Saturday, June 16, 2012

കടന്നാക്രമണങ്ങളില്‍ ഉലയാത്ത രാഷ്ട്രീയ അടിത്തറ


നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിന് ജയം

നെയ്യാറ്റിന്‍കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍ സെല്‍വരാജ് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എഫ് ലോറന്‍സിനെ 6,334 വോട്ടിന്റെ വ്യത്യാസത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി തോല്‍പ്പിച്ചത്. ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ മൂന്നാം സ്ഥാനത്തെത്തി. സെല്‍വരാജിന് 52,528 വോട്ട് ലഭിച്ചപ്പോള്‍ എഫ് ലോറന്‍സിന് 46,194 വോട്ടും ഒ രാജഗോപാലിന് 30,507 വോട്ടും ലഭിച്ചു. സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ള മറ്റ് 12 സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവെച്ച കാശ് പോയി.

യുഡിഎഫ് ശക്തികേന്ദ്രങ്ങളായ ചെങ്കല്‍, തിരുപുറം, കുളത്തൂര്‍, പഞ്ചായത്തുകളില്‍ യുഡിഎഫ് ഭൂരിപക്ഷം നേടിയപ്പോള്‍ യുഡിഎഫ് ശക്തികേന്ദ്രമായ കാരോട് എല്‍ഡിഎഫ് ലീഡ് നേടി. ചെങ്കല്‍, കുളത്തൂര്‍, തിരുപുറം പഞ്ചായത്തുകളിലെ 7180 വോട്ടിന്റെ ലീഡാണ് സെല്‍വരാജിന്റെ ജയത്തിന് സഹായിച്ചത്. യുഡിഎഫ് ഭരിക്കുന്ന നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ സെല്‍വരാജിന്റെ ലീഡ് 283 മാത്രം. എല്‍ഡിഎഫ് ഭരിക്കുന്ന അതിയന്നൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് 1070 വോട്ടിന്റെ ഭൂരിപക്ഷം നേടി. ഇവിടെ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. കേരള രാഷ്ട്രീയം കണ്ടതില്‍ ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട എല്‍ഡിഎഫിന്റെ രാഷ്ട്രീയ അടിത്തറയില്‍ തെല്ലും വിള്ളല്‍ വീഴ്ത്താനായില്ലെന്ന് തെളിയിക്കുന്നു ഈ ഫലം.

ചന്ദ്രശേഖരന്റെ വധത്തിനുശേഷം സിപിഐ എമ്മിനെതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് അതിരൂക്ഷമായ കടന്നാക്രമണമാണ് ശത്രുക്കള്‍ നടത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് വോട്ടര്‍മാര്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ഥി തന്നെ നേരിട്ട് പണമൊഴുക്കി. അതോടൊപ്പം വര്‍ഗീയ-സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചു. ഇതിനെയെല്ലാം നേരിട്ടാണ് എല്‍ഡിഎഫ് മല്‍സരിച്ചത്. ഉത്തരേന്ത്യന്‍ മാതൃകയില്‍ കോടികളുടെ കള്ളപ്പണമൊഴുക്കി നടത്തിയ കുതിരക്കച്ചവടത്തിന്റെ തുടര്‍ച്ചയായി ആര്‍ സെല്‍വരാജ് എംഎല്‍എ സ്ഥാനം രാജിവെച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സെല്‍വരാജ് തിങ്കളാഴ്ച കാലത്ത് 9.30ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയില്‍ യുഡിഎഫ് അംഗങ്ങളുടെ എണ്ണം ഇതോടെ 73 ആകും. എല്‍ഡിഎഫിന്റേത് 67ഉം.

കടന്നാക്രമണങ്ങളില്‍ ഉലയാത്ത രാഷ്ട്രീയ അടിത്തറ

സമാനതകളില്ലാത്ത കടന്നാക്രമണങ്ങളെ നേരിടേണ്ടി വന്നിട്ടും നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയ അടിത്തറയ്ക്ക് തെല്ലും പോറലേറ്റില്ല. ദുഷ്പ്രചാരണകൊടുങ്കാറ്റില്‍ എല്‍ഡിഎഫിന്റെ അടിത്തറ ഉലഞ്ഞില്ല. അതേസമയം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുനിലമാത്രം താരതമ്യപ്പെടുത്തിയാണ് ചില മാധ്യമങ്ങളും യുഡിഎഫ് നേതാക്കളും എല്‍ഡിഎഫിനെതിരെ നുണപ്രചാരണം തുടരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍ഡിഎഫ് വോട്ട് കുറഞ്ഞെന്നത് യാഥാര്‍ഥ്യം. എന്നാല്‍, അതിന് തൊട്ടുമുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പാര്‍ലമെന്റിലേക്കും നടന്ന തെരഞ്ഞെടുപ്പുഫലംകൂടി പരിശോധിച്ചാല്‍ എല്‍ഡിഎഫിന്റെ ബഹുജനാടിത്തറയ്ക്ക് പോറലേറ്റിട്ടില്ലെന്ന് വ്യക്തമാകും.

മണ്ഡല പുനര്‍വിഭജനത്തിനുശേഷം രൂപംകൊണ്ട നെയ്യാറ്റിന്‍കര മണ്ഡലത്തിലെ യുഡിഎഫ് മേല്‍ക്കൈ കാണാതെയാണ് എല്‍ഡിഎഫ് വിരുദ്ധ പ്രചാരണം. മണ്ഡലത്തിലെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യം പ്രയോജനപ്പെടുത്തി ഈ മേല്‍ക്കൈ മറികടന്ന് വിജയം നേടാനാണ് 2011ലെ പൊതുതെരഞ്ഞെടുപ്പില്‍ സെല്‍വരാജിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍, സെല്‍വരാജ് മറുകണ്ടം ചാടിയെങ്കിലും യുഡിഎഫ് മേല്‍ക്കൈ ഉള്ള മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം പ്രകടമായിരുന്നു. മെയ് നാലുമുതല്‍ ശക്തിപ്രാപിച്ച എല്‍ഡിഎഫ് വിരുദ്ധപ്രചാരണം പോളിങ് ദിനം വരെ തുടര്‍ന്നു. കൂടാതെ അധികാര ദുര്‍വിനിയോഗവും പണമൊഴുക്കലും. ഇതിന് പുറമെ യുഡിഎഫിന്റെ വര്‍ഗീയ-സാമുദായിക പ്രീണനയത്തിലൂടെ രൂപപ്പെട്ട മത-സാമുദായിക ധ്രുവീകരണവും. ഇവ അതിജീവിച്ച് എല്‍ഡിഎഫ് നേടിയ 46,194 വോട്ട് രാഷ്ട്രീയ എതിരാളികളുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും കണക്കുകൂട്ടല്‍ തെറ്റിച്ചു. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താകുമെന്നുവരെ പ്രചരിപ്പിച്ചു. മണ്ഡല പുനര്‍വിഭജനശേഷം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് നെയ്യാറ്റിന്‍കരയില്‍ 16,623 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 1,03,014 വോട്ട് പോള്‍ ചെയ്തതില്‍ 42,473 വോട്ടാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 25,850 വോട്ട് മാത്രം. ആകെ വോട്ടിന്റെ 25 ശതമാനം. യുഡിഎഫിന് 42 ശതമാനം വോട്ടും. അന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച കെ കൃഷ്ണദാസിന് 9968 വോട്ടും സ്വതന്ത്രനായി മത്സരിച്ച നീലലോഹിതദാസന്‍ നാടാര്‍ക്ക് 22,661 വോട്ടും ലഭിച്ചു. എല്‍ഡിഎഫ്-യുഡിഎഫ് വിരുദ്ധ വോട്ടുകള്‍ അന്ന് മുപ്പത്തൊന്നായിരത്തോളം. ഇപ്പോള്‍ 30,507 വോട്ടാണ് വര്‍ഗീയ മുതലെടുപ്പിലൂടെ ബിജെപിക്ക് ലഭിച്ചത്.

യുഡിഎഫ്-മാധ്യമ സഖ്യത്തിന്റെ പ്രചാരണങ്ങളും വര്‍ഗീയ-സാമുദായിക പ്രീണനവും ഇത്തവണ എല്‍ഡിഎഫ്-യുഡിഎഫ് വിരുദ്ധ വോട്ടുകള്‍ ബിജെപി പാളയത്തിലെത്തിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ 28,428 വോട്ട് ഇത്തവണ കൂടുതല്‍ പോള്‍ചെയ്തു. എല്‍ഡിഎഫിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ 21,344 വോട്ട് കൂടുതല്‍ ലഭിച്ചപ്പോള്‍ യുഡിഎഫിന് കൂടിയത് 10,055 വോട്ട് മാത്രം. യുഡിഎഫ്-എല്‍ഡിഎഫ് വിരുദ്ധ വോട്ട് കുറയുകയുംചെയ്തു. എങ്കിലും ഹൈന്ദവ വോട്ടുകള്‍ ഫലപ്രദമായി ഉപയോഗിച്ച് ബിജെപി നേട്ടമുണ്ടാക്കി. യുഡിഎഫ് ആകട്ടെ ന്യൂനപക്ഷ പ്രീണനവും പ്രയോഗിച്ചു. 2010ലെ തദ്ദേശ ഭരണസ്ഥാപന തെരഞ്ഞെടുപ്പും ചൂണ്ടുപലകയാണ്. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയും അഞ്ച് ഗ്രാമപഞ്ചായത്തുകളുമടങ്ങുന്ന മണ്ഡലത്തില്‍ അതിയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍മാത്രമാണ് എല്‍ഡിഎഫിന് ലീഡുള്ളത്. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍പ്പോലും യുഡിഎഫ് സ്വതന്ത്രരുടെ വോട്ട് ഉള്‍പ്പെടെ യുഡിഎഫിന് ആയിരത്തിലേറെ വോട്ടിന്റെ ലീഡുണ്ടായിരുന്നു. അന്നും മണ്ഡലത്തിലെ ആകെ വോട്ട് കണക്കാക്കിയാല്‍ പന്ത്രണ്ടായിരത്തിലേറെ വോട്ട് യുഡിഎഫിന് കൂടുതലാണ്.
(എം രഘുനാഥ്)

ഫലം സര്‍ക്കാരിനുള്ള അംഗീകാരമല്ല: വി എസ്

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ഫലം യുഡിഎഫ് സര്‍ക്കാരിനുള്ള അംഗീകാരമല്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. നഗ്നമായ അധികാര ദുര്‍വിനിയോഗവും സാമുദായിക പ്രീണനവുമാണ് സര്‍ക്കാര്‍ നെയ്യാറ്റിന്‍കരയില്‍ നടത്തിയത്. ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ട സംഭവത്തെ എല്‍ഡിഎഫിനെതിരെ പ്രചാരണായുധമാക്കുന്നതില്‍ യുഡിഎഫ് വിജയിച്ചു. ഇടുക്കിയില്‍ എം എം മണി നടത്തിയ അപലപനീയമായ പ്രസംഗം പ്രചരിപ്പിക്കപ്പെട്ടത് വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തിയെന്നും കരുതേണ്ടിയിരിക്കുന്നു. കാലുമാറി യുഡിഎഫിലെത്തിയ വ്യക്തി ജയിച്ചുവെന്നത് ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല. തെരഞ്ഞെടുപ്പില്‍ സാമുദായിക വര്‍ഗീയശക്തികള്‍ കൂടുതല്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നതിന്റെ സൂചനകളും നെയ്യാറ്റിന്‍കരയില്‍ ഉണ്ടായെന്നത് ആശങ്കാജനകമാണ്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് പരാജയത്തിനു കാരണമായ എല്ലാ കാര്യങ്ങളും പരിശോധിച്ച് പിഴവുകള്‍ പരിഹരിച്ച് എല്‍ഡിഎഫ് ശക്തമായി മുന്നോട്ടുപോകും- വി എസ് പറഞ്ഞു.

മതേതര ജനാധിപത്യത്തിന് ഭീഷണി: കോടിയേരി

മതേതര ജനാധിപത്യത്തിന് ഭീഷണി ഉയര്‍ത്തുന്നതാണ് നെയ്യാറ്റിന്‍കരയിലെ ജനവിധിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യുഡിഎഫ് നേതൃത്വത്തില്‍ ക്രിസ്ത്യന്‍ ധ്രുവീകരണവും ആര്‍എസ്എസ് നേതൃത്വത്തില്‍ അതിനെതിരായ ധ്രുവീകരണവും നടന്നു. ഒഞ്ചിയം കൊലപാതകം ഉള്‍പ്പെടെ എല്ലാ സംഭവങ്ങളും എല്‍ഡിഎഫിന് പ്രതികൂലമായി. എന്നിട്ടും ഇത്രയും വോട്ട് കിട്ടിയത് എല്‍ഡിഎഫ് അടിത്തറ ഭദ്രമാണെന്നതിനു തെളിവാണ്. നെയ്യാറ്റിന്‍കരയിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ സ്ഥിതിഗതിയില്‍ വന്നമാറ്റം വിലയിരുത്തുമെന്നും കോടിയേരി പറഞ്ഞു.

വിജയത്തിന് കാരണം ഭരണദുരുപയോഗവും വര്‍ഗീയ പ്രീണനവും

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിന് കാരണം ഭരണദുരുപയോഗവും വര്‍ഗീയ പ്രീണനവുമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. നാടാര്‍ സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് ഏകോപിപ്പിക്കാന്‍ യുഡിഎഫിന് കഴിഞ്ഞു. ചില ചാനലുകളെ എല്‍ഡിഎഫിനെതിരെ തിരിച്ച് വിടുന്നതിലും യുഡിഎഫ് വിജയിച്ചെന്ന് അദ്ദേഹം പറഞ്ഞു. തോല്‍വിയുടെ കാരണങ്ങള്‍ വിശദമായി പരിശോധിച്ച് പരിഹരിക്കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

അധാര്‍മികതയുടെ താല്‍ക്കാലികനേട്ടം: പന്ന്യന്‍

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വിജയം രാഷ്ട്രീയ അധാര്‍മികതയുടെ താല്‍ക്കാലിക നേട്ടം മാത്രമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. കാലുമാറ്റമെന്ന അധാര്‍മികതയെ തോളിലേറ്റി അവിശുദ്ധ കൂട്ടുകെട്ടുകളും ഭരണ ദുര്‍വിനിയോഗവും നുണപ്രചാരണങ്ങളും തെരഞ്ഞെടുപ്പില്‍ വിനിയോഗിച്ചു. അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും വന്‍നേട്ടമുണ്ടാക്കിയെന്ന് യുഡിഎഫിന് അവകാശപ്പെടാനാവില്ല. എല്‍ഡിഎഫിന്റെ രാഷ്ട്രീയ അടിത്തറയില്‍ വലിയ മാറ്റംവരുത്താന്‍ ഇതിനായില്ല. സര്‍ക്കാരിനോടുള്ള പ്രതികരണമാണ് ഈ ഫലമെന്ന നിലയിലുള്ള ചര്‍ച്ചകള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. സര്‍ക്കാരിന്റെ നിലനില്‍പ്പിനായി മത-സാമുദായിക സന്തുലനം അട്ടിമറിക്കാന്‍ യുഡിഎഫിന് മടിയുണ്ടായില്ല. തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച അവിശുദ്ധബന്ധങ്ങളും വഴിവിട്ട കൂട്ടുകെട്ടുകളും ഇനിയും ചര്‍ച്ച ചെയ്യണം. പരാജയം ഇടതുപക്ഷ ജനാധിപത്യമുന്നണി ഗൗരവപൂര്‍വം ചര്‍ച്ചചെയ്യേണ്ടതുണ്ട്. പാഠമുള്‍ക്കൊണ്ട് കൂടുതല്‍ ശക്തമായി മുന്നേറാന്‍ കഴിയണം-പന്ന്യന്‍ പറഞ്ഞു.

ശെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വം ഭൂരിപക്ഷം കുറയാന്‍ കാരണമായെന്ന് മുരളീധരന്‍

കോഴിക്കോട്: ശെല്‍വരാജ് സ്ഥാനാര്‍ഥിയായതുകൊണ്ടാണ് നെയ്യാറ്റിന്‍കരയില്‍ ഭൂരിപക്ഷം കുഞ്ഞതെന്ന് കെ മുരളീധരന്‍ എംഎല്‍എ. ശെല്‍വരാജ് അല്ലായിരുന്നു സ്ഥാനാര്‍ഥിയെങ്കില്‍ നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം 25000 കവിഞ്ഞേനെയെന്നും അദ്ദേഹം പറഞ്ഞു. സെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ താനുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ എല്‍ഡിഎഫിന് ഗുണകരമാകുന്ന രാഷ്ട്രീയ സാഹചര്യം ഉണ്ടാകുമെന്നതിനാലാണ് പിന്നീട് ശെല്‍വരാജിനെ അംഗീകരിച്ചതെന്നും മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താനും ആര്യാടനും പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നാണ് ബിജെപിയുടെ വോട്ടുവളര്‍ച്ച വ്യക്തമാക്കുന്നത്. രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ഥിയായി എത്തിയത് യുഡിഎഫിനാണ് ഗുണം ചെയ്തത്. രാജഗോപാലിന് പകരം ദുര്‍ബലനായ ഒരു സ്ഥാനാര്‍ഥിയായിരുന്നെങ്കില്‍ ആ വോട്ടുകള്‍ എങ്ങോട്ടുപോകുമായിരുന്നുവെന്ന് നേതൃത്വം ചിന്തിക്കണമെന്നും കെ. മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ സംഘടനാ പ്രശ്നങ്ങള്‍ യുഡിഎഫിന്റെ വിജയത്തിന്റെ തിളക്കം കുറച്ചെന്ന് കോണ്‍ഗ്രസ് വക്താവ് എംഎം ഹസന്‍ പറഞ്ഞു.

യുഡിഎഫ് ജയം സാങ്കേതികം മാത്രം: എന്‍എസ്എസ്

ചങ്ങനാശ്ശേരി: നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിന്റേത് സാങ്കേതിക ജയം മാത്രമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ശെല്‍വരാജിന് നെയ്യാറ്റിന്‍കരയിലെ 40 ശതമാനം ജനങ്ങളുടെ പിന്തുണയേയുള്ളൂ. 60ശതമാനവും സര്‍ക്കാര്‍ വിരുദ്ധനിലപാടാണ് സ്വീകരിച്ചത്. ഈ വോട്ടുകള്‍ ഭിന്നിച്ചതു കൊണ്ടാണ് വിജയിച്ചത്. കഴിഞ്ഞതവണ യുഡിഎഫിനൊപ്പം നിന്നവര്‍ ഇക്കുറി അവരെ കൈയൊഴിഞ്ഞു. ഭൂരിപക്ഷപിന്തുണയില്ലാത്ത വിജയമാണ് യുഡിഎഫിന്റേത്-അദ്ദേഹം പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളല്ല, മറിച്ച് ടി പി ചന്ദ്രശേഖരന്‍ വധവും അഞ്ചാം മന്ത്രിസ്ഥാനവുമാണ് നെയ്യാറ്റിന്‍കരയില്‍ ചര്‍ച്ചയായത്. ചന്ദ്രശേഖരന്‍വധം സംബന്ധിച്ച യുഡിഎഫ് പ്രചാരണമാണ് എല്‍ഡിഎഫിന്റെ തോല്‍വിക്ക് കാരണം. അഞ്ചാം മന്ത്രിസ്ഥാനം ചര്‍ച്ചയായതിന് തെളിവാണ് ബിജെപി വോട്ടിലെ വര്‍ധന. "എന്‍എസ്എസ് വോട്ട് ബിജെപിക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഞങ്ങള്‍ക്കല്ല. എന്‍എസ്എസ് ആസ്ഥാനത്ത് തിരുവഞ്ചൂരിന് പ്രവേശനാനുമതി നിഷേധിച്ചതിന്റെ കാരണം അദ്ദേഹത്തിനും മുഖ്യമന്ത്രിക്കും ചെന്നിത്തലയ്ക്കും അറിവുള്ളതാണ്. യുഡിഎഫിനുള്ളിലെ വിഷയങ്ങള്‍ പുറത്തുവന്നാല്‍ ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും തിരുവഞ്ചൂരിന്റെയും മുഖംമൂടി അഴിഞ്ഞുവീഴും." സര്‍ക്കാരിന്റെ ഭാവി സംബന്ധിച്ച് എന്‍എസ്എസിന് ആശങ്കപ്പെടേണ്ട കാര്യമില്ല-അദ്ദേഹം പറഞ്ഞു. പി ജെ കുര്യന്‍ മതേതരവാദിയാണെന്ന കാഴ്ചപ്പാട് ഉള്ളതുകൊണ്ടാണ് രാജ്യസഭാസ്ഥാനാര്‍ഥിത്വം എന്‍എസ്എസ് സ്വാഗതം ചെയ്യുന്നത്. അതുകൊണ്ട് സര്‍ക്കാരിന്റെ നിലപാടുകളെല്ലാം മതേതരമാണെന്ന് കരുതാനാവില്ല. അദ്ദേഹം പറഞ്ഞു.

deshabhimani 160612

No comments:

Post a Comment