Saturday, April 21, 2012

തിരുവിതാംകൂര്‍ ദേവസ്വം ഭരണം പിടിക്കാന്‍ സര്‍ക്കാര്‍ ശ്രമം


തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഭരണം പിടിക്കാന്‍ നിയമഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തിരക്കിട്ട നീക്കം തുടങ്ങി. ഹിന്ദുമത വിശ്വാസികളെന്നു സാക്ഷ്യപ്പെടുത്തുന്ന എംഎല്‍എമാര്‍ക്കുമാത്രം വോട്ടവകാശം നല്‍കി നിയമഭേദഗതി കൊണ്ടുവരാനാണ് നീക്കം. ഇതിനു മുന്നോടിയായി സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കയാണ്. ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് കോണ്‍ഗ്രസുകാര്‍മാത്രം അടങ്ങിയ ഭരണസമിതിയെ നിയോഗിക്കാനാണ് ശ്രമം. ഇപ്പോഴത്തെ ദേവസ്വംബോര്‍ഡിന്റെ കാലാവധി ജൂലൈ 14ന് അവസാനിക്കും. നിലവില്‍ കോണ്‍ഗ്രസ് നോമിനിയായ ഒരാള്‍മാത്രമാണ് ബോര്‍ഡിലുള്ളത്. പ്രസിഡന്റ് ഉള്‍പ്പെടെ രണ്ടു പേര്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിതരായവരാണ്.

തിരു-കൊച്ചി ഹിന്ദു ധര്‍മ സ്ഥാപന നിയമം അനുസരിച്ച് ബോര്‍ഡിലെ മൂന്നില്‍ രണ്ട് അംഗങ്ങള്‍ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങള്‍ നാമനിര്‍ദേശം ചെയ്യുന്നവരും ഒരംഗം ഹിന്ദു എംഎല്‍എമാരുടെ നോമിനിയുമായിരിക്കണം. നിയമസഭയിലെ കക്ഷിനില പ്രകാരം ഹിന്ദുഎംഎല്‍എമാരില്‍ യുഡിഎഫിന് ഭൂരിപക്ഷമില്ല. ഇത് മറികടക്കാനാണ് ഹിന്ദുമത വിശ്വാസിയെന്നു തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുന്നത്. 1991ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇത്തരത്തില്‍ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. അതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ പിന്നീട് പിന്‍വലിച്ചു. ഇടതുപക്ഷ എംഎല്‍എമാര്‍ വിശ്വാസിയാണെന്ന് സാക്ഷ്യപത്രം ഹാജരാക്കില്ലെന്ന കണക്കുകൂട്ടലിലാണ് നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴത്തെ കക്ഷിനില പ്രകാരം വോട്ടെടുപ്പ് നടത്തിയാല്‍ ബോര്‍ഡിലെ മൂന്ന് അംഗങ്ങളില്‍ ഒരാള്‍ പ്രതിപക്ഷത്തുനിന്നായിരിക്കും. ഇത് അനുവദിക്കാതിരിക്കാനാണ് നീക്കം. നിയമസഭ ചേരാത്തതിനാല്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനാണ് തീരുമാനം. നിയമോപദേശം അനുകൂലമായാല്‍ ഉടനടി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്.

ഇതിനിടെ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ ജാതി സംഘടനകള്‍ക്ക് വാഗ്ദാനംചെയ്തിരിക്കുകയാണ്. ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പേര് പ്രസിഡന്റ് സ്ഥാനത്തേക്കും ഉയര്‍ന്നുവന്നിട്ടുണ്ട്.

deshabhimani 210412

1 comment:

  1. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഭരണം പിടിക്കാന്‍ നിയമഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തിരക്കിട്ട നീക്കം തുടങ്ങി. ഹിന്ദുമത വിശ്വാസികളെന്നു സാക്ഷ്യപ്പെടുത്തുന്ന എംഎല്‍എമാര്‍ക്കുമാത്രം വോട്ടവകാശം നല്‍കി നിയമഭേദഗതി കൊണ്ടുവരാനാണ് നീക്കം. ഇതിനു മുന്നോടിയായി സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കയാണ്. ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് കോണ്‍ഗ്രസുകാര്‍മാത്രം അടങ്ങിയ ഭരണസമിതിയെ നിയോഗിക്കാനാണ് ശ്രമം. ഇപ്പോഴത്തെ ദേവസ്വംബോര്‍ഡിന്റെ കാലാവധി ജൂലൈ 14ന് അവസാനിക്കും. നിലവില്‍ കോണ്‍ഗ്രസ് നോമിനിയായ ഒരാള്‍മാത്രമാണ് ബോര്‍ഡിലുള്ളത്. പ്രസിഡന്റ് ഉള്‍പ്പെടെ രണ്ടു പേര്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിതരായവരാണ്.

    ReplyDelete