Sunday, November 6, 2011

പത്രവിതരണക്കാരുടെ സമരം: ആക്ഷേപം അടിസ്ഥാനരഹിതം

പത്രവിതരണക്കാരുടെ സമരത്തിന്റെപേരില്‍ സിഐടിയുവിനെതിരെ മനോരമയും മറ്റും ഉന്നയിക്കുന്ന ആരോപണങ്ങളില്‍ സിഐടിയു സംസ്ഥാനകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. പ്രതിഫലം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പത്രവിതരണക്കാര്‍ അവരുടെ സംഘടനയുടെ നേതൃത്വത്തില്‍ സമരരംഗത്താണ്. സാമ്പത്തിക ആവശ്യങ്ങള്‍ മാത്രമാണ് അവരുന്നയിക്കുന്നത്. അതൊരു സ്വതന്ത്ര സംഘടനയാണ്. എല്ലാ രാഷ്ട്രീയപാര്‍ടികളുമായി ബന്ധമുള്ളവരും രാഷ്ട്രീയം ഇല്ലാത്തവരും അതിലുണ്ട്. ഈ കാര്യങ്ങള്‍ മനോരമ ഉള്‍പ്പെടെയുള്ള പത്ര ഉടമകള്‍ക്ക് അറിയുന്നതാണ്. അവര്‍ ഉയര്‍ത്തിയ തൊഴില്‍പ്രശ്നങ്ങള്‍ അവരോട് ചര്‍ച്ചചെയ്ത് തീര്‍ക്കുന്നതിനുപകരം സിഐടിയുവിനെതിരെ അനാവശ്യ ആരോപണം ഉന്നയിക്കുകയാണ് മനോരമ. തങ്ങളുടെ താല്‍പ്പര്യത്തിന് വിരുദ്ധമായിവരുന്ന അഭിപ്രായം പത്രത്തില്‍ ഉള്‍പ്പെടുത്താന്‍ മടിക്കുന്ന മനോരമ അറിയാനുള്ള സ്വാതന്ത്ര്യത്തെപ്പറ്റിയും മറ്റും പറയുന്നത് അത്ഭുതകരമാണ്. സ്ഥാപനത്തിനുവേണ്ടി പണിയെടുക്കുന്നവരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്ത് സമരം ഒത്തുതീര്‍ക്കുകയാണ് സാമാന്യരീതിയില്‍ മുതലാളിമാര്‍ ചെയ്യാറുള്ളത്. മനോരമയും ആ രീതി തുടരുന്നതിനുപകരം രാഷ്ട്രീയലക്ഷ്യംവച്ച് മനോരമയ്ക്കെതിരായി സിഐടിയു നടത്തുന്നതാണ് സമരം എന്ന് ആരോപിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.

കേരളത്തിലെ ചില പത്രമുതലാളിമാര്‍ നല്‍കിയ വിവരങ്ങള്‍ വച്ച് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയും ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂഷനും പത്രപ്രവര്‍ത്തനത്തെ സിഐടിയു തടസ്സപ്പെടുത്തുന്നു എന്ന ദുരാരോപണം ഉന്നയിക്കുകയാണ്. വസ്തുതകള്‍ മനസ്സിലാക്കാതെ സിഐടിയുവിനെതിരെ ആരോപണമുന്നയിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

പഴയകാലത്തെപ്പോലെ പത്രവിതരണം പാര്‍ട്ടൈം ജോലിയല്ല. രാത്രി രണ്ടിനും മൂന്നിനും തെരുവില്‍ കാത്തുനിന്ന് പത്രക്കെട്ടുകള്‍ വാങ്ങി അടുക്കിക്കെട്ടി വിതരണംചെയ്യാന്‍ സമയം ഏറെയെടുക്കും. പല പത്രങ്ങള്‍ക്കുംമുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ പേജില്‍ പലയിരട്ടി വലുപ്പമുണ്ട്. ഒരു ദിവസം രണ്ടുപത്രങ്ങളും സപ്ലിമെന്റുകളും അടിക്കുന്ന പത്രങ്ങളും ഉണ്ട്. ഇത് ജോലിഭാരം ഏറെ വര്‍ധിപ്പിക്കുന്നു. വിതരണജോലി കഴിഞ്ഞ് മറ്റുജോലിക്കുപോയി വരുമാനം ഉണ്ടാക്കാന്‍ സമയവും ആരോഗ്യവും അനുവദിക്കില്ല. അവരുടെ ഈ അവസ്ഥയോട് സഹാനുഭൂതിയാണ് സിഐടിയുവിനുള്ളത്. അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹാരം കാണണമെന്നും സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു.

രാഷ്ട്രീയ താല്‍പ്പര്യമില്ല: ഏജന്റ്സ് അസോസിയേഷന്‍

കോഴിക്കോട്: പത്ര ഏജന്റുമാരുടെ സമരത്തിന് രാഷ്ട്രീയ താല്‍പ്പര്യമില്ലെന്ന് കേരള ന്യൂസ് പേപ്പര്‍ ഏജന്റ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ബാവ പറഞ്ഞു. രാഷ്ട്രീയപാര്‍ടികളുടെ മുഖപത്രങ്ങളായ ദേശാഭിമാനി, ജന്മഭൂമി, ചന്ദ്രിക, വീക്ഷണം എന്നിവയുടെ ഏജന്റുമാരെല്ലാം ഉള്‍ക്കൊള്ളുന്നതാണീ സംഘടന. ഏജന്റുമാരുടെ അവകാശങ്ങള്‍ മാത്രമാണ് സംഘടന പരിഗണിക്കുന്നത്. പട്ടിയെ പേപ്പട്ടിയെന്ന് വിളിച്ച് തല്ലിക്കൊല്ലാനുള്ള തന്ത്രമാണ് മനോരമ പയറ്റുന്നത്. സംഘടനയെ ഇല്ലാതാക്കാനുള്ള ശ്രമമാണിത്. ആലപ്പുഴയിലുള്ള സ്വതന്ത്ര സംഘടനയായ ന്യൂസ് പേപ്പര്‍ ഏജന്‍സീസ് അസോസിയേഷന്‍ ഓഫ് കേരളയടക്കമുള്ള വിവിധ സംഘടനകളുടെ കൂട്ടായ്മയാണ് ന്യൂസ്പേപ്പര്‍ ഏജന്റ്സ് അസോസിയേഷന്‍ . വിവിധ ജില്ലകളില്‍ ഭാരവാഹികളായി കോണ്‍ഗ്രസ്, മുസ്ലിംലീഗ് നേതാക്കളെല്ലാമുണ്ട്. മലയാള മനോരമ, മാതൃഭൂമി തുടങ്ങി എല്ലാ പത്രങ്ങളുടെയും നാല്‍പ്പതും അമ്പതും വര്‍ഷമായുള്ള ഏജന്റുമാര്‍ സംഘടനയിലുണ്ട്. സംഘടനയുമായി സിപിഐ എമ്മിന് ബന്ധമില്ല. കോഴിക്കോട് ജില്ലയില്‍ മാത്രമാണ് ഏജന്റുമാര്‍ സമരത്തിലുള്ളത്.

സെപ്തംബര്‍ മൂന്നിന് പണിമുടക്കിയ ദിവസത്തെ തുക ബില്ലില്‍ നിന്നൊഴിവാക്കണമെന്ന് ഏജന്റുമാരുടെ സംഘടന എല്ലാ പത്ര മാനേജ്മെന്റിനോടും ആവശ്യപ്പെട്ടു. ദേശാഭിമാനി, മാധ്യമം, ഇന്ത്യന്‍ എക്സ്പ്രസ്, ചന്ദ്രിക ഉള്‍പ്പെടെ വിവിധ മാനേജ്മെന്റുകള്‍ ഈ ആവശ്യം അംഗീകരിച്ചു. എന്നാല്‍ മനോരമ ഇതംഗീകരിച്ചില്ല. ഇക്കാര്യത്തെപ്പറ്റി ഏജന്റുമാരുമായോ സംഘടനയുമായോ ചര്‍ച്ചക്ക് തയ്യാറായതുമില്ല. ഒക്ടോബര്‍ 21ന് ആറ് ഏജന്റുമാരുടെ പത്രക്കെട്ട് തടഞ്ഞു. തുടര്‍ന്ന് അടുത്തദിവസം മുതല്‍ കൂടുതല്‍ ഏജന്റുമാര്‍ പത്രം വേണ്ടെന്ന് എഴുതിക്കൊടുത്തു. അന്നു തുടങ്ങിയ സമരം ഇപ്പോഴും സജീവമായി തുടരുന്നു. മധ്യസ്ഥരിടപെട്ട് ചര്‍ച്ചക്ക് ശ്രമിച്ചിട്ടും മനോരമ മാനേജ്മെന്റ് ചര്‍ച്ചക്ക് തയ്യാറായില്ല. കോഴിക്കോട്ടുനിന്ന് അച്ചടിക്കുന്ന വയനാട്ടിലേക്കുള്ള മനോരമയുടെ വിതരണം ആരും മുടക്കിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ മാതൃഭൂമി ഏജന്റുമാര്‍ പണിമുടക്ക് തുടങ്ങിയത്.

കോഴിക്കോട് മനോരമയില്‍ സമരത്തിനാധാരമായ കാരണമാണ് കണ്ണൂരില്‍ മാതൃഭൂമിയിലുമുള്ളത്. മാതൃഭൂമിയുടെ കാസര്‍കോട് ജില്ലയിലെ വിതരണം തടഞ്ഞിട്ടില്ല. മനോരമയുടെ ആസ്ഥാനമായ കോട്ടയത്തും സെപ്തംബര്‍ മൂന്നിന് ഏജന്റുമാരുടെ പണിമുടക്കുണ്ടായി. അവിടെ ഒറ്റ ഏജന്റിന്റെയും പത്രം തടഞ്ഞിട്ടില്ല. പത്രവിതരണക്കാരുടെ തൊഴില്‍ വലിയ പ്രതിസന്ധിയിലാണ്. അവരെ തൊഴിലാളികളായി കാണാന്‍ തയ്യാറാകാത്ത മാനേജ്മെന്റുകളാണ് പ്രശ്നത്തിന് പിന്നില്‍ .പതിറ്റാണ്ടുകള്‍ക്ക് മുമ്പത്തെ കമീഷനാണിന്നുമുള്ളത്. ഇതിലൊന്നും ഒരു രാഷ്ട്രീയവുമില്ല. കോഴിക്കോട് സമരം തീര്‍ക്കാന്‍ പലതവണ ചര്‍ച്ച വിളിച്ച് മാറ്റിവയ്ക്കുകയായിരുന്നു. ഏജന്റുമാരെ കറവപ്പശുവായി കണ്ട് ചൂഷണം ചെയ്യുന്ന സമ്പ്രദായത്തിനെതിരെ ശബ്ദമുയര്‍ന്നപ്പോള്‍ മനോരമ ഇല്ലാക്കഥയും രാഷ്ട്രീയനിറവും ആരോപിക്കയാണ്. ജനാധിപത്യവും സ്വാതന്ത്ര്യവും സഹിഷ്ണുതയും ധര്‍മമായി കൊണ്ടുനടക്കുന്ന പത്രങ്ങളുടെ കപടമുഖമാണിപ്പോള്‍ കാണുന്നതെന്നും ബാവ പറഞ്ഞു. ഞായറാഴ്ച കോഴിക്കോട്ട് സംസ്ഥാന- ജില്ലാ ഭാരവാഹികള്‍ യോഗം ചേര്‍ന്ന് സമരം വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 061111

1 comment:

  1. പത്രവിതരണക്കാരുടെ സമരത്തിന്റെപേരില്‍ സിഐടിയുവിനെതിരെ മനോരമയും മറ്റും ഉന്നയിക്കുന്ന ആരോപണങ്ങളില്‍ സിഐടിയു സംസ്ഥാനകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. പ്രതിഫലം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പത്രവിതരണക്കാര്‍ അവരുടെ സംഘടനയുടെ നേതൃത്വത്തില്‍ സമരരംഗത്താണ്. സാമ്പത്തിക ആവശ്യങ്ങള്‍ മാത്രമാണ് അവരുന്നയിക്കുന്നത്. അതൊരു സ്വതന്ത്ര സംഘടനയാണ്. എല്ലാ രാഷ്ട്രീയപാര്‍ടികളുമായി ബന്ധമുള്ളവരും രാഷ്ട്രീയം ഇല്ലാത്തവരും അതിലുണ്ട്. ഈ കാര്യങ്ങള്‍ മനോരമ ഉള്‍പ്പെടെയുള്ള പത്ര ഉടമകള്‍ക്ക് അറിയുന്നതാണ്. അവര്‍ ഉയര്‍ത്തിയ തൊഴില്‍പ്രശ്നങ്ങള്‍ അവരോട് ചര്‍ച്ചചെയ്ത് തീര്‍ക്കുന്നതിനുപകരം സിഐടിയുവിനെതിരെ അനാവശ്യ ആരോപണം ഉന്നയിക്കുകയാണ് മനോരമ.

    ReplyDelete