിലെ കെട്ടിടങ്ങള്‍ പൊളിക്കാനുമുള്ള നീക്കം അനുവദിക്കില്ലെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു. ചെറുതോണിയിലെ കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ മുന്‍നിരയില്‍നിന്ന് പോരാടും. കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുമെന്ന വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോയി വര്‍ഗീസിന്റെ പ്രഖ്യാപനം പാഴ്വാക്കായി മാറ്റും. 40 വര്‍ഷത്തിലധികമായി കൈവശമുള്ള തുണ്ടുഭൂമികള്‍ മാത്രമാണ് ചെറുതോണിയിലെ വ്യാപാരികളുടെ കൈവശമുള്ളത്. തകര്‍ന്നുവീഴാറായ ഭൂരിഭാഗം കെട്ടിടങ്ങളാണ് പുനരുദ്ധരിച്ചുകൊണ്ടിരിക്കുന്നത്. ചെറുതോണി വ്യാപാരമേഖലയില്‍ 95 ശതമാനംപേരും ചെറുകിട വ്യാപാരികളാണ്. ഉപജീവനത്തിനായി തൊഴില്‍ചെയ്യുന്ന ഇവരെ ഇറക്കിവിടാന്‍ അനുവദിക്കില്ല.

    ReplyDelete