Saturday, April 21, 2012
നിക്ഷേപം ക്ഷണിക്കാന് മന്ത്രിമാര് എത്തിയത് ഒരുക്കമില്ലാതെ
നിക്ഷേപകരെ ക്ഷണിക്കാന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയത് മതിയായ ഒരുക്കമില്ലാതെ. ചോദ്യങ്ങള്ക്കു മുമ്പില് വ്യക്തമായ ഉത്തരമില്ലാതെ മന്ത്രിമാരും ഉദ്യോഗസ്ഥരും പരുങ്ങിയപ്പോള് നാണംകെട്ടത് കേരളം. എമര്ജിങ് കേരള എന്ന പേരില് ആഗോള നിക്ഷേപകരെ കേരളത്തിലേക്ക് ക്ഷണിക്കാനുള്ള പരിപാടിയുടെ ആദ്യഘട്ടമാണ് വെള്ളിയാഴ്ച ഡല്ഹിയില് നടന്നത്.
വ്യവസായം സ്ഥാപിക്കാന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളില് ഏറ്റവും പ്രധാനമായ ഭൂമിയുടെ കാര്യത്തില് സര്ക്കാര് എന്ത് ചെയ്യുമെന്നറിയാന് സാമ്പത്തികാര്യ മാധ്യമങ്ങളടക്കമുള്ള ദേശീയ മാധ്യമങ്ങള് താല്പ്പര്യം കാട്ടി. ഇതു സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്ക് വ്യക്തമായ ഉത്തരം നല്കാനായില്ല. ഭൂമി ഏറ്റെടുക്കാന് ഒരു പാക്കേജ് തയ്യാറാക്കിയിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്താണ് പാക്കേജിന്റെ വിശദാംശമെന്ന് ചോദിച്ചപ്പോള് മുഖ്യമന്ത്രി ഉടന് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്ക് മൈക്ക് കൈമാറി. കുഞ്ഞാലിക്കുട്ടി കൈമലര്ത്തി. ആസൂത്രണ ബോര്ഡ് വൈസ് ചെയര്മാന് കെ എം ചന്ദ്രശേഖറിനോട് പറയാന് നിര്ദേശിച്ചു. തനിക്കറിയില്ലെന്ന് അദ്ദേഹവും കൈമലര്ത്തിയപ്പോള് ധനമന്ത്രി കെ എം മാണി ഇടപെട്ടു. ഭൂമി നല്കുന്നവര്ക്ക് കമ്പോളവില, പുനരധിവാസം, ആ ഭൂമിയില് നടപ്പാക്കുന്ന പദ്ധതിയില് മതിയായ പ്രാതിനിധ്യം എന്നിവയാണ് പാക്കേജിന്റെ വിശദാംശങ്ങളെന്നാണ് മാണി പറഞ്ഞത്.
നിക്ഷേപത്തിന് ഏതൊക്കെ രാജ്യങ്ങള് താല്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന ചോദ്യത്തിനും മറുപടിയുണ്ടായില്ല. ഗള്ഫ് രാജ്യങ്ങള്, തെക്കു കിഴക്കേഷ്യന് രാജ്യങ്ങള് എന്നൊക്കെ പറഞ്ഞ് തടിതപ്പി. എത്ര കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമെന്ന ചോദ്യത്തിന് അനേകം കോടികള് എന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി നല്കി. വീണ്ടും ചോദ്യമുയര്ന്നപ്പോള് അതിവേഗ റെയില് ഇടനാഴിക്ക് 1.25 ലക്ഷം കോടിയുടെ മുതല്മുടക്ക് വേണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള് ജനങ്ങള് സ്വീകരിച്ചുകഴിഞ്ഞെന്ന് മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് പറഞ്ഞു. വ്യവസായനിക്ഷേപത്തിന് മുതല്മുടക്കാന് പണമില്ല. വൈദ്യുതിക്ഷാമം വികസനപദ്ധതികളെ ബാധിക്കില്ലേ എന്ന ചോദ്യത്തിന് എല്എന്ജി ടെര്മിനല് യാഥാര്ഥ്യമായാല് വൈദ്യുതിപ്രശ്നം പരിഹരിക്കുമെന്ന് അദ്ദേഹം മറുപടി നല്കി.
വെള്ളിയാഴ്ച രാവിലെ വിവിധ എംബസി ഉദ്യോഗസ്ഥരുമായി സമ്മേളനത്തില് മുഖ്യമന്ത്രി സംസാരിച്ചിരുന്നു. സപ്തംബര് 12 മുതല് 14 വരെ കൊച്ചിയില് നടക്കുന്ന നിക്ഷേപക സംഗമത്തിന് മുന്നോടിയായാണ് നയതന്ത്ര പ്രതിനിധികളുമായും വ്യവസായ പ്രമുഖരുമായും സംസ്ഥാന മന്ത്രിമാര് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി, വ്യവസായമന്ത്രി, ധനമന്ത്രി എന്നിവര്ക്ക് പുറമേ ജലസേചനമന്ത്രി പി ജെ ജോസഫ്, ആസൂത്രണമന്ത്രി കെ സി ജോസഫ്, വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്, ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുത്തു.
deshabhimani 210412
Labels:
വലതു സര്ക്കാര്,
വാര്ത്ത
Subscribe to:
Post Comments (Atom)
എത്ര കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമെന്ന ചോദ്യത്തിന് അനേകം കോടികള് എന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി നല്കി.
ReplyDelete