Monday, July 8, 2013

ശാലുവിന് വിഐപി പരിഗണന: തെറ്റില്ലെന്ന് മുഖ്യമന്ത്രി; വാദം കള്ളമെന്ന് രേഖകള്‍

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ശാലുമേനോന് വിഐപി പരിഗണന നല്‍കിയതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ശാലുമേനോന്‍ പ്രതിയല്ല. അതുകൊണ്ട് സ്വന്തം കാറില്‍ യാത്രചെയ്യാന്‍ അനുവദിച്ചതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. അതേസമയം, ശാലു പ്രതിയായിരുന്നില്ലെന്ന വാദം പച്ചക്കള്ളമാണെന്ന് വ്യക്തമായി. കോടതി ഉത്തരവനുസരിച്ച് തൃശൂര്‍ ഈസ്റ്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്ത പ്രതിയെയാണ് സ്വന്തം വാഹനത്തില്‍ വിഐപി പരിഗണന നല്‍കി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇത് മറച്ചുവച്ചാണ് മുഖ്യമന്ത്രി ശാലുവിനെയും പൊലീസിനെയും രക്ഷിക്കാന്‍ രംഗത്തെത്തിയത്.

വ്യാഴാഴ്ച രാത്രി എട്ടോടെ തൃശൂര്‍ ഈസ്റ്റ് പൊലീസ് ശാലുവിനെതിരെ കേസെടുത്തിരുന്നു. കസ്റ്റഡിയിലെടുത്തത് വെള്ളിയാഴ്ചയും. തൃശൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നിര്‍ദേശപ്രകാരം എഫ്ഐആര്‍ തയ്യാറാക്കിയാണ്് കേസ് രജിസ്റ്റര്‍ ചെയ്തത്. വിശ്വാസവഞ്ചന, ഗൂഢാലോചന, ആള്‍മാറാട്ടം, പ്രതിയാണെന്ന് അറിഞ്ഞിട്ടും ഒളിപ്പിച്ചുതാമസിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് കേസെടുത്തത്. കേസെടുത്ത വിവരം ഉള്‍പ്പെടുത്തി വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി മാധ്യമങ്ങളില്‍ പ്രാധാന്യത്തോടെ വാര്‍ത്തയും വന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മാത്രമാണ് ശാലുവിനെ വീട്ടില്‍നിന്നും കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസ് നിലനില്‍ക്കെയാണ് പ്രതിക്ക് സ്വന്തം വാഹനത്തില്‍ തിരുവനന്തപുരത്ത് എത്താന്‍ പൊലീസ് സൗകര്യം ഒരുക്കിയത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് ചാര്‍ജ് ചെയ്ത കേസ് പ്രത്യേക അന്വേഷകസംഘത്തിന് കൈമാറാന്‍ ശുപാര്‍ശ ചെയ്തിരിക്കയാണ് ഇപ്പോള്‍. തൃശൂര്‍ സ്വദേശി പി ഡി ജോസഫ് ഫയല്‍ ചെയ്ത പൊതുതാല്‍പ്പര്യഹര്‍ജിയിലാണ് ശാലുവിനെതിരെ കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചത്.

തിരുവഞ്ചൂരിനെ സരിത വിളിച്ചത് അറസ്റ്റിനെക്കുറിച്ച് അറിയാന്‍

സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വിളിച്ചത് അറസ്റ്റിനെ കുറിച്ച് അറിയാനെന്നതിന് കൂടുതല്‍ തെളിവ്. മിസ്ഡ് കോള്‍ കണ്ടാണ് സരിതയുടെ മൊബൈലിലേക്ക് തിരിച്ചുവിളിച്ചതെന്ന തിരുവഞ്ചൂരിന്റെ വാദം തട്ടിപ്പാണെന്ന് ഇതോടെ വ്യക്തമായി. മെയ് 23നു പകല്‍ പതിനൊന്നിനാണ് തിരുവഞ്ചൂര്‍ സരിതയെ സ്വന്തം മൊബൈല്‍ ഫോണില്‍ വിളിച്ചത്. എന്നാല്‍, അതിന് തൊട്ടുമുമ്പ് കൃത്യം 10.57ന് സരിത തിരുവഞ്ചൂരുമായി ഫോണില്‍ സംസാരിച്ചു. കണ്ണൂര്‍ ജില്ലയിലെ ഡോക്ടര്‍മാരുടെ പണം കൂട്ടത്തോടെ തട്ടിയെടുത്ത കേസില്‍ സരിതയെ അറസ്റ്റുചെയ്യാന്‍ തലശ്ശേരി എസ്ഐ ബിജുജോണും സംഘവും പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ ഫോണ്‍വിളികള്‍.

ബിജുജോണും സംഘവും പുറപ്പെട്ട ഉടന്‍ തന്നെ കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരന്‍ വിവരം തിരുവഞ്ചൂര്‍ രാധാകൃഷ്ണനു പുറമെ സരിതയെയും അറിയിച്ചു. ഡോക്ടര്‍മാരുടെ പരാതി ഒതുക്കിത്തീര്‍ക്കാന്‍ സുകുമാരന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. അറസ്റ്റ് പരമാവധി വൈകിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍, ഇതും നടക്കാതായപ്പോഴാണ് അറസ്റ്റുവിവരം ഒറ്റുകൊടുത്തത്. തിരുവഞ്ചൂരിന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും ഗുഡ് ലിസ്റ്റില്‍പ്പെടാത്ത ബിജുജോണിനെ അറസ്റ്റു തടയാന്‍ പ്രേരിപ്പിച്ചാല്‍ പൊല്ലാപ്പാകുമെന്ന ബോധ്യത്താലാണ് അതിന് തുനിയാതിരുന്നത്. അറസ്റ്റു നടക്കുമെന്ന് ഉറപ്പായപ്പോഴാണ് സരിത തിരുവഞ്ചൂരിനെ വിളിച്ചത്. എന്തുചെയ്യണമെന്ന് ഉടന്‍ പറയാമെന്നു പറഞ്ഞ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു. മൂന്നു മിനിറ്റ് കഴിഞ്ഞ് തിരിച്ചുവിളിച്ചാണ് തല്‍ക്കാലം മാറിനില്‍ക്കാന്‍ തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടത്. അതിനുമുമ്പും ശേഷവും സരിതയുമായി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി കെ രവീന്ദ്രന്റെ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഏറ്റവുമൊടുവില്‍ മെയ് 30നു പരസ്പരം ധാരണയിലെത്തിയാണ് മറ്റൊരു കേസില്‍ സരിത അറസ്റ്റിലാകുന്നത്. ബിജുജോണിന്റെ പിടിയിലായാല്‍ തട്ടിപ്പിന്റെ വിശദവിവരം പുറത്തുവരുമെന്ന് തിരുവഞ്ചൂര്‍ ഭയന്നിരുന്നു.

deshabhimani

No comments:

Post a Comment