Sunday, November 6, 2011

ജനങ്ങള്‍ക്ക് കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു: ജസ്റ്റിസ് സിംഗ്‌വി

ചണ്ടിഗഡ്: നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജി എസ് സിംഗ്‌വി അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് (ഐ എ എല്‍) എട്ടാം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റെവിടെ നിന്നും നീതി കിട്ടുന്നില്ലെങ്കില്‍ അവസാന അത്താണിയായി കോടതിയെ അഭയം പ്രാപിക്കാമെന്നൊരു ധാരണ സാധാരണക്കാര്‍ക്കിടയിലുണ്ടായിരുന്നു. എന്നാല്‍ കോടതികളെ സമീപിച്ചാലും നീതി കിട്ടുമോ എന്ന കാര്യത്തില്‍ അവര്‍ക്കിപ്പോള്‍ വലിയ ഉറപ്പില്ല. നീതിന്യായ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ശൈലിയും ജീവിതവും സാമൂഹ്യപ്രശ്‌നങ്ങളോടുള്ള സമീപനവുമെല്ലാം ഈ വിശ്വാസത്തകര്‍ച്ചയ്ക്ക് കാരണമാണെന്ന് ജസ്റ്റിസ് സിംഗ്‌വി ചൂണ്ടിക്കാട്ടി.

പ്രഗത്ഭരായ അഭിഭാഷകര്‍ നിയമസഹായ സംവിധാനങ്ങളുമായി വേണ്ടത്ര സഹകരിക്കുന്നില്ല. ഈ രംഗത്ത് അവര്‍ സജീവമായാല്‍ വ്യവഹാര കുരുക്കിന്റെ തോത് വലിയൊരളവില്‍ കുറയ്ക്കാന്‍ കഴിയും.  ജസ്റ്റിസ് സിംഗ്‌വി പറഞ്ഞു.

മൂന്നുനേരം തികച്ച് ഭക്ഷണം കഴിക്കാന്‍ വകയില്ലാത്ത 40 ശതമാനം ജനങ്ങളും കിടപ്പാടമില്ലാത്ത 60 ശതമാനം ജനങ്ങളും ഉള്‍ക്കൊള്ളുന്ന നമ്മുടെ രാജ്യത്ത് അവരുടെ ജീവല്‍ പ്രശ്‌നങ്ങള്‍ കാണാതെയുള്ള യാതൊന്നും നീതിപൂര്‍വ്വമല്ലെന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും ഭക്ഷണം, വീട് എന്നതിന് പ്രഥമ പരിഗണന നല്‍കണം. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് രണ്ടാം പരിഗണനയും എല്ലാവര്‍ക്കും തുല്യാവസരം എന്നതിന് അടുത്ത പരിഗണനയും നല്‍കണം. ഈ ലക്ഷ്യങ്ങള്‍ നേടാനുള്ള പ്രവര്‍ത്തനങ്ങളുടെ മുമ്പന്തിയില്‍ നില്‍ക്കാനുള്ള ബാധ്യത അഭിഭാഷകര്‍ക്കുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എം എം കുമാര്‍ അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് ലോയേഴ്‌സ് ദേശീയ പ്രസിഡന്റ് ജന്നി മിറര്‍, ഐ എ എല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ടി എം മുഹമ്മദ് യൂസഫ് എന്നിവര്‍ പ്രസംഗിച്ചു.

നീതിന്യായ സംവിധാനത്തില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങള്‍ എന്ന വിഷയത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ കേരളത്തില്‍ നിന്ന് അഡ്വ. രഞ്ജിത് തമ്പാന്‍, അഡ്വ. പി കെ ചിത്രഭാനു എന്നിവര്‍ പങ്കെടുത്തു. 60 അംഗ പ്രതിനിധി സംഘമാണ് കേരളത്തില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

പി കെ ചിത്രഭാനു janayugom 061111

1 comment:

  1. മൂന്നുനേരം തികച്ച് ഭക്ഷണം കഴിക്കാന്‍ വകയില്ലാത്ത 40 ശതമാനം ജനങ്ങളും കിടപ്പാടമില്ലാത്ത 60 ശതമാനം ജനങ്ങളും ഉള്‍ക്കൊള്ളുന്ന നമ്മുടെ രാജ്യത്ത് അവരുടെ ജീവല്‍ പ്രശ്‌നങ്ങള്‍ കാണാതെയുള്ള യാതൊന്നും നീതിപൂര്‍വ്വമല്ലെന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും ഭക്ഷണം, വീട് എന്നതിന് പ്രഥമ പരിഗണന നല്‍കണം. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് രണ്ടാം പരിഗണനയും എല്ലാവര്‍ക്കും തുല്യാവസരം എന്നതിന് അടുത്ത പരിഗണനയും നല്‍കണം. ഈ ലക്ഷ്യങ്ങള്‍ നേടാനുള്ള പ്രവര്‍ത്തനങ്ങളുടെ മുമ്പന്തിയില്‍ നില്‍ക്കാനുള്ള ബാധ്യത അഭിഭാഷകര്‍ക്കുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

    ReplyDelete