Monday, August 3, 2020

ഉദാരമതികളേ വരുവിന്‍, ലാഭം കൊയ്യാം ; പണമിറക്കാന്‍ സർക്കാർ തയ്യാറല്ല

“സ്വകാര്യമേഖലയിലെ ഉദാരമതികളുടെ സഹായംവഴി വിദ്യാഭ്യാസസൗകര്യങ്ങൾ മെച്ചപ്പെടുത്തും’,  മോഡിസർക്കാര്‍ പുതിയ വിദ്യാഭ്യാസനയത്തില്‍ ഊന്നിപ്പറയുന്നു. തീവ്രസ്വകാര്യവൽക്കരണത്തിനായി കവാടം തുറന്നിട്ടെന്ന് വ്യക്തം. 30 വർഷമായി വിദ്യാഭ്യാസരംഗത്ത്‌ സ്വകാര്യമേഖല ശക്തിപ്രാപിക്കുകയാണ്‌. വിദ്യാഭ്യാസച്ചെലവ് കുത്തനെ ഉയർന്നതല്ലാതെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഇതുവഴി സാധ്യമായിട്ടില്ല.

രാജ്യത്ത്‌ സ്‌കൂൾതലത്തിൽ 45 ശതമാനം കുട്ടികളും പഠിക്കുന്നത് സ്വകാര്യസ്ഥാപനങ്ങളില്‍. കോളേജ്‌ തലത്തിൽ 45 ശതമാനം സ്വകാര്യ അൺഎയ്‌ഡസ്‌ സ്ഥാപനങ്ങളിലും 21  ശതമാനം എയ്‌ഡഡ്‌ സ്ഥാപനങ്ങളിലും. പ്രൊഫഷണൽ കോഴ്‌സ് പഠിക്കുന്നവരിൽ 70 ശതമാനവും സ്വകാര്യ അൺഎയ്‌ഡഡ്‌ സ്ഥാപനങ്ങളിലാണ്‌. സർവകലാശാലാ ക്യാമ്പസ്‌മേഖലയിൽ മാത്രമാണ്‌ പൊതുസ്ഥാപനങ്ങൾക്ക്‌ മുൻതൂക്കം‌.

പണമിറക്കാന്‍ സർക്കാർ തയ്യാറല്ല

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുമെന്നാണ്‌ സ്വകാര്യസ്ഥാപനങ്ങളുടെ വാഗ്‌ദാനമെങ്കിലും അനുഭവം മറിച്ചാണെന്ന്‌ ജെഎൻയുവിലെ സെന്റർ ഫോർ ഇക്കണോമിക്‌ സ്റ്റഡീസ്‌ ആൻഡ്‌ പ്ലാനിങ്ങിലെ പ്രൊഫ. സുരജിത്‌ മജുംദാർ ചൂണ്ടിക്കാട്ടി. 30 വർഷമായി നടപ്പാക്കിവരുന്ന സാമ്പത്തികനയങ്ങളുമായി ഇതിനു ബന്ധമുണ്ട്‌. ഈ സാമ്പത്തികനയത്തിന്റെ ഗുണഭോക്താക്കൾ ജനസംഖ്യയിൽ 10 ശതമാനംമാത്രം‌. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി എത്ര പണം ചെലവിടാനും അവർക്കാകും‌. ശേഷിക്കുന്ന 90 ശതമാനംപേർക്ക്‌ സാമൂഹ്യമായും സാമ്പത്തികമായും മുന്നേറാനുള്ള വഴിയും വിദ്യാഭ്യാസമാണ്‌. ഉയർന്ന വിദ്യാഭ്യാസം നേടാനുള്ള ത്വര ചൂഷണംചെയ്യുകയാണ്‌. പൊതുവിദ്യാഭ്യാസമേഖലയിൽ കൂടുതൽ പണം മുടക്കാൻ സർക്കാർ തയ്യാറല്ല. സമ്പന്നർക്ക് ‌ അധികനികുതി ചുമത്തി വരുമാനം വർധിപ്പിക്കാനോ പൊതുവിദ്യാഭ്യാസമേഖലയിൽ കൂടുതൽ നിക്ഷേപം നടത്താനോ സർക്കാർ തയ്യാറല്ല‌–- പ്രൊഫ. മജുംദാർ പറഞ്ഞു. കോവിഡ്‌ സൃഷ്ടിച്ച സാമ്പത്തികമാന്ദ്യത്തിന്റെ പേരിൽ കോർപറേറ്റുകൾക്ക്‌ സർക്കാർ കൂടുതൽ നികുതിയിളവ്‌ നൽകും.

സർക്കാരിന്റെ വരുമാനം കൂടുതൽ ശോഷിക്കും. ഇതിന്റെ പേരിൽ ചെലവുകളിൽ വരുത്തുന്ന വെട്ടിക്കുറയ്‌ക്കലും പൊതുവിദ്യാഭ്യാസമേഖലയെ ബാധിക്കും. ഇത്‌ മറികടക്കാൻ  ഉദാരമതികളുടെ സഹായം തേടുമെന്നാണ്‌ പറയുന്നത്‌. ആർഎസ്‌എസ്‌ അടക്കമുള്ള സംഘടനകൾക്ക്‌ വിദ്യാലയങ്ങളുടെ നടത്തിപ്പ്‌ കൈമാറാനും ലക്ഷ്യമിടുന്നു.

വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ ലംഘനം ; അവകാശങ്ങൾ നിഷേധിക്കപ്പെടാന്‍ വഴിയൊരുക്കും

പുതിയ വിദ്യാഭ്യാസനയം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കും പട്ടികജാതി, പട്ടികവർഗക്കാർക്കും ഭരണഘടനപരമായി വ്യവസ്ഥചെയ്‌ത അവകാശങ്ങൾ നിഷേധിക്കപ്പെടാന്‍ വഴിയൊരുക്കും. മത, ഭാഷാ ന്യൂനപക്ഷങ്ങൾക്ക്‌ സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കാൻ അവകാശം നൽകുന്നതാണ്‌ ഭരണഘടനയുടെ 30(1)എ അനുച്ഛേദം. ന്യൂനപക്ഷസ്ഥാപനങ്ങൾക്ക്‌ സർക്കാർഫണ്ട്‌ ലഭിക്കാനുള്ള അവകാശം അരക്കിട്ടുറപ്പിക്കുന്നതാണ്‌ ഭരണഘടനയുടെ 30(2) അനുച്ഛേദം. ഇവ ലംഘിക്കുംവിധമാണ്‌ പുതിയ നയം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനസംവിധാനം വിഭാവനം ചെയ്യുന്നത്‌.

മത്സരത്തിന്‌ സജ്ജമായ നിലയിൽ പൊതു–- സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കണമെന്നാണ്‌ നയത്തിൽ പറയുന്നത്‌. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന മേഖലകളിലെ സ്ഥാപനങ്ങൾക്ക്‌ ഈ കഴുത്തറപ്പൻ മത്സരം അതിജീവിക്കാൻ കഴിയില്ല. രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാൻ വ്യവസ്ഥചെയ്യുന്നതാണ്‌ ഭരണഘടനയുടെ 29–-ാം വകുപ്പ്‌. എല്ലാ സ്ഥാപനങ്ങളെയും ഒരേ വാർപ്പ്‌ മാതൃകയിൽ പരിഗണിക്കുന്ന ഉന്നതവിദ്യാഭ്യാസ ഏജൻസിയും ഏകീകൃത സ്‌കൂൾ വിദ്യാഭ്യാസപദ്ധതിയും ഈ വകുപ്പിന്റെ ലംഘനമാണ്‌.

സാജൻ എവുജിൻ

വിദ്യാഭ്യാസനയം; വൈരുധ്യം, അവ്യക്തത, അപകടം

ന്യൂഡൽഹി > വൈരുധ്യവും അവ്യക്തതയുമേറെ; വ്യക്തമായി പറയുന്ന പലതും അപകടകരം–-മോഡിസർക്കാരിന്റെ വിദ്യാഭ്യാസനയത്തെ ഇങ്ങനെ ചുരുക്കാം. വിദ്യാഭ്യാസരംഗത്ത് ഇന്ത്യയുടെ‌ മഹത്തായ പാരമ്പര്യം വീണ്ടെടുക്കുമെന്ന്‌ നയം ആവർത്തിക്കുന്നു. അതേസമയം, വിദേശസർവകലാശാലകളെ സ്വാഗതം ചെയ്യുന്നു, രാജ്യാന്തരവൽക്കരണത്തെ വാഴ്‌ത്തുന്നു.

പാരമ്പര്യത്തില്‍ നളന്ദയും തക്ഷശിലയും‌ മാത്രമാണ്‌ പ്രതിപാദിക്കുന്നത്‌. ഇന്ത്യന്‍ ചരിത്രത്തെ സമഗ്രമായി ഉൾക്കൊള്ളാൻ തയ്യാറല്ല. ഫെഡറലിസം, മതനിരപേക്ഷത, സംവരണം എന്നീ വാക്കുകൾ നയത്തിൽ കാണാനില്ല. പകരം സംഘപരിവാർ ആശയമണ്ഡലവുമായി ബന്ധപ്പെട്ട പദങ്ങള്‍ ആവർത്തിക്കുന്നു‌. വർഗീയവൽക്കരണ അജൻഡ ഒളിച്ചുകടത്തുന്നുവെന്ന് വ്യക്തം.

ഡിജിറ്റൽ വിദ്യാഭ്യാസരീതി പ്രോത്സാഹിപ്പിക്കുമ്പോള്‍, ഇതിനോടകം ഈരംഗത്ത് മുന്നേറിയ കേരളംപോലുള്ള  സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ആശങ്കയ്ക്ക് വകയുണ്ട്. ഫണ്ട് അനുവദിക്കുമ്പോള്‍ പിന്നോക്കം നിൽക്കുന്നവര്‍ക്കാണ് മുന്‍ഗണന. മറ്റ്‌ മേഖലകളിൽ ഇതാണ്‌ അനുഭവം.
നാലുവർഷ ബിരുദ കോഴ്സ്‌ നടപ്പാക്കുന്ന രീതി പ്രധാനമാണ്‌. വിദ്യാഭ്യാസച്ചെലവ് ഏറുമെന്നതിനാല്‍ നാലുവർഷപഠനം നിര്‍ധനര്‍ക്ക് ബുദ്ധിമുട്ടാകും. ബിരുദപഠനം പലഘട്ടമായി തിരിക്കുന്നതില്‍ അവ്യക്തതയുണ്ട്‌.  അക്കാദമിക്‌ ക്രെഡിറ്റ്‌ ബാങ്ക്‌ രൂപീകരിച്ച്‌ നൽകുന്ന സ്‌കോർവഴി പഠനം തുടരാമെന്ന്‌ പറയുന്നു. ഒരേ സ്ഥാപനത്തിൽത്തന്നെ പഠനം പൂർത്തീകരിക്കണമെന്ന്‌ വ്യവസ്ഥ ചെയ്‌തില്ലെങ്കിൽ ഈ സംവിധാനം ദുരന്തമാകും. ഒരാൾക്ക്‌  ഓരോ വർഷം പൂർത്തീകരിക്കുമ്പോഴും  ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ വ്യത്യസ്‌ത സ്ഥാപനങ്ങളിൽ നിന്നാണെങ്കിൽ സ്ഥാപനങ്ങളുടെ തനിമ അപ്രസക്തമാകും. ഓരോ സ്ഥാപനത്തിന്റെയും  നിലവാരപരിശോധന ഫലപ്രദമാകില്ല.

ലിംഗപദവി സമത്വം  ഉറപ്പാക്കുമെന്ന്  പറയുന്നെങ്കിലും വിശ്വസനീയ സംവിധാനം മുന്നോട്ടുവയ്‌ക്കുന്നില്ല. ‘‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിക്കായി നീക്കിവച്ചതിൽ 54 ശതമാനവും പ്രചാരണത്തിനാണ് കേന്ദ്രം ചെലവിട്ടത്. അതിനാല്‍ ഇത്തരം പ്രഖ്യാപനം മുഖവിലയ്‌ക്ക്‌ എടുക്കാനാകില്ല.

സാജൻ എവുജിൻ

പുതിയ വിദ്യാഭ്യാസനയം ഭാവി അപകടത്തിലാക്കും: എസ്‌ ആർ പി

പുതിയ വിദ്യാഭ്യാസനയം നാടിന്റെയും തലമുറയുടെയും ഭാവി അപകടത്തിലാക്കുമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള പറഞ്ഞു. സമ്പന്നർക്കുമാത്രമായി  വിദ്യാഭ്യാസം പരിമിതപ്പെടുന്ന അവസ്ഥയാകും.

കച്ചവടക്കാരുടെ സർവാധിപത്യമാകും ഉണ്ടാവുക. ചുമതലകളിൽനിന്ന്‌‌ സർക്കാർ പിന്മാറുകയാണ്‌. വർഗീയത കുത്തിനിറയ്‌ക്കുന്ന ഈ നയം ഒരു ചർച്ചയുമില്ലാതെയാണ്‌‌ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്‌. ഇതിനെതിരെ‌ ശക്തമായ ബഹുജന പ്രതിഷേധം വളർത്താൻ സിപിഐ എം നേതൃത്വം നൽകുമെന്നും എസ്‌ ആർ പി പറഞ്ഞു.

പുതിയ നയം ജനകീയ വിദ്യാഭ്യാസത്തെ തകർക്കും: സി രവീന്ദ്രനാഥ്

തിരുവനന്തപുരം > വിദ്യാഭ്യാസത്തിന്റെ ഫെഡറൽ സമ്പ്രദായം തകർത്ത് പൂർണമായും കേന്ദ്രസർക്കാരിൽ കേന്ദ്രീകരിക്കുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസനയമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. തനത് വിദ്യാഭ്യാസശൈലിയെ ഇല്ലാതാക്കുന്നതാണ് പുതിയ നയം. വർഷങ്ങളായി 10, +2, +3 എന്ന രീതിയിൽ കേരളം പിന്തുടരുന്ന സമ്പ്രദായം രാജ്യത്ത് എന്നും ഒന്നാം സ്ഥാനത്താണ്.  രാജ്യം നിരവധി തവണ അഭിനന്ദിച്ചിട്ടുമുണ്ട്. ഇതാണ് ഇല്ലാതാകുന്നത്.

പരീക്ഷാരീതി മാറ്റിമറിക്കും

കേരളം വളർത്തിയെടുത്ത ജനകീയ വിദ്യാഭ്യാസ്യത്തിന്റെ ജനാധിപത്യ മതനിരപേക്ഷ ഉള്ളടക്കത്തെ നശിപ്പിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിർക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
 

No comments:

Post a Comment