കേരളംകണ്ട ഏറ്റവും ഭീകര ട്രെയിന്‍ അപകടമായ പെരുമണ്‍ ദുരന്തത്തിന് തിങ്കളാഴ്ച 25 വര്‍ഷം തികയുമ്പോള്‍ ദുരന്തത്തില്‍ 16 ജീവനുകള്‍ രക്ഷിക്കുകയും ഉത്തരവാദികള്‍ക്കെതിരെ മൊഴികൊടുക്കുകയും ചെയ്ത ജീവനക്കാരനോട് റെയില്‍വേ അധികൃതര്‍ പകപോക്കുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയും അശ്രദ്ധയുമാണ് അപകടത്തിനിടയാക്കിയതെന്ന് റെയില്‍വേ ചീഫ് സേഫ്റ്റി കമീഷണര്‍മുമ്പാകെ മൊഴി നല്‍കിയ കൊല്ലം മണ്‍റോതുരുത്ത് ചാലപ്പുറത്ത് ചെരുവില്‍ വീട്ടില്‍ രാജു ഗ്രിഗറിയെയാണ് ഗുഡ്സ് ഗാര്‍ഡ് തസ്തികയിലേക്ക് നടത്തിയ പരീക്ഷയില്‍ മാര്‍ക്ക് തിരുത്തി പരാജയപ്പെടുത്തിയത്. ട്രാക്കില്‍ അറ്റകുറ്റപ്പണി നടത്തുന്ന വിവരം ജീവനക്കാര്‍ അടുത്തുള്ള റെയില്‍വേസ്റ്റേഷനില്‍ അറിയിച്ചില്ലെന്ന് രാജു സേഫ്റ്റി കമീഷണര്‍ക്ക് മൊഴി നല്‍കിയിരുന്നു.
1988 ജൂലൈ എട്ടിനായിരുന്നു പെരുമണ്‍ ദുരന്തം. അറ്റകുറ്റപ്പണി നടക്കുന്ന വിവരം അറിയാതെ പെരുമണ്‍ പാലത്തിലൂടെ കടന്നുപോയ കന്യാകുമാരി-ബംഗളൂരു ഐലന്‍ഡന്റ് എക്സ്പ്രസാണ് പെരുമണ്‍ പുഴയിലേക്കു മറഞ്ഞത്. 107 ജീവനുകള്‍ നഷ്ടമാവുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തിനു ഉത്തരവാദികളായ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നിര്‍ണായക മൊഴിയായിരുന്നു രാജുവിന്റേത്. എറണാകുളം കതൃക്കടവ് ക്യാബിനില്‍ പോയിന്റ്്സ്മാനായി ജോലിനോക്കുന്ന തന്നെ ഗുഡ്സ് ഗാര്‍ഡ് തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിന് 2012 സെപ്തംബര്‍ 22ന് നടത്തിയ വകുപ്പുതല പരീക്ഷയില്‍ തെരഞ്ഞുപിടിച്ച് തോല്‍പ്പിക്കുകയായിരുന്നുവെന്ന് രാജു പറയുന്നു. വിവരാവകാശ നിയമപ്രകാരം ഉത്തരക്കടലാസ് ലഭിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ജയിക്കാന്‍ 60 മാര്‍ക്ക് വേണ്ട സ്ഥാനത്ത് രാജുവിന് 71 മാര്‍ക്ക് ലഭിച്ചിരുന്നു. അഞ്ചു മാര്‍ക്കിന്റെ ശരിയുത്തരത്തിന് മാര്‍ക്ക് നല്‍കിയിട്ടേയില്ല. നല്‍കിയതാകട്ടെ 66 മാര്‍ക്കും. ഇത് വെട്ടി 53 മാര്‍ക്കാക്കി പരീക്ഷയില്‍ തോല്‍പ്പിക്കുകയായിരുന്നു. ഉത്തരക്കടലാസില്‍ റോള്‍ നമ്പര്‍ ഡീകോഡ് ചെയ്യണമെന്ന നിയമവും രാജുവിന്റെ കാര്യത്തില്‍ പാലിച്ചില്ല.
പെരുമണ്‍ ദുരന്തം നടക്കുമ്പോള്‍ മണല്‍വാരല്‍ തൊഴിലാളിയായിരുന്നു രാജു. അപകടത്തില്‍നിന്ന് 16 പേരെയാണ് അന്ന് രാജു സാഹസികമായി രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ദുരന്തത്തില്‍ അഭിനന്ദനാര്‍ഹമായ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാണ് റെയില്‍വേയില്‍ ജോലി ലഭിച്ചത്. അന്നത്തെ റെയില്‍വേമന്ത്രി സി കെ ജാഫര്‍ ഷെറീഫ് 1994ല്‍ ഉത്തരവിടുകയായിരുന്നു. എന്നിട്ടും രണ്ടുവര്‍ഷം വൈകിയാണ് ജോലി ലഭിച്ചത്. അതും നിവേദനങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ശേഷം. ഗ്രൂപ്പ് ഡി തസ്തികയിലായിരുന്നു ആദ്യനിയമനം. രക്ഷാപ്രവര്‍ത്തനത്തിനുള്ള പ്രത്യേക പാരിതോഷികമായി പ്രഖ്യാപിച്ച 1000 രൂപ ഇനിയും നല്‍കിയില്ല. ജോലിയില്‍ പ്രവേശിച്ചിട്ടും റെയില്‍വേ അധികാരികള്‍ രാജുവിനെ വെറുതെവിട്ടില്ല. 2010ല്‍ മുളന്തുരുത്തിയില്‍ ട്രെയിനിനുമീതെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിലും സാഹസിക രക്ഷാപ്രവര്‍ത്തനം നടത്തിയത് അന്ന് മുളന്തുരുത്തി ക്യാബിനില്‍ ജോലിചെയ്തിരുന്ന രാജുവായിരുന്നു. മണ്‍കൂനക്കടിയില്‍പ്പെട്ട രാജുവിന് വാരിയെല്ലുകള്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ മെഡിക്കല്‍ ലീവാനുകൂല്യം നല്‍കാന്‍ റെയില്‍വേ തയ്യാറായില്ല. മേലധികാരികളുടെ ഒരു തെറ്റ് ചൂണ്ടിക്കാട്ടിയതിന് ഇപ്പോഴും തന്നെ വേട്ടയാടുകയാണെന്നാണ് രാജു പറയുന്നത്. ഇതിനെതിരെ മനുഷ്യാവകാശകമീഷനും സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനും പരാതി നല്‍കുമെന്ന് രാജു പറഞ്ഞു.
deshabhimani
No comments:
Post a Comment