Saturday, July 6, 2013

യുവജനരോഷം ഇരമ്പി; മന്ത്രി വട്ടംചുറ്റി

കൊല്ലം: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരായ യുവജനപ്രതിഷേധത്തില്‍ നഗരം സ്തംഭിച്ചു. സോളാര്‍ തട്ടിപ്പില്‍ പങ്കാളിയായ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയെ കരിങ്കൊടി കാട്ടിയ യുവജന സംഘടനാ പ്രവര്‍ത്തകരെ ഐഎന്‍ടിയുസി, യൂത്തുകോണ്‍ഗ്രസ് ക്രിമിനലുകളുടെ സഹായത്തോടെ പൊലീസ് നേരിട്ടത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. മഹിളാ പ്രവര്‍ത്തകരെ കരുതല്‍ നടപടിയെന്ന പേരില്‍ പൊലീസ് അറസ്റ്റുചെയ്ത് രണ്ടു മണിക്കൂര്‍ കസ്റ്റഡിയില്‍വച്ചു. പൊലീസ് സാന്നിധ്യത്തില്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ ആക്രമണത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ജി മുരളീധരന്‍ ഉള്‍പ്പെടെ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു.

നവീകരിച്ച കൊല്ലം പ്രസ്ക്ലബ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയ മന്ത്രി യുവജനരോഷത്തില്‍ അക്ഷരാര്‍ഥത്തില്‍ വട്ടംചുറ്റി. വെള്ളിയാഴ്ച പകല്‍ 3.30ന് ആണ് ചടങ്ങ് നിശ്ചയിച്ചിരുന്നത്. പ്രതിഷേധം മണത്തറിഞ്ഞ പൊലീസ് മന്ത്രി എത്തുന്ന വിവരം അവസാന നിമിഷംവരെ രഹസ്യമാക്കിവച്ചു. കോട്ടയത്തുനിന്ന് കൊട്ടാരക്കര വഴിയാണ് പൊലീസ് സന്നാഹത്തില്‍ മന്ത്രിവാഹനം എത്തിയത്. പകല്‍ മൂന്നിന് കൊല്ലം- ചെങ്കോട്ട റോഡില്‍ ജില്ലാ സഹകരണബാങ്കിനു മുന്നില്‍ വാഹനവ്യൂഹം എത്തിയതോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. അപ്രതീക്ഷിത പ്രതിഷേധത്തില്‍ അമ്പരന്ന പൊലീസ് അകമ്പടിവാഹനം മന്ത്രിയുടെ ഇന്നോവ കാറിനു മുന്നിലേക്കു കയറ്റിനിര്‍ത്തി. മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ക്കിടയില്‍ രണ്ടു മിനിറ്റ് മന്ത്രി റോഡില്‍ കുടുങ്ങി. പ്രവര്‍ത്തകരെ ബലപ്രയോഗത്തിലൂടെ നീക്കി മന്ത്രിക്ക് പൊലീസ് പിഡബ്ല്യുഡി റെസ്റ്റ്ഹൗസിലേക്ക് വഴിയൊരുക്കി. കരിങ്കൊടി കാട്ടിയ കൊല്ലം ഏരിയ പ്രസിഡന്റ് സുധീര്‍, സെക്രട്ടറി മുസ്തഫ, ട്രഷറര്‍ ജെ ബിജു ഉള്‍പ്പെടെ ഒമ്പതു പ്രവര്‍ത്തകരെ പൊലീസ് പിടികൂടി. പൊലീസ് നടപടിയില്‍ പ്രവര്‍ത്തകരില്‍ പലര്‍ക്കും പരിക്കേറ്റു.

നാലോടെ പൊലീസ് അകമ്പടിയില്‍ വാഹനവ്യൂഹം പ്രസ് ക്ലബ്ബിലേക്ക് വരവെ എഐവൈഎഫ് പ്രവര്‍ത്തകര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആര്‍ സജിലാല്‍, ജില്ലാ പ്രസിഡന്റ് അഡ്വ. അനില്‍ എസ് കല്ലേലിഭാഗം, ജില്ലാ സെക്രട്ടറി ഹരി വി നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ തടയാന്‍ ശ്രമിച്ചു. പൊലീസ് ലാത്തിവീശി പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. തുടര്‍ന്ന് പ്രസ്ക്ലബ്ബിനു മുന്നിലെത്തിയപ്പോള്‍ എഫ്സിഐ ഗോഡൗണ്‍ പരിസരത്തുനിന്ന് യുവമോര്‍ച്ച പ്രവര്‍ത്തകരും കരിങ്കൊടി കാട്ടി. ഒരു മണിക്കൂര്‍ നീണ്ട ഉദ്ഘാടനച്ചടങ്ങിനുശേഷം പ്രസ്ക്ലബ്ബില്‍നിന്ന് ഇറങ്ങിയ മന്ത്രിയുടെ ഇന്നോവ കാര്‍ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ജി മുരളീധരന്‍, ജില്ലാ പ്രസിഡന്റ് എസ് സജീഷ്, സെക്രട്ടറി വി പി പ്രശാന്ത്, ഈസ്റ്റ് ഏരിയസെക്രട്ടറി സജീവ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. കരിങ്കൊടികളുമായി മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ റോഡില്‍നിന്നു നീക്കി മന്ത്രിയെ കടത്തിവിട്ടു. ഇതിനിടെ ഐഎന്‍ടിയുസി- യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സംസ്ഥാനകമ്മിറ്റി അംഗം രഞ്ജുവിനെ ബലമായി പൊലീസ് വാനില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പ്രകടനമായി ഈസ്റ്റ് സ്റ്റേഷനിലെത്തി. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിവൈഎഫ്,മഹിളാ അസോസിയേഷന്‍, മഹിളാസംഘം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.

പ്രതിഷേധത്തെ നേരിടാന്‍ പൊലീസിനൊപ്പം ഗുണ്ടാപ്പടയും

കൊല്ലം: മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ പ്രതിഷേധിച്ച യുവജന സംഘടനാ പ്രവര്‍ത്തകരെ നേരിടാന്‍ പൊലീസിനൊപ്പം യൂത്തുകോണ്‍ഗ്രസ്, ഐഎന്‍ടിയുസി ഗുണ്ടാപ്പടയും. മന്ത്രിക്ക് സംരക്ഷകരായെത്തിയ സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൈയേറ്റത്തിനു ശ്രമിച്ചു. ഉദ്ഘാടനച്ചടങ്ങിനു ശേഷം പോകാനൊരുങ്ങിയ മന്ത്രിയുടെ വാഹനം തടഞ്ഞ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ജി മുരളീധരനെ ഗുണ്ടാസംഘം കൈയേറ്റത്തിനു ശ്രമിച്ചു. ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ പള്ളിത്തോട്ടം നാസറുദീന്‍, യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരായ മംഗലത്ത് ബിനു, സുല്‍ഫിക്കര്‍ ഭൂട്ടോ എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അനുകൂല മുദ്രാവാക്യം മുഴക്കിക്കൊണ്ട് ആക്രമിക്കുകയായിരുന്നു. പൊലീസ് കാഴ്ചക്കാരായി നിന്നു. ഇതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഈസ്റ്റ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തി. പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ ഉള്‍പ്പെടെ പത്ത് കോണ്‍ഗ്രസ്- യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

പൊലീസ് ഗതാഗതം തടഞ്ഞു; ജനം വലഞ്ഞു


കൊല്ലം: മന്ത്രി തിരുവഞ്ചൂരിനെ യുവജന പ്രതിഷേധത്തില്‍നിന്നു രക്ഷിക്കാന്‍ പൊലീസ് നഗരത്തിലെ ഗതാഗതം സ്തംഭിപ്പിച്ചത് മണിക്കൂറുകളോളം. മന്ത്രി പകല്‍ മൂന്നിന് റെസറ്റ് ഹൗസില്‍ എത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പുതന്നെ ചിന്നക്കട വഴിയുള്ള ഗതാഗതം പൊലീസ് തടഞ്ഞു. തിരക്കേറിയ സമയത്ത് വാഹനങ്ങള്‍ ഇടറോഡുകള്‍ വഴി തിരിച്ചുവിട്ടത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. തടസ്സം നീണ്ടതോടെ കുമാര്‍ തിയറ്ററിനു മുന്നില്‍ വാഹനയാത്രക്കാര്‍ പൊലീസുമായി വാക്കേറ്റത്തിലായി. പൊലീസിന്റെ അനാവശ്യ നടപടിയില്‍ പ്രതിഷേധം ശക്തമായെങ്കിലും മന്ത്രി അഞ്ചിന് പ്രസ്ക്ലബ്ബില്‍നിന്ന് തിരികെപ്പോകുംവരെ ഇരുചക്രവാഹനങ്ങള്‍ പോലും കടത്തിവിട്ടില്ല. മന്ത്രിയുടെ വാഹനത്തെ കൂകി വിളിച്ചാണ് ജനം യാത്രയാക്കിയത്.

മഹിളാ പ്രവര്‍ത്തകര്‍ "കരുതല്‍" തടവില്‍

കൊല്ലം: മന്ത്രി തിരുവഞ്ചൂര്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് നഗരം പൊലീസ് കൈയടക്കി. കണ്ണില്‍കണ്ട ചെറുപ്പക്കാരെയെല്ലാം വിരട്ടിയോടിച്ചു. മഹിളാ പ്രവര്‍ത്തകരെ കരുതല്‍ നടപടിയെന്ന പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം സൂസന്‍കോടി. ജില്ലാ പ്രസിഡന്റ് രാധാമണി, സെക്രട്ടറി എം ലീലാമ്മ, രാജമ്മ ഭാസ്കരന്‍, മഹിളാ സംഘം നേതാവ് ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തില്‍ ചിന്നക്കട പെട്രോള്‍ പമ്പിനു മുന്നില്‍നിന്ന അറുപതോളം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വാനില്‍ കയറ്റി ഈസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചടങ്ങിനുശേഷം മന്ത്രി തിരികെ പോകുംവരെ രണ്ടു മണിക്കൂറോളം പ്രവര്‍ത്തകരെ സ്റ്റേഷനില്‍ കസ്റ്റഡിയില്‍വച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയതോടെയാണ് വിട്ടയയ്ക്കാന്‍ പൊലീസ് തയ്യാറായത്.

deshabhimani

No comments:

Post a Comment