Sunday, July 7, 2013

ഡിഎംആര്‍സിക്കും ശ്രീധരനുമെതിരെ ടോം ജോസ് ചട്ടവിരുദ്ധമായി സിഎജിക്കയച്ച കത്ത് പുറത്തുവന്നു

ഡിഎംആര്‍സിക്കും അതിന്റെ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനുമെതിരെ കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുന്‍ എംഡി ടോം ജോസ് ചട്ടവിരുദ്ധമായി കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന് എഴുതിയ കത്ത് പുറത്തുവന്നു. ഗുരുതരമായ തെറ്റിന്‌ടോം ജോസിനെതിരെ റയില്‍വേ ചുമതലവഹിക്കുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യമന്ത്രിയോട് നടപടിക്ക് ശുപാര്‍ശചെയ്തുവെങ്കിലും അദ്ദേഹം സംരക്ഷിക്കുകയായിരുന്നു. നേരത്തെ ഇ ശ്രീധരന്റെ അധികാരപദവികള്‍ എന്തെന്ന് ചോദിച്ച് ഡിഎംആര്‍സി ചെയര്‍മാന്‍ സുധീര്‍കൃഷ്ണയ്ക്ക് ടോം ജോസ് എഴുതിയ കത്ത്  വിവാദം സൃഷ്ടിച്ചിരുന്നു. അന്നും ടോം ജോസിനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി തയ്യാറായത്. അതിന് മുന്‍പേയാണ് ഇപ്പോഴത്തെ കത്തും എഴുതിയിട്ടുള്ളത്.

തന്നെ കെ എം ആര്‍ എല്‍ എം ഡി സ്ഥാനത്ത്‌നിന്നും നീക്കിയതിനെ വിമര്‍ശിച്ചും ഇ ശ്രീധരനും ഡി എം ആര്‍ സിയും കഴിവില്ലാത്തവരാണെന്ന് ചൂണ്ടിക്കാട്ടുകയാണ് അഞ്ച്‌പേജ്‌വരുന്ന കത്തില്‍ ടോം ജോസ് ചെയ്തിട്ടുള്ളത്. മെട്രോ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിന് ഇ ശ്രീധരന്റെയും ഡി എം ആര്‍ സിയുടെയും ഭാഗത്ത് നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ടായി. ആഗോള ടെന്‍ഡര്‍ വിളിക്കാനുള്ള നീക്കത്തിനെതിരെ നിലകൊണ്ട് ശ്രീധരന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി. ധനപരമായ സുതാര്യത ഇല്ലാതാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം. ഡിഎം ആര്‍ സിയുടെ സാങ്കേതിക പരിജ്ഞാനം കാലഹരണപ്പെട്ടതാണ്. ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ ലിങ്ക് പദ്ധതി വിമര്‍ശനം ഉയര്‍ന്നതു മൂലമാണ് ഉപേക്ഷിക്കേണ്ടി വന്നത്. ഇതു സംബന്ധിച്ച പത്രകട്ടിങ്ങും പരാതിക്കൊപ്പം അടക്കം ചെയ്തിട്ടുള്ളതുമായും കത്തില്‍ വ്യക്തമാക്കുന്നു.

2012 ഓഗസ്റ്റ് 17ന് കെ എം ആര്‍ എല്‍ എം ഡി സ്ഥാനത്ത്‌നിന്നും ഒഴിഞ്ഞ ടോം ജോസ് ഓഗസ്റ്റ് 20നാണ് ഈ കത്ത് അയച്ചിട്ടുള്ളത്. സുധീര്‍കൃഷ്ണയ്ക്ക് കത്തയച്ചതാകട്ടെ സെപ്തംബറിലുമാണ്. ഇത് പുറത്തുവന്നത് വലിയ വിവാദം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സി എ ജിക്ക് നല്‍കിയ കത്തും പുറത്തുവന്നിട്ടുള്ളത്. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന് വിരുദ്ധമായി ഒരു ഉദ്യോഗസ്ഥന്‍ മറ്റൊരു ഭരണസംവിധാനത്തിന് കത്തയക്കുക എന്ന ഗുരുതരമായ തെറ്റാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

ടോം ജോസിന്റെ നേതൃത്വത്തില്‍ ശ്രീധരനും ഡി എം ആര്‍സിക്കുമെതിരെ ആസൂത്രിത നീക്കങ്ങള്‍ നടന്നുവെങ്കിലും പദ്ധതി ഇ ശ്രീധരനും ഡി എം ആര്‍ സിയും ഏറ്റെടുക്കണമെന്ന  ജനങ്ങളുടെ ആവശ്യം സര്‍ക്കാരിന് അംഗീകരിക്കേണ്ടി വരികയായിരുന്നു. എന്നാല്‍ താന്‍ സ്ഥാനമൊഴിഞ്ഞ സ്ഥിതിക്ക് പദ്ധതിയാകെ തകരാറിലാക്കുക ലക്ഷ്യമിട്ടാണ് ടോം ജോസ് കത്തിടപാടുകള്‍  നടത്തിയത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഒക്‌ടോബറില്‍ സി എ ജിയുടെ ഓഡിറ്റ് വിഭാഗം കെ എം ആര്‍ എല്‍ ഓഫീസില്‍ പരിശോധനയും നടത്തി. വരുംനാളുകളിലും ഇത്തരത്തിലുള്ള പരിശോധനയും ഇടപെടലുകളുമൊക്കെ സി എ ജിയുടെ ഭാഗത്ത്‌നിന്നുമുണ്ടാകും. ഇത് പദ്ധതി തന്നെ ഇഴയാനും തടസ്സപ്പെടാനും സാഹചര്യമൊരുക്കാനുമിടയുണ്ട്. ഇത് തന്നെയാണ് ടോം ജോസ് തന്റെ കത്ത്‌വഴി ലക്ഷ്യമിട്ടതും.

തികഞ്ഞ അച്ചടക്കലംഘനം എന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ആര്യാടന്‍ ടോംജോസിനെതിരെ മുഖ്യമന്ത്രിക്ക് നടപടിക്ക് ശുപാര്‍ശചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ മൗനം അവലംബിച്ച് മുഖ്യമന്ത്രി ടോം ജോസിനെ സംരക്ഷിക്കുകയായിരുന്നു. സുധീര്‍കൃഷ്ണയ്ക്ക് എഴുതിയ കത്ത് പുറത്തുവന്നപ്പോഴും മുഖ്യമന്ത്രിയുടെ നടപടി സ്‌നേഹശാസന മാത്രമായിരുന്നു. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധയോടെ ഇടപെടണമെന്ന ഉപദേശമായിരുന്നു മുഖ്യമന്ത്രിയുടെ അന്നത്തെ 'ശാസന'. സര്‍ക്കാരിനെതന്നെ ചോദ്യംചെയ്ത് സിഎജിക്കയച്ച കത്തിലാകട്ടെ ഈ 'ശാസന'പോലുമുണ്ടായില്ല.

janayugom

No comments:

Post a Comment