Thursday, November 17, 2011

"ജീവിക്കാനായി പോരാടുക" 28ന് മനുഷ്യച്ചങ്ങലയും ജനകീയസദസ്സും

കാര്‍ഷിക കടക്കെണിയിലായി ആത്മഹത്യചെയ്ത കര്‍ഷക കുടുംബങ്ങളെ സഹായിക്കാത്ത സര്‍ക്കാരിനെതിരെ സിപിഐ എം നേതൃത്വത്തില്‍ സമരം ശക്തിപ്പെടുത്തുന്നു. ആത്മഹത്യയല്ല, ജീവിക്കാനായി പോരാടുക എന്ന മുദ്രാവാക്യമുയര്‍ത്തി 28ന് കല്‍പ്പറ്റയില്‍ ജനകീയസദസ്സും മനുഷ്യച്ചങ്ങലയും സംഘടിപ്പിക്കും.

കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയാണ് കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണമെന്ന് കഴിഞ്ഞദിവസം ജില്ലയില്‍ എത്തിയ കാര്‍ഷിക കമീഷ്ണര്‍ വ്യക്തമാക്കിയിട്ടും ആത്മഹത്യചെയ്ത കര്‍ഷകരെ കൈയൊഴിഞ്ഞത് തികച്ചും ക്രൂരമാണ്. രണ്ടുലക്ഷം തൂപയെങ്കിലും അടിയന്തരധനസഹായം അനുവദിച്ചില്ലെങ്കില്‍ ആ കുടുംബങ്ങളെ ബാധിക്കും. കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ബാങ്കുകള്‍ കാര്‍ഷിക വായ്പ നിഷേധിക്കുമ്പോള്‍ ഉയര്‍ന്ന പലിശയ്ക്ക് കാര്‍ഷികേതര വായ്പയെടുത്താണ് കര്‍ഷകര്‍ കൃഷിനടത്തുന്നത്. പാട്ടക്കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ സമീപനം നിഷേധാത്മകമാണ്. വയനാടിന്റെ ഇന്നത്തെ സാഹചര്യത്തില്‍ പാട്ടക്കര്‍ഷകര്‍ ഏറെയുണ്ട്. ഇവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാനാവില്ല.

താങ്ങുവിളയല്ല, തറവില പ്രഖ്യാപിച്ചാണ് കര്‍ഷകരെ രക്ഷിക്കേണ്ടത്. അതോടൊപ്പം സര്‍ക്കാരിന്റെ നീതികേടിനെതിരായി പോരാടാന്‍ കര്‍ഷകര്‍ യോജിച്ച് മുന്നോട്ടുവരണം. ആത്മഹത്യയ്ക്കെതിരെ സമൂഹമാകെ കര്‍ഷകര്‍ക് താങ്ങും തണലുമായി നിന്ന് വയനാട്ടിലെ കര്‍ഷകരേയും കാര്‍ഷിക മേഖലയേയും സംരഷിക്കണംസര്‍കാരിന്റെ നിലപാടിനെതിരെ വ്യാഴാഴ്ച ജില്ലയിലെങ്ങും പ്രകടനങ്ങള്‍ നടക്കും- സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

കുടുംബങ്ങളെയും പാട്ടകൃഷിക്കാരെയും സര്‍ക്കാര്‍ അവഹേളിച്ചു: സിപിഐ

കല്‍പ്പറ്റ: കടബാധ്യതമൂലം ജില്ലയില്‍ ആത്മഹത്യചെയ്ത കര്‍ഷകരെയും ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്ത് ഉപജീവനം കഴിയുന്ന പാവപ്പെട്ടവരേയും യുഡിഎഫ് സര്‍ക്കാര്‍ അവഹേളിച്ചുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര പറഞ്ഞു.

കെ ജയകുമാറിന്റെ നേതൃത്വത്തില്‍ ഉന്നതല സംഘത്തെ നിയോഗിച്ച് തെളിവെടുപ്പ് നടത്തിയത് പ്രഹനെമായിരുന്നു. മുന്‍കൂട്ടി രചിച്ച തിരക്കഥയുടെ അടിസ്ഥാനത്തിലാണ് കടക്കെണിമൂലം മരിച്ച കര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ പ്രഖ്യാപിച്ച ആനുകൂല്യം. ഈ അവഗണനയാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാക്കുകളില്‍നിന്ന് നേരത്തെതന്നെ പ്രതീക്ഷിച്ചിരുന്നു.

ആത്മഹത്യ ചെയ്ത കര്‍ഷകരില്‍ നാലുപേരും ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്ത് ജീവിക്കുന്ന ദരിദ്ര കര്‍ഷകരാണ്. ഇത്തരം കൃഷിക്കാര്‍ക്ക് സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കണമെന്ന ആവശ്യത്തെക്കുറിച്ച് പ്രതികരണം പോലുമില്ല. ആത്മഹത്യചെയ്തവരുടെ കടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സഹായധനം നല്‍കണമെന്നും കക്ഷിഭേദമന്യെ ആവശ്യപ്പെട്ടിരുന്നു. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് താങ്ങുവിലയെന്നത് ആരും ആവശ്യപ്പെട്ടതേയില്ല. തറവില നിശ്ചയിച്ച് ഇഞ്ചിയും ഏലവും സംഭരിക്കണമെന്ന ആവശ്യമാണ് തെളിവെടുപ്പില്‍ ഉണ്ടായത്. ഇക്കാര്യവും പരിഗണിച്ചില്ല- വിജയന്‍ ചെറുകര ചൂണ്ടിക്കാട്ടി.

കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ നടപടി വേണം: ജോസഫൈന്‍

കല്‍പ്പറ്റ: വയനാട്ടിലെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാനും കര്‍ഷകരുടെ കണ്ണീരൊപ്പാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനുമുന്നില്‍ സിപിഐ എം സംഘടിപ്പിച്ച 24 മണിക്കൂര്‍ സത്യഗ്രഹം ഉദ്ഘാടനംചെയ്യുകയായിരുന്നു ജോസഫൈന്‍ .

വയനാട്ടിലെ പ്രതിസന്ധി രൂക്ഷമാണെന്നാണ് കാര്‍ഷികോല്‍പാദന കമീഷ്ണര്‍ തന്നെ പറയുന്നത്. അതിനനുസരിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ഒപ്പം കര്‍ഷകര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ സര്‍ക്കാരും സമൂഹവും തയ്യാറാകണം. വയനാടിശന്റ വികസനചത്തില്‍ കാര്‍ഷിക മേഖലയുടെ പങ്ക് വളരെ വലുതാണ്. ഈ മേഖല തകര്‍ന്നാല്‍ വയനാട് ഇല്ല. കൃഷിചെയ്യാനാണ് കര്‍ഷകര്‍ വായ്പയെടുക്കുന്നത്. ഇത് തിരിച്ചടക്കാനാകാതെ വരുമ്പോഴാണ് അവര്‍ പ്രതിസന്ധിയിലാകുന്നത്. ന്യായമായ വില കിട്ടിയാല്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി ഒരുപരിധിവരെ പരിഹരിക്കാനാകും. ഇതിന് തറവില ലഭിക്കുകയും സംഭരണം ഏര്‍പ്പെടുത്തുകയും വേണം. മൈക്രോ ഫിനാന്‍സിങ് സ്ഥാപനങ്ങളുടെ ചൂഷണവും തടയണം- ജോസഫൈന്‍ ആവശ്യപ്പെട്ടു.

കര്‍ഷക കുടുംബങ്ങളോട് നീതി പുലര്‍ത്തിയില്ല: കര്‍ഷകസംഘം

കല്‍പ്പറ്റ: ആത്മഹത്യചെയ്ത കര്‍ഷകരുശട കടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യത്തോട് മുഖംതിരിഞ്ഞുനിന്ന സര്‍ക്കാര്‍ നടപടി അംഗീകരിക്കനാവില്ലെന്ന് കര്‍ഷകസംഘം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

അഞ്ച് കുടുംബങ്ങളെയും കടക്കെണിയില്‍നിന്ന് രക്ഷിക്കാന്‍ രണ്ട് ലക്ഷം രൂപ അടിയന്തരസഹായം അനീവദിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചില്ല. വളരെ പ്രതീക്ഷയോടെയാണ് കര്‍ഷക കുടുംബങ്ങള്‍ ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തെ കണ്ടത്. കാര്‍ഷിക കമീഷ്ണര്‍ കെ ജയകുമാറിന്റെ വരവിലും പ്രതിക്ഷയര്‍പ്പിച്ചു. കടക്കെണിയിലായ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കണമെങ്കില്‍ സര്‍ക്കാര്‍ സഹായം വേണം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍കാര്‍ ആത്മഹത്യചെയ്ത കര്‍ഷക കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി 50,000 രൂപ നല്‍കിയിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ആയിരം രൂപയാണ് നല്‍കിയത്. വെള്ളമുണ്ടയില്‍ മരിച്ച ശശിധരന്റെ കുടുംബത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസ് ഉപരോധിച്ചപ്പോള്‍ സഹായം നല്‍കുമെന്ന് തഹസില്‍ദാര്‍ ഉറപ്പുനല്‍കിയിരുന്നു. അതും പാലിച്ചില്ല- കര്‍ഷകസംഘം ജില്ലാപ്രസിഡന്റ് സി കെ സഹദേവനും സെക്രട്ടറി എം വേലായുധനും പറഞ്ഞു.

നിലയ്ക്കാത്ത നിലവിളിയുമായി ജോസഫിന്റെ വീട്

പേരാവൂര്‍ : "ആധിയായിരുന്നു അച്ചാച്ചന്. കടം കെണിയാണെന്ന് അമ്മയോടും ഞങ്ങളോടും പറയുമായിരുന്നു. ഒടുവില്‍ ആ കെണി തന്നെ അച്ഛന് തെരഞ്ഞെടുക്കേണ്ടി വന്നു. കൊച്ചുങ്ങള്‍ക്ക് മിഠായി വാങ്ങിനല്‍കാന്‍ പോലും എന്റെ കൈയില്‍ ഒന്നുമില്ലെന്ന് രണ്ടുനാള്‍മുമ്പും പറയുന്നത് കേട്ടു. കഴുത്തിലും കാതിലും ഉണ്ടായിരുന്നത് പണയം വച്ചാണ് ഓരോതവണയും കൃഷിയിറക്കിയത്. കാട്ടാനക്കൂട്ടം എല്ലാം ചവുട്ടിയരച്ചതോടെ ഇനി രക്ഷയില്ലെന്ന് അച്ചാച്ചന്‍ വിചാരിച്ചിരിക്കണം"- കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ജോസഫിന്റെ മകള്‍ ജാന്‍സി പറയുന്നു. കുടുംബത്തിന്റെ നെടുംതൂണ് പൊടുന്നനെ ഇല്ലാതായതിന്റെ വിറങ്ങലിപ്പില്‍നിന്ന് മോചിതമായിട്ടില്ല കൊട്ടിയൂര്‍ പാല്‍ചുരത്തെ പൊട്ടയില്‍ ജോസഫിന്റെ വീട്. മരണവീടിന്റെ നിശബ്ദതയെ കീറിമുറിക്കുന്ന ഏങ്ങലടിയും പതംപറച്ചിലും.

അതിജീവനത്തിന്റെ എല്ലാവഴികളും നിലച്ചുപോയപ്പോഴാണ് ജോസഫ് ആത്മഹത്യയില്‍ അഭയം തേടിയതെന്ന് ഈ വീട്ടിലെത്തുന്നവര്‍ക്ക് മനസിലാകും. കാട്ടാന മെതിച്ച കൃഷിയിടത്തില്‍ നിന്ന് സ്വന്തം വീടുപോലും ഉപേക്ഷിച്ച് വാടകവീട്ടില്‍ അഭയം തേടിയതാണ് ജോസഫും കുടുംബവും. കടംവാങ്ങിയും പണയം വച്ചും കൃഷിയിറക്കിയപ്പോഴെല്ലാം ആനയും കാട്ടുപന്നിയും പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. "എന്റെയും മക്കളുടെയും ആഭരണങ്ങള്‍ അപ്പാടെ പണയത്തിലാണ്. കിടപ്പാടം വിറ്റ് കടംവീട്ടാന്‍ പലതവണ ശ്രമിച്ചതാണ്. ആന നിരങ്ങുന്ന മലമുകള്‍ ആര്‍ക്ക് വേണം. നാലരലക്ഷം രൂപയുടെ ബാധ്യതയും കൊണ്ട് ഞാനിനി എങ്ങോട്ടു പോകും."- മരണവിവരമറിഞ്ഞെത്തിയ നേതാക്കള്‍ക്ക് മുമ്പില്‍ ജോസഫിന്റെ വിധവ അന്നമ്മയുടെ സങ്കടം പെയ്യുന്നു. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജനും ജനാധിപത്യമഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തിയപ്പോഴാണ് കുടുംബാംഗങ്ങള്‍ ജീവിതദുരിതങ്ങളുടെ കഥ പറഞ്ഞത്.

ചൊവ്വാഴ്ചയാണ് ജോസഫ് വീട്ടുപറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചത്. കേരളത്തിലെ കര്‍ഷക ആത്മഹത്യകളുടെ പട്ടികയിലെ ഒടുവിലത്തെ ഇരയാണ് ജോസഫ്. ജില്ലാ സഹകരണബാങ്കിലെ എണ്‍പതിനായിരം രൂപ ഉള്‍പ്പെടെ വിവിധ ബാങ്കുകളിലും ബ്ലേഡ്പലിശക്കാരില്‍ നിന്നുമായി നാലരലക്ഷം രൂപയോളമുണ്ട് കടബാധ്യത. ഒന്നരയേക്കര്‍ കിടപ്പാടം വിറ്റ് കടംവീട്ടാനുള്ള ശ്രമവും പരാജയപ്പെട്ടപ്പോഴാണ് ജോസഫ് ജീവിതം അവസാനിപ്പിച്ചത്. ഈ വീട്ടിലെ കാഴ്ചകള്‍ ആരേയും പൊള്ളിക്കുന്നതാണ്. രാഷ്ട്രീയ വാദമുഖങ്ങളുയര്‍ത്തി നേരുകാണാതിരിക്കുന്നവര്‍ക്ക് മാത്രമാണ് ജോസഫിന്റെ മരണം വെറും ആത്മഹത്യയായി തോന്നുക. നിലവിളികള്‍ ഉയരും മുമ്പ് സര്‍ക്കാര്‍ ഉണരണമെന്ന ഓര്‍മപ്പെടുത്തലാണ് കര്‍ഷക ഗ്രാമങ്ങള്‍ പറയാതെ പറയുന്നത്.

deshabhimani 171111

1 comment:

  1. കാര്‍ഷിക കടക്കെണിയിലായി ആത്മഹത്യചെയ്ത കര്‍ഷക കുടുംബങ്ങളെ സഹായിക്കാത്ത സര്‍ക്കാരിനെതിരെ സിപിഐ എം നേതൃത്വത്തില്‍ സമരം ശക്തിപ്പെടുത്തുന്നു. ആത്മഹത്യയല്ല, ജീവിക്കാനായി പോരാടുക എന്ന മുദ്രാവാക്യമുയര്‍ത്തി 28ന് കല്‍പ്പറ്റയില്‍ ജനകീയസദസ്സും മനുഷ്യച്ചങ്ങലയും സംഘടിപ്പിക്കും.

    ReplyDelete