Monday, August 3, 2020

എന്തുകൊണ്ട്‌ പൊതുമേഖല?

കൊളോണിയൽകാലത്തെ പിന്നോക്കാവസ്ഥയിൽനിന്ന് രാജ്യത്തെ വികസനപാതയിൽ മുന്നോട്ട്‌ നയിക്കുന്നതിൽ പൊതുമേഖലയ്ക്ക് വലിയ പങ്കുണ്ട്‌. സമ്പദ്ഘടനയിൽ പൊതുമേഖല പ്രധാന കണ്ണിയായി മാറി. എന്നാൽ, 1991ൽ ആഗോളവൽക്കരണനയം അംഗീകരിച്ചതുമുതൽ  പൊതുമേഖലയോടുള്ള കേന്ദ്ര സർക്കാരിന്റെയും ബൂർഷ്വാ പാർടികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളുടെയും നയം മാറി. തന്ത്രപ്രധാന മേഖല ഉൾപ്പെടെ ഉൽപ്പാദന– -സേവനമേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനും എല്ലാ മേഖലയിലും വിദേശ നിക്ഷേപം ഉൾപ്പെടെയുള്ള സ്വകാര്യ മൂലധന നിക്ഷേപം അനുവദിക്കാനും സർക്കാർ തീരുമാനിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരാണ് ഉദാരവൽക്കരണം–- സ്വകാര്യവൽക്കരണം– -ആഗോളവൽക്കരണം (എൽ, പി, ജി) എന്നീ നയങ്ങൾ 1991ൽ പ്രഖ്യാപിച്ചത്‌. തൊഴിലാളികൾ ഒറ്റക്കെട്ടായി നടത്തിയ ചെറുത്തുനിൽപ്പ് കാരണം ഉദ്ദേശിച്ച വേഗത്തിൽ സ്വകാര്യവൽക്കരണം നടപ്പാക്കാൻ അന്നത്തെ സർക്കാരിന് കഴിഞ്ഞില്ല.

1998ൽ അധികാരത്തിൽ വന്ന വാജ്‌പേയി സർക്കാർ കോൺഗ്രസ് സർക്കാരിന്റെ അതേ നയമാണ് നടപ്പാക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽക്കാൻ ഒരു പ്രത്യേക വകുപ്പും മന്ത്രിയും ഉണ്ടായിരുന്നു. 2003ൽ വൈദ്യുതിമേഖലയിൽ സ്വകാര്യവൽക്കരണം നടപ്പാക്കി. എന്നാൽ, 2004ൽ അധികാരത്തിൽ വന്ന യുപിഎ സർക്കാരിന് ഇടതുപക്ഷ പാർടികളുടെ എതിർപ്പുകാരണം സ്വകാര്യവൽക്കരണം ത്വരിതപ്പെടുത്താൻ കഴിഞ്ഞില്ല. 2009ൽ ഇടതുപക്ഷ പിന്തുണ ഇല്ലാത്ത യുപിഎ സർക്കാർനയത്തിന്‌ തീവ്രത കൂട്ടി. 2014ൽ മോഡി സർക്കാർ മുൻ സർക്കാരുകളെയെല്ലാം കടത്തിവെട്ടി. 2019 മുതൽ ഈ നടപടികൾക്കെല്ലാം പതിന്മടങ്ങ് വേഗം കൂടി.

ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനുശേഷം ജനങ്ങൾക്ക്‌ ആശ്വാസം നൽകാനെന്ന പേരിൽ പാക്കേജ് പ്രഖ്യാപിച്ചു. അതിന്റെ മറവിലാണ് പൊതുമേഖലയുടെ മൊത്തവിൽപ്പന. ‘ആത്മനിർഭർ ഭാരത് അഭിയാൻ’ എന്നാണ് ഈ നയത്തിന് പേര് നൽകിയത് എന്നത് വിരോധാഭാസം. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ തുടങ്ങിയ മേഖലകളെല്ലാം കമ്പോളശക്തികൾക്ക് വിട്ടുകൊടുത്ത വികസിത മുതലാളിത്ത രാജ്യങ്ങളും ഉദാരവൽക്കരണനയങ്ങളുടെ വക്താക്കളായ സാമ്പത്തിക ശാസ്ത്രജ്ഞരും അവർ സഞ്ചരിച്ച പാത ശരിയായിരുന്നില്ലെന്ന്  തിരിച്ചറിയുന്ന ഘട്ടത്തിലാണ് ഇന്ത്യ പൊതുമേഖലയെ തകർക്കുന്നത്.

ധനമന്ത്രി പാർലമെന്റിൽ പറഞ്ഞത് 2018–-19ൽ പൊതുമേഖലാ ഓഹരി വിൽപ്പനയിലൂടെ 84,972 കോടി രൂപ സംഭരിച്ചു എന്നാണ്. സർക്കാർ ‘ഉൽപ്പാദന പ്രവർത്തന ബിസിനസ്സിൽ’  ഏർപ്പെടേണ്ടതില്ലെന്നും അതിന് കഴിവുള്ള സ്വകാര്യ സംരംഭങ്ങളും മൂലധനവും സാങ്കേതികവിദ്യയും ലഭ്യമാണെന്നുമാണ് സർക്കാരിന്റെ വാദം.

2020 മെയ് 17നാണ് പൊതുമേഖലയുടെ ‘മൊത്തവിൽപ്പന’ പ്രഖ്യാപിച്ചത്. തന്ത്രപ്രധാന മേഖലയിലും സ്വകാര്യ മൂലധന നിക്ഷേപത്തിന് അനുമതി നൽകി. പ്രതിരോധ  ഉൽപ്പാദനശാലകൾ, ബഹിരാകാശ ഗവേഷണരംഗം എന്നീ മേഖലകളിലും സ്വകാര്യവൽക്കരണം നടത്തുന്നു. സർക്കാരിന്റെ പ്രഖ്യാപനത്തിൽ ‘തന്ത്രപ്രധാനം’ എന്താണെന്ന് വ്യക്തമല്ല. പൊതുമേഖല സംബന്ധിച്ച ഒരു നയം താമസിയാതെ പ്രഖ്യാപിക്കുമെന്നാണ് ധനമന്ത്രി പറഞ്ഞത്. പൊതുമേഖലയിലെ ഉൽപ്പാദനരംഗത്തും സേവനരംഗത്തും സ്വകാര്യവൽക്കരണ ഭീഷണി നിലനിൽക്കുന്നു. ഓഹരിവിൽപ്പനയിലൂടെ 2020–-21 വർഷം 1.2 ലക്ഷം കോടി സംഭരിക്കാനാണ് കേന്ദ്രം ലക്ഷ്യമിട്ടിരിക്കുന്നത്. അടുത്തകാലത്തായി കേന്ദ്രസർക്കാരിന്റെ നികുതിയിതര വരുമാനത്തിൽ ഓഹരി വിൽപ്പന വരുമാനം ഒരു പ്രധാന സ്രോതസ്സാണ്.

തന്ത്രപരം അല്ലാത്തവ

സാങ്കേതികരംഗത്തും ഉൽപ്പാദനമേഖലയിലും ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക, ഇറക്കുമതി ആശ്രിതത്വം കുറയ്‌ക്കുക എന്നീ ലക്ഷ്യങ്ങൾ ഉണ്ടായിരുന്ന പൊതുമേഖലയെ തന്ത്രപ്രധാനം, അല്ലാത്തവ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ടായിരുന്നു. ആയുധങ്ങൾ, മറ്റ് പടക്കോപ്പുകൾ, പ്രതിരോധ ഉപകരണങ്ങൾ, യുദ്ധവിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, ആണവ ഊർജം, റെയിൽവേ, ട്രാൻസ്പോർട്ട് തുടങ്ങിയ മേഖലകളെയാണ് തന്ത്രപ്രധാനം എന്ന് കണക്കാക്കിയത്. ഇപ്പോഴത്തെ നയം വിദേശ മൂലധനശക്തികളിൽനിന്നുള്ള വിനാശകരമായ മത്സരത്തിലേക്ക് പൊതുമേഖലയെ തള്ളിവിടും. പ്രത്യക്ഷ വിദേശനിക്ഷേപം സംബന്ധിച്ച പരിഷ്കാരങ്ങൾ ടെലികോം, ഓട്ടോമൊബൈൽ, കെമിക്കൽസ്, ടെക്സ്റ്റൈൽസ്, എയർലൈൻസ്, പ്ലാന്റേഷൻ, ഖനനം, പെട്രോളിയം, പ്രകൃതിവാതകം, പ്രതിരോധ ഉൽപ്പന്നം, ബ്രോഡ്കാസ്റ്റിങ്‌, സിവിൽ ഏവിയേഷൻ, കൃഷി, മൃഗസംരക്ഷണം, റെയിൽവേ, വ്യവസായപാർക്കുകൾ, ഇ -കൊമേഴ്സ്, ഫാർമസ്യൂട്ടിക്കൽസ് എന്നീ മേഖലകളെയാണ് ലക്ഷ്യംവയ്ക്കുന്നത്. ചില്ലറ വ്യാപാരമേഖലയിലേക്കും വിദേശനിക്ഷേപം ക്ഷണിച്ചിരിക്കുന്നു. ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടതിൽ  ഇന്ത്യൻ റെയിൽവേ, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ, ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ, നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപറേഷൻ എന്നിവയെല്ലാം ഉൾപ്പെടും. വൻ മൂലധന മുടക്കുള്ള ഇലക്ട്രിക്കൽ– -നോൺ ഇലക്ട്രിക്കൽ യന്ത്രോൽപ്പാദനം, രാസവസ്തുക്കൾ, രാസവളം, കപ്പൽ, വിമാനം, റെയിൽ എൻജിൻ, ഹെവി മെഷിനറി എന്നിവയും സേവനമേഖലയിലെ വൈദ്യുതി, കൽക്കരി, എണ്ണ, പ്രകൃതിവാതകം, വ്യോമയാനം, ടെലികോം, പ്രതിരോധം, ഇലക്ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽ എന്നിവയും സ്വകാര്യവൽക്കരിക്കപ്പെടുന്നു.

കാര്യക്ഷമതയിൽ സ്വകാര്യമേഖലയെ കവച്ചുവയ്‌ക്കുന്ന സാങ്കേതികപുരോഗതിക്കും ഉൽപ്പാദനവളർച്ചയ്‌ക്കും വേണ്ട നിക്ഷേപം നടത്താൻമാത്രം പണം കൈവശമുള്ള അവസ്ഥയിൽ ഈ കാലഘട്ടത്തിൽ പൊതുമേഖലയ്ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഭരണകൂടം കരുതാത്തത് ദുരൂഹമാണ്.  2011ലെ കണക്ക്‌ അനുസരിച്ച് കേന്ദ്ര പൊതുമേഖല കൈവരിച്ച നേട്ടം മുടക്കുമുതലിന്മേൽ 12.5 ശതമാനം മിച്ചമാണ്. ഇതേവർഷം സ്വകാര്യമേഖലയ്‌ക്ക് ലഭിച്ചത് ആറ്‌ ശതമാനംമാത്രമാണ്. താഴെ പറയുന്ന കണക്ക്‌ ശ്രദ്ധിക്കുക
പൊതുമേഖല കാര്യക്ഷമത കുറവാണെന്ന് ഉദാരവൽക്കരണവാദക്കാർ തുടർച്ചയായി വാദിച്ചു. സ്വകാര്യവൽക്കരണനയങ്ങൾ കോർപറേറ്റുകളെ വൻതോതിൽ സഹായിച്ചു. ദേശീയ സാങ്കേതികവിദ്യാ വികസനത്തിൽ സർക്കാരിന്റെ  താൽപ്പര്യം കുറഞ്ഞു. ഈ നയം കോർപറേറ്റുകൾക്ക് വളരാൻ അവസരം നൽകി. പെട്രോകെമിക്കൽസ് മേഖല റിലയൻസിന് കൈമാറി. ഈ മേഖലയിൽ മുകേഷ് അംബാനി വൻ കുത്തകയായി മാറി. വ്യവസായവളർച്ചയിൽ ഗണ്യമായ നേട്ടം കൈവരിക്കാൻ സ്വകാര്യവൽക്കരണ നടപടികൾമൂലം സാധിച്ചില്ല.  ചൈനയുമായി താരതമ്യപ്പെടുത്തിയാൽ നമ്മുടെ പിന്നോക്കാവസ്ഥ ബോധ്യമാകും. ഊർജ– -ഊർജ ഉപകരണരംഗത്ത് ചൈന വൻ വളർച്ച നേടി. 2019ൽ ലോകത്താകെ ഉൽപ്പാദിപ്പിക്കപ്പെട്ട വിന്റ് ടർബൈനുകളുടെ 40 ശതമാനം ചൈനയുടേതാണ്‌. സോളാർപാനലുകളുടെ നാലിൽ മൂന്ന്‌ ഭാഗവും ചൈനയുടേതാണ്‌. ആകെ ഇലക്ട്രിക്കൽ  വാഹനങ്ങളുടെ പകുതിക്കടുത്ത് ചൈനയിൽ നിർമിച്ചതാണ്‌. 

പൊതുമേഖലാവളർച്ച രാഷ്ട്രത്തിന്റെ സുസ്ഥിര വികസനത്തിലേക്ക് നയിക്കുമെന്ന് വ്യക്തമാണ്‌. പോളിസി ഉടമകൾക്ക് എൽഐസിയുടെ ലാഭത്തിന്റെ 95 ശതമാനം ഡിവിഡന്റായി നൽകുന്ന ലോകത്തിലെ ഏക ഇൻഷുറൻസ് കമ്പനിയാണ് എൽഐസി. എന്നിട്ടും എൽഐസി സ്വകാര്യവൽക്കരണ പട്ടികയിലാക്കി.

പൊതു പശ്ചാത്തല വികസനം

ക്ലസ്റ്റർ വികസനത്തിൽ സാങ്കേതികവിദ്യ സഹായിയായി പ്രവർത്തിക്കാൻ പൊതുമേഖലയ്ക്ക് കഴിയും. ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്‌, കൊച്ചി, കൊൽക്കത്ത, മുംബൈ, പുണെ തുടങ്ങിയ നിരവധി നഗരങ്ങളിലെ വ്യവസായ സാങ്കേതികവിദ്യാ വികസനത്തിൽ  പൊതുമേഖല നൽകിയ സംഭാവന ചെറുതല്ല. നവ ഉദാരവൽക്കരണകാലത്ത്, ഈ രംഗത്തെല്ലാം സർക്കാർ പങ്ക്‌ കുറച്ചു.

മരുന്നുൽപ്പാദിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ വികസിപ്പിക്കാൻ കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ല. ആകെ അഞ്ച്‌ കമ്പനിയിൽ നാല്‌ എണ്ണത്തിൽ സ്വകാര്യവൽക്കരണം ആരംഭിച്ചു. ചൈനയിൽനിന്നുള്ള ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാൻ കഴിയുന്നില്ല. 1991 മുതൽ നടപ്പാക്കിവരുന്ന നയം രാജ്യത്തിന്റെ വികസനത്തെ ബാധിച്ചു. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പരാജയപ്പെട്ടു. ഉൽപ്പാദനമേഖലയിലേക്ക് വിദേശ  സ്വകാര്യ നിക്ഷേപങ്ങൾ കാര്യമായി വന്നില്ല. ഇന്ത്യയിൽ എൻജിനിയറിങ്‌, പെട്രോളിയം, എണ്ണ പര്യവേക്ഷണം, ടെലികോം, കെമിക്കൽ, ഫാർമസ്യൂട്ടിക്കൽ എന്നീ മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങൾ രാജ്യത്തിന്റെ വ്യവസായവളർച്ചയിൽ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. അതിനനുസരിച്ചുള്ള പരിഗണന സർക്കാർ പൊതുമേഖലയ്ക്ക് നൽകിയില്ല.  

ഉൽപ്പാദനമേഖലയിൽ മികച്ച പ്രവർത്തനം നടത്താൻ ഇന്ത്യൻ പൊതുമേഖലയ്‌ക്ക് കഴിയും. അവയുടെ പ്രാപ്തിയും മിച്ചവും ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കാൻ കഴിയുന്നതുമാണ്. ടെലികോം, വൈദ്യുതി, റെയിൽവേ, എണ്ണ പ്രകൃതിവാതകം, പുത്തൻ സാങ്കേതികവിദ്യകൾ, ഇൻഷുറൻസ്, ബാങ്കിങ് തുടങ്ങിയ മേഖലയിലെ പൊതുമേഖലാ സ്ഥാപനം സ്വയംപര്യാപ്ത രാഷ്ട്രം നിർമിക്കുന്നതിൽ പ്രധാന പങ്ക്‌ വഹിക്കാൻ കഴിയുന്നവയാണ്‌. പൊതുമേഖലയിലൂടെമാത്രമേ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് വികസനം നേടാൻ കഴിയൂ.

ആത്മനിർഭർ പാക്കേജിന്റെ 80 ശതമാനവും നിർവഹിക്കേണ്ടത് ബാങ്കുകളാണ്. സർക്കാർ ഈ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനും സ്വകാര്യവൽക്കരിക്കാനുമുള്ള ശ്രമത്തിലാണ്. ഇത് രാഷ്ട്രത്തെ നാശത്തിലേക്കാണ് നയിക്കുക. ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍  പൊതുമേഖലാ സംരക്ഷിക്കപ്പെടണം എന്ന കാര്യം ഗൗരവമായി ചര്‍ച്ചചെയ്യുകയും,  അവ പുന:സംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണം.  ശാസ്ത്രം വികസനത്തിന്റെ ഉത്തുംഗതയില്‍ എത്തിയിട്ടും, സമ്പത്ത് വന്‍തോതില്‍ വര്‍ധിപ്പിച്ചിട്ടും,  സമ്പന്ന മുതലാളിത്ത രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്ക് മനുഷ്യനെ ഒരു പകര്‍ച്ചവ്യാധിയുടെ  കോവിഡ്19  പിടിയില്‍ നിന്ന് രക്ഷിക്കാനാവുന്നില്ല.  പൊതു ആരോഗ്യ പദ്ധതി തകര്‍ത്ത്, എല്ലാം കമ്പോള ശക്തികളെ ഏല്‍പ്പിച്ചതിന്റെ ഫലമായി, സമ്പന്നര്‍ക്ക് മാത്രമേ ചികിത്സ ലഭ്യമാകുന്നുള്ളൂ.  മറ്റുള്ളവര്‍ മരിച്ചു തീരുന്നു. ചൈന, വിയറ്റ്നാം, വടക്കന്‍ കൊറിയ, ക്യൂബ എന്നീ  സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും, ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരിക്കുന്ന കേരളവും മാത്രമാണ് ജനങ്ങള്‍ക്ക് തുണയായത്.  മുതലാളിത്ത വ്യവസ്ഥയുടെ പരാജയമാണ് ഒരിക്കല്‍ കൂടി നാം കാണുന്നത്. പ്രസ്തുത മുതലാളിത്തം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന മോഡി ഭരണം എത്ര ജനവിരുദ്ധമാണെന്ന് മനസ്സിലാക്കാന്‍ കഴിയണം.

*
എളമരം കരീം

No comments:

Post a Comment