Tuesday, November 15, 2011

കര്‍ഷക ആത്മഹത്യ: പ്രത്യേകയോഗം കോണ്‍ഗ്രസ്സ് അലങ്കോലമാക്കി

വയനാട്ടിലെ ആത്മഹത്യചെയ്ത കര്‍ഷകരെ തള്ളിപ്പറഞ്ഞ് ഡിസിസി പ്രസിഡന്റ്. പ്രതിഷേധങ്ങളുമായി കര്‍ഷകരും കര്‍ഷകസംഘടനകളും. രാഷ്ട്രീയം മറന്ന് വയനാട്ടിലെ കര്‍ഷകരുടെ വികാരം സ്വന്തം വികാരമായി കണ്ട് ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് കര്‍ഷക ആത്മഹത്യയല്ല നടന്നത് എന്ന് ഡിസിസി പ്രസിഡന്റ് പി വി ബാലചന്ദ്രന്‍ പറഞ്ഞത്. മാധ്യമങ്ങള്‍ ആത്മഹത്യകളാക്കി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജില്ലയില്‍ കര്‍ഷകര്‍ ആത്മഹത്യചെയ്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച അഡീഷ്ണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കര്‍ഷകഷരില്‍നിന്നും സംഘടനകളില്‍നിന്നും തെളിവ് ശേഖരിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഡിസിസി പ്രസിഡന്റ് പരസ്യമായ തള്ളിപ്പറയല്‍ . അശോകനും ശശിധരനും കര്‍ഷകതൊഴിലാളികളാണെന്നും അവരുടെ കടം കാര്‍ഷികാവശ്യത്തിനുവേണ്ടിയല്ലെന്നും ബാലചന്ദ്രന്‍ കോണ്‍ഗ്രസ്സിന്റെ നയം വ്യക്തമാക്കി. പൈലിക്കും വര്‍ഗീസിനും സ്വന്തമായി സ്ഥലമുണ്ട്. പൈലി ആത്മഹത്യചെയ്തതത് അസുഖം കാരണവും കാലിന് വയ്യായ്കമൂലമാണെന്നും ബാലചന്ദ്രന്‍ സ്ഥിരീകരിച്ചു. ഇവരുടെ കടം കാര്‍ഷികാവശ്യത്തിനുവേണ്ടിയല്ല. മാധ്യമങ്ങള്‍ ആത്മഹത്യകളെയെല്ലാം കര്‍ഷക ആത്മഹത്യകളാക്കുകയാണ്- ബാലചന്ദ്രന്‍ പറഞ്ഞു.

രണ്ടായിരത്തില്‍ ഒരുലക്ഷം രൂപയ്ക്ക് ഒരേക്കര്‍ സ്ഥലം വാങ്ങാന്‍ കഴിയുമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഒരുസെന്റ് സ്ഥലം വിറ്റ് കര്‍ഷകന് ഒരു ലക്ഷം കിട്ടും. അന്ന് കാപ്പിക്കും കുരുമുളകിനും വില കുറവായിരുന്നുവെങ്കില്‍ ഇന്ന് എത്രയോ ഇരട്ടിയാണ്. അതുകൊടണ് കര്‍ഷകന് ഉല്‍പ്പന്നത്തിന് വിലയില്ല എനു പറയാനാവില്ല എന്നും ബാലചന്ദ്രന്‍ പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകരും സംഘടനകളും എല്ലാം ഉല്‍പ്പന്നത്തിന് ന്യായമായ വില ലഭിക്കാത്തതാണ് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് സമര്‍ഥിക്കുമ്പോഴായിരുന്നു ബാലചന്ദ്രന്റെ കണ്ടെത്തലുകള്‍ . ഉല്‍പ്പന്നത്തിന് വില കൂടി എന്നു പറഞ്ഞ അദ്ദേഹം എന്നാല്‍ സാധനങ്ങളുടെയും രാസവളം ഉള്‍പ്പെടെയുള്ളവയുടെയും വില എത്രയോ ഇരട്ടി വര്‍ധിച്ചു എന്നത് പറഞ്ഞില്ല. ജീവനക്കാരുടെ ശംബളം കൂടിയത് ചില കര്‍ഷകര്‍ പറഞ്ഞതും അദ്ദേഹം കേട്ടില്ല. ബാലചന്ദ്രന്റെ പ്രസ്താവനയെ രാഷ്ട്രീയത്തിനതീതമായി കര്‍ഷകരും പങ്കെടുത്തവരും തള്ളിപ്പറഞ്ഞു. സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സ് നേതാവുതന്നെ കര്‍ഷക ആത്മഹത്യകളെയും കര്‍ഷകരെയും തള്ളിപ്പറഞ്ഞത് യോഗത്തെ പ്രക്ഷുബ്ധമാക്കി. തടസ്സപ്പെട്ട യോഗം പിന്നീട് കെ ജയകുമാറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പൗലോസും ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് ശാന്തമാക്കിയത്.

കോണ്‍ഗ്രസ്സ് കര്‍ഷക കുടുംബങ്ങളെ അപമാനിച്ചു: സംഘടനകള്‍

കല്‍പ്പറ്റ: ജില്ലയിലെ കര്‍ഷക ആത്മഹത്യകളെകുറിച്ച് ഡിസിസി പ്രസിഡന്റ് പി വി ബാലചന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ വിവിധ കര്‍ഷക സംഘടനാ നേതാക്കള്‍ ശക്തമായി പ്രതിഷേധിച്ചു. ആത്മഹത്യചെയ്ത കര്‍ഷക കുടുംബങ്ങളെ അപമാനിക്കുന്നതാണിതെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയാന്‍ അദ്ദേഹം തയ്യാറാകണം.

കഴിഞ്ഞ പത്ത് ദിവസത്തിനകം നാല് കര്‍ഷകര്‍ ജില്ലയില്‍ ആത്മഹത്യചെയ്യുകയും കര്‍ഷക പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തില്‍ കര്‍ഷകസംഘടനകളുടെ യോഗം സര്‍ക്കാര്‍ വിളിച്ചത്. മന്ത്രി പി കെ ജയലക്ഷ്മി, ബത്തേരി, കല്‍പ്പറ്റ എംഎല്‍എമാര്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്നയോഗത്തില്‍ എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളും കര്‍ഷക-കര്‍ഷക തൊഴിലാളി സംഘടനാ നേതാക്കളും പങ്കെടുത്തു. വയനാട്ടിലെ കാര്‍ഷിക പ്രതിസന്ധിയുടെ ആഴം വിശദീകരിച്ചു. എന്നാല്‍ ബാലചന്ദ്രന്‍ പറഞ്ഞത് വയനാട്ടില്‍ നടന്നത് കര്‍ഷക ആത്മഹത്യയല്ലെന്നും ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം ന്യായവില കിട്ടുന്നുണ്ടെന്നുമാണ്. ആത്മഹത്യകള്‍ ആഘോഷമാറ്റുന്നത് മാധ്യമങ്ങളാണെന്നും പറഞ്ഞ ഡിസിസി പ്രസിഡന്റിന്റെ നിലപാട് അങ്ങേയറ്റം നിരുത്തരവാദപരമാണ്. ഈ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയാന്‍ അദ്ദേഹം തയ്യാറാകണം. അല്ലാത്തപക്ഷം കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എം വേലായുധന്‍ (കര്‍ഷകസംഘം), സുരേഷ് താളൂര്‍(കെഎസ്കെടിയു), അമ്പി ചിറയില്‍ (കിസാന്‍സഭ), എം സുരേന്ദ്രന്‍ (ഇന്‍ഫാം), എ സി വര്‍ക്കി (എഫ്ആര്‍എഫ്), ചീക്കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ (കര്‍ഷകമോര്‍ച്ച), അഡ്വ. പ്രദീപ്കുമാര്‍ (ഹരിതസേന), രത്നാകരന്‍ (നാഷണലിസ്റ്റ് കര്‍ഷക കോണ്‍ഗ്രസ്), എന്‍ എ കൃഷ്ണമോഹന്‍ (ഐക്യകര്‍ഷകസംഘം), കാതറിന്‍ (കേരള കര്‍ഷക യൂണിയന്‍), കെ പി കൃഷ്ണകുമാര്‍ (കിസാന്‍ ജനതാദള്‍).

കോണ്‍ഗ്രസ് നേതൃത്വം മാപ്പ് പറയണം: ബിജെപി

കല്‍പ്പറ്റ: ആത്മഹത്യചെയ്ത കര്‍ഷകരെപോലും ആക്ഷേപിച്ച കോണ്‍ഗ്രസ് നേതൃത്വം കര്‍ഷകസമൂഹത്തോട് മാപ്പ് പറയണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ സദാനന്ദന്‍ , ജന.സെക്രട്ടറി പി ടി ആനന്ദ്കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. കര്‍ഷക ആത്മഹത്യ കടക്കെണിമൂലവും കൃഷിനാശം മൂലമാണെന്നും റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാറിന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അഡീ.ചീഫ് സെക്രട്ടറി അടക്കമുള്ളവരെ വയനാട്ടിലേക്കയച്ചത്. ചര്‍ച്ചയില്‍ ആത്മഹത്യ കടക്കെണിമൂലമല്ലെന്നും മാധ്യമ സൃഷ്ടിയാണെന്നും വരുത്തീതീര്‍ക്കാനും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ന്യായീകരിക്കാനും ശ്രമിച്ച ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന ധിക്കാരപരമാണ്.

കര്‍ഷക ആത്മഹത്യ തന്നെ: കെ ജെ ദേവസ്യ

കല്‍പ്പറ്റ: വയനാട്ടിലേത് കര്‍ഷക ആത്മഹത്യതന്നെയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കേരള കോണ്‍ഗ്രസ്സ് എം ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യ പറഞ്ഞു. വയനാട്ടിലെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. വിളകള്‍ക്ക് വിലയില്ലാത്തതും വിളനാശവുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. കാര്‍ഷികാവശ്യത്തിനുവേണ്ടി വായ്പയെടുത്തവരേയും സ്വന്തമായി ഭൂമിയുള്ളവരേയും മാത്രമേ കര്‍ഷകരായി കാണാവൂ എന്ന് പറയാനാവില്ല. കാര്‍ഷിക വൃത്തിയില്‍നിന്ന് വരുമാനം ലഭിക്കുന്നവരേയെല്ലാം അങ്ങനെ പറയാം. അതനുസരിച്ച് ജില്ലയില്‍ കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായതെല്ലാം കര്‍ഷക ആത്മഹത്യകള്‍ തന്നെയാണ്. സത്യം സത്യമായി അംഗീകരിക്കണം- കെ ജെ ദേവസ്യ പറഞ്ഞു.

കര്‍ഷക ആത്മഹത്യ: സിപിഐ എം 24 മണിക്കൂര്‍ സത്യഗ്രഹം നാളെ

കല്‍പ്പറ്റ: കര്‍ഷക ആത്മഹത്യയുള്‍പ്പെടെയുള്ള ജില്ലയിലെ വിവിധ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തില്‍ 24 മണിക്കൂര്‍ സത്യഗ്രഹം സംഘടിപ്പിക്കും. ബുധനാഴ്ച രാവിലെ 10 മുതല്‍ വ്യാഴാഴ്ച രാവിലെ 10 വരെയാണ് സമരം. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനംചെയ്യും.

കര്‍ഷക ആത്മഹത്യ തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. ആത്മഹത്യചെയ്ത കര്‍ഷകരുടെ പാവപ്പെട്ട കുടുംബങ്ങളെ തള്ളിപ്പറയുന്ന ഡിസിസി പ്രസിഡന്റിന്റെ നിലപാട് അപലപനീയമാണ്. കര്‍ഷകര്‍ക്ക് കടങ്ങള്‍ ഉണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഇതൊന്നും മാധ്യമ സൃഷ്ടിയല്ല. മാധ്യമങ്ങളെ കുറ്റപ്പെടുത്തി കൈയൊഴിയുന്നത് ആര്‍ക്കും ചേര്‍ന്നതല്ല. ബാലചന്ദ്രന്റെ വാക്കു കണക്കിലെടുക്കാതെ കര്‍ഷകരുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. രാത്രിയാത്ര നിരോധനം ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണം. ഇതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം. മാന്തവാടി, മുത്തങ്ങ റൂടഖടുകളിലെ രാത്രിയാത്ര നിരോധനത്തിന് രടണുവര്‍ഷം കഴിഞ്ഞു. എന്നിട്ടും കോണ്‍ഗ്രസ്സും യുഡിഎഫും അലംഭാവം തുടരുകയാണ്. കാവേരി സര്‍ക്കിള്‍ ഓഫീസ് മാറ്റിയതും ജില്ലയ്ക്കു കനത്ത നഷ്ടമാണ്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടാനേ ഇത് സഹായിക്കൂ. പൂക്കാട് വെറ്ററിനറി സര്‍വകലാശാലയുടെ ആസ്ഥാനം വയനാട്ടില്‍തന്നെ ഏര്‍പ്പെടുത്താന്‍ സര്‍കാര്‍ നടപടിയെടുക്കണം. അര്‍ഹരായ കര്‍ഷകര്‍ക്ക് പട്ടയം നല്‍കണം, ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി നല്‍കണം, സിക്കിള്‍സെല്‍ അനീമിയ രോഗികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തണം തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

deshabhimani 151111

1 comment: