Sunday, November 6, 2011

മോട്ടോര്‍ തൊഴിലാളി പണിമുടക്ക് പൂര്‍ണം

ജനങ്ങളെയാകെ ദുരിതക്കയത്തിലാക്കി പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചതിനെതിരെ ജനരോഷം ആളിക്കത്തുന്നു. വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് മോട്ടോര്‍ തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കി. അടിക്കടി വില വര്‍ധിപ്പിച്ച് കോടികള്‍ കൊയ്യുന്ന എണ്ണക്കമ്പനികളുമായി ഒത്തുകളിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്ന് പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികള്‍ ആവശ്യപ്പെട്ടു. സ്വകാര്യബസ്, ഓട്ടോറിക്ഷ, ടാക്സി, ടെമ്പോ, ചരക്കുലോറി, ജീപ്പ് തൊഴിലാളികളെല്ലാം പണിമുടക്കില്‍ അണിചേര്‍ന്നു. റോഡുകളില്‍ സ്വകാര്യ വാഹനങ്ങളും കുറവായിരുന്നു. മിക്ക ജില്ലകളിലും പണിമുടക്ക് പൊതുപണിമുടക്കിന്റെ പ്രതീതി സൃഷ്ടിച്ചു. കോഴിക്കോട് ജില്ലയിലടക്കം പലയിടത്തും കട കമ്പോളങ്ങള്‍ അടച്ച് ജനം തൊഴിലാളികള്‍ക്കൊപ്പം പ്രതിഷേധത്തിന്റെ ഭാഗമായി. വടക്കന്‍ ജില്ലകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ഭാഗികമായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല.

പെട്രോള്‍ വിലവര്‍ധന പിന്‍വലിക്കണമെന്നും വില നിയന്ത്രണ അധികാരം കേന്ദ്രസര്‍ക്കാരില്‍ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത മോട്ടോര്‍തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ശനിയാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ പണിമുടക്കിന് ആഹ്വാനം ചെയ്തത്. സിഐടിയു, എഐടിയുസി, ബിഎംഎസ്, എച്ച്എംഎസ്, യുടിയുസി എന്നീ സംഘടനകളാണ് കോ-ഓര്‍ഡിനേഷനിലുള്ളത്. കേന്ദ്രനയത്തിനെതിരായ സമരത്തിനില്ലെന്ന് ഐഎന്‍ടിയുസി, എസ്ടിയു തുടങ്ങിയ യുഡിഎഫ് അനുകൂല സംഘടനകളുടെ നേതാക്കള്‍ പ്രഖ്യാപിച്ചെങ്കിലും തൊഴിലാളികള്‍ പണിമുടക്കില്‍ അണിചേര്‍ന്നു. വിലവര്‍ധനയില്‍ പ്രതിഷേധിച്ച് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ ആഹ്വാനംചെയ്ത മോട്ടോര്‍ വാഹനപണിമുടക്ക് എറണാകുളം ജില്ലയില്‍ പൂര്‍ണമായിരുന്നു. സ്വകാര്യബസുകളും മറ്റു വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ മിക്കതും അടഞ്ഞുകിടന്നതിനാല്‍ ജില്ലയില്‍ പണിമുടക്ക് ഹര്‍ത്താലിന്റെ പ്രതീതി സൃഷ്ടിച്ചു. എറണാകുളത്ത് പണിമുടക്കിയ തൊഴിലാളികള്‍ കാനന്‍ഷെഡ് റോഡില്‍നിന്ന് തുടങ്ങിയ പ്രകടനം ബോട്ടുജെട്ടി ബിഎസ്എന്‍എല്‍ ഓഫീസിനുമുന്നില്‍ സമാപിച്ചു. പൊതുയോഗം മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് കോ-ഓര്‍ഡിനേഷന്‍ കണ്‍വീനര്‍ കെ എ അലിഅക്ബര്‍ ഉദ്ഘാടനംചെയ്തു. വാഹനപണിമുടക്ക് ആലപ്പുഴ ജില്ലയില്‍ പൂര്‍ണം. സ്വകാര്യബസുകളും ലോറികളും ടാക്സി-ടെമ്പോ-ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും ഹാജര്‍നില കുറവായിരുന്നു.

deshabhimani 061111

1 comment:

  1. ജനങ്ങളെയാകെ ദുരിതക്കയത്തിലാക്കി പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചതിനെതിരെ ജനരോഷം ആളിക്കത്തുന്നു. വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് മോട്ടോര്‍ തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കി. അടിക്കടി വില വര്‍ധിപ്പിച്ച് കോടികള്‍ കൊയ്യുന്ന എണ്ണക്കമ്പനികളുമായി ഒത്തുകളിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്ന് പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികള്‍ ആവശ്യപ്പെട്ടു. സ്വകാര്യബസ്, ഓട്ടോറിക്ഷ, ടാക്സി, ടെമ്പോ, ചരക്കുലോറി, ജീപ്പ് തൊഴിലാളികളെല്ലാം പണിമുടക്കില്‍ അണിചേര്‍ന്നു. റോഡുകളില്‍ സ്വകാര്യ വാഹനങ്ങളും കുറവായിരുന്നു. മിക്ക ജില്ലകളിലും പണിമുടക്ക് പൊതുപണിമുടക്കിന്റെ പ്രതീതി സൃഷ്ടിച്ചു. കോഴിക്കോട് ജില്ലയിലടക്കം പലയിടത്തും കട കമ്പോളങ്ങള്‍ അടച്ച് ജനം തൊഴിലാളികള്‍ക്കൊപ്പം പ്രതിഷേധത്തിന്റെ ഭാഗമായി. വടക്കന്‍ ജില്ലകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ഭാഗികമായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല.

    ReplyDelete